കുട്ടികള്‍

മക്കളുടെ രോഗം തിരിച്ചറിയണം

എന്റെ മാതൃസഹോദരി അവരുടെ ഇളയ മകളോട് മറ്റുള്ളവര്‍ക്ക് മുന്നില്‍ ഇരിക്കുമ്പോള്‍ കണ്ണുകള്‍ അടക്കരുതെന്ന് കല്‍പിച്ചിരുന്നു. അക്ഷരങ്ങള്‍ കൂട്ടിയെഴുതുന്നതില്‍ സംഭവിക്കുന്ന വീഴ്ചയുടെ പേരില്‍ അവളെ അവര്‍ ശക്തമായി ശകാരിച്ചു. ഗൃഹപാഠം ചെയ്യാന്‍ ഒട്ടേറെ സമയം ചെലവഴിക്കുന്നുവെന്ന് ആരോപിച്ച് അവളുടെ കരണത്തടിക്കുന്നു. തനിക്ക് പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കാണാനിരിക്കുമ്പോഴൊക്കെ, സാധനങ്ങളെടുത്ത് മാറ്റുംപോലെ അവളെ തൂക്കിയെടുത്ത് വേറെയെവിടെയെങ്കിലും ഇരുത്തുന്നു.

തന്റെ മേലുള്ള മാതാവിന്റെ ബലപ്രയോഗം ആ പിഞ്ചുകുഞ്ഞിന്റെ ഉറക്കംകെടുത്തി. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി. അവള്‍ വിദ്യാലയത്തെയും, ഗൃഹപാഠത്തെയും, ഉമ്മയെയും എല്ലാം വെറുത്തു. ചില സന്ദര്‍ഭങ്ങളില്‍ തേങ്ങിക്കരഞ്ഞ് ഉറക്കത്തില്‍ നിന്ന് അവള്‍ ഞെട്ടിയുണര്‍ന്നു. വേദനയുടെ വീര്‍പ്പുമുട്ടലുകള്‍ അടക്കിപ്പിടിച്ച് അവള്‍ വിദ്യാലയത്തിലേക്ക് പോയി. അവളുടെ മാതാവ് അവളെ പലരെയും കൊണ്ട് ഉപദേശിപ്പിച്ചു. പക്ഷെ അവയൊന്നും യാതൊരു പ്രയോജനവും ചെയ്തില്ല. അതോടെ ആ ഉമ്മയും മകളും ഒരുപോലെ തകര്‍ന്നുപോയി.

ഒടുവില്‍ പിതാവ് വിഷയത്തില്‍ ഇടപെട്ടു. മകളെയും കൂട്ടി മാനസികരോഗ വിദഗ്ദനെ സമീപിച്ചു. ഭാര്യയുടെയും മകളുടെയും പ്രശ്‌നത്തിന് വിജയകരമായ പരിഹാരം അവിടെ നിന്ന് ലഭിച്ചേക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. കുഞ്ഞിന്റെ പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ ഡോക്ടര്‍ അവളുടെ പിതാവിനോട് പറഞ്ഞു ‘കുഞ്ഞിന്റെ പ്രശ്‌നം എനിക്ക് പരിഹരിക്കാനാവില്ല, നിങ്ങള്‍ കണ്ണുഡോക്ടറെ കാണിക്കേണ്ടിയിരിക്കുന്നു’. പ്രശ്‌നം കണ്ണുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനാല്‍ അതുമായി ബന്ധപ്പെട്ട ഡോക്ടറെ കണ്ട് കണ്ണട വേണമെങ്കില്‍ അതോ, അതുമല്ലെങ്കില്‍ ആവശ്യമായ മറ്റു മാര്‍ഗങ്ങളോ അവലംബിക്കണമെന്നോ അദ്ദേഹം ആ പിതാവിനെ ഉപദേശിച്ചു. ഡോക്ടര്‍ പറഞ്ഞത് സത്യമായിരുന്നു. കണ്ണുപരിശോധിച്ച ഡോക്ടറില്‍ നിന്ന് അവള്‍ക്ക് ഹൃസ്വദൃഷ്ടി ബാധിച്ചതായി കണ്ടെത്തി. ആ കുടുംബത്തില്‍ കത്തിപ്പടര്‍ന്ന് പ്രശ്‌നത്തിന് പിന്നില്‍ കുഞ്ഞിന്റെ ഈ രോഗമായിരുന്നുവെന്ന് അവര്‍ തിരിച്ചറിഞ്ഞു.

മകള്‍ കണ്ണട വെക്കുകയും പ്രശ്‌നം പതിയെ പരിഹരിക്കപ്പെടുകയും ചെയ്തു. പക്ഷേ, അവള്‍ അനുഭവിച്ച രോഗം ഇന്ന് നമ്മുടെ സമൂഹത്തില്‍ വളരെ ശക്തമായി നിലനില്‍ക്കുന്നുവെന്നതാണ് പ്രശ്‌നം. നമ്മുടെ ഒട്ടേറെ വിദ്യാലയങ്ങളിലും, വീടുകളിലും നല്‍കപ്പെടുന്ന ശിക്ഷണങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്ളവയല്ല. പല വിധത്തിലുള്ള ബലപ്രയോഗങ്ങളാണ് നാം കുഞ്ഞുങ്ങളോട് പുലര്‍ത്തിക്കൊണ്ടിരിക്കുന്നത്. വളരെ പ്രാഥമികമായ കാഴ്ച, കേള്‍വി, സംസാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിശോധനകള്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ നാം നടത്തുന്നില്ല. തല്‍ഫലമായി അവരുടെ പ്രശ്‌നമെന്തെന്ന് മനസ്സിലാക്കാനോ, അവരുടെ പ്രസരിപ്പ് നിലനിര്‍ത്താനോ നമുക്ക് സാധിക്കുന്നില്ല. അവരുടെ ഭാവി നാം കവര്‍ന്നെടുക്കുകയും ആത്മവിശ്വാസം ഊതിക്കെടുത്തുകയും ചെയ്യുന്നു.

ഏതാനും പരിശോധനകള്‍ വഴിപാടുപോലെ നടത്തുന്നതില്‍ ഒതുക്കുന്നതല്ല ഈ രോഗത്തിനു വേണ്ട ചികിത്സ. നമ്മുടെ കുഞ്ഞുങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നാം കൈകാര്യം ചെയ്യുന്ന വിധവും വളരെ സുപ്രധാനമാണ്. വായനയില്‍ ഏകാഗ്രതയില്ലാത്ത, വല്ലാതെ ചലിക്കുന്ന കുഞ്ഞിന്റെ പ്രശ്‌നം കേവലം സ്വഭാവദോഷം മാത്രമായിരിക്കില്ല. മറിച്ച് അവന് ഡോക്ടറുടെ സഹായം ആവശ്യമായ ശാരീരികമായ വല്ല അസ്വസ്ഥതയും ഉണ്ടായേക്കാം.

കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങളെ തങ്ങളുടെ ബലപ്രയോഗത്തിലൂടെ പരിഹരിക്കാനുള്ള രക്ഷിതാക്കളുടെ ശ്രമം അവരുടെ ഭാവിയെ തകര്‍ക്കാനാണ് ഉതകുക. മാതൃസഹോദരിക്ക് സംഭവിച്ച വീഴ്ചയെ തുടര്‍ന്ന് ഞാന്‍ എപ്പോഴും എന്റെ മക്കളോടുള്ള സമീപനത്തില്‍ വളരെ ജാഗ്രത പുലര്‍ത്തിയിരുന്നു. നാം മറ്റുള്ളവരെക്കുറിച്ച് നല്ലത് വിചാരിക്കുകയാണ് വേണ്ടത്. ഒരു വ്യക്തിയില്‍ നാം കാണുന്ന വീഴ്ചയോ, പോരായ്മയോ അയാളുടെ ശാരീരികമോ, മാനസികമോ ആയ രോഗത്തിന്റെ ഫലമായിരിക്കാമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. വ്യക്തികളെക്കുറിച്ച് മോശം വിചാരിക്കുമ്പോഴാണ് നാം അവരുടെ അവകാശത്തില്‍ തെറ്റുകള്‍ സമ്പാദിക്കുന്നത്. നാം ഏതെങ്കിലും ഒരു കോണില്‍ നിന്ന് മാത്രം അവരെ വീക്ഷിക്കുകയും, അവര്‍ക്ക് മേല്‍ വിധിക്കുകയും ചെയ്യുന്നതോടെ യഥാര്‍ത്ഥരൂപം നമ്മില്‍ നിന്ന് വളരെ അകലെയായിത്തീരുന്നു.

അബ്ദുല്ലാഹ് അല്‍മഗലൂഥ്

Topics