കുട്ടികള്‍

കുട്ടികളിലെ ‘സ്‌ക്രീന്‍ ജ്വരം’ അവസാനിപ്പിക്കാന്‍

സന്താനപരിപാലനം ഇസ്‌ലാം ഗൗരവപൂര്‍വം പരിഗണിക്കുന്ന വിഷയമാണ്. ഭാവിതലമുറ അവരിലൂടെയാണ് ഉയിര്‍കൊള്ളുന്നത്. അതുകൊണ്ടുതന്നെ അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ച ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. എന്നാല്‍ വിവരസാങ്കേതികപുരോഗതിയുടെ പരകോടിയില്‍ എത്തിനില്‍ക്കുന്ന ഇക്കാലത്ത് മാറിയ ജീവിതശൈലി പരിപാലനത്തെയും കുട്ടികളുടെ വളര്‍ച്ചയെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു.

ആധുനികജീവിതശൈലിയില്‍ വളരുന്ന കുട്ടികളുടെ സ്‌ക്രീന്‍ ജ്വരം(കമ്പ്യൂട്ടര്‍, മൊബൈല്‍…) കടുത്ത ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുന്നതാണെന്ന് വിദ്യാഭ്യാസ-മനശ്ശാസ്ത്ര-സാമൂഹിക-ബാലകൗമാരപരിപാലന മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലണ്ടനില്‍ ഈയിടെ, എഴുത്തുകാരന്‍ ഫിലിപ് പുള്‍മാന്‍, കാന്റര്‍ബറി മുന്‍ ആര്‍ച്ബിഷപ് റൊവാന്‍ വില്യംസ്, സെക്കോതെറാപിസ്റ്റ് സൂസീ ഓര്‍ബക്, ചൈല്‍ഡ് കെയര്‍ വിദഗ്ധ പെനെലപ് ലീച് തുടങ്ങിയവരുള്‍പ്പെട്ട പ്രത്യേക സമിതി സര്‍ക്കാരിന് അതുമായി ബന്ധപ്പെട്ട് നിയമങ്ങളുണ്ടാക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തി നിവേദനം നല്‍കിയതായ വാര്‍ത്ത പുറത്തുവരികയുണ്ടായി. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് വകുപ്പ് തന്നെ രൂപവല്‍ക്കരിക്കണമെന്ന ആവശ്യം അതിലുന്നയിച്ചിരുന്നു. കുട്ടികള്‍ പുറത്തുപോയി കളിക്കാന്‍ അവസരം നഷ്ടപ്പെട്ടവരാണ്, അവര്‍ സദാ മൊബൈലിലും കമ്പ്യൂട്ടറിലും കണ്ണുംനട്ടിരിക്കുന്നു, കടുത്ത മത്സരാധിഷ്ഠിത വിദ്യാഭ്യാസക്രമത്തിനുകീഴില്‍ ഞെരിഞ്ഞമര്‍ന്ന് അസന്തുഷ്ടിയോടെ കഴിയുന്നു, അതോടൊപ്പം കുട്ടിക്കാലം കവര്‍ന്നെടുക്കുംവിധമുള്ള കമ്പോളവത്കരണത്തിന് അടിപ്പെട്ടിരിക്കുന്നു എന്ന് തുടങ്ങി ഒട്ടേറെ ആശങ്കകള്‍ അതില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇന്നത്തെ തിരക്കുപിടിച്ച സാമൂഹികാന്തരീക്ഷത്തോട് മല്ലിട്ടുനില്‍ക്കാന്‍ അവര്‍ക്ക് കഴിയണമെങ്കില്‍ 7 വയസ്സുവരെയുള്ള കാലയളവില്‍ മാതാപിതാക്കള്‍ അവരുമായി അടുത്തിടപഴകുകയും അവരോടൊപ്പം ചേര്‍ന്ന് കളിക്കുകയും വേണം. ഭക്ഷണവും താമസവും ഒരുക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് വളരെ അത്യന്താപേക്ഷിതമായി വേണ്ടത് സ്‌നേഹവും കളികളുമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, ഇന്നത്തെ കമ്പോളസംസ്‌കാരം വെച്ചുനീട്ടുന്ന കളിപ്പാട്ടങ്ങള്‍ കുട്ടികളെ സന്തോഷിപ്പിക്കുമെന്നും അവരുടെ മാനസികവളര്‍ച്ചയെ പരിപോഷിപ്പിക്കുമെന്നും രക്ഷിതാക്കള്‍ തെറ്റുധരിച്ചിരിക്കുകയാണ്.
വിദ്യാഭ്യാസപരിഷ്‌കരണത്തിന്റെ ഭാഗമായി കൊണ്ടുവന്ന ഒട്ടേറെ നടപടിക്രമങ്ങള്‍ കുട്ടികള്‍ക്ക് ‘ടോക്‌സിക് ചൈല്‍ഡ് ഹുഡ്’ (വിഷലിപ്തബാല്യം) സമ്മാനിച്ചിരിക്കുന്നുവെന്ന ആശങ്ക പങ്കുവെക്കുന്നവരുടെ എണ്ണം കൂടിവരുന്നു. ഇന്ന് നമ്മുടെ നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. കുട്ടികളെ വളര്‍ത്തുന്നതിലും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലും ഒട്ടേറെ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അതെല്ലാം എത്രമാത്രം കുട്ടികളുടെ മാനസിക-ശാരീരിക പോഷണത്തിന് സഹായകരമാണെന്ന് നാം പരിശോധിക്കേണ്ടതുണ്ട്. കുട്ടികളെ തെറ്റുധരിപ്പിക്കുന്നതും അവര്‍ക്ക് മനോപീഢ സമ്മാനിക്കുന്നതും അവരുടെ ആത്മവിശ്വാസത്തെയും വിദ്യാഭ്യാസമനോഭാവത്തെയും തകര്‍ക്കുന്നതുമാണ് കഴിഞ്ഞ ദശാബ്ദങ്ങളില്‍ കൊണ്ടുവന്ന വിദ്യാഭ്യാസപരിഷ്‌കാരങ്ങള്‍ എന്ന് പടിഞ്ഞാറന്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോള്‍ പ്രത്യേകിച്ചും.

കുട്ടികള്‍ക്ക് പഠനസൗകര്യത്തിനായി ടാബുകളും ഡിജിറ്റല്‍സ്‌ക്രീനുകളും ഒരുക്കുമ്പോള്‍ അത് അവരുടെ വായനാശീലത്തെ ഇല്ലായ്മ ചെയ്യുന്നുവെന്ന പഠനങ്ങള്‍ പുറത്തുവന്നിരിക്കുന്നു. 2010 ല്‍ ആപ്പിള്‍ കമ്പനി ഐപാഡ് വിപണിയിലിറക്കിയതിനുപിന്നാലെ, കുട്ടികളില്‍ വായനാശീലം 41.4 ശതമാനമായി കുറഞ്ഞുവെന്ന് 2014 ല്‍ അമേരിക്കയില്‍ നടന്ന സര്‍വെ വെളിപ്പെടുത്തി. കുട്ടികളുടെ ശ്രദ്ധ കവരാനായി വീഡിയോ, ആപ്പുകള്‍, ഗെയിംസ്, ബുക്കുകള്‍, സോഷ്യല്‍ ആപ്പുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് ക്രമേണ അവരില്‍ ആസക്തിനിറക്കുന്നു. എന്നുമാത്രമല്ല, മാതാപിതാക്കളുടെ സഹായത്തോടെ വായിക്കുന്ന കുട്ടികളെക്കാള്‍ സാംസ്‌കാരികമായും വൈജ്ഞാനികമായും വിപരീതദിശയിലാണ് സ്‌ക്രീനുകളുടെ മുന്നിലിരിക്കുന്ന കുട്ടികള്‍ വളരുക. ഇന്നത്തെ മധ്യവര്‍ഗ ന്യൂക്ലിയര്‍ കുടുംബങ്ങളില്‍ സദാ നിശ്ശബ്ദത കളിയാടുന്നത് ഒച്ചയും ബഹളങ്ങളും പശ്ചാത്തലസംഗീതവും മറ്റുമുള്ള സ്‌ക്രീനിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ്. അത് പലപ്പോഴും സ്‌ക്രീനിലുള്ള കഥാപാത്രങ്ങളെ അനുകരിക്കുന്ന ശീലവും കുട്ടികളില്‍ വര്‍ധിപ്പിച്ചിരിക്കുന്നു.
ഒട്ടുംതന്നെ വായനാശീലമില്ലാത്ത കുട്ടികളായിക്കൊള്ളട്ടെ, എന്നാല്‍പോലും അവരെ സംബന്ധിച്ചിടത്തോളം പുസ്തകം ഒരു മനോഹരവസ്തുവാണ്. ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ മൊബൈലിനെക്കാളും ഐപാഡിനെക്കാളും അവര്‍ക്കത് സ്വീകാര്യമാവുകതന്നെ ചെയ്യും. അതിനാല്‍ അവരില്‍ താല്‍പര്യം ജനിപ്പിക്കുംവിധമുള്ള പുസ്തകങ്ങള്‍ അവര്‍ക്ക് നല്‍കുക. അവര്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുക.

 

Topics