ചോദ്യം: അത്യാവശ്യം സമ്പത്ത് കൈവശമുള്ള വ്യക്തിയാണ് എന്റെ ഭര്‍ത്താവ്. പക്ഷേ കാശ് ആവശ്യത്തിനനുസരിച്ച് ചെലവഴിക്കാന്‍ അദ്ദേഹത്തിന് അറിയില്ലാത്തത് കൊണ്ട്, മറ്റ് സ്വത്ത് വകകളുണ്ടെങ്കില്‍ പോലും ഞങ്ങളിപ്പോള്‍ കടബാധിതരായിത്തീര്‍ന്നിരിക്കുന്നു. മകന്റെ പഠനത്തിനും, വീട്ടിലെ ഭക്ഷണം, വസ്ത്രം, ചികിത്സ തുടങ്ങി മറ്റ് ആവശ്യങ്ങള്‍ക്കുമായി മറ്റുള്ളവരില്‍ നിന്ന് പണം കടം വാങ്ങേണ്ട അവസ്ഥയിലാണ് ഞങ്ങളിപ്പോഴുള്ളത്. അതിനാല്‍ തന്നെ ഏതൊരു ഇടപാട് നടത്തുമ്പോഴും കടബാധ്യതയെക്കുറിച്ച് ഞാന്‍ അദ്ദേഹത്തെ ഓര്‍മിപ്പിക്കാറുണ്ട്. പക്ഷേ അദ്ദേഹം യാതൊരുവിധ ഉത്തരവാദിത്തബോധവുമില്ലാതെയാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ആവശ്യമുള്ളതിലേറെ കാശ് അനാവശ്യമായി അദ്ദേഹം ചെലവഴിക്കുന്നു. ‘ഇത്രയൊക്കെ സ്വത്ത് കൈവശമുണ്ടായിട്ടും, ഈ വിധം കടം വാങ്ങി ജീവിക്കാനല്ല ഇസ്‌ലാം നമ്മോട് ആവശ്യപ്പെടുന്നത്’ എന്ന് ഞാന്‍ അദ്ദേഹത്തെ ഓര്‍മിപ്പിക്കാറുണ്ട്. പക്ഷേ അദ്ദേഹം പറയുന്ന മറുപടി ഇപ്രകാരമാണ് ‘എന്റെ സ്വത്തുക്കളെല്ലാം നിനക്കും നിന്റെ കുഞ്ഞുങ്ങള്‍ക്കും വേണ്ടി വിറ്റ്, ഞാന്‍ വാര്‍ധക്യത്തില്‍ പട്ടിണി കിടക്കണമെന്നാണോ നീ പറയുന്നത്?. പക്ഷേ അദ്ദേഹം പറയുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ സ്വത്ത് ഞങ്ങള്‍ക്കുണ്ട് എന്നതാണ് വസ്തുത. ഞങ്ങളുടെ നാട്ടില്‍ വാടകക്ക് താമസിക്കുന്നവരേക്കാള്‍ വലിയ ദുരിതത്തിലാണ് ഞങ്ങളുടെ ജീവിതനിലവാരം. എന്നിട്ട് പോലും ഞങ്ങള്‍ ധൂര്‍ത്തടിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്യുന്നു. എന്റെ പ്രശ്‌നത്തിന് യോജിച്ച പരിഹാരം നിര്‍ദേശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഉത്തരം: ഭാര്യക്കും മക്കള്‍ക്കും ആവശ്യാനുസരണം ചെലവിന് നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണ്. അംറ് ബിന്‍ അല്‍അഹവസ്വ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുമേനി(സ) അരുള്‍ ചെയ്തു ‘നിങ്ങളവര്‍ക്ക് നല്ല വിധത്തില്‍ വസ്ത്രവും ഭക്ഷണവും നല്‍കുകയെന്നത് നിങ്ങളുടെ ബാധ്യതയാകുന്നു’. ഭാര്യാഭര്‍ത്താക്കന്മാരുടെ അവസ്ഥ പരിഗണിച്ച് ആവശ്യമായ ഭക്ഷണവും വസ്ത്രവും നല്‍കുകയെന്നതാണ് ഭര്‍ത്താവിന്റെ ഉത്തരവാദിത്തം.
സമ്പത്ത് കൈവശമുണ്ടായിരിക്കെ നിങ്ങള്‍ക്കും മകന്നും വേണ്ടി ചെലവഴിക്കാന്‍ നിങ്ങളുടെ ഭര്‍ത്താവ് തയ്യാറാവുന്നില്ല എന്നത് ആക്ഷേപിക്കപ്പെടേണ്ട പിശുക്ക് തന്നെയാണ്. നിങ്ങളത് ഭര്‍ത്താവിന് വിശദീകരിച്ച് കൊടുക്കുകയും, പിശുക്കിന്റെ ശിക്ഷയെയും പ്രത്യാഘാതത്തെയും കുറിച്ച് അദ്ദേഹത്തെ ഉല്‍ബോധിപ്പിക്കുകയും ചെയ്യുക. നല്ല വിധത്തില്‍ ചെലവഴിക്കുന്ന സമ്പത്ത് തീര്‍ന്നുപോവുകയില്ലെന്നും, അല്ലാഹു ഉത്തമമായത് പകരം വെക്കുമെന്നും അദ്ദേഹത്തെ അറിയിക്കുക. അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു ‘തിരുമേനി(സ) അരുള്‍ ചെയ്തു ‘എല്ലാ ദിവസവും പ്രഭാതത്തില്‍ രണ്ട് മാലാഖമാര്‍ ആകാശത്ത് നിന്ന് താഴേക്കിറങ്ങുന്നതാണ്. അവരില്‍ ഒരാള്‍ പ്രാര്‍ത്ഥിക്കും ‘അല്ലാഹുവേ, നല്ല മാര്‍ഗത്തില്‍ ചെലവഴിക്കുന്നവന് ഉത്തമമായത് പകരം നല്‍കിയാലും’. രണ്ടാമത്തെ മാലാഖയുടെ പ്രാര്‍ത്ഥന ഇപ്രകാരമാണ് ‘അല്ലാഹുവേ, പിശുക്കി സൂക്ഷിക്കുന്നവന്റെ സമ്പത്ത് നീ നശിപ്പിച്ചാലും’.
അല്ലാഹു പറഞ്ഞതായി തിരുദൂതര്‍(സ) ഉദ്ധരിക്കുന്നു ‘ആദമിന്റെ മകനെ, നീ ചെലവഴിച്ച് കൊള്ളുക, എങ്കില്‍ നിനക്ക് മേല്‍ ചെലവഴിക്കപ്പെട്ടേക്കാം’. സ്വന്തം കുടുംബത്തിന് വേണ്ടി സമ്പത്ത് ചെലവഴിക്കുന്നവന് അല്ലാഹു പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. പ്രവാചകന്‍(സ) സഅ്ദ് ബിന്‍ അബീവഖാസ്വിനോട് പറയുന്നു ‘താങ്കള്‍ കുടുംബത്തിന് വേണ്ടി അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ചെലവഴിക്കുന്നതൊക്കെയും പ്രതിഫലം ലഭിക്കുന്നവയാണ്’.
അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു. തിരുദൂതര്‍(സ) അരുള്‍ ചെയ്തു ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്ന നാണയം, അഗതിക്ക് ദാനം ചെയ്ത നാണയം, കുടുംബത്തിന് വേണ്ടി ചെലവഴിച്ച നാണയം എന്നിവയില്‍ ഏറ്റവും ഉത്തമമായത് ഏറ്റവും ഒടുവിലത്തേതാണ്’. (സ്വഹീഹ്് മുസ്‌ലിം)
മാത്രമല്ല, ഭര്‍ത്താവ് പിശുക്ക് കാണിക്കുന്നുവെങ്കില്‍ അയാളുടെ സ്വത്തില്‍ നിന്ന് ഭാര്യക്ക് ആവശ്യമുള്ളതെടുക്കാന്‍ അവകാശമുണ്ടെന്ന് കൂടി തിരുമേനി(സ) പഠിപ്പിച്ചിരിക്കുന്നു. അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് പരാതിയുമായി വന്നപ്പോള്‍ തിരുമേനി(സ) പറഞ്ഞു ‘നിനക്കും, നിന്റെ മകനും ആവശ്യമുള്ളത് നീയെടുക്കുക’.
അല്ലാഹു നല്‍കിയ അനുഗ്രഹം തന്റെ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി ചെലവഴിക്കുകയെന്ന് മാത്രമാണ് നിങ്ങളുടെ ഭര്‍ത്താവിനോട് പറയാനുള്ളത്. ആര്‍ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്നുവോ അല്ലാഹു അവന് വേണ്ടി ചെലവഴിക്കുന്നതാണ്. തന്റെ അനുഗ്രഹത്തിന്റെ അടയാളങ്ങള്‍ അടിമയുടെ മേല്‍ കാണണമെന്നാണ് അല്ലാഹു ആഗ്രഹിക്കുന്നത്.
Add Comment