ചോദ്യം: എന്റെ കുഞ്ഞിന് നാലര വയസ്സാണ് പ്രായം. എല്‍കെജിയില്‍ ഇതുവരെ ചേര്‍ത്തിട്ടില്ല. ഞാന്‍ വീട്ടില്‍ നിന്ന് പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ഞാന്‍ പറയുന്ന കാര്യം അവള്‍ ഗ്രഹിക്കുകയും കാര്യങ്ങള്‍ നല്ല വിധത്തില്‍ നടക്കുകയും ചെയ്യുന്നുണ്ട്. അടുത്ത വര്‍ഷം (ഇന്‍ശാ അല്ലാഹ്) അവളെ സ്‌കൂളില്‍ ചേര്‍ക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.
ആദ്യത്തെ രണ്ടുമൂന്നുവര്‍ഷം അവളില്‍ തീര്‍ത്തും ശാന്തസ്വഭാവമായിരുന്നു കണ്ടിരുന്നത്. വീട്ടില്‍ അങ്ങനെയൊരു വ്യക്തി ഉണ്ടെന്ന് പോലും പലപ്പോഴും ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല. കഴിഞ്ഞ വര്‍ഷം രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം അവള്‍ പതിയെ സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും തുടങ്ങി. ചിലപ്പോള്‍ കളിക്കുകയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും ചെയ്യാറുണ്ട്. ഈയിടെ ചെറിയതോതില്‍ അനുസരണക്കേട് കാണിക്കാനും തുടങ്ങിയിരിക്കുന്നു അവള്‍. ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കുന്ന വിധത്തില്‍ കൂടുതലായി സംസാരിച്ചുകൊണ്ടേയിരിക്കുന്നു. ഞാന്‍ എങ്ങനെയാണ് അവളോട് വര്‍ത്തിക്കേണ്ടത്?
ചിലകാര്യങ്ങള്‍ അയല്‍ക്കാരുടെ മുന്നില്‍ പറയരുതെന്ന് ഞാന്‍ അവളെ ഉപദേശിക്കാറുണ്ട്. പക്ഷേ അവള്‍ ഒരുരഹസ്യവും മറച്ച് വെക്കാറില്ല.
മൊത്തത്തില്‍ അവള്‍ ഒരു നല്ല കുട്ടിയാണ്. പക്ഷേ ഇടക്കിടക്ക് അവള്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും മറ്റുള്ളവരെ അലോസരപ്പെടുത്തുകയും ചെയ്യുന്നു. അവളുടെ കുഞ്ഞു സഹോദരിയെ ചിലപ്പോള്‍ അടിക്കുകയും ചെയ്യും.
ഇവളുടെ ഈദൃശ പെരുമാറ്റം എന്റെ ദാമ്പത്യ ജീവിതത്തെ കുഴപ്പത്തിലാക്കുമോയെന്ന് ഭയക്കുന്നു. ഞാനും ഭര്‍ത്താവും സന്തോഷകരമായാണ് ജീവിക്കുന്നത്. അദ്ദേഹത്തിന്റെ വീട്ടുകാര്‍ സ്വന്തം മകളെപ്പോലെയാണ് എന്നെ കണക്കാക്കുന്നത്. പക്ഷേ കുഞ്ഞിന്റെ പെരുമാറ്റം അതെല്ലാം തകര്‍ത്ത് കളയുമോ എന്ന് ഞാന്‍ ആശങ്കിക്കുന്നു.
മറുപടി: സഹോദരിയുടെ അന്വേഷണത്തിന് നന്ദി. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ പെരുമാറ്റത്തിന് വ്യക്തമായ പരിധികള്‍ വേണ്ടതുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അവളെ എന്തെല്ലാം ചെയ്യാന്‍ അനുവദിക്കണം, അനുവദിക്കരുത് എന്നതിനെക്കുറിച്ച് മാതാവിന് കൃത്യമായ ധാരണയുണ്ടായിരിക്കണം.
കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം അപ്രിയപെരുമാറ്റശൈലികള്‍ രൂപപ്പെടാനുള്ള സാഹചര്യങ്ങള്‍ എന്തെല്ലാമാണോ അതെല്ലാം സഹോദരിയുടെ കുടുംബത്തിലും ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കാനാണ് അത്തരത്തില്‍ കുട്ടികള്‍ പെരുമാറുന്നത്. വിശിഷ്യാ മറ്റൊരു കുഞ്ഞ് പിറന്നതിന് ശേഷമാണ് ഈ പെരുമാറ്റശീലം പ്രകടമാകുന്നത്.
കുട്ടികള്‍ക്ക് ഭക്ഷണവും വെള്ളവും എപ്രകാരമാണോ അതുപോലെ അവരുടെ ചുറ്റുപാടിനെക്കുറിച്ച തിരിച്ചറിവും നല്‍കപ്പെടേണ്ടതാണ്. തനിക്ക് ഉണ്ടായിരിക്കേണ്ട സല്‍പെരുമാറ്റത്തെക്കുറിച്ച് ബോധവാനല്ലാത്ത കുട്ടി, മറ്റ് മാര്‍ഗങ്ങളിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കും. അവയില്‍ മിക്കതും പ്രതിലോമ സ്വഭാവരീതികളിലൂടെയായിരിക്കും എന്നതാണ് പ്രശ്‌നം. അതാണ് സഹോദരിയുടെ കുട്ടിയില്‍ ഇപ്പോള്‍ കണ്ട് കൊണ്ടിരിക്കുന്ന കുസൃതിയും അനുസരണക്കേടും ശബ്ദകോലാഹലങ്ങളും.
നാം മാതാപിതാക്കള്‍ കുട്ടികളുടെ പോസിറ്റീവായ സ്വഭാവങ്ങളെക്കുറിച്ച് ബോധവാന്‍മാരായിരിക്കണം. കുട്ടികള്‍ നല്ലത് ചെയ്താല്‍ ആരും അത് ശ്രദ്ധിക്കുകയേയില്ല എന്ന് സാധാരണയായി പറയാറുണ്ട്. അറിയാതെ തെറ്റുചെയ്തുപോയാല്‍ അതോര്‍മപ്പെടുത്തി ഇടക്കിടെ കുറ്റപ്പെടുത്തും. ഇതായിരിക്കരുത് നമ്മുടെ സമീപനം. അവരുടെ പ്രതിലോമ സ്വഭാവത്തെ അവഗണിക്കണമെന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല.
തന്റെ കുഞ്ഞ് ചെയ്യുന്ന സല്‍പ്രവൃത്തികളെ ശ്രദ്ധിച്ച് അവയെ പ്രോല്‍സാഹിപ്പിക്കണം. നിസ്സാരമായ കുസൃതികള്‍ക്കും അനുസരണക്കേടിനും നേരെ കണ്ണടക്കുകയും വളരെ അപകടകരമായതിനെ ഗൗരവത്തോടെ പരിഗണിക്കുകയുമാണ് സഹോദരി ചെയ്യേണ്ടത്. കുട്ടികളെ കൂടുതല്‍ പരിഗണിക്കുന്ന പക്ഷം ശ്രദ്ധയാകര്‍ഷിക്കാനുള്ള ശ്രമത്തില്‍ നിന്ന് അവന്‍ സ്വയം പിന്തിരിയുന്നതാണ്. അവര്‍ വല്ലാതെ പ്രയാസപ്പെടുത്തുമ്പോള്‍ മാത്രം അകന്നുനില്‍ക്കാന്‍ ശ്രമിക്കുക.
വീട്ടിലെ രഹസ്യങ്ങള്‍ കുട്ടികളുടെ മുന്നില്‍ നിന്ന് പറയാതിരിക്കാന്‍ ശ്രമിക്കുക. മറിച്ചായാല്‍ , അവര്‍ അത് മറ്റുള്ളവരോട് വെളിപ്പെടുത്താന്‍ സാധ്യതയേറെയാണ്. കാരണം ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് രഹസ്യം മറച്ച് വെക്കാനുള്ള അറിവോ സാമര്‍ഥ്യമോ ഉണ്ടായിരിക്കില്ല.
Add Comment