Global

ഭീകരവിരുദ്ധപോരാട്ടം: ഐഎസിനെതിരായ നീക്കം തിരിച്ചടിയാകുമെന്ന് അമേരിക്കക്ക് ആശങ്ക

വാഷിങ്ടണ്‍: സിറിയയിലെയും ഇറാഖിലെയും ഐഎസ് കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തി പ്രധാനനഗരങ്ങള്‍ വീണ്ടെടുക്കാനായത് ഒബാമയും ഭരണസമിതിയിലെ ചിലരെയും സന്തോഷിപ്പിച്ചെങ്കിലും, രഹസ്യന്വേഷണവിഭാഗത്തിലെയും ഭീകരവിരുദ്ധ പോരാട്ടത്തിലെയും വിദഗ്ധര്‍ അത് കനത്ത തിരിച്ചടികള്‍ക്ക് സാധ്യതയേറ്റുമെന്ന ആശങ്കയിലാണ്. മേഖലയില്‍ ന്യൂനപക്ഷങ്ങളായിട്ടുള്ള ശീഈ, കുര്‍ദ് വിഭാഗങ്ങളെ പ്രത്യേകരാഷ്ട്രമുണ്ടാക്കി കുടിയിരുത്താനുള്ള പാശ്ചാത്യന്‍ ഗൂഢാലോചനയെന്ന് തെറ്റുധരിച്ച് സുന്നി മുസ്‌ലിംലോകം പ്രതികാരബുദ്ധിയോടെ കാണുമെന്നാണ് അവരുടെ നിരീക്ഷണം. അതിനാല്‍തന്നെ ഭൂരിപക്ഷത്തിന്റെ പിന്തുണ പ്രതീക്ഷിച്ച് ഐഎസ് ഗറില്ലായുദ്ധമുറകളിലേക്ക് ചുവടുമാറുമെന്ന് കരുതുന്നവര്‍ ഏറെയാണ്.
പാശ്ചാത്യന്‍ നാടുകളിലെ ലോലലക്ഷ്യങ്ങളെ ഐഎസ് നോട്ടമിടുമെന്നാണ് പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത അമേരിക്കന്‍ ഔദ്യോഗികവക്താവ് സൂചിപ്പിച്ചത്. അതോടൊപ്പം ഇറാഖിലും സിറിയയിലും രുപം കൊള്ളുന്ന പുതിയ ഭരണകൂടങ്ങള്‍ക്കും അവര്‍ നിരന്തരതലവേദന സൃഷ്ടിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇറാഖില്‍ സ്വാധീനം നഷ്ടപ്പെട്ട ഐഎസ് ഇപ്പോള്‍തന്നെ ഗറില്ലായുദ്ധമുറയിലേക്ക് കൂടുമാറിക്കഴിഞ്ഞെന്ന് റാന്‍ഡ് കോര്‍പറേഷനിലെ അനലിസ്റ്റായ സേത് ജോണ്‍സ് പറയുന്നു.
എന്നാല്‍ ഐഎസില്‍ ചേര്‍ന്ന വിദേശപോരാളികള്‍ തങ്ങളുടെ സ്വദേശത്ത് തിരിച്ചെത്തിക്കഴിഞ്ഞുവെന്ന് അതത് വിദേശകാര്യമന്ത്രാലയങ്ങളുടെ റിപോര്‍ട്ടിലുണ്ട്. ബ്രിട്ടനില്‍ മാത്രം 400ഓളം പേര്‍ തിരിച്ചെത്തിയതായാണ് കണക്ക്. ഭാവിയില്‍ അവരെല്ലാം ‘ഒറ്റയാന്‍ ചെന്നായ’കളാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ നിഗമനം.

Topics