കുടുംബ ജീവിതം-Q&A

ഭര്‍ത്താവിന്റെ മാതാപിതാക്കളെ പരിചരിക്കാത്ത ഭാര്യ

ചോ: ഭാര്യ എന്റെ മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസത്തിലാണ്. അതുകാരണം, അവരില്‍നിന്നുമാറി സ്വന്തം വീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. എന്നാല്‍ ഇടക്കിടക്ക് ഞാന്‍ മാതാപിതാക്കളെ സന്ദര്‍ശിക്കാറുണ്ട്. അവള്‍ കൂടെ വരാറില്ല. അക്കാര്യത്തില്‍ തന്നോട് നിര്‍ബന്ധം പുലര്‍ത്തരുതെന്നാണ് അവളുടെ ശാസന.

അത് ഇസ്‌ലാമികമാണോ ? മരുമകള്‍ക്ക് ഭര്‍ത്താവിന്റെ മാതാപിതാക്കളെ പരിചരിക്കേണ്ട ഉത്തരവാദിത്വം ഇസ് ലാം ചുമത്തിയിട്ടില്ലെന്നാണ് അവളുടെ ന്യായം. ഭര്‍ത്താവ് കല്‍പിച്ചാല്‍ മാത്രമേ അതു നിര്‍വഹിക്കേണ്ടതുള്ളൂവത്രേ. അതുകൊണ്ടാണ് എന്നോട് അക്കാര്യത്തില്‍ തന്റെ മേല്‍ നിര്‍ബന്ധംചെലുത്തരുതെന്ന്  അവള്‍ വാശിപിടിക്കുന്നത്. അതിനുവഴങ്ങി ഞാന്‍ അവളെ നിര്‍ബന്ധിക്കാതിരിക്കുന്നത് ഇസ്‌ലാമികമായി ശരിയാണോ ? ഞങ്ങളുടെ സാംസ്‌കാരികചുറ്റുപാടനുസരിച്ച് മാതാപിതാക്കളെ മരുമക്കള്‍ പരിചരിക്കുന്നത് അവര്‍ക്കേറെ ഇഷ്ടമാണ്. ഈ പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാന്‍ മറുപടി പ്രതീക്ഷിക്കുന്നു.

—————-

ഉത്തരം: വിവാഹവും ദാമ്പത്യവും കേവലം രണ്ടുവ്യക്തികള്‍ തമ്മിലുണ്ടാകുന്നതല്ല. രണ്ടുകുടുംബങ്ങളിലൂടെ വളര്‍ന്ന് വലിയ സ്‌നേഹവൃത്തം സൃഷ്ടിക്കുന്നതാണ് അത്. കുടുംബബന്ധം ശക്തിപ്പെടുത്തുന്നതാണ് ഇസ്‌ലാം ഇഷ്ടപ്പെടുന്നത്.  അതുകൊണ്ടുതന്നെ ദമ്പതികളിരുവരും രണ്ടുപേരുടെയും മാതാപിതാക്കളെ സന്ദര്‍ശിക്കലും അവരെ പരിചരിക്കലും നിര്‍ബന്ധമാണ്. അതിലൂടെ കുടുംബബന്ധം ഊട്ടിയുറപ്പിക്കേണ്ടത് അവരുടെ ബാധ്യതയാണ്. ഭര്‍ത്താവ് ഭാര്യയുടെ ബന്ധുക്കളെ സന്ദര്‍ശിക്കുകയും സ്‌നേഹബന്ധം നിലനിര്‍ത്തുകയും ചെയ്യുന്നതുപോലെ ഭാര്യയും ഭര്‍ത്താവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കുകയും ബന്ധം ഊഷ്മളമാക്കുകയും വേണം.

അതിനാല്‍  ഭര്‍ത്താവിന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കില്ലെന്നോ അവരുമായി സ്‌നേഹബന്ധം നിലനിര്‍ത്തില്ലെന്നോ ഭാര്യപറയാന്‍ പാടില്ലാത്തതാകുന്നു. തന്റെ ഭര്‍ത്താവ് ഒരു സുപ്രഭാതത്തില്‍ കൂണ്‍ മുളക്കുംപോലെ പൊട്ടിവിടര്‍ന്നതല്ലെന്നും മാതാപിതാക്കള്‍ക്കുണ്ടായതാണെന്നും വിവാഹസമയത്തെങ്കിലും ഭാര്യ ഓര്‍ക്കേണ്ടതില്ലേ?! ഒരു വിശ്വാസിനി എന്ന നിലക്ക് അവര്‍ മാതാപിതാക്കളോടുള്ള സ്‌നേഹാദരബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകതന്നെ വേണം. അങ്ങനെ പെരുമാറുന്നതിലൂടെ ഭര്‍ത്താവിനോടുള്ള സ്‌നേഹപ്രകടനമാണ് അവര്‍ നിര്‍വഹിക്കുന്നത്. അതുപോലെ തന്നെ ഭാര്യയുടെ മാതാപിതാക്കളെയും താങ്കള്‍ സന്ദര്‍ശിക്കുകയും ക്ഷേമവിവരങ്ങള്‍ തിരക്കുകയുംവേണം. 

ഓര്‍ക്കുക, അല്ലാഹുവിന്റെ റസൂലായ മുഹമ്മദ് നബി(സ) നമുക്ക് എല്ലാ കാര്യങ്ങളിലും മാതൃകയുണ്ട്. ആഇശ(റ) യുടെ റിപോര്‍ട്ടുപ്രകാരം  ആദ്യഭാര്യയായ ഖദീജയുടെ ബന്ധുജനങ്ങളെ മുഹമ്മദ് നബി(സ) പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു.

 

Topics