കുടുംബ ജീവിതം-Q&A

ബ്രെസ്റ്റ് ഇംപ്ലാന്റേഷന്‍ അനുവദനീയമോ ?

ചോ: ഞാന്‍ ആറു മാസം മുമ്പ് വിവാഹിതനായി. വലിയ സ്തനങ്ങളുള്ള സ്ത്രീയെയാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. വിവാഹാലോചനയുടെ ഘട്ടത്തില്‍ പക്ഷേ ചെറിയ അവയവങ്ങളുള്ള പെണ്‍കുട്ടിയുമായി നികാഹ് ഉറപ്പിക്കുകയായിരുന്നു. ഒട്ടേറെ നല്ല ഗുണങ്ങള്‍ ആ കുട്ടിയില്‍ ഉണ്ടായിരുന്നതായിരുന്നു അതിന് കാരണം. എന്നാല്‍ എന്തോ ചിലത് നഷ്ടപ്പെട്ടതുപോലെയുള്ള ചിന്തയാണ് ഇപ്പോഴുള്ളത്. പലപ്പോഴും വ്യഭിചാരത്തില്‍ പെട്ടുപോയേക്കുമോ എന്ന ആശങ്ക കലശലാണിന്ന്. അതിനാല്‍ ഭാര്യയില്‍ സിലിക്കണ്‍ ഇംപ്ലാന്റിങ് നടത്തുന്നതിനെക്കുറിച്ചാണിപ്പോള്‍ ആലോചിക്കുന്നത്. അവളോട് ഞാന്‍ കാരണമൊന്നും വിശദീകരിച്ചിട്ടില്ല. എനിക്ക് തൃപ്തി കൈവരിക്കാന്‍, വ്യഭിചാരത്തില്‍നിന്ന് രക്ഷനേടാന്‍ അത്തരത്തിലുള്ള സൗന്ദര്യവത്കരണം ഇസ്‌ലാമില്‍ അനുവദനീയമാണോ ?

——————

ഉത്തരം: താങ്കളുടെ ചോദ്യം തികച്ചും സംഗതമാണ്. യഥാര്‍ഥത്തില്‍ വിവാഹത്തില്‍ ഏര്‍പ്പെടുന്ന കക്ഷികള്‍ പരസ്പരം പൊരുത്തം അറിയുകയും കണ്ട് ഇഷ്ടപ്പെടുകയുംചെയ്യേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍ താങ്കള്‍ അകപ്പെട്ടതുപോലുള്ള ധര്‍മസങ്കടങ്ങള്‍ക്ക് അത് ഇടവരുത്തും.
മനുഷ്യന്‍ തന്റെ അവയവങ്ങള്‍ക്ക് മാറ്റംവരുത്തുന്നത് -ചികിത്സാര്‍ഥമല്ലാതെ-ഇസ്‌ലാം കര്‍ശനമായി വിലക്കിയിരിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുകയാണ് അതിലൂടെ താങ്കള്‍ ചെയ്യുന്നത്. താങ്കള്‍ ജീവിതപങ്കാളിയുടെ സദ്ഗുണങ്ങളിലേക്ക് ശ്രദ്ധതിരിക്കുക. മറിച്ച്, ബാഹ്യസൗന്ദര്യങ്ങളിലേക്ക് ശ്രദ്ധയൂന്നുന്നത് കൂടുതല്‍ വിഷമത്തിലേക്ക് കൊണ്ടെത്തിക്കുകയാണ് ചെയ്യുക. ബാഹ്യസൗന്ദര്യം ക്ഷണികമാണെന്നതുതന്നെ അതിന്റെ കാരണം. പ്രായമേറുന്തോറും സൗന്ദര്യം കുറഞ്ഞുവരികയാണ് ചെയ്യുക. മനുഷ്യന്റെ ആഗ്രഹങ്ങള്‍ അതിരില്ലാത്തതാണ്. അല്ലാഹു താങ്കള്‍ക്ക് വിധിച്ചതില്‍ സംതൃപ്തി കണ്ടെത്താനും ഐശ്വര്യമടയാനും ശ്രമിക്കുക.
ഇപ്പോള്‍ ഭാര്യയുടെ ഒരു അവയവം രൂപമാറ്റം വരുത്താന്‍ ശ്രമിക്കുന്ന താങ്കള്‍ നാളെ അവളുടെ കൃഷ്ണമണിയുടെ നിറവും ചുണ്ടുകളുടെ വലിപ്പവും, മൂക്കിന്റെ ആകൃതിയും തൊലിയുടെ നിറവും മാറ്റാന്‍ ആവശ്യപ്പെടില്ലെന്ന് ആരുകണ്ടു?!. വ്യഭിചാരത്തില്‍നിന്ന് രക്ഷപ്പെടാന്‍ നാളെ ഒട്ടേറെ ഓപറേഷനുകള്‍ ഭാര്യയില്‍ നടത്തില്ലെന്ന് എന്തുറപ്പാണുള്ളത് ?

Topics