കുട്ടികള്‍

ചാനലുകള്‍ തൊട്ടിലാട്ടുന്ന കുഞ്ഞുങ്ങള്‍

ടെലിവിഷന്‍ ചാനലുകള്‍ കാണുന്നത് കുഞ്ഞുങ്ങള്‍ക്ക് ആശ്വാസവും സമാധാനവും നല്‍കുമെന്ന് അഭിപ്രായമുള്ള രക്ഷിതാക്കള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ കുട്ടികളുടെ സ്വഭാവത്തില്‍ പ്രതികൂലമായി സ്വാധീനിക്കുവാന്‍ അവ വഴിവെക്കുമെന്ന അഭിപ്രായമുള്ളവരും അവരിലുണ്ട്.
ഇതു സംബന്ധിച്ച് നടന്ന ഒരു പരീക്ഷണ പഠനം ഇപ്രകാരമായിരുന്നു. ഒരു മനുഷ്യന്‍ പ്ലാസ്റ്റിക് കളിപ്പാട്ടത്തെ ശക്തമായി കൈകാര്യം ചെയ്യുന്ന ദൃശ്യവും, അതേ മനുഷ്യന്‍ വളരെ ശാന്തമായി കളിപ്പാട്ടത്തെ സമീപിക്കുന്ന ദൃശ്യവും കുട്ടികളെ രണ്ട് വിഭാഗമാക്കി വേര്‍തിരിച്ചതിന് ശേഷം കാണിച്ച് കൊടുക്കുകയുണ്ടായി. പിന്നീട് ഈ കുട്ടികള്‍ പുറത്ത് വന്നപ്പോള്‍ ആദ്യത്തെ ദൃശ്യം കണ്ട കുട്ടികള്‍ പെരുമാറ്റത്തില്‍ പരുഷത പ്രകടിപ്പിക്കുന്നതായും രണ്ടാമത്തെ ദൃശ്യം കണ്ടവര്‍ വളരെ ശാന്തമായി കളികളില്‍ ഏര്‍പെടുന്നതായും കണ്ടെത്തി.

മറ്റൊരു പരീക്ഷണം അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്നതായിരുന്നു. ഒരു വിഭാഗം യുവാക്കളെ സംഘടിപ്പിച്ച് സംഘര്‍ഷവും കലഹവും നിറഞ്ഞ അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. അത്തരം രംഗങ്ങളില്ലാത്ത വേറെ അഞ്ച് സിനിമകള്‍ മറ്റൊരു വിഭാഗം യുവാക്കള്‍ക്ക് മുന്നിലും പ്രദര്‍ശിപ്പിച്ചു. പിന്നീട് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങി. ആദ്യത്തെ വിഭാഗം തങ്ങളുടെ പെരുമാറ്റത്തിലും മറ്റും കൂടുതല്‍ പരുഷതയും ശൗര്യവും പ്രകടിപ്പിക്കുന്നതായും രണ്ടാം വിഭാഗക്കാര്‍ അത്തരം സമീപനത്തില്‍ നിന്ന് മാറി നില്‍ക്കുന്നതായും ശ്രദ്ധിക്കപ്പെട്ടു.
ഇത് ഒരു വശത്ത് നില്‍ക്കെ തന്നെ, ആറ് വയസ്സുള്ള കുട്ടികളെ കേന്ദ്രീകരിച്ച് നടത്തിയ ഒരു വിസ്മയകരമായ പഠനം ഇപ്രകാരമായിരുന്നു. ദിനേനെ രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെ ടെലിവിഷന്‍ കാണുന്ന വിദ്യാര്‍ത്ഥി പത്ത് വയസ്സെത്തുമ്പോഴേക്കും എണ്ണായിരത്തോളം കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും അക്രമങ്ങളും കാണുന്നുവെന്നതാണ് അത്.

മാനസികമായ ഇത്തരം പ്രതികൂല സ്വാധീനങ്ങള്‍ ടെലിവിഷന്‍ കുഞ്ഞുങ്ങളില്‍ സൃഷ്ടിക്കുന്നതോടൊപ്പം തന്നെ പ്രയോജനകരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട സമയം കളഞ്ഞ് കുളിക്കുക കൂടി ചെയ്യുന്നു ഇത്. ചില മാതാക്കള്‍ സന്താനങ്ങളെ ടെലിവിഷന്റെ മുന്നില്‍ ഇരുത്തി സന്തോഷത്തോടെ തങ്ങളുടെ ജോലികള്‍ നിര്‍വഹിക്കാറുണ്ട്. കുട്ടികള്‍ ശാന്തതയോടെ ഇരിക്കുന്നു, അവരെക്കൊണ്ട് തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല എന്നത് തന്നെയാണ് കാരണം.

ടെലിവിഷന്‍ കാണുന്നതില്‍ നിന്ന് കുഞ്ഞുങ്ങളെ പൂര്‍ണമായും വിലക്കണമെന്നല്ല ഇതിന്റെ അര്‍ത്ഥം. അവര്‍ തീര്‍ച്ചയായും വിശ്രമിക്കുകയും ആനന്ദിക്കുകയും കളിക്കുകയും വേണം. പക്ഷെ പ്രയോജനപ്രദമായ പ്രോഗ്രാമുകള്‍ കണ്ടെത്തി അവരെ കാണിക്കുകയും, ടെലിവിഷന്‍ ദൃശ്യങ്ങള്‍ അവരില്‍ പ്രതികൂലമായി സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. കൂടാതെ കുട്ടികള്‍ എന്താണ് കാണുന്നതെന്ന് പരിശോധിക്കുകയും, ആസ്വാദനത്തിന് പ്രത്യേക സമയം നിശ്ചയിക്കുകയും ചെയ്യേണ്ടതുണ്ട്.

നമ്മുടെ കുട്ടികള്‍ക്ക് മുന്നില്‍ നിര്‍മാണാത്മകമായ മറ്റ് പല പരിഹാരങ്ങളും സമര്‍പിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. വീഡിയോ ഗെയിം, ടെലിവിഷന്‍ പ്രോഗ്രാം തുടങ്ങിയവയെ കവച്ച് വെക്കുന്ന ആകര്‍ഷകമായ പദ്ധതികള്‍ നാം ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. സുരക്ഷിതമായ മാര്‍ഗത്തിലൂടെ അവരിലെ കഴിവുകളെയും താല്‍പര്യങ്ങളെയും പുറത്തെടുത്ത് പരിപോഷിപ്പിക്കുന്നവയായിരിക്കണം അവ.

സ്‌കൂള്‍ ദിവസങ്ങളില്‍ കുഞ്ഞുങ്ങള്‍ ഒരു മണിക്കൂറിലധികം ടെലിവിഷന് മുന്നില്‍ ചെലവഴിക്കാന്‍ പാടുള്ളതല്ല. അവധി ദിനങ്ങളില്‍ പോലും രണ്ട് മണിക്കൂറില്‍ അധികം അതിന് വേണ്ടി നീക്കിവെക്കരുത്. വീഡിയോ ഗെയിം അടക്കമുള്ള സംവിധാനങ്ങളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. ഇനി മേല്‍സൂചിപ്പിച്ച അക്രമവും ഇടിയുമുള്ള കാര്‍ട്ടൂണുകള്‍ (അധിക കാര്‍ട്ടൂണുകളും ഈ രൂപത്തില്‍ ഉള്ളവയാണ് ഇന്ന്) കാണാന്‍ കുഞ്ഞുങ്ങള്‍ ശഠിക്കുകയാണെങ്കില്‍ അവരുടെ കൂടെ ഇരുന്ന് കാണുകയും അത്തരം സന്ദര്‍ഭങ്ങളില്‍ അവരുമായി സംവദിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൊടുക്കുകയുമാണ് വേണ്ടത്.

അബ്‌ല ബസാത്വ് ജുമുഅ

Topics