ചോദ്യം: ശാരീരികവും സാമ്പത്തികവുമായ സുസ്ഥിതിയുണ്ടായിട്ടും നിര്‍ബന്ധ ഹജ്ജുകര്‍മം അനുഷ്ഠിക്കാതിരുന്നവരുടെ വിധി എന്താണ്?
മറുപടി: ഹജ്ജ് ഉടന്‍ നിര്‍വഹിക്കേണ്ടതാണോ, വൈകിയും മതിയാകുമോ എന്നതു സംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. ഉടന്‍വേണമെന്ന് പറയുന്നവര്‍, ‘നിങ്ങള്‍ വേഗത്തില്‍ ഹജ്ജ് ചെയ്യുക, വന്നുപെടാവുന്ന തടസ്സങ്ങളെക്കുറിച്ച് നിങ്ങള്‍ക്കൊന്നുമറിയില്ല. ആരോഗ്യവാന്‍ രോഗിയാവും വാഹനം വഴിതെറ്റും’ എന്നീ നബി വചനങ്ങളെയാണ് ആധാരാമാക്കുന്നത്. അതായത്, സാഹചര്യങ്ങള്‍ മാറും. ആരോഗ്യവാന്‍ രോഗിയാവും യുവാവ് വൃദ്ധനാവും ജീവിച്ചിരുന്നയാള്‍ മരിക്കും, ആകസ്മിക മരണമുണ്ടാകും.. സൗകര്യങ്ങള്‍ ഒത്തുവരികയും തടസ്സങ്ങളില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ എത്രയും വേഗം ബാധ്യതി നിറവേറ്റുന്നതാണ് എന്തുകൊണ്ടും ഉചിതം.
രണ്ടാമത്തെ അഭിപ്രായം ഇങ്ങനെ: പ്രസ്തുത ഹദീസുകള്‍ വേഗത്തില്‍ ചെയ്യുന്നത് അഭികാമ്യമാണെന്നേ സൂചിപ്പിക്കുന്നുള്ളൂ. നിങ്ങള്‍ സല്‍കാര്യങ്ങളിലേക്ക് മുന്‍കടക്കുക (അല്‍ബഖറ: 148)നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള പാപമോചനത്തിലേക്ക് നിങ്ങള്‍ വേഗത്തില്‍ മുന്നേറുക. (ആലുഇംറാന്‍ : 133) മുതലായ സൂക്തങ്ങളുടെ വിവക്ഷയും ഇതുതന്നെ. നിര്‍ബന്ധമായും ഉടന്‍ ചെയ്തിരിക്കണമെന്ന് ഇതില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. ഹിജ്‌റ പത്താംവര്‍ഷം ആയുസ്സറുതിയില്‍ മാത്രമാണ് നബി ഹജ്ജുചെയ്തത്. അബൂബക്കറിന്റെ കൂടെ നബി ഹജ്ജുചെയ്തിട്ടില്ല.
ഹജ്ജ്, ഹിജ്‌റ: ആറാം വര്‍ഷം നിര്‍ബന്ധമാക്കപ്പെട്ടിരുന്നുവെങ്കിലും മക്കയിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ആയതിനാല്‍ വൈകിയെങ്കിലും ഹജ്ജ് നിര്‍ബന്ധമാണെന്ന് ഒരു വിഭാഗം പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. അവസരമുണ്ടെങ്കിലും ഉദാസീനത കാണിച്ച് വീഴ്ചവരുത്തിയാല്‍ അയാള്‍ ഉത്തരവാദിയായിരിക്കും. (സമ്പന്നനായ ആള്‍ ദരിദ്രനാവുക, ആരോഗ്യവാന്‍ രോഗിയാവുക മുതലായവ ഉദാഹരണം.) ഇത്തരം സാഹചര്യത്തില്‍ അയാള്‍ കുറ്റവാളിയായിരിക്കും. ഇമാംഗസ്സാലി തന്റെ ‘ഇഹ്‌യാ ഉലൂമുദ്ദീനി’ല്‍ ഹജ്ജിനെ കാര്യങ്ങളുടെ പൂര്‍ണതയും ആയുസ്സറുതിയുമാണെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പണ്ടുകാലത്തൊക്കെ ആയുസ്സറുതിയിലായിരുന്നു ഹജ്ജ് ചെയ്തിരുന്നത്. ആധുനിക ഇസ്‌ലാമിക നവജാഗരണ കാലത്ത് ഹജ്ജ് ഉംറകളില്‍ യുവാക്കളാണ് കൂടതലും. ഇസ്‌ലാമിക സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത് നല്ല ലക്ഷണമാണ്. അവസരങ്ങള്‍ ഒത്തുവന്നാല്‍ എത്രയും വേഗം ഹജ്ജുചെയ്യണമെന്നാണ് എന്റെ അഭിപ്രായം. ആരോഗ്യവും ജീവിതം ഉറപ്പുവെരുത്താന്‍ നമുക്കാവില്ല. വന്നുഭവിക്കാവുന്ന തടസ്സങ്ങള്‍ നമുക്ക് മാറ്റാനാവില്ല. സല്‍കാര്യങ്ങളിലേക്ക് എത്രയും വേഗം മുന്നേറുന്നതാണ് എന്തുകൊണ്ടും അഭികാമ്യം.
Add Comment