കുടുംബ ജീവിതം-Q&A

വിവാഹാലോചന നിരസിച്ചതില്‍ മനോവിഷമം

ചോ: ഞാന്‍ 26 വയസ്സുള്ള യുവാവാണ്. ഇപ്പോള്‍ ഒരു വിഷമവൃത്തത്തിലാണ് ഞാനുള്ളത്. ഒരു തെറ്റുചെയ്യുകയും അല്ലാഹുവിനെ വെറുപ്പിക്കുകയും ചെയ്ത പ്രയാസമാണ് എന്റെ മനസ്സിനെ അലട്ടുന്നത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഒരു നല്ല കുടുംബത്തില്‍പെട്ട സുന്ദരിയും മതഭക്തയുമായ പെണ്‍കുട്ടിയുടെ വിവാഹാലോചന എന്റെ മുമ്പാകെ വന്നു. ആ കുട്ടിക്ക് എന്നെ ഇഷ്ടമായിരുന്നുവത്രേ. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം  ആ കുട്ടിയില്‍  പ്രത്യേകതാല്‍പര്യമൊന്നും തോന്നിയിരുന്നില്ല. ദാമ്പത്യം ചില്ലറക്കളിയല്ലാത്തതുകൊണ്ട് താല്‍പര്യമില്ലാത്തതില്‍ ഇടപെടേണ്ടെന്നുകരുതി  തല്‍ക്കാലം ആലോചന നിരസിച്ചു.  ഏതാണ്ട് മൂന്നുമാസം അപ്പോഴേക്കും പിന്നിട്ടിരുന്നു.

ഇസ്തിഖാറത്തിന്റെ നമസ്‌കാരത്തില്‍ എനിക്ക് അനുകൂലമായ ഒന്നായി ആ ആലോചന തോന്നിയിരുന്നില്ലെന്നതായിരുന്നു നിരസിക്കാന്‍ കാരണം. എന്തായാലും  ആ ആലോചന നിരസിച്ചതിന്റെ പേരില്‍ കടുത്ത മനസ്സാക്ഷിക്കുത്ത്  അനുഭവിക്കുകയാണ് ഞാനിപ്പോള്‍. ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന അത്തരം നെഗറ്റീവ് ചിന്താഗതികളില്‍നിന്ന് രക്ഷപ്പെടാന്‍ എന്താണ് വഴി ?

———————–

ഉത്തരം: തന്റെ പ്രവൃത്തികളെ അല്ലാഹുവിന്റെ പ്രീതി മുന്‍നിര്‍ത്തി ചെയ്യാനുള്ള താങ്കളുടെ ഔത്സുക്യം പ്രശംസനീയമാണ്.  അല്ലാഹു അത് എന്നെന്നും പരിരക്ഷിക്കുമാറാകട്ടെ. ദാമ്പത്യം എന്നാല്‍ സ്‌നേഹവും കാരുണ്യവും  പകര്‍ന്നുനല്‍കാനുള്ളതാണെന്ന്  ഖുര്‍ആന്‍ പറയുന്നു:’അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.'(അര്‍റൂം 21)

താങ്കളുടെ പ്രശ്‌നം സ്വന്തം ഹൃദയവികാരങ്ങള്‍ക്കപ്പുറം മാതാപിതാക്കളുടെയും പ്രതിശ്രുതവധുവിന്റെ മാതാപിതാക്കളുടെയും  അപ്രിയത്തെ കണക്കിലെടുക്കുന്നുവെന്നതാണ്.  മാതാപിതാക്കളെ പിണക്കുകയും അതുവഴി അല്ലാഹുവിന്റെ അപ്രീതി ഭയപ്പെടുകയുംചെയ്യുന്ന   മനസ്സിനെ മുന്‍നിര്‍ത്തി പിശാച് ഇപ്പോള്‍ താങ്കളെ വഞ്ചിക്കുകയാണ് എന്നാണ് എനിക്കുതോന്നുന്നത്. ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറായില്ല എന്നതിനപ്പുറം മാതാപിതാക്കളെ അനുസരിക്കുന്നു എന്ന മൂല്യത്തെ മുന്‍നിര്‍ത്തി പിശാച് ചാഞ്ചല്യം സൃഷ്ടിക്കുകയാണ്. താങ്കള്‍ക്ക് ഇഷ്ടമില്ലാത്ത  ആളെ വിവാഹം കഴിക്കേണ്ട യാതൊരു കാര്യമില്ല.  അതിനാല്‍ താങ്കള്‍ ചെയ്തത് ശരിയാണ്. അതുകൊണ്ട് ആ ചെയ്തിയുടെ പേരില്‍ താങ്കള്‍ ഉത്കണ്ഠപ്പെടേണ്ടതില്ല.

എല്ലാറ്റിനുമുപരി (സാംസ്‌കാരികപശ്ചാത്തലം മുന്‍നിര്‍ത്തി) ഇസ്‌ലാമിന്റെ  വീക്ഷണപ്രകാരം , മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ അവരിഷ്ടപ്പെടാത്ത  ആളുമായി  വിവാഹംകഴിക്കാന്‍ അവകാശമില്ല.  ഒരു നാടിന്റെ സാംസ്‌കാരികപശ്ചാത്തലംവെച്ച് മക്കളെ തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ആളുകളുമായി വിവാഹംചെയ്യിപ്പിക്കുന്ന സങ്കടകരമായ രീതി  എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്.  അത്തരം വിവാഹങ്ങളില്‍ ദമ്പതികള്‍ പരസ്പരം സ്‌നേഹിക്കാനാകാതെ, കുട്ടികളുമായി  ദുരന്തപൂര്‍ണമായ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു.ഊഷരമായ ആ ജീവിതം ദമ്പതികളിരുവര്‍ക്കും കടുത്ത പീഡനമാണ്. അതിനാല്‍ , അത്തരത്തിലുള്ള അവസ്ഥകളിലേക്ക് കാര്യങ്ങള്‍ നീങ്ങിയില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കുക.  കുട്ടികള്‍ക്കുവേണ്ടി മാത്രം ദാമ്പത്യംമുന്നോട്ടുകൊണ്ടുപോകേണ്ടിവരുന്ന പീഡിതാവസ്ഥയോളം വരില്ല ഇപ്പോള്‍ താങ്കള്‍ അനുഭവിക്കുന്ന പ്രയാസമെന്ന് തിരിച്ചറിഞ്ഞ്  ആശ്വാസംകണ്ടെത്താന്‍ ശ്രമിക്കുക.

അതോടൊപ്പം, താങ്കളെക്കുറിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ദോഷം പ്രചരിപ്പിച്ചുനടക്കുന്നതിന്റെ കാര്യമെന്താണെന്ന് മനസ്സിലായില്ല. സ്വന്തത്തോടും ദീനിനോടും സത്യസന്ധതപുലര്‍ത്തി എന്നതിന്റെ പേരിലാണോ അത്?  യഥാര്‍ഥത്തില്‍ അവര്‍ താങ്കളുടെ ആത്മാര്‍ഥതയിലും വിശ്വസ്തതയിലും നന്ദിപ്രകാശിപ്പിക്കുകയാണ് വേണ്ടത്. പ്രേമരഹിതമായ ദാമ്പത്യത്തിലകപ്പെടുത്തി മകളെ പ്രയാസപ്പെടുത്തേണ്ടതില്ലെന്ന് കണ്ട് വിവാഹത്തില്‍നിന്ന് മാറിനിന്നതിന്  അവര്‍ താങ്കള്‍ക്ക് നന്ദിപറയേണ്ടതാണ്. താങ്കള്‍ ഒന്നാലോചിച്ചുനോക്കുക, അവരുടെ മകളോട് ഏറ്റവും ഉത്തമമായതല്ലേ താങ്കള്‍ ചെയ്തുള്ളൂ. മാത്രമല്ല, താങ്കളെക്കുറിച്ച് ദുഷിച്ചുസംസാരിക്കുന്ന പെണ്‍വീട്ടുകാരെ താങ്കള്‍ക്കുവേണ്ടതുണ്ടോ? ഇനി ആ പെണ്‍കുട്ടിയും മാതാപിതാക്കളെപ്പോലെ കുറ്റംപറഞ്ഞുനടക്കുന്ന സ്വഭാവക്കാരിയാണെങ്കിലോ? ഒരു പക്ഷേ, ഇത്തരത്തില്‍ സ്വഭാവപ്രകൃതങ്ങളുള്ളതായിരിക്കാം  ആ കുടുംബവുമായി വിവാഹബന്ധത്തിലേര്‍പ്പെടാന്‍ താങ്കള്‍ക്കുണ്ടായിരുന്ന വിമ്മിഷ്ടത്തിന് കാരണം.

അതിനാല്‍ താങ്കള്‍ മനസ്സിലാക്കിയിടത്തോളം കൈക്കൊണ്ട ശരിയായ നടപടിക്രമത്തിന്റെ – ഇഷ്ടമില്ലാത്ത ആളെ വിവാഹംചെയ്തില്ലെന്നതിന്റെ -പേരില്‍ ആത്മനിന്ദ പേറേണ്ട  ആവശ്യമേതുമില്ല. അതിനുപകരം  സ്വന്തത്തോടും അവളോടും  സത്യസന്ധതപുലര്‍ത്തിയതിന്റെ പേരില്‍ അഭിമാനംകൊള്ളുക. അല്ലാഹു അനുശാസിച്ച തഖ്‌വയും സത്യസന്ധതയും തനിക്ക് പ്രസ്തുതഘട്ടത്തില്‍ കൈമുതലായതില്‍ അവനോട് നന്ദിയുള്ളവനാകുക.  താങ്കളുടെ വ്യക്തിത്വത്തിന്റെ മൂല്യനിര്‍ണയം  പിശാചിന് വിട്ടുകൊടുക്കാതിരിക്കുക. അല്ലാഹുവാണ് ഏറ്റവും നന്നായറിയുന്നവന്‍.

 

Topics