കുട്ടികള്‍

പെണ്‍മക്കള്‍ കൗമാരത്തിലേക്കടുക്കുമ്പോള്‍

ഒട്ടേറെ രഹസ്യങ്ങളും, അവസ്ഥാന്തരങ്ങളുമുണ്ടാവുന്ന ജീവിതഘട്ടമാണ് കൗമാരം. അനവധി സവിശേഷതകളും, പ്രത്യേകതകളുമുള്ള ഈ ഘട്ടത്തെ വളരെ കരുതലോടെയാണ് കൈകാര്യം ചെയ്യേണ്ടത്. വിശിഷ്യാ പ്രസ്തുത ഘട്ടത്തില്‍ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും, പ്രതിസന്ധികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍.

പ്രായപൂര്‍ത്തിയെത്തുന്ന ഘട്ടത്തെ ബുദ്ധിപരമായി കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പ് നമ്മുടെ പെണ്‍മക്കള്‍ക്ക് നല്‍കേണ്ടതുണ്ട്. പ്രസ്തുത ഘട്ടത്തെ സുരക്ഷിതമായി മറികടക്കാനും പക്വതയോട് കൂടി യുവത്വത്തെ വരവേല്‍ക്കാനുമുള്ള പരിശീലനമാണ് നേടിയെടുക്കേണ്ടത്. ജീവിതത്തിലെ അതിവികാരതരളിതമായ ഈ ഘട്ടത്തില്‍ നേരിടുന്ന വെല്ലുവിളികളുടെയും, പ്രതിസന്ധികളുടെയും പ്രകൃതം മനസ്സിലാക്കുന്നതിനും, അവയെ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യുന്നതിനും വളരെയധികം സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമാണ്. പ്രായപൂര്‍ത്തിയെത്തുന്ന ഘട്ടത്തില്‍ പെണ്‍കുട്ടികള്‍ സാധാരണയായി അഭിമുഖീകരിക്കുന്ന സുപ്രധാനമായ ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയാണ് ചുവടെ.

രൂപത്തിനും ഭാവത്തിനും അതിര് കവിഞ്ഞ ശ്രദ്ധയും, പരിഗണനയും നല്‍കുന്നുവെന്നതാണ് അവയില്‍ ഏറ്റവും മുഖ്യമായത്. തന്റെ ശരീരഘടനയിലും രൂപത്തിലും സംതൃപ്തിയോ, ആത്മവിശ്വാസമോ ഇല്ലാതെ കൂടുതല്‍ ആശങ്കയോടും ശ്രദ്ധയോടും കൂടി അവയെ കൈകാര്യം ചെയ്യുന്നു പ്രായപൂര്‍ത്തിയോട് അടുക്കുന്ന പെണ്‍കുട്ടികള്‍. മറ്റാര്‍ക്കുമില്ലാത്ത സൗന്ദര്യവും ആകര്‍ഷണീയതയും തനിക്കുണ്ടാവണമെന്നും, അതിന് വേണ്ടി തെറ്റായ മാര്‍ഗം വരെ അവലംബിക്കാന്‍ അവര്‍ തയ്യാറാവുകയും ചെയ്യുന്നു.

സുപ്രധാനമായ ശാരീരിക-മാനസിക മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഘട്ടമാണ് കൗമാരം. അതിനാല്‍ തന്നെ ബാഹ്യരൂപത്തിലും ഘടനയിലും കാതലായ മാറ്റം സംഭവിക്കാന്‍ ഒട്ടേറെ സാധ്യതകളുണ്ട്. പ്രസ്തുത മാറ്റങ്ങള്‍ തന്റെ രൂപത്തെക്കുറിച്ച ആശങ്കക്കും, സംശയത്തിനും കാരണമാകുന്നു. മുതിര്‍ന്നവരെപ്പോലെ പെരുമാറുകയോ വര്‍ത്തിക്കുകയോ ചെയ്താല്‍ മറ്റുള്ളവരില്‍ നിന്ന് പരിഹാസങ്ങള്‍ ഏല്‍ക്കേണ്ടി വന്നേക്കാം. എന്നാല്‍ കുഞ്ഞിനെപ്പോലെ വര്‍ത്തിക്കാനും സാധിക്കുകയില്ല. അതിനാല്‍ തന്നെ ഈ രണ്ടവസ്ഥകള്‍ക്കുമിടയില്‍ മാനസികസംഘര്‍ഷത്തോടും, അസ്വസ്ഥതയോടും കൂടി ജീവിക്കേണ്ട ദുരവസ്ഥയാണ് കൗമാരത്തിലെ പെണ്‍കുട്ടിക്കുള്ളത്. കൂടുതല്‍ സമയം കണ്ണാടിക്ക് മുന്നില്‍ ചെലവഴിച്ച് തന്റെ രൂപത്തെ വിലയിരുത്തുന്ന അവള്‍ക്ക് മിക്കപ്പോഴും നിരാശയും പരാജയബോധവുമാണ് അനുഭവപ്പെടുക. തല്‍ഫലമായി സമൂഹം അംഗീകരിക്കാത്ത, ധാര്‍മിക വിലക്കുകള്‍ ലംഘിക്കുന്ന പല പ്രവണതകളും അവളില്‍ നിന്ന് പ്രകടമായേക്കാം. പ്രണയചാപല്യവും, അതുപോലുള്ള വൈകാരികമായ സമീപനവുമെല്ലാം ഇതിന്റെ ഭാഗമായി കടന്നുവരുന്നതാണ്.

സ്വന്തം അസ്തിത്വം നഷ്ടപ്പെടുകയും ഉത്തരവാദിത്തമില്ലാതിരിക്കുകയും ചെയ്യുന്നുവെന്നതാണ് കൗമാരക്കാരികളുടെ രണ്ടാമത്തെ പ്രശ്‌നം. തനിക്ക് സവിശേഷമായ വ്യക്തിത്വം നേടിയെടുക്കാനും തന്റെ സമൂഹത്തില്‍ അത് സ്ഥാപിക്കാനുമുള്ള ശ്രമങ്ങളില്‍ കൗമാരക്കാരി മുഴുകുന്നു. മറ്റുള്ളവരില്‍ നിന്ന് ആദരവും, ബഹുമാനവും, സ്‌നേഹവും ലഭിക്കാന്‍ അവള്‍ ആഗ്രഹിക്കുന്നു. എല്ലാവരുടെയും കണ്ണുകളില്‍ തന്നോട് സംസാരിക്കാനും തന്റെ അഭിപ്രായം കാതോര്‍ക്കാനുള്ള ആഗ്രഹം പ്രകടമാവണമെന്ന് അവള്‍ കൊതിക്കുന്നു. തനിക്ക് ചുറ്റുമുള്ള ലോകത്ത് തന്റെ സ്വാധീനം പ്രകടമാവണമെന്നും തനിക്ക് അധികാരം ലഭിക്കണമെന്ന് കൂടി അവര്‍ അഭിലഷിക്കുന്നു. കൗമാരക്കാരി തനിക്ക് താഴെയുള്ളവരുമായി എപ്പോഴും കലഹിക്കുകയും, അവരെ നയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്.

കളിതമാശകളുടെയും, കാര്യഗൗരവത്തിന്റെയും സമയങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് കല്‍പിക്കാന്‍ അവള്‍ക്ക് സാധിക്കുകയില്ല. മാനസിക സംഘര്‍ഷവും, നിരന്തരമായ അസ്വസ്ഥതയും കാരണം കൗമാരക്കാരിക്ക് ദൗര്‍ബല്യം അനുഭവപ്പെടുകയും പഠനത്തിലും മറ്റ് നിര്‍മാണാത്മക മേഖലകളിലും അവള്‍ പിന്നാക്കം പോവുകയും ചെയ്യുന്നു. പഠനത്തിന് ഉപരിയായി അവള്‍ മറ്റുപല കാര്യങ്ങളും ശ്രദ്ധിക്കുകയും പരിഗണിക്കുകയും കൂടുതലായി കൂട്ടുകൂടാനും, ഉല്ലസിക്കാനും ആഗ്രഹിക്കുകയും ചെയ്യുന്നു. തല്‍ഫലമായി ആവശ്യവും അനാവശ്യവും തമ്മില്‍ വേര്‍തിരിവ് കല്‍പിക്കാന്‍ സാധിക്കാതെ വരികയും ആനന്ദത്തിലും ഉല്ലാസത്തിലും സമയം കൊല്ലാന്‍ അവള്‍ മുന്നിട്ടിറങ്ങുകയും ചെയ്യുന്നു.

അഹമദ് ഹുസൈന്‍ ത്വഹ്ബൂത്

Topics