കുടുംബ ജീവിതം-Q&A

8 വയസ്സുള്ള കുട്ടിക്ക് മുലയൂട്ടാമോ ?

ചോദ്യം: എന്റെ പരിചയത്തിലുള്ള സ്ത്രീ തന്റെ എട്ടുവയസ്സായ കുട്ടിക്ക് മുലയൂട്ടുന്നത് കാണാനിടയായി. എന്റെ സംശയമിതാണ്: രണ്ടു വയസ്സു കഴിഞ്ഞും കുട്ടിക്ക് മുലയൂട്ടുന്നത് ശരിയാണോ ? വിശദീകരണം പ്രതീക്ഷിക്കുന്നു.

———————-

ഉത്തരം: ഒരു കുട്ടിയെ രണ്ടുവയസ്സുകഴിഞ്ഞിട്ടും മുലയൂട്ടുന്ന മാതാവ് യഥാര്‍ഥത്തില്‍ അതില്‍ ഹരം കണ്ടെത്തുന്നവളായിരിക്കും. അതേസമയം  ആരോഗ്യപ്രശ്‌നമുള്ള കുട്ടിക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പാലുകൊടുക്കുകയും ചെയ്യുന്നത് ഈ ഗണത്തില്‍ പെടുന്നതല്ല.

അല്ലാഹു ഖുര്‍ആനില്‍ പറയുന്നത് കാണുക:

‘മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ടുവര്‍ഷം പൂര്‍ണമായും മുലയൂട്ടണം. മുലകുടികാലം പൂര്‍ത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിലാണിത്. മുലയൂട്ടുന്ന സ്ത്രീക്ക് ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത കുട്ടിയുടെ പിതാവിനാണ്. എന്നാല്‍ ആരെയും അവരുടെ കഴിവിനപ്പുറമുള്ളതിന് നിര്‍ബന്ധിക്കാവതല്ല. ഒരു മാതാവും തന്റെ കുഞ്ഞ് കാരണമായി പീഡിപ്പിക്കപ്പെടരുത്. അപ്രകാരം തന്നെ കുഞ്ഞ് കാരണം പിതാവും പീഡിപ്പിക്കപ്പെടരുത്. പിതാവില്ലെങ്കില്‍ അയാളുടെ അനന്തരാവകാശികള്‍ക്ക് അയാള്‍ക്കുള്ള അതേ ബാധ്യതയുണ്ട്. എന്നാല്‍ ഇരുവിഭാഗവും പരസ്പരം കൂടിയാലോചിച്ചും തൃപ്തിപ്പെട്ടും മുലയൂട്ടല്‍ നിര്‍ത്തുന്നുവെങ്കില്‍ അതിലിരുവര്‍ക്കും കുറ്റമില്ല. അഥവാ, കുട്ടികള്‍ക്ക് മറ്റൊരാളെക്കൊണ്ട് മുലകൊടുപ്പിക്കണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും വിരോധമില്ല. അവര്‍ക്കുള്ള പ്രതിഫലം നല്ല നിലയില്‍ നല്‍കുന്നുവെങ്കിലാണിത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ്.'(അല്‍ബഖറ 233)

പ്രപഞ്ചസ്രഷ്ടാവായ, സര്‍വജ്ഞനായ അല്ലാഹു തന്റെ അടിമകള്‍ക്ക് ഗുണകരമായതേത്, ദോഷകരമായതേത് എന്ന് നന്നായറിയുന്നു. ശിശുക്കളെ മുലയൂട്ടുന്ന വിഷയത്തെയാണ് മേല്‍സൂക്തം കൈകാര്യംചെയ്യുന്നത്. ഖുര്‍ആന്‍ പണ്ഡിതന്‍മാരും വ്യാഖ്യാതാക്കളും  ഈ സൂക്തത്തെ മുന്‍നിര്‍ത്തി  ചില നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നുണ്ട്:

മുലകുടി നിറുത്താന്‍ രണ്ടുവര്‍ഷത്തെ  കാലയളവ്  പൂര്‍ത്തിയാക്കണമെന്ന് അല്ലാഹു പറയുന്നതിനാല്‍ മാതാക്കള്‍ പ്രത്യേകിച്ചെന്തെങ്കിലും കാരണംകൂടാതെ  ആ കാലാവധി ദീര്‍ഘിപ്പിക്കരുത്.മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ കുട്ടിക്ക് പാല്‍കൊടുക്കുന്നത് നിറുത്തണം. അബ്ദുല്ലാഹിബ്‌നുമസ്ഊദ്, ഇബ്‌നു അബ്ബാസ്  തുടങ്ങിയ പണ്ഡിതന്‍മാര്‍ മാതാക്കള്‍ രണ്ടുവയസ്സിനപ്പുറം പാലുകൊടുക്കുന്നത്  നിരുത്സാഹപ്പെടുത്തിയിരിക്കുന്നു.

മേല്‍സൂക്തം  മുലപ്പാലിനെ പൈതലിന്റെ ആരോഗ്യസംരക്ഷണത്തിനുള്ള ഉപാധിയായി സൃഷ്ടിച്ചതാണെന്ന് പഠിപ്പിക്കുന്നു. ആധുനികശാസ്ത്രം  ശിശുവിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ മുലപ്പാലിന്റെ പങ്കിനെ എടുത്തുപറയുന്നുണ്ട്. ശരിയായ രീതിയില്‍ മുലയൂട്ടിവളര്‍ത്തപ്പെട്ട കുട്ടിക്ക് ശ്വാസകോശ-ശ്രവണേന്ദ്രിയ-ത്വക് രോഗങ്ങളില്‍നിന്ന്  സംരക്ഷണം ഉണ്ടായിരിക്കും. അത്തരക്കാര്‍ അമിതവണ്ണം വെക്കുന്നതില്‍നിന്ന് സുരക്ഷിതരായിരിക്കും. അതിനാല്‍ മുലയൂട്ടല്‍ സ്വാഭാവികവും ജൈവികവുമാണ്.  എന്നാല്‍ രണ്ടുവര്‍ഷത്തിനപ്പുറം മുലയൂട്ടുന്നത് അനാവശ്യമാണ്.

മാതാക്കള്‍  തങ്ങളുടെ ശിശുക്കളെ രണ്ടുവര്‍ഷമോ അതിനുതൊട്ടുമുമ്പോ മുലകുടി നിറുത്തണമെന്ന് അല്ലാഹു താല്‍പര്യപ്പെടുന്നു. അതിനപ്പുറമുള്ള മുലയൂട്ടലില്‍ ആരോഗ്യപരമായ ഗുണമുണ്ടായിരുന്നെങ്കില്‍ അവന്‍ അത്  പ്രത്യേകമായിത്തന്നെ എടുത്തുപറയുമായിരുന്നു.

കുട്ടികളില്‍ സ്വാഭാവികമായ രീതിയില്‍ സ്വാതന്ത്ര്യചിന്തയും  ചുറ്റുമുള്ള ലോകത്തെ കൗതുകങ്ങളിലേക്ക് ശ്രദ്ധയും വളര്‍ന്നുവരേണ്ടതുണ്ട്. നാലഞ്ചുവയസ്സാകുമ്പോഴേക്ക് അവര്‍ സ്‌കൂളില്‍ പോകേണ്ടവരും കാര്യങ്ങള്‍ രക്ഷിതാക്കളുടെ സഹായമില്ലാതെ ചെയ്യേണ്ടവരും ആണ്.

പിച്ചവെച്ചുനടക്കുന്ന പ്രായത്തിനപ്പുറവും കുട്ടിക്ക് പാലുകൊടുക്കണമെന്ന് ആഗ്രഹിക്കുന്ന മാതാവ് ആ കുട്ടിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ആ നിലപാട് അവര്‍ക്കോ കുട്ടിക്കോ ഗുണകരമല്ല. അവസാനമായി എനിക്ക് പറയാനുള്ളത്  തന്റെ കുട്ടിയുടെ ആരോഗ്യംസംബന്ധിച്ച ആശങ്കയാല്‍ പാലുകൊടുക്കാന്‍ ഒരു മാതാവ് ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ അതിനുമുമ്പ് പീഡിയാട്രീഷ്യനെ കാണട്ടെ. അദ്ദേഹം നിര്‍ദ്ദേശിക്കുന്നുവെങ്കില്‍ അത് കൊടുക്കുന്നതില്‍ വിരോധമില്ല.  

 

Topics