പരാജയത്തിന് ഒട്ടേറെ വഴികളുണ്ട്. അപ്പോഴും പരാജയത്തിലേക്ക് എളുപ്പവഴികളും കുറുക്കുമാര്‍ഗങ്ങളുമുണ്ട്. വിജയത്തിന്റെയും നേട്ടത്തിന്റെയും നെഞ്ചില്‍ നിറയൊഴിക്കുന്നതിന് സമാനമാണ് പരാജയത്തിലേക്കുള്ള കുറുക്കുവഴികള്‍ സ്വീകരിക്കുന്നത്. യാതൊരു വിധ ആസൂത്രണവുമില്ലാതെ ഏതെങ്കിലും ജോലി ചെയ്യാനൊരുങ്ങുന്നത് ആ കുറുക്കുവഴിക്ക് ഒരു ഉദാഹരണമാണ്. നൈമിഷികമായ ചിന്തകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് അതിന്റെ മറ്റൊരു രീതിയാണ്. പ്രതിസന്ധികളുടെ തീക്കനലുകളെ നൈമിഷികമായി കെടുത്തിക്കളയുന്നതും അത്തരക്കാരുടെ നടപടിയാണ്. പരാജയത്തിലേക്കുള്ള ധൃതിപിടിച്ച പ്രയാണത്തിനിടയില്‍ ഡോക്ടര്‍ ഗാസി ഖസീബി എഴുതിയത് പലരും വായിച്ചിട്ടുണ്ടായിരിക്കില്ല : ‘പരാജയത്തിലേക്കുള്ള ഏറ്റവും എളുപ്പവഴി തിടുക്കത്തില്‍ സമര്‍പിക്കുന്ന പരിഹാരങ്ങള്‍ തന്നെയാണ്. വളരെ കൃത്യമായ ആസൂത്രണത്തോടെ നടത്തുന്ന നിരന്തരമായ അധ്വാനമാണ് വിജയം സാക്ഷാല്‍ക്കരിക്കുക’.
വേഗത്തില്‍ പരാജയപ്പെടണം എന്നാണ് നീയുദ്ദേശിക്കുന്നതെങ്കില്‍ ഒന്നും ചെയ്യാതിരുന്നാല്‍ മതി. കാരണം എന്തെങ്കിലും ചെയ്യുന്ന പക്ഷം വിമര്‍ശന ശരങ്ങള്‍ക്ക് നാം വിധേയമായേക്കാം. വിമര്‍ശനമേല്‍ക്കാത്ത ജോലി എന്തുണ്ട് എന്ന് നീ അന്വേഷിക്കുക. ‘വിമര്‍ശനത്തില്‍ നിന്ന് അകന്നുനില്‍ക്കാന്‍ നീ ഒന്നും ചെയ്യാതിരിക്കുകയോ, മിണ്ടാതിരിക്കുകയോ, ഒന്നുമാകാതിരിക്കുകയോ ആണ് വേണ്ടത്’ എന്ന് ആല്‍ബര്‍ട്ട് ഹോബാര്‍ഡിന്റെ വാക്കുകളെ നീ അവഗണിക്കുക.
സ്‌കൂളുകളിലും സര്‍വകലാശാലകളിലും പഠിച്ച കാര്യങ്ങളെ മാത്രം അവലംബിച്ച് കാര്യങ്ങള്‍ നടത്തുന്നത് പരാജയത്തിന് പറ്റിയ മാര്‍ഗങ്ങളാണ്. മുമ്പ് പഠിച്ചത് മതി, പുതുതായി ഇനി ഒന്നും പഠിക്കാനില്ല എന്ന കാഴ്ചപ്പാട് നിനക്ക് എളുപ്പത്തില്‍ പരാജയം സമ്മാനിക്കും. ‘ആരും തന്നെ വിഢ്ഢിയായി ജനിക്കുന്നില്ല. വിദ്യാഭ്യാസമാണ് മനുഷ്യരെ വിഢ്ഢിയാക്കുന്നത് ‘ എന്ന് പറഞ്ഞ ബെര്‍നാര്‍ഡ് റസ്സലിനെ മറ്റുള്ളവര്‍ വിഡ്ഢിയായി വിലയിരുത്തുകയുണ്ടായി! ഇന്ധനം നിറക്കാനുള്ള സ്റ്റേഷനുകളാണ് പരിശീലനക്കളരികള്‍. എന്നാല്‍ പരാജയത്തിലേക്ക് യാത്ര ചെയ്യുന്ന ഒരുത്തന് ഇന്ധനത്തിന്റെ ആവശ്യമില്ല. ലോകപ്രശസ്ത ബോക്‌സിംഗ് ചാമ്പ്യനായിരുന്ന മുഹമ്മദ് അലി ക്ലേ പറഞ്ഞുവത്രെ : ‘പരിശീലനത്തിന്റെ ഓരോ നിമിഷത്തെയും ഞാന്‍ വെറുത്തു. പക്ഷേ ഞാന്‍ എപ്പോഴും മനസ്സില്‍ പറയുമായിരുന്നു ‘ഇല്ല കീഴടങ്ങരുത്. നീയിപ്പോള്‍ ക്ഷീണം സഹിക്കുക. അവശേഷിക്കുന്ന ജീവിതകാലം ചാമ്പ്യനായി ജീവിക്കുക’.
ഒടുവില്‍ പരാജയത്തിന്റെ ഗ്രാമത്തിലേക്ക് യാത്ര ചെയ്യാന്‍ നിനക്ക് അവസരം ലഭിക്കുന്നു. പുതിയ ചിന്തകളെയെല്ലാം നീ ശക്തമായി എതിര്‍ക്കുന്നു. ‘നമുക്ക് കണ്ടെത്താനായി ഇനി പുതിയതൊന്നുമില്ല ‘എന്ന തത്വമാണ് നിന്നെ നയിക്കുന്നത്. മനുഷ്യന് വേണ്ട എല്ലാ ചിന്തകളും നമുക്ക് മുമ്പുള്ളവര്‍ സമര്‍പിച്ചിരിക്കുന്നു. ജോണ്‍ കേഗ് ഇങ്ങനെ പറഞ്ഞുവത്രെ : ‘പുതിയ ചിന്തകളെ എതിര്‍ക്കുന്ന ആളുകളെയോര്‍ത്ത് എനിക്ക് അല്‍ഭുതം തോന്നുന്നു. എനിക്ക് പഴയ ചിന്തകളെയാണ് ഭയം ‘.
വിജയത്തിനുള്ള വഴികള്‍ ഭരണാധികാരികളും സമ്പന്നരും, അവരുടെ കുടുംബങ്ങളും മാത്രം കുത്തകയാക്കി വെച്ചിരിക്കുകയാണെന്ന് പരാജിതര്‍ വിശ്വസിച്ചുപോരുന്നു. അവസരങ്ങള്‍ അവര്‍ക്ക് മാത്രമെ വന്നുഭവിക്കാറുള്ളുവത്രെ! അവരുടെ സഹായമില്ലാതെ വിജയപാതയില്‍ കാലെടുത്ത് വെക്കാന്‍ പോലും നമുക്ക് കഴിയില്ലപോലും!
ആദ്യവീഴ്ചയെ തുടര്‍ന്ന് തന്റെ ഉദ്യമം നിര്‍ത്തിവെക്കുകയെന്നതാണ് പരാജയത്തിലേക്ക് നയിക്കുന്ന മഹത്തായ കാര്യം. ഈജിപ്തുകാര്‍ സാധാരണയായി പറയാറുണ്ട് : ‘ തലക്കെട്ടില്‍ തന്നെ ഉത്തരമുണ്ട് ‘. തോമസ് ആല്‍വാ എഡിസണ്‍ പറയുന്നത് കേള്‍ക്കൂ: ‘പരാജയപ്പെട്ടവരില്‍ അധികവും കീഴടങ്ങിയത് തങ്ങള്‍ എത്രമാത്രം വിജയത്തോട് അടുത്തെത്തിയെന്ന് അറിയാതെയാണ് ‘.
ആഫ്രിക്കന്‍ വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ വാക്കുകള്‍ ഇവിടെ സ്മരണീയമാണ് : ‘ജീവിതത്തിലെ മഹത്വം നമ്മുടെ വീഴ്ചയിലല്ല കുടികൊള്ളുന്നത്. ഓരോ വീഴ്ചക്കും ശേഷം എഴുന്നേല്‍ക്കുമ്പോഴാണ് നമുക്ക് മഹത്വം ലഭിക്കുന്നത്’ .
അബ്ദുല്ലാഹ് അല്‍മുദൈഫര്‍
Add Comment