കുട്ടികള്‍

അലസത വെടിഞ്ഞ് കുട്ടികള്‍ കര്‍മനിരതരാകാന്‍

എന്റെ വീട്ടില്‍ കുട്ടികളുടെ പഠനകാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വീട്ടുകാരിയാണ്. വലിയപ്രശ്‌നമായിത്തോന്നിയത് മൂത്തമകളുടെ എല്ലാം പിന്നീടേക്ക് മാറ്റിവെക്കുന്ന സ്വഭാവമാണ്. അവള്‍ നല്ല ബുദ്ധിശക്തിയുള്ള കൂട്ടത്തിലാണ്. പക്ഷേ, ചെയ്യേണ്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവള്‍ക്ക് കഴിയാറില്ല.
എന്റെ സ്‌കൂള്‍ -കോളേജ് കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ദുശീലം ഒരു പിതാവെന്ന നിലക്ക് മകളില്‍ കാണാന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. പലപ്പോഴും ജീവിതത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ മാനേജ്‌ചെയ്യുന്നതില്‍ എനിക്ക് വീഴ്ചവന്നിട്ടുണ്ട്. ആ അബദ്ധം മകള്‍ക്കുണ്ടാവരുതെന്ന് ഞാന്‍ തീരുമാനിച്ചു.

നാളേക്ക് മാറ്റിവെക്കുന്ന സ്വഭാവം അവസാനിപ്പിക്കാന്‍ അടിയന്തിരമായി ചെയ്യേണ്ടത് ദൈനംദിന പ്ലാന്‍ തയ്യാറാക്കുകയെന്നതാണ്. എന്തെല്ലാം പണികളാണ് ചെയ്തുതീര്‍ക്കാനുള്ളതെന്നതിനെ സംബന്ധിച്ച കൃത്യമായ വിവരം നല്‍കുന്നതോടൊപ്പം അത്തരമൊരു പ്ലാന്‍ വിശ്രമത്തിനും വിനോദത്തിനും(കുട്ടികള്‍ക്ക്)എത്രമാത്രം സമയം കണ്ടെത്താമെന്നുകൂടി അറിയിക്കുന്നു. ഞാന്‍ തയ്യാറാക്കിയ പ്രസ്തുത ദൈനംദിനകൃത്യങ്ങളുടെ കരടുഘടനയാണ് ഇവിടെ ചെറുവിവരണത്തോടെ നല്‍കുന്നത്. ഒരുപേപ്പറും പേനയുമെടുത്ത് നമുക്ക് തുടങ്ങാം.

  1. അപ്പോയിന്റ്‌മെന്റ്
    അപ്പോയിന്റെ്‌മെന്റുകള്‍ ഒട്ടുംതന്നെ മാറ്റംവരുത്താനാകാത്ത സമയത്തിന്റെ ഖണ്ഡങ്ങളാണ്. നമസ്‌കാരത്തിനായി പള്ളിയില്‍ പോകുന്നത് അത്തരത്തിലൊന്നാണ്. വിദ്യാര്‍ഥികളെ സംബന്ധിച്ച് ക്ലാസുകള്‍ അപോയിന്റ്‌മെന്റുകളാണ്.
  2. അനിവാര്യമായി ചെയ്തുതീര്‍ക്കേണ്ട പണികള്‍
    കുട്ടികളെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്വങ്ങള്‍ കുറവാണ്. അതിനാല്‍ മുന്‍ഗണനയോടെ ചെയ്യേണ്ട കര്‍മങ്ങളെന്തെന്ന് തെരഞ്ഞെടുക്കാനും അത് ചെയ്യാനും അവരെ പരിശീലിപ്പിക്കാന്‍ എളുപ്പമാണ്. പഠനവും അതുപോലെ വ്യക്തിവികാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏതെന്ന് ബോധ്യപ്പെടുത്താന്‍ കഴിയും.
  3. ദിനചര്യകള്‍

വീട്ടിലോ ബോര്‍ഡിങ് സ്ഥാപനത്തിലോ ആയിരിക്കുമ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മുടങ്ങാതെ ചെയ്യേണ്ട കാര്യങ്ങളാണ് ഇവ. റൂം വൃത്തിയാക്കുക, വസ്ത്രങ്ങള്‍ അലക്കിയിടുക, പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നിവ ഉദാഹരണം.

4. ചെയ്തുതീര്‍ക്കാനുള്ളവയും ഒഴിവുസമയപരിപാടികളും

ഇത് പലകാരണങ്ങളാലും പ്രധാനപ്പെട്ടതാണ്. ഒന്നാമതായി കുട്ടികള്‍ക്ക് തങ്ങളുടെ ജോലി വേഗംചെയ്തുതീര്‍ക്കാനുള്ള പ്രചോദനം ഇത് നല്‍കുന്നു. തങ്ങളുടെ കുട്ടികള്‍ സദാ അധ്വാനിച്ചുകൊണ്ടിരിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി അവര്‍ക്ക് വിശ്രമവേള പകര്‍ന്നുനല്‍കാന്‍ രക്ഷിതാക്കള്‍ക്ക് ഇതിലൂടെ സാധിക്കും. അതിലൂടെ അടുത്ത കര്‍മപരിപാടികള്‍ക്ക് വേണ്ട നവോന്‍മേഷം നേടാന്‍ കുട്ടികള്‍ക്ക് കഴിയും.

5.ജോലി ചെയ്തുതീര്‍ക്കാനുള്ള സമയംനിര്‍ണയിക്കല്‍

ചെയ്തുതീര്‍ക്കാനുള്ള ഉത്തരവാദിത്വങ്ങളും ദൈനംദിനകൃത്യങ്ങളും അപോയിന്റെ്‌മെന്റുകളും എത്രമാത്രം സമയം ആവശ്യമുള്ളതാണെന്ന് നിര്‍ണയിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. അത് അത്ര കൃത്യവും സൂക്ഷ്മവുമായിരിക്കണം എന്ന് നിര്‍ബന്ധമില്ല. അതിനാല്‍ തങ്ങളുടെ അനുഭവത്തില്‍ എത്രമാത്രം സമയംവേണ്ടിവരുമെന്ന് കണക്കാക്കിയാല്‍ മതി. ഓരോ മണിക്കൂറിലും പത്തുമിനിട്ട് ഇടവേള വേണമെന്നുണ്ടെങ്കില്‍ അതും വര്‍ക്ചാര്‍ട്ടില്‍ ചേര്‍ക്കണം. എല്ലാം അനുകൂലമായ സാഹചര്യമുണ്ടായാല്‍ കുട്ടികള്‍ രണ്ടുമണിക്കൂര്‍കൊണ്ട് ചെയ്യുന്ന ജോലികള്‍ അരമണിക്കൂര്‍കൊണ്ട് ചെയ്തുതീര്‍ക്കും.

6.കലണ്ടറില്‍ രേഖപ്പെടുത്തല്‍

അപോയിന്റ്‌മെന്റുകള്‍ കലണ്ടറില്‍ കുറിക്കുക. അപോയിന്റ്‌മെന്റിന് നടത്തുന്ന ഒരുക്കങ്ങള്‍ക്കുവേണ്ട സമയം അതിലുള്‍പ്പെടുത്താം. ഉദാഹരണത്തിന് ബസിലോ മറ്റുവാഹനങ്ങളിലോ അവിടെയെത്താനുള്ള സമയവും ആ കലണ്ടറില്‍ ചേര്‍ക്കുക. അടുത്തതായി പ്രധാനപ്പെട്ട ജോലികള്‍, തുടര്‍ന്ന് ദിനചര്യകള്‍, വിനോദപരിപാടികള്‍ എന്നിവയും കുറിക്കുക. മനസ്സിന് ആശ്വാസംനല്‍കുക ഒഴിവുവേളകള്‍ വിട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വേണമെങ്കില്‍ ചില ജോലികള്‍ അടുത്തദിവസത്തിലേക്ക് മാറ്റി ക്രമീകരിക്കാവുന്നതാണ്.

7.ഷെഡ്യൂള്‍ അഡ്ജസ്റ്റ്‌മെന്റ്

ചെയ്യേണ്ട ജോലികളുടെ പ്ലാന്‍ കയ്യിലുണ്ടായാല്‍ കുട്ടികള്‍ ആ ജോലി എത്രയും പെട്ടെന്ന് ചെയ്തുതീര്‍ക്കാന്‍ ആവേശം പ്രകടിപ്പിക്കും. കാരണം ചാര്‍ട്ടിലുള്ള ജോലികള്‍ തീര്‍ത്താല്‍ മതിയല്ലോയെന്ന ആശ്വാസം അവര്‍ക്കുണ്ടാകും. എന്നുമാത്രമല്ല ചിലരില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ ഉത്സാഹവും ജനിക്കും. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അടുത്തതായി ചെയ്യേണ്ട ജോലിയുടെ ടൈംഷെഡ്യൂളില്‍ മാറ്റംവരുത്തേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കാം. അതല്ല, കുട്ടികള്‍ അനുമാനിച്ചതിനേക്കാള്‍ കൂടുതല്‍ സമയം എടുക്കുന്നുവെങ്കില്‍ അത് കണക്കിലെടുത്ത് ചെയ്തുതീര്‍ക്കാനുള്ളവ അടുത്തദിവസത്തേക്ക് തീരുമാനിക്കാം. അനാവശ്യമായി വൈകുന്നുവെങ്കില്‍ മാത്രം അവരുടെ വിനോദസമയം കുറക്കുക.

അവസാനമായി, ഇത്തരത്തിലുള്ള ചാര്‍ട്ടും പ്ലാനുംതയ്യാറാക്കുമ്പോള്‍ ഇതൊക്കെ കുട്ടികള്‍ മനസ്സിലാക്കി ചെയ്യുമോയെന്ന ആശങ്ക രക്ഷിതാക്കളായ നിങ്ങള്‍ക്കുണ്ടായേക്കാം. എന്നാല്‍ അതിനുള്ള വൈദഗ്ധ്യം ക്രമേണ അവര്‍ നേടിയെടുത്തോളും. സ്‌കൂളില്‍നിന്നുംപഠിക്കാതെതന്നെ ജീവിതത്തിലെ ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റാന്‍ നാം പഠിച്ചില്ലേ. സമയം എങ്ങനെ പാഴാക്കാതെ ചിലവഴിക്കാം എന്ന് കുട്ടികളെ പഠിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും അവര്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമെന്നറിയുക. അത് ചെറുപ്രായത്തില്‍ പകര്‍ന്നുനല്‍കുന്നതാണ് ഏറ്റവും ഉത്തമം. കുറച്ചുകാലം കഴിയുമ്പോള്‍ അവര്‍ സ്വയമേവ കാര്യങ്ങളെ ആസൂത്രിതമായി പൂര്‍ത്തീകരിക്കുന്നത് നിങ്ങള്‍ക്കുകാണാം.

സിറാജ് മുഹമ്മദ്

Topics