കുടുംബ ജീവിതം-Q&A

ജോലിയോ ശിശുപരിപാലനമോ ?

ചോ: നിങ്ങള്‍ ഒരു ഒന്നുരണ്ടുവയസ്സുള്ള കുട്ടിയുടെ അമ്മയാണെങ്കില്‍  ആ കുട്ടിയെ പരിപാലിച്ചും ലാളിച്ചും കൂടെയിരിക്കുകയാണോ അതല്ല, അടുത്തുള്ള ഡേകെയറില്‍ ഏല്‍പിച്ച് ജോലിക്ക് പോകുകയാണോ ചെയ്യുക ? ഇപ്പോള്‍ ഈ ചോദ്യം ഉന്നയിക്കാന്‍ കാരണം ഞാനകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയാണ്. തികഞ്ഞ സ്വാശ്രയത്വം ഉയര്‍ത്തിപ്പിടിക്കുന്ന എന്റെ ഭാര്യ കുട്ടിയെ തനിച്ചാക്കി ജോലിക്ക് പോകണമെന്ന് വാശിപിടിക്കുന്നു.

കുടുംബത്തിന്റെ ചെലവുകള്‍ ഏറ്റെടുക്കാവുന്ന സാമ്പത്തികസുസ്ഥിരതയിലാണ് ഞാനുള്ളത് . അങ്ങനെയിരിക്കെ ഭാര്യ നിര്‍ബന്ധമായും ജോലിക്ക് പോകേണ്ടതുണ്ടേ ാ? കുട്ടി എന്നെ പ്രയാസപ്പെടുത്തുന്നു എന്നതല്ലാതെ എനിക്ക് പ്രശ്‌നമൊന്നുമില്ല.  എന്താണ് താങ്കളുടെ അഭിപ്രായം ?

——————

ഉത്തരം: കുട്ടികളുടെ മാനസികശാരീരികവളര്‍ച്ചയെക്കുറിച്ച പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് കുട്ടി ജനിച്ച് ഏഴുവയസുവരെയുള്ള കാലം വളരെ നിര്‍ണായകമാണെന്നാണ്. ഏറ്റവും സങ്കീര്‍ണമായരീതിയിലും ത്വരിതഗതിയിലും  വൈകാരികവും ബുദ്ധിപരവും മാനസികവുമായ വികാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഘട്ടമാണിത്. അതിനാല്‍ ഈ ഘട്ടത്തില്‍ മാതാവ് കുട്ടിയെ വേര്‍പിരിഞ്ഞുനില്‍ക്കുന്ന അവസ്ഥ ഉണ്ടായിക്കൂടാ.

ഇന്നത്തെ സമൂഹത്തില്‍ നാം കാണുന്നത് മാതാപിതാക്കള്‍ കുട്ടികളെ ഡേകെയറിലോ മറ്റുആയമാരെയോ ഏല്‍പിച്ച്  ജീവിതസന്ധാരണത്തിനായി പുറത്തുപോകുന്ന കാഴ്ചയാണ്. ഇത് ഭാവിയില്‍കുട്ടികളെ സാമൂഹികവിരുദ്ധരുമായുള്ള കൂട്ടുകെട്ടുകളിലേക്കാണ് എത്തിക്കുക. അവര്‍ മോഷണം, പിടിച്ചുപറി, നുണപറച്ചില്‍, സ്‌കൂളില്‍നിന്ന് ഒളിച്ചോട്ടം ,ആക്രമണം എന്നീ മോശം സ്വഭാവങ്ങള്‍ സ്വായത്തമാക്കുന്നതിലേക്കെത്തിക്കുന്നു.  ഇത്തരക്കാര്‍ പ്രതിസന്ധിഘട്ടങ്ങളെ തരണംചെയ്യാന്‍ കഴിവില്ലാതെ ദുര്‍ബലരായിത്തീരാറുണ്ട്.

തങ്ങളുടെ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന്  സഹായിക്കുംവിധം ശിശുക്കളോടൊപ്പം നിലകൊള്ളുന്ന മാതാക്കള്‍ ജോലി ഉപേക്ഷിക്കുന്നതായി ഇന്ന് കാണാനാകുന്നു. മനസ്സിലാക്കേണ്ട കാര്യം ജോലിയും പണവും നമുക്കു എപ്പോഴായാലും നേടാവുന്നതേയുള്ളൂ. അതേസമയം കുട്ടികളുടെ ചെറുപ്പകാലത്തെ തിരികെക്കൊണ്ടുവരാനാകില്ലെന്നത് വിസ്മരിക്കരുത്.  അതിനാല്‍  ഒരു പ്രൊഫഷണലും അമ്മയും ആയ എനിക്ക് താങ്കളുടെ ഭാര്യയോട് പറയാനുള്ളത് തന്റെ  തീരുമാനം പുനഃപരിശോധിക്കണമെന്നാണ്. കുട്ടിയെ ഭാവിയുടെ വാഗ്ദാനമായി കണ്ട് അതിനെ ശുശ്രൂഷാപരിലാളനകളാല്‍ വളര്‍ത്തിയെടുക്കണമെന്നാണ്.

 

Topics