വേഗത്തില്‍ രൂപപ്പെടുത്താനും, വളരെയെളുപ്പം സ്വാധീനിക്കാനും സാധിക്കുന്ന നിര്‍മലമായ ജീവിതഘട്ടമാണ് ബാല്യം. അതിനാല്‍ തന്നെ കുഞ്ഞിനെ വളര്‍ത്തുന്നതിലും, അവന്് ദിശ നിര്‍ണയിക്കുന്നതിലും മാതാപിതാക്കള്‍ക്ക് വളരെ വലിയ ഉത്തരവാദിത്തമാണ് ഉള്ളത്. ശരിയായ മാര്‍ഗത്തിലൂടെ സുരക്ഷിത ജീവിതരീതി സ്വീകരിച്ച്, ആത്മസംഘര്‍ഷങ്ങളില്‍ നിന്നകന്ന് സ്വസ്ഥതയോടെ ജീവിക്കാനും, ഇതില്‍നിന്ന് വ്യത്യസ്തമായി മാനസിക പിരിമുറുക്കം അനുഭവിച്ച്, മനോരോഗിയായി ജീവിക്കുന്ന ചുറ്റുപാടിലെത്തിക്കാനും ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത് മാതാപിതാക്കളുടെ സമീപനങ്ങളും പെരുമാറ്റങ്ങളുമാണ്.
കുഞ്ഞിന്റെ മാനസികാവസ്ഥയെ സ്വാധീനിക്കുന്ന സുപ്രധാന ഘടകങ്ങളെ വിശകലനം ചെയ്യാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ മാനസിക ജീവിതത്തിന് വഴിയൊരുക്കുന്ന വിധത്തില്‍ പ്രസ്തുത കാരണങ്ങളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും അകന്നുനില്‍ക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മാതാപിതാക്കളുടെ സമീപനം കൊണ്ടും, മാതാവിന്റെ മാത്രം കാരണം കൊണ്ടും പിതാവിന്റെ മാത്രം തീരുമാനങ്ങള്‍ കൊണ്ടും കുഞ്ഞ് മാനസികമായ പ്രയാസങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വിധേയമാകാറുണ്ട്.
കുഞ്ഞിനോടുള്ള പരുഷമായ പെരുമാറ്റവും അവന് നല്‍കുന്ന ശാരീരികശിക്ഷയും, അവന്റെ നേര്‍ക്കുള്ള ആക്ഷേപവും കുറ്റപ്പെടുത്തലും ആത്മവിശ്വാസത്തിന്റെ മുരടിപ്പിന് കാരണമാവുകയും അങ്ങനെ മനസ്സില്‍ ഭയവും ആശങ്കയും നാണവും നിറക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യുന്നു. താന്‍ ഓരോ കാര്യം ചെയ്യാന്‍ തുനിയുമ്പോഴും മാതാപിതാക്കള്‍ സ്വീകരിച്ച പ്രതിലോമപരമായ സമീപനങ്ങളും, വികാരവിക്ഷുബ്ധമായ രംഗങ്ങളും അവന്റെ ഓര്‍മയിലേക്ക് ഇരച്ചെത്തുന്നു.
കുടുംബത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളും വലിയൊരളവോളം കുഞ്ഞിന്റെ മനസ്സില്‍ പ്രതികൂലമായ സ്വാധീനം ചെലുത്തുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ ഉയരുമ്പോള്‍ മാതാവിന്റെയോ, പിതാവിന്റെ പക്ഷത്ത് നില്‍ക്കാന്‍ കുഞ്ഞ് നിര്‍ബന്ധിതനാകുന്നതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുന്നു.
പുതിയ കുഞ്ഞിനെ കൂടുതല്‍ പരിഗണിക്കുന്നതും ലാളിക്കുന്നതും മുതിര്‍ന്ന കുട്ടിയില്‍ വളരെയധികം മാനസിക പ്രയാസവും തകര്‍ച്ചയും സൃഷ്ടിക്കുന്നു. ഒട്ടേറെ കുഞ്ഞുങ്ങളുടെ മാനസിക സംഘര്‍ഷത്തിനും, അപകര്‍ഷതാബോധത്തിനും ഈ സമീപനം കാരണമായിട്ടുണ്ടെന്ന് നമ്മുടെ ചുറ്റുപാടുകള്‍ മാത്രം പരിശോധിച്ചാല്‍ ബോധ്യപ്പെടുന്ന കാര്യമാണ്. തന്റെ സ്ഥാനത്ത് മറ്റൊരു കുഞ്ഞ് പ്രതിഷ്ഠിക്കപ്പെടുന്നതും, പരിലാളിക്കപ്പെടുന്നതും കാണുന്ന കുഞ്ഞിന്റെ മനസ്സ് സ്വാഭാവികമായും ദുഖിക്കുകയും തനിക്കെന്തൊക്കെയോ ന്യൂനതകളും, പോരായ്മകളും ഉള്ളതായി സ്വയം വിലയിരുത്തുന്നതിലേക്ക് അതവനെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. തനിക്ക് മാത്രം കിട്ടിയിരുന്ന പല ആനുകൂല്യങ്ങളും പരിഗണനകളും മറ്റൊരുത്തന് കൂടി ലഭിക്കുന്നതോ, അത് തനിക്ക് ലഭിക്കാതിരിക്കുന്നതോ അവന്റെ മനസ്സില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള കാര്യങ്ങളാണ്.
കുഞ്ഞിന്റെ മേല്‍ അധികാരം സ്ഥാപിക്കാനും, അവന്റെയടുത്ത് സവിശേഷ സ്ഥാനം നേടിയെടുക്കാനും വേണ്ടി മാതാപിതാക്കള്‍ പരസ്പരം മല്‍സരിക്കുന്നതും കുഞ്ഞിനെ ദോഷകരമായി ബാധിക്കുന്ന കാര്യമാണ്. അതിന്റെ ഫലമായി പരസ്പര വിരുദ്ധമായ നിര്‍ദേശങ്ങളും കല്‍പനകളും മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിന് അഭിമുഖീകരിക്കേണ്ടി വരികയും അവക്ക് മുന്നില്‍ അവന്‍ അസ്വസ്ഥനാവുകയും ചെയ്യുന്നു.
മാതാപിതാക്കള്‍ക്കിടയിലെ ബന്ധം ഊഷ്മളമല്ലാതിരിക്കുകയോ, അവര്‍ക്കിടയില്‍ പരസ്യമോ, രഹസ്യമോ ആയ വെറുപ്പോ അകല്‍ച്ചയോ നിലനില്‍ക്കുന്നതും കുഞ്ഞിന്റെ മാനസിക വളര്‍ച്ചയ്ക്ക് വിഘാതമായി ഭവിച്ചേക്കാം. മാതാപിതാക്കള്‍ക്കിടയിലെ ചര്‍ച്ചയും സംസാരവും ഊഷ്മളമായ പെരുമാറ്റവുമാണ് ക്രിയാത്മകമായ വിധത്തില്‍ കുഞ്ഞിനെ വളര്‍ത്തിയെടുക്കാന്‍ ഉതകുന്നത്. അവര്‍ക്കിടയില്‍ ആസൂത്രണവും പരസ്പര സഹകരണവുമില്ലാതിരിക്കുന്നതോടെ കുഞ്ഞിന്റെ വ്യക്തിത്വം ദുര്‍ബലമാവുകയും, ബുദ്ധി ശക്തി ശോഷിക്കുകയുമാണ് ചെയ്യുക.
ആവശ്യപ്പെടുന്നതൊക്കെയും നല്‍കുന്നതും, പ്രായത്തിന് അനുസൃതമല്ലാത്ത സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതും കുഞ്ഞിനെ വഴിതെറ്റിക്കുന്നതിനും, അവന് മേലുള്ള മാതാപിതാക്കളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും വഴിവെച്ചേക്കും. ആവശ്യത്തില്‍ കൂടുതല്‍ ലാളനയും പരിഗണനയും ലഭിച്ച് വളര്‍ന്ന കുഞ്ഞുങ്ങള്‍ വളരെ വേഗത്തില്‍ വഴിതെറ്റുന്നതിന്റെ പിന്നിലെ രഹസ്യവും അതുതന്നെയാണ്.
ബസ്മഃ നവാല്‍
Add Comment