ശാഫിഈ മദ്ഹബിന്റെ സിദ്ധാന്തപ്രകാരം ഖുര്‍ആന്‍ ‘സകാത്ത് കൊടുക്കുവിന്‍’ (ആതുസ്സകാത്ത) എന്ന് കല്‍പിച്ചിട്ടുള്ളതിനര്‍ഥം നാട്ടിലെ മുഖ്യാഹാരമായ ധാന്യങ്ങള്‍ക്കും കാരക്കക്കും മുന്തിരിക്കും പിന്നെ കച്ചവടത്തിനും സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് കൊടുക്കുവിന്‍ എന്നാണെന്നും, കൊടുക്കേണ്ട അളവും തോതും എത്രയാണെന്നും നബി(സ) വ്യക്തമാക്കിയിരിക്കുന്നു എന്നുമാണ്. നബി സകാത്ത് വസൂല്‍ ചെയ്തിട്ടില്ലാത്ത വസ്തുക്കള്‍ക്ക് സകാത്ത് നല്‍കാന്‍ മുസ്‌ലിമിന് ബാധ്യതയില്ല. നബി(സ) സകാത്ത് വസൂല്‍ ചെയ്ത കാര്‍ഷിക വിഭവങ്ങള്‍ ഗോതമ്പ്, ബാര്‍ലി, ചോളം എന്നീ ധാന്യങ്ങളും കാരക്ക ,മുന്തിരി എന്നീ ഫലങ്ങളുമാണ്. ഈ വിളവുകള്‍ക്ക് സകാത്ത് ചുമത്തിയതിന് അവര്‍ ചില ന്യായങ്ങള്‍ (ഇല്ലത്ത്) കണ്ടെത്തിയിരിക്കുന്നു. ഇവയെല്ലാം കൃഷി ചെയ്തുണ്ടാക്കുന്ന ആഹാരവസ്തുക്കളും ഉണക്കി സൂക്ഷിച്ച് ഇഷ്ടാനുസാരം ഉപഭോഗം ചെയ്യാവുന്നതുമാകുന്നു. ധാന്യങ്ങള്‍ ജനങ്ങളുടെ മുഖ്യാഹാരമാണ്. ആകയാല്‍ മുഖ്യ ആഹാരമായതും ഉണക്കി സൂക്ഷിക്കാവുന്നതുമായ നെല്ലുപോലുള്ള ഇനം ധാന്യങ്ങള്‍ക്ക് സകാത്തുണ്ട്. എന്നാല്‍ കാരക്കയും മുന്തിരിയും പോലെ ഉണക്കി സൂക്ഷിക്കാവുന്നതും ഭക്ഷ്യയോഗ്യവുമായ ബദാം , അക്രോട്ടണ്ടി, പിസ്ത തുടങ്ങിയവയ്‌ക്കൊന്നും സകാത്തില്ല. ഉണക്കി സൂക്ഷിക്കാത്ത പച്ചക്കറികളും ആപ്പിള്‍, അനാര്‍ തുടങ്ങിയ പഴങ്ങളും അക്കാരണത്താല്‍ തന്നെ സകാത്തില്‍നിന്ന് മുക്തമാകുന്നു.
ഒട്ടകം , ഗോവര്‍ഗം, ആട് എന്നിവയാണ് സകാത്ത് ചുമത്തപ്പെടുന്ന കാലികള്‍. കുതിര, കോവര്‍ കഴുത, യാക്ക് തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് സകാത്തില്ല. സ്വര്‍ണത്തിനും വെള്ളിക്കും സകാത്തുണ്ട്. സ്വര്‍ണവും വെള്ളിയും കറന്‍സി രൂപത്തിലാണെങ്കില്‍ സകാത്ത് കൊടുക്കണോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ടായിരുന്നു. ഇപ്പോള്‍ ആ സന്ദേഹം ഉയര്‍ന്നുകേള്‍ക്കാറില്ല. പണത്തിന് സകാത്ത് കൊടുക്കണമെന്ന് തന്നെയാണ് പൊതു നിലപാട്. എന്നാല്‍ മറ്റു ലോഹങ്ങളും ഖനിജങ്ങളും സകാത്തില്‍ നിന്നൊഴിവാകുന്നു. ഇന്ന് ലോകത്ത് ഏറ്റവും വലിയ സമ്പത്തായി കരുതിപ്പോരുന്ന പെട്രോളിയവും അതില്‍പെടുന്നു. ഖനിജങ്ങള്‍ക്ക് സകാത്തില്ലെങ്കിലും മണ്ണില്‍നിന്ന് ലഭിക്കുന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും രൂപത്തിലുള്ള നിധികള്‍ക്ക് സകാത്തുണ്ട്; 20 ശതമാനം. കച്ചവടച്ചരക്കും ലാഭവും ചേര്‍ത്ത് നിസ്വാബ് (വിഭവങ്ങള്‍ക്ക് സകാത്ത് ബാധകമാകാന്‍ നിശ്ചയിക്കപ്പെട്ട കുറഞ്ഞ അളവ്) തികയുമെങ്കില്‍ 2.5 ശതമാനം സകാത്ത് നല്‍കണം. ശാഫിഈ മദ്ഹബ് പ്രകാരം കേരളത്തിലെ സകാത്തിനെക്കുറിച്ച് ആലോചിക്കുന്നത് കൗതുകകരമാണ്. നാട്ടിലെ മുഖ്യാഹാരമെന്ന നിലയില്‍ നെല്ലായിരുന്നു ഇവിടെ സകാത്ത്. സകാത്ത് ബാധകമാകുന്ന കാര്‍ഷിക വിള. ഭൂപരിഷ്‌കരണ നിയമം വന്നതോടെ വന്‍കിട കൃഷിക്കാരുടെ പാടശേഖരങ്ങള്‍ ഭൂരഹിതര്‍ക്കും കുടിയാന്‍മാര്‍ക്കും വീതിക്കപ്പെട്ടു. സകാത്ത് ബാധകമാകുന്ന നെല്ല് വിളയിക്കാന്‍ കഴിയുന്ന കര്‍ഷകര്‍ അക്കൂട്ടത്തില്‍ വിരളമാണ്. കാര്‍ഷിക ചെലവ് വന്‍തോതില്‍ വര്‍ധിച്ചതിനാല്‍ ചെറുകിട കര്‍ഷകരും നെല്‍കൃഷിയില്‍നിന്ന പിന്‍മാറിക്കൊണ്ടിരിക്കുകയാണ്. ടണ്‍കണക്കില്‍ നാളികേരവും കുരുമുളകും ഏലവും ജാതിക്കയും കാപ്പിയും തേയിലയും റബറുമൊക്കെ വിളയിച്ച് ദശലക്ഷക്കണക്കിന് രൂപ വരുമാനമുണ്ടാക്കുന്ന കര്‍ഷകര്‍ ഇവിടെയുണ്ട്. ഇവര്‍ക്കൊന്നും പക്ഷേ, ശാഫിഈ മദ്ഹബില്‍ സകാത്തില്ല. ചുരുക്കത്തില്‍, കേരളത്തില്‍ സകാത്ത് ബാധകമാകുന്ന കാര്‍ഷിക വിളകളേ ഇല്ലാതായിരിക്കുന്നു. നാണ്യവിളകള്‍ വിറ്റ് ആ പണം ഒരു വര്‍ഷം കൈവശം സൂക്ഷിച്ചാലേ പണത്തിന്റെ സകാത്ത് 2.5 ശതമാനം കൊടുക്കേണ്ടതുള്ളൂ. കാര്‍ഷിക വിളകള്‍ കൊയ്‌തെടുക്കുമ്പോള്‍ തന്നെ സകാത്ത് നല്‍കേണ്ടതാണ്. അതും പ്രകൃത്യാ ജലസേചനം ചെയ്യുന്നതാണെങ്കില്‍ പത്തുശതമാനവും മനുഷ്യാധ്വാനത്തിലൂടെ ജലസേചനം ചെയ്യുന്നതാണെങ്കില്‍ അഞ്ചുശതമാനവും. നാളികേരമുള്‍പ്പെടെയുള്ള നാണ്യവിളകളില്‍ മിക്കതും വിളവെടുത്ത ശേഷം കൊല്ലങ്ങളോളം ഉണക്കി സൂക്ഷിക്കാവുന്നതാണ്. അങ്ങനെ വില്‍പന നീട്ടിവെക്കുമ്പോള്‍ വില്‍പന നടക്കുന്നതുവരെയുള്ള കാലത്തും വില്‍പന നടന്ന് ഒരു കൊല്ലക്കാലവും അതിന്റെ ഉടമകള്‍ പണത്തിന്റെ സകാത്തില്‍നിന്ന് ഒഴിവാകുന്നു. പണ രൂപത്തിലുള്ള വരുമാനം എത്ര വര്‍ധിച്ചതായാലും കൊല്ലം തികയുന്നതിന് മുമ്പ് അത് ഭൂസ്വത്തോ കെട്ടിടമോ വാഹനമോ മറ്റോ ആക്കി മാറ്റിയാല്‍ ശാഫിഈ മദ് ഹബ് അനുസരിച്ച് സകാത്ത് കൊടുക്കേണ്ടിവരുന്നില്ല. കെട്ടിട വാടക, ഡോക്ടര്‍മാരുടെയും എഞ്ചിനീയര്‍മാരുടെയും മറ്റു സാങ്കേതിക വിദഗ്ധന്‍മാരുടെയും സേവനത്തിനുള്ള ഫീസ് , കലാകാരന്‍മാരുടെയും സാഹിത്യകാരന്‍മാരുടെയും റോയല്‍റ്റി തുടങ്ങിയ വരുമാനങ്ങള്‍ക്കും ശാഫിഈ മദ്ഹബ് പ്രകാരം സകാത്ത് വേണ്ട.
ടി.കെ. ഉബൈദ്
Add Comment