ആറ് വയസ്സുള്ള എന്റെ മകള്‍ക്ക് കഴിഞ്ഞ ഏതാനും ആഴ്ചകളായി ആകെ സംസാരിക്കാനുള്ളത് മാഞ്ചസ്റ്ററിലെ അവളുടെ ടീച്ചറുടെ വിവാഹത്തെക്കുറിച്ചാണ്. വരുന്ന ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന വിവാഹ സല്‍ക്കാരത്തെക്കുറിച്ചാണ് അവള്‍ വാതോരാതെ സംസാരിക്കുന്നത്. അന്ന് വധുവിന്റെ മുടിക്ക് നല്‍കാനിരിക്കുന്ന നിറം, അവരുടെ ഫഌറ്റിലെ സജ്ജീകരണങ്ങള്‍, അലങ്കാരങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയെല്ലാം അവളുടെ സംസാരത്തില്‍ വിഷയീഭവിച്ചു. വിവാഹം നടക്കാനിരിക്കുന്ന ചെറിയ കോഫി ഷോപ്പിനെക്കുറിച്ചും അവള്‍ സംസാരിച്ചു. ടീച്ചറുടെ വല്യുപ്പ വല്യുമ്മയെ വിവാഹം കഴിച്ചപ്പോള്‍ ഉല്‍ഘാടനം ചെയ്തതാണെത്രെ ആ ഷോപ്പ്.
ടീച്ചറുടെ സഹോദരി അവര്‍ക്കായി നെയ്‌തൊരുക്കിയ വിവാഹ വസത്രത്തെക്കുറിച്ചും മകള്‍ എന്നെ അറിയിച്ചു. വിവാഹത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പെ വാങ്ങി വെച്ച ചെരുപ്പിനെക്കുറിച്ച് കൂടി അവള്‍ വിവരിച്ചു.
തന്റെ ടീച്ചറുടെ വിവാഹത്തെക്കുറിച്ച വിശദാംശങ്ങള്‍ കൊണ്ട് മകള്‍ എന്നെ പൊതിഞ്ഞു. തന്റെ ടീച്ചറുടെയല്ല, കൂട്ടുകാരിയുടെ വിവാഹ ഒരുക്കത്തെക്കുറിച്ചാണ് അവള്‍ വിവരിക്കുന്നതെന്ന് എനിക്ക് തോന്നി. വളരെ പ്രാധാന്യത്തോടും, ആവേശത്തോടും കൂടി മകള്‍ നല്‍കിക്കൊണ്ടിരുന്ന വിശദാംശങ്ങളില്‍ നിന്ന് ആ വിവാഹത്തിന്റെ ഓരോ ഘട്ടവും എന്റെ മനസ്സില്‍ ഇടമുറപ്പിച്ചു.
എന്റെ മകളുടെ ടീച്ചറുടെ വിവാഹത്തില്‍ നിന്ന് ഞാന്‍ പഠിച്ച പാഠം പാശ്ചാത്യര്‍ കുട്ടികളോട് സ്വീകരിക്കുന്ന സമീപനമാണ്. തങ്ങളുടെ കൂട്ടുകാരെപ്പോലെയാണ് അവര്‍ കുട്ടികളോട് വര്‍ത്തിക്കുക. പരിഗണന കുറഞ്ഞവരായോ, ബുദ്ധിപരമായി വളര്‍ച്ചയെത്താവരായോ അവര്‍ ഒരിക്കലും കുഞ്ഞുങ്ങളെ കണക്കാക്കുകയില്ല. മുപ്പതിനോളം പ്രായമെത്തിയ ആ അധ്യാപിക തന്റെ വിവാഹത്തിന്റെ ഓരോ ഒരുക്കത്തെയും കുറിച്ച് തന്റെ കുഞ്ഞു വിദ്യാര്‍ത്ഥികളോട് പങ്കുവെക്കുന്നു. തന്റെ പ്രായത്തിലുള്ള കൂട്ടുകാരികളോട് സംസാരിക്കുന്നത് പോലെയാണ് അവരിതിനെയും കാണുന്നത്. പാശ്ചാത്യരുടെ മനസ്സില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന വലിയ സ്ഥാനത്തെയാണ് ഈ സമീപനം കുറിക്കുന്നത്.
‘കുട്ടികളെ അവരുടെ ബുദ്ധിപരമായ നിലവാരത്തിനനുസരിച്ച് പരിഗണിക്കുകയാണ് വേണ്ടത്’ എന്നാണ് അറബ് ലോകത്ത് പ്രസിദ്ധമായ പഴംപുരാണം. പക്ഷേ ശരിയായ സമീപനത്തെയല്ല ഈ ചൊല്ല് കുറിക്കുന്നത്. നാം കുട്ടികളുടെ നിലവാരത്തിലേക്ക് താഴുകയല്ല, നമ്മുടെ നിലവാരത്തിലേക്ക് അവരെ ഉയര്‍ത്തുകയാണ് നാം വേണ്ടത്. കുഞ്ഞുങ്ങളുടെ ബുദ്ധിശക്തിയെ ആദരിക്കുന്ന, അവരുടെ ബോധം വളര്‍ത്തുന്ന രീതിയിലാണ് നാം അവരെ അഭിസംബോധന ചെയ്യേണ്ടത്. തീര്‍ത്തും തന്റേടമുള്ള, ബുദ്ധിസാമര്‍ത്ഥ്യമുള്ള വ്യക്തിയെ സമീപിക്കുന്നത് പോലെ നമുക്കവരെ കൈകാര്യം ചെയ്യാവുന്നതാണ്.
വിദേശികള്‍ അവരുടെ കുഞ്ഞുങ്ങളോട് നടത്തുന്ന സംഭാഷണം ശ്രവിച്ചാല്‍ നമുക്കും അവര്‍ക്കുമിടയിലെ വ്യത്യാസം വേഗത്തില്‍ മനസ്സിലാവുന്നതാണ്. അവര്‍ തമ്മിലുള്ള ബന്ധം പരസ്പരം തുല്യമായ വിധത്തിലായിരിക്കും. അവരുടെ മക്കളുടെ വ്യക്തിത്വത്തിലും, സ്വാതന്ത്ര്യത്തിലും, ആഗ്രഹങ്ങളിലുമെല്ലാം അവ നന്നായി സ്വാധീനം ചെലുത്തിയതായി കാണാവുന്നതാണ്.
പക്ഷേ മക്കളോടുള്ള നമ്മുടെയോ, നമ്മുടെ ടീച്ചര്‍മാരുടെയോ സംഭാഷണം ശ്രദ്ധിച്ചാല്‍ അവരോട് സംസാരിക്കാനായി നാം പുതിയ ഭാഷ തന്നെ രൂപപ്പെടുത്തിയതായി കാണുന്നു. നമ്മുടെ ഭാഷയെ അല്‍പം മോശമാക്കിയോ, വികൃതമാക്കിയോ ആണ് കുഞ്ഞുങ്ങളോട് നാം സംസാരിക്കുക. അവര്‍ക്ക് പ്രത്യേകമായ പദപ്രയോഗങ്ങളും, രീതികളുമെല്ലാം നാം സൃഷ്ടിക്കുന്നു. കുഞ്ഞുങ്ങളുടെ ബുദ്ധി ശക്തിയെയും സാമര്‍ത്ഥ്യത്തെയും നാം അംഗീകരിക്കുന്നില്ല എന്ന് തെളിയിക്കുന്ന സമീപനങ്ങളാണ് ഇവ.
സന്താനങ്ങളുടെ കൂടെ ചെലവഴിക്കുന്ന സമയം നാം പാഴാക്കുകയാണ് എന്നതാണ് നമ്മുടെ വിലയിരുത്തല്‍. പക്ഷേ, യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. മഹാന്മാരായ വ്യക്തികള്‍ക്ക് തങ്ങളുടെ ചിന്തകളുടെ നുറുങ്ങുകള്‍ ലഭിച്ചത് കുഞ്ഞുമക്കളോടുള്ള സംസാരത്തില്‍ നിന്നാണെന്ന് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. വളരെ തെളിമയാര്‍ന്ന സമീപനങ്ങളാണ് കുഞ്ഞുങ്ങളില്‍ നിന്ന് നമുക്ക് ലഭിക്കാനുള്ളത്. അവയില്‍ യാതൊരു കലര്‍പ്പോ, പക്ഷപാതിത്വമോ ഒന്നും തന്നെയുണ്ടായിരിക്കുകയില്ല. കുഞ്ഞുങ്ങളുടെ കൂടെ ചെലവഴിക്കാന്‍ സമയം കണ്ടെത്താത്ത, അവരെ മാനിക്കാത്ത സമൂഹം ഒരിക്കലും വിജയിക്കുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
അബ്ദുല്ലാഹ് അല്‍മഗ്‌ലൂഥ്
Add Comment