ചോദ്യം: സുഊദി പൗരന്‍മാര്‍ അഞ്ചുകൊല്ലത്തിലൊരിക്കലേ ഹജ്ജ് ചെയ്യാവൂ എന്ന് സുഊദീ ഭരണകൂടം നിയന്ത്രണം വെച്ചിരിക്കുന്നു. എങ്കിലും സുഊദി പൗരനായ എനിക്ക് നിയന്ത്രണം മറികടന്ന് പുണ്യം നേടുവാന്‍ പല മാര്‍ഗങ്ങളുണ്ട്. നിയന്ത്രണം ശര്‍ഈ അല്ലാത്തതിനാലും മനുഷ്യനിര്‍മിത മായതിനാലും നിയമം ലംഘിക്കുന്നതില്‍ തെറ്റുണ്ടോ?
മറുപടി: ഹജ്ജുകാര്യങ്ങള്‍ വ്യവസ്ഥപ്പെടുത്തുന്നതിന്റെ ഭാഗമായി ഭരണാധികാരികള്‍ ആവിഷ്‌കരിക്കുന്ന നിയമങ്ങള്‍ അനുസരിക്കേണ്ടത് മുസ്‌ലിംകളുടെ ബാധ്യതയാണ്. സല്‍കാര്യങ്ങളില്‍ ഭരണാധികാരികളെ അനുസരിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണെന്ന് അല്ലാഹു വിധിച്ചിരിക്കുന്നു. ”സത്യവിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും നിങ്ങളിലെ കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക” (അന്നിസാഅ്: 59). അനുസരണം സല്‍കാര്യങ്ങളില്‍ മാത്രമാണെന്ന് നബി(സ) പ്രസ്താവിച്ചിരിക്കുന്നു. ”താങ്കളുമായി അനുസരണപ്രതിജ്ഞയെടുത്തിരിക്കുന്ന സ്ത്രീകള്‍ സല്‍കാര്യങ്ങളില്‍ താങ്കളെ ധിക്കരിക്കരുത്.” (അല്‍ മുംതഹിന: 12) എന്ന് ശ്രദ്ധ ക്ഷണിച്ചതും ശ്രദ്ധേയമാണ്. സുഊദി ഭരണകൂടത്തിന്റെ നിയന്ത്രണം ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ഹജ്ജിനെത്തുന്ന മൊത്തം മുസ്‌ലിംകള്‍ക്ക് ആശ്വാസദായകമാണ്. ജീവിതത്തില്‍ ഒരിക്കല്‍പോലും ഹജ്ജിന് അവസരം കിട്ടാത്ത അനേകായിരങ്ങള്‍ക്ക് സൗകര്യപ്രദമായി ഹജ്ജ് ചെയ്യാന്‍ ഈ നിയന്ത്രണം കൊണ്ട് സാധിക്കുന്നു. നിയന്ത്രണം മറികടക്കാന്‍ അനുവദിച്ചാല്‍ നിയത്തിന്റെ യഥാര്‍ഥ ലക്ഷ്യം പാഴാവുകയാണുണ്ടാവുക. നിയന്ത്രണം മനുഷ്യനിര്‍മിതമാണെന്ന ചോദ്യകര്‍ത്താവിന്റെ പരാമര്‍ശം ശരിയല്ല. ശരീഅത്തുപണ്ഡിതന്‍മാരുടെ ഫത്‌വയെ ആധാരാമാക്കി പുറപ്പെടുവിച്ച നിയമം എന്ന നിലയില്‍ അതിന് ശര്‍ഈ നിയമ പ്രാബല്യമുണ്ട്. ഭരണാധികാരിയോടുള്ള നിര്‍ബന്ധാനുസരണം, വിദൂര രാജ്യങ്ങളില്‍ നിന്നെത്തുന്ന മുസ്‌ലിം സഹോദരന്‍മാര്‍ക്ക് സൗകര്യം ചെയ്യല്‍ എന്നീ ഉദ്ദേശ്യങ്ങളോടെ പ്രസ്തുത നിയമം അനുസരിക്കുന്ന പക്ഷം അതിന് അല്ലാഹു പക്കല്‍നിന്ന് പ്രതിഫലമുണ്ടായിരിക്കും. ഐഛിക ഹജ്ജിനേക്കാള്‍ ശ്രേഷ്ഠവും ഈ നിയമാനുസരണമാണ്.
Add Comment