കുടുംബ ജീവിതം-Q&A

ഇണയെ ആകര്‍ഷിക്കാന്‍

ചോദ്യം: ഇരുപത്തിയേഴ് വയസ്സ് പ്രായമുള്ള യുവതിയാണ് ഞാന്‍. വിവാഹം കഴിഞ്ഞിട്ട് ഏകദേശം ഒരു വര്‍ഷമായി. ഇതുവരെ എന്റെ ഭര്‍ത്താവിനെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് എന്റെ പ്രശ്‌നം. ഞാന്‍ പരമാവധി ശ്രമിച്ചെങ്കിലും എനിക്ക് അദ്ദേഹത്തെ മനസ്സിലാക്കാനോ, അദ്ദേഹത്തിന് എന്നെ മനസ്സിലാക്കാനോ സാധിച്ചില്ല. അദ്ദേഹത്തിന് എന്നെ വേണമെന്ന് എനിക്ക് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. എന്നോട് സംസാരിക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിക്കാറുമില്ല. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എല്ലാ യുവതികളും തങ്ങളുടെ പോരാളിയെ സ്വപ്‌നം കണ്ട് ജീവിക്കുന്നവരാണ്. പക്ഷേ സ്വപ്‌നം പൂവണിഞ്ഞതിന് ശേഷവും ഒന്നും സംഭവിക്കാത്തത് പോലെയാണ് എന്റെ അവസ്ഥ. ഞാന്‍ എന്താണ് ചെയ്യേണ്ടത്? എനിക്ക് വളരെയധികം ഭയം തോന്നുന്നു. അദ്ദേഹം എന്നോട് വാല്‍സല്യത്തോടെ പെരുമാറുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. എല്ലാവരും ഭര്‍ത്താക്കന്മാരില്‍ നിന്ന് സ്‌നേഹവും, കരുണയും, വാല്‍സല്യവും ആഗ്രഹിക്കുന്നുണ്ടല്ലോ. ഞാന്‍ അദ്ദേഹത്തോട് സ്‌നേഹത്തോടെ വര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് യോജിച്ച പ്രതികരണമായിരുന്നില്ല അദ്ദേഹത്തില്‍ നിന്ന് ലഭിച്ചത്. എന്റെ മനസ്സ് തകര്‍ന്ന് കൊണ്ടിരിക്കുന്നു. എന്ത് ചെയ്യണമെന്നറിയില്ല. ഞാന്‍ എന്റെ ഭര്‍ത്താവിനോട് എങ്ങനെയാണ് വര്‍ത്തിക്കേണ്ടത്?

ഉത്തരം: പ്രിയ സഹോദരീ, നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമെ ആയുള്ളൂ. നിങ്ങളിപ്പോഴും യാത്രയുടെ പ്രാരംഭത്തിലാണുള്ളത്. സഹോദരി ഭര്‍ത്താവില്‍ നിന്ന് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതൊക്കെയും, നിങ്ങളില്‍ നിന്ന് ഭര്‍ത്താവും ആഗ്രഹിക്കുന്നുണ്ട്. സ്‌നേഹവും വാല്‍സല്യവും കൊതിക്കാത്ത ഒരു മനുഷ്യനുമില്ല. പക്ഷേ, നിങ്ങള്‍ക്കിടയിലെ പരസ്പര ബന്ധത്തിന്റെ രീതിയിലാണ് പ്രശ്‌നം. ദാമ്പത്യ ജീവിതത്തില്‍ പരസ്പരം പുലര്‍ത്തേണ്ട ബന്ധങ്ങളുടെ കല സഹോദരി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇണതുണകള്‍ക്കിടയിലെ വാല്‍സല്യം എല്ലാ കാലഘട്ടത്തിലും ആവശ്യവും ആഗ്രഹമുള്ളതുമായ കാര്യം തന്നെയായിരുന്നു. മൃദുവായ വികാരവും, സ്‌നേഹപ്രകടനവും കൊണ്ട് ബുദ്ധിമതിയായ ഭാര്യക്ക് ഭര്‍തൃഹൃദയത്തെ കയ്യിലെടുക്കാന്‍ സാധിക്കുമെന്ന് സാമൂഹിക പഠനങ്ങള്‍ വ്യക്തമാക്കുന്നു. അവള്‍ തന്റെ ജീവിത പങ്കാളിയെ സ്‌നേഹത്തിന്റെ മധുരം ആസ്വദിപ്പിക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നു.

സ്ത്രീയുടെ സ്‌നേഹം, മൃദുലവികാരം, വാല്‍സല്യം, സദ്‌പെരുമാറ്റം തുടങ്ങിയവയെ കൊതിയോടെ ആഗ്രഹിക്കുന്നവരാണ് മിക്കപുരുഷന്മാരുമെന്ന് പ്രസ്തുത പഠനം വിശദീകരിക്കുന്നു. അത്തരം ഭാര്യമാരെ അവര്‍ സ്വന്തമാക്കി വെക്കുകയും, ഏറ്റവും വിലപിടിപ്പുള്ളത് അവര്‍ക്ക് വേണ്ടി സമര്‍പിക്കുകയും ചെയ്യുന്നു. അങ്ങേയറ്റത്തെ സൗന്ദര്യമുള്ള, എന്നാല്‍ പരുഷമായ സ്വഭാവവും, പെരുമാറ്റവുമുള്ള സ്ത്രീകളെ സാധാരണ പുരുഷന്മാര്‍ക്ക് ഇഷ്ടമല്ല. അവളോട് സംസാരിക്കാനോ, അവളുടെ കൂടെ ഇരിക്കാനോ ഭര്‍ത്താവിന് ഒട്ടും താല്‍പര്യമുണ്ടാവുകയില്ല.

ബുദ്ധിമതിയായ ഭാര്യ തന്റെ നേര്‍ത്ത മനസ്സും, മൃദുലമായ വികാരവും പ്രകടിപ്പിച്ച് തന്റേതായ സവിശേഷ രീതികളിലൂടെ ഇണയെ സന്തോഷിപ്പിക്കുകയും തന്റെ സ്‌ത്രൈണത പ്രകടിപ്പിച്ച് ഇണയെ ആകര്‍ഷിക്കുകയും ചെയ്യുന്നു. അത്തരം തുണയെ ഭര്‍ത്താവ് പരിഗണിക്കുകയും അവരെ വേര്‍പെടാന്‍ പറ്റാത്ത വിധത്തില്‍ അവരോട് ചേര്‍ന്ന് അടുത്ത് പോവുകയും ചെയ്യുന്നു.

ഭര്‍ത്താവ് വീട്ടിലേക്ക് കടന്ന് വരുമ്പോള്‍ സന്തോഷവും ആനന്ദവും പ്രകടിപ്പിക്കുക, മധുരവാക്കുകള്‍ കൊണ്ടും, സദ്‌പെരുമാറ്റം കൊണ്ടും അദ്ദേഹത്തെ സ്വീകരിക്കുക തുടങ്ങിയ സമീപനങ്ങള്‍ സുപ്രധാനമാണ്. വികാരമേതുമില്ലാതെ നിര്‍ജ്ജീവമായി, ഇണയെ മടുപ്പിക്കുംവിധം പെരുമാറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നിര്‍വികാരയായി നില്‍ക്കുന്ന സ്ത്രീ ലോകത്തെ ഏറ്റവും വലിയ സുന്ദരിയാണെങ്കില്‍ പോലും ഭര്‍ത്താവ് അവളെ ഇഷ്ടപ്പെടുകയില്ല.

എപ്പോഴും പുഞ്ചിരിയോട് കൂടി ഭര്‍ത്താവിനെ സമീപിക്കുകയും വീട്ടില്‍ സന്തോഷം പ്രസരിപ്പിക്കുകയും ചെയ്യുക. പുഞ്ചിരിക്ക് പുരുഷന്മാരുടെ അടുത്ത് മാസ്മരിക ശക്തിയുണ്ട്. പുഞ്ചിരി മുഖത്തെ അഴക് വര്‍ധിപ്പിക്കുകയും, പുരുഷ ഹൃദയത്തെ തുറക്കുകയും ചെയ്യുന്നു. ഭര്‍ത്താവ് ഭാര്യയെ കൊതിക്കാനും, കൂടെ ഇരിക്കാനുമെല്ലാം പുഞ്ചിരി കാരണമാവുന്നതാണ്.

പരമാവധി തര്‍ക്കങ്ങളില്‍ നിന്നും, ഭിന്നതകളില്‍ നിന്നും മാറി നില്‍ക്കാന്‍ ശ്രമിക്കുക. വൃത്തിയും ആകര്‍ഷണീയതയും എല്ലായ്‌പ്പോഴും കാത്തുസൂക്ഷിക്കുക. ബുദ്ധിപരമായ സൗന്ദര്യവും, ശാരീരിക സൗന്ദര്യവും, ഹൃദയപരമായ സൗന്ദര്യവും സ്ത്രീക്കുണ്ടായിരിക്കേണ്ടതുണ്ട്. കൂടുതല്‍ സ്ത്രീകളുടെ ബാഹ്യസൗന്ദര്യത്തില്‍ ശ്രദ്ധിക്കുകയും ആന്തരിക സൗന്ദര്യത്തെ അവഗണിക്കുകയുമാണ് ചെയ്യാറ്.

ആവശ്യത്തിന് അനുസരിച്ച് ശബ്ദം ക്രമീകരിച്ച് സംസാരിക്കുക. സഹജവികാരങ്ങളുണര്‍ത്തുന്ന ശബ്ദത്തില്‍ സംസാരിച്ച് ഇണയില്‍ വികാരം പകരാന്‍ ഭാര്യക്ക് സാധിക്കേണ്ടതുണ്ട്.

ഡോ. യഹ്‌യാ ഗൗഥാനി

Topics