കുടുംബ ജീവിതം-Q&A

ഗര്‍ഭനിരോധനത്തിന് ട്യൂബ് കെട്ടിവെക്കുന്നതില്‍ വിലക്കുണ്ടോ ?

ചോ:  ചില ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ വീണ്ടും ഗര്‍ഭംധരിക്കുന്നത് ഡോക്ടര്‍ നിരുത്സാഹപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ ഫാലോപിയന്‍ നാളികള്‍കെട്ടിവെക്കുന്നതിന് ദീനില്‍ എന്തെങ്കിലും വിലക്കുണ്ടോ? 

—————————–

ഉത്തരം: ആരോഗ്യസംബന്ധിയായ പ്രശ്‌നങ്ങള്‍ ഭയക്കുന്നതിനാല്‍ ഡോക്ടറുടെ കര്‍ശനമായ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍ ഫാലോപിയന്‍ നാളികള്‍ ബന്ധിച്ചുനിര്‍ത്തുന്നതിന്  വിലക്കില്ല. അല്ലാത്ത പക്ഷം അത് ഹറാമാണ്.

കാരണം, അത് അല്ലാഹുവിന്റെ സൃഷ്ടിപ്പിലുള്ള ഇടപെടലാണ്.  അത്തരം പ്രവര്‍ത്തനങ്ങളുടെ പിന്നിലുള്ളത് പൈശാചികപ്രേരണയാണ്.  പിശാച് മനുഷ്യനെ പ്രകൃതിമാര്‍ഗങ്ങളില്‍നിന്ന് വ്യതിചലിപ്പിക്കുമെന്ന്  പ്രതിജ്ഞയെടുത്തിട്ടുള്ളവനാണ്. അതുവഴി മനുഷ്യരാശിയെ അവന്‍ അപകടത്തിലാക്കുന്നു. അതിനാല്‍ ചികിത്സാര്‍ഥമുള്ള പ്രക്രിയയ്ക്കുപുറത്തുള്ള അത്തരം നിരോധനമാര്‍ഗങ്ങള്‍ പാപമാണ്.

നാളികള്‍ കെട്ടിവെക്കുന്നത് ഹറാമല്ലാതാകുന്ന ഘട്ടമുണ്ട്. തൊട്ടുടനെയുള്ള ഗര്‍ഭം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുകയും ഏറ്റവും സുരക്ഷിതമായ മാര്‍ഗം നാളികള്‍ കെട്ടിവെക്കലാണെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്താല്‍ അത് അടിയന്തിരാവശ്യം പരിഗണിച്ച് അനുവദനീയമാകും.  അല്ലാഹു നമുക്ക് ആരോഗ്യവും സൗഖ്യവും പ്രദാനംചെയ്യുമാറാകട്ടെ-ആമീന്‍.

 

Topics