മനുഷ്യരാശിക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ് സന്താനങ്ങള്‍. അതിലൂടെ ഭൂമിയില്‍ മനുഷ്യവംശത്തിന്റെ നൈരന്തര്യം ഉറപ്പാക്കപ്പെടുന്നു. സമ്പത്തുള്ള എത്രയോ ആളുകള്‍ക്ക് സന്താനലബ്ധിയെന്ന അനുഗ്രഹം നിഷേധിക്കപ്പെട്ടതും അതെത്തുടര്‍ന്ന് കുഞ്ഞിക്കാല്‍ കാണാനായി സമ്പത്തും സമയവും ചെലവഴിക്കുന്നതും നാം കാണുന്നു. അതേസമയം സ്വന്തത്തിനുള്ള അന്നം കാണാനാകാതെ ഉഴലുന്ന എത്രയോ കുടുംബങ്ങളെ ഒട്ടേറെ സന്താനങ്ങളുള്ളവരായി കണ്ടുവരുന്നു. ഇതില്‍നിന്ന് സന്താനങ്ങള്‍ ഉണ്ടാവുക, ഉണ്ടാകാതിരിക്കുക എന്നത് അല്ലാഹുവിന്റെ തീരുമാനത്തില്‍പെട്ട സംഗതിയാണെന്ന് മനസ്സിലാകുന്നു. ഖുര്‍ആന്‍ പറയുന്നത് കാണുക:
‘നിങ്ങള്‍ക്ക് സ്വവര്‍ഗത്തില്‍നിന്നുതന്നെ ഇണകളെ ഉണ്ടാക്കിത്തന്നവന്‍ അല്ലാഹുവാകുന്നു. ആ ഇണകളിലൂടെ പുത്രപൌത്രന്മാരെ പ്രദാനം ചെയ്തതും ആഹരിക്കാന്‍ ഉത്തമഭോജ്യങ്ങള്‍ നല്‍കിയതും അവന്‍ തന്നെ ‘(അന്നഹ്ല്‍-72).
‘അല്ലാഹു ആകാശഭൂമികളുടെ ആധിപത്യത്തിനുടയവനാകുന്നു. അവനിച്ഛിക്കുന്നതെന്തും സൃഷ്ടിക്കുന്നു. ഇച്ഛിക്കുന്നവര്‍ക്ക് പെണ്‍മക്കളെ സമ്മാനിക്കുന്നു. ഇച്ഛിക്കുന്നവര്‍ക്ക് ആണ്‍മക്കളെ സമ്മാനിക്കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒന്നിച്ചു കൊടുക്കുന്നു. ഇച്ഛിക്കുന്നവരെ വന്ധ്യരാക്കുന്നു. അവന്‍ ഒക്കെയും അറിയുന്നവനും എന്തിനും കഴിവുള്ളവനുമല്ലോ'(അശ്ശൂറാ 49-50)
‘സമ്പത്തും സന്താനങ്ങളുമൊക്കെ ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു’ (അല്‍കഹ്ഫ്-46).
സന്താനങ്ങള്‍ സന്തോഷവാര്‍ത്തയാണ്. അവര്‍ കണ്‍കുളിര്‍മയുമാണ്. അതിനാലാണ് ദമ്പതികളോട് ഇപ്രകാരം പ്രാര്‍ഥിക്കാന്‍ നിര്‍ദ്ദേശിച്ചത്.
‘ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളാലും സന്തതികളാലും നീ ഞങ്ങളുടെ കണ്ണ് കുളിര്‍പ്പിക്കേണമേ ‘(അല്‍ഫുര്‍ഖാന്‍ 74)
സന്താനങ്ങള്‍ നിയമവിധേയരായി (വിവാഹബന്ധത്തിലൂടെ) ഉണ്ടാവുക എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. അവര്‍ പിതാവോ മാതാവോ ആരെന്നറിയാതെ വളരുന്ന, അവരുടെ സ്‌നേഹപരിലാളനകളേല്‍ക്കാതെ വലുതാകുന്ന സാഹചര്യം അത് അനുവദിക്കുന്നില്ല.
Add Comment