ചോദ്യം: ഞങ്ങളുടെ നാട്ടില്‍ മുസ്‌ലിംകുടുംബങ്ങള്‍ അവരുടെ മക്കള്‍ക്ക് വിവാഹാലോചന നടത്തുമ്പോള്‍ വാക്കുറപ്പിച്ച് ഒന്നോ രണ്ടോ വര്‍ഷത്തിനുശേഷം നികാഹ് നടത്താമെന്ന് തീരുമാനിക്കാറുണ്ട്. എന്നാല്‍ ഇക്കാലയളവില്‍ ചെറുക്കനും പ്രതിശ്രുതവധുവും കിന്നരിക്കുകയും ചുറ്റിയടിച്ചുനടക്കുകയും ചെയ്യുന്നു. ഈ രീതി ഇസ്‌ലാമില്‍ അനുവദനീയമാണോ?
—————-
ഉത്തരം: ആണിന്റെയും പെണ്ണിന്റെയും വീട്ടുകാര്‍ വിവാഹത്തിന് യോജിപ്പിലെത്തുകയും നികാഹ് പിന്നീട് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇതാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ ഇതിനെ വിവാഹനിശ്ചയം എന്നാണ് പറയുക.
വരുംദിനങ്ങളിലെ ഒരു തിയതി നിശ്ചയിച്ച് വിവാഹത്തിനുള്ള വാഗ്ദാനം നല്‍കുന്നതാണ് വിവാഹനിശ്ചയം (എന്‍ഗേജ്‌മെന്റ്). ചെക്കനും പെണ്ണിനും കൈകോര്‍ത്തുപിടിച്ചുനടക്കാനും കിന്നരിക്കാനും എവിടെയെങ്കിലും തനിച്ചിരിക്കാനുമുള്ള ലൈസന്‍സല്ല അത്. അതൊന്നും ഇസ്‌ലാമില്‍ അനുവദനീയമല്ല. നിശ്ചയം നടത്തിയെന്നതുകൊണ്ട് മുന്‍പ് ഹലാലും ഹറാമും ആയ സംഗതികള്‍ മാറിമറിയുകയില്ല. പ്രായോഗികമായി പറഞ്ഞാല്‍ വിവാഹനിശ്ചയം കഴിഞ്ഞ ചെക്കനും പെണ്ണും അന്യര്‍തന്നെ. പിന്നെ, ആകെയൊരു വ്യത്യാസം ഇതാണ്: അതായത്, ആ ചെറുക്കനും പെണ്ണിനും വേണ്ടി മറ്റൊരാള്‍ വിവാഹം ആലോചിക്കാന്‍ മുതിരേണ്ടതില്ല.
അതിനാല്‍ വിവാഹനിശ്ചയം കഴിഞ്ഞവരെ സംബന്ധിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് ഇതാണ്. നിശ്ചയംകഴിഞ്ഞെന്നുകരുതി ആണും പെണ്ണും സ്വതന്ത്രവിഹാരം നടത്തുന്ന വിവാഹിതരെപ്പോലെ പെരുമാറാനോ കഴിയാനോ പാടില്ല. ഇപ്പറഞ്ഞിന് വിരുദ്ധമായത് പ്രവര്‍ത്തിച്ചാല്‍ അതുവഴി ഒരു വലിയതെറ്റാണ് അവര്‍ ചെയ്യുന്നത്. അല്ലാഹു നമ്മെ വിശുദ്ധരുടെ കൂട്ടത്തില്‍ നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ.
Add Comment