ചോദ്യം: ഹജ്ജിനുപോകാന്‍ കഴിയുന്നവര്‍ക്ക് ഒരുതവണമാത്രമേ നിര്‍ബന്ധമുള്ളൂ എന്ന് പറയുന്നത് എന്തുകൊണ്ട്? വഴിയാല്‍ സാധിക്കുന്നവര്‍ എന്നതിന്റെ വിവക്ഷയെന്ത്.?
ഉത്തരം: ഹജ്ജ് ഒരു സവിശേഷ ആരാധനാ കര്‍മമാകുന്നു. അത് ഒരേ സമയം, ശാരീരികവും സാമ്പത്തികവുമായ ആരാധനയാണ്. അതേ സമയം, നമസ്‌കാരവും വ്രതവും ശാരീരികവും സാമ്പത്തികവുമായ ആരാധനയാണ്. സക്കാത്താകട്ടെ, കേവലസാമ്പത്തികവും. ഹജ്ജില്‍ ശാരീരികവും സാമ്പത്തികവുമായ അധ്വാനങ്ങളുണ്ട്. യാത്രചെയ്യണം.. അതിനുപണം വേണം. വഴിയാല്‍ കഴിയുന്നവര്‍ എന്ന് പ്രത്യേകം എടുത്തുപറഞ്ഞ ആരാധന ഹജ്ജ് മാത്രമാണ്. (ആലുഇംറാന്‍: 97)
അഞ്ച് ഇസ്‌ലാമിക കാര്യങ്ങള്‍ എടുത്തുപറഞ്ഞകൂട്ടത്തില്‍ 'വഴിയാല്‍ കഴിയുന്നവര്‍ ഹജ്ജുചെയ്യല്‍' എന്നു കൂടി നബി പ്രത്യേകം എടുത്തുപറയുകയുണ്ടായി. എല്ലാവര്‍ക്കും നമസ്‌കരിക്കാനും നോമ്പനുഷ്ഠിക്കാനും കഴിയും. എന്നാല്‍ പരിശുദ്ധഭൂമിയില്‍ പോകാന്‍ എല്ലാവര്‍ക്കുമാകില്ല. അതിനാല്‍, കരുണാമയനായ അല്ലാഹു ആയുസ്സിലൊരിക്കല്‍ മതി എന്നു നിര്‍ദേശിച്ചു. അല്ലാഹു ആരെയും പീഡിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എളുപ്പമാണ് അവന്‍ ഉദ്ദേശിക്കുന്നത്. ഇസ്‌ലാം അനുധാവനം ചെയ്യുന്നതില്‍ യാതൊരുവിധ കഷ്ടതയും പ്രയാസവും അനുഭവിക്കരുതെന്നാണ് അവന്റെ താല്‍പര്യം.
കഴിവനുസരിച്ചാണ് ഇസ്‌ലാമിലെ ഓരോ കല്‍പനയും 'ഒരാത്മാവിനോടും അതിന്റെ കഴിവനുസരിച്ചല്ലാതെ അല്ലാഹു കല്‍പിക്കുന്നില്ല.' (അല്‍ബഖറ: 286). 'ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാക്കിയിരിക്കുന്നു. ആയതിനാല്‍ നിങ്ങള്‍ ഹജ്ജുചെയ്യുക' എന്ന് നബി(സ) പറഞ്ഞപ്പോള്‍ ഒരാള്‍ ചോദിച്ചു: 'ദൈവദൂതരെ, എല്ലാ വര്‍ഷത്തിലുമോ? അദ്ദഹം മൗനം ഭജിച്ചു. ചോദ്യം ആവര്‍ത്തിക്കപ്പെട്ടെങ്കിലും നബി(സ) മൗനം ഭജിച്ചതേയുള്ളൂ. കുറച്ചുകഴിഞ്ഞദ്ദേഹം പറഞ്ഞു: 'അതെ എന്നു ഞാന്‍ പറഞ്ഞിരുന്നെങ്കില്‍ അത് നിര്‍ബന്ധമാകുമായിരുന്നു. നിങ്ങള്‍ക്കതൊട്ടു സാധിക്കുകയുമില്ല.' എല്ലാവര്‍ക്കും ഹജ്ജുചെയ്യാനാവില്ല. അതൂകൊണ്ട് ആയുസ്സില്‍ ഒരു തവണ മതിയെന്ന് അല്ലാഹു നിര്‍ണയിച്ചു. ഇത് അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള കാരുണ്യവും ലഘൂകരണവുമാണ്.
മക്കയിലേക്കുപോകാന്‍ വഴിയാല്‍ കഴിയുന്നവര്‍ക്കെ ഹജ്ജ് നിര്‍ബന്ധമുള്ളൂ. വഴിയാല്‍ കഴിയുക എന്നതിന്റെ വിവക്ഷ, അന്യോന്യം ബലപ്പെടുത്തുന്ന ചില ഹദീസുകള്‍ വിശദീകരിക്കുന്നതിനനുസരിച്ച് യാത്രക്കുള്ള വാഹനവും പാഥേയവും സ്വായത്തമാവുക എന്നത്രെ.
യാത്രയും പാഥേയവും എന്നതിന്റെ ഇന്നത്തെ ഭാഷ്യം, ഹജ്ജുയാത്രക്കാവശ്യമായ അവിടെ താമസിക്കാനാവശ്യമായ ജീവനാംശവും കൈവശമുണ്ടാവുക എന്നാണ്. ചിലയാളുകള്‍ക്ക് ചിലയാളുകള്‍ക്ക് ബസ് യാത്രയാണ് പഥ്യം. മറ്റു ചിലര്‍ക്കത് അസഹ്യമാണ്. കാറില്‍ യാത്രചെയ്യാനാണ് അത്തരക്കാര്‍ ഇഷ്ടപ്പെടുക. അബ്ദുല്‍ അസീസ് ആലുസുഊദ് രാജാവായി സ്ഥാനമേല്‍ക്കുന്നതിനുമുമ്പ് ഹജ്ജുപാതയില്‍ ധാരാളം അപകടങ്ങള്‍ പതിയിരിപ്പുണ്ടായിരുന്നു. ഹജ്ജിനുപോകുന്നവന്‍ നഷ്ടപ്പെട്ടവനാണ്. തിരിച്ചുവരുന്നവന്‍ നവജാതനാണ്. (അദ്ദാഹിബു മഫ്ഖൂദൂന്‍, വര്‍റാജിഉ മൗലൂദൂന്‍) എന്ന് ഈജിപ്തില്‍ ഒരു ചൊല്ലുതന്നെയുണ്ടായിരുന്നു. അതുകാരണം, ഹാജിമാര്‍ മടങ്ങിവരുന്ന വിവരം വിളംബരപ്പെടുത്തിയിരുന്നു. എന്റെ ചെറുപ്പകാലത്ത് ഹാജിമാര്‍ മടങ്ങിവരുന്ന വിവരം സൂയസില്‍ നിന്നുവരുന്ന സുവാര്‍ത്തകന്‍ അറിയിച്ചിരുന്നത് എനിക്കോര്‍മയുണ്ട്.
ആധുനിക കാലത്ത് പുതിയൊരു ഉപാധികൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. നറുക്കെടുപ്പ്. മിക്ക നാടുകളിലും ഇതു നടപ്പിലായിക്കഴിഞ്ഞു. ഏതു നാട്ടില്‍നിന്നും നിശ്ചിത വിഹിതം ഹാജിമാര്‍ക്കേ ഹജ്ജിന് അനുവാദമുള്ളൂ. ഹജ്ജില്‍ വമ്പിച്ച തോതിലുള്ള തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. ഹജ്ജിന്റെ വാതിലുകള്‍ നിരുപാധികം തുറന്നിടുകയാണെങ്കില്‍ ദശലക്ഷക്കണക്കിനാളുകള്‍ മക്കയിലെത്തും. തിക്കിലും തിരക്കിലും പെട്ട് ആയിരങ്ങള്‍ മരിക്കാനിടയാകും. അതുകാരണം, ഓരോ രാഷ്ട്രത്തിനും നിശ്ചിത വിഹിതം എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ്. അപേക്ഷകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നറുക്കെടുപ്പ് നടത്തുകയേ നിര്‍വാഹമുള്ളൂ. ആയതിനാല്‍, നറുക്കെടുപ്പിനെ ഹജ്ജ് സാധുവാകാനുള്ള ഉപാധിയായി മനസ്സിലാക്കുകയാണ് വേണ്ടത്. വഴി മുമ്പില്‍ തുറന്നുകിടക്കുന്നതിനാല്‍ സുഊദിയില്‍നിന്നാണ് നിന്നാണ് കൂടുതല്‍ ഹാജിമാര്‍. ആഭ്യന്തര ഹാജിമാരെ നിയന്ത്രിക്കാനായാല്‍ അത് വളരെ നല്ലകാര്യമായിരിക്കും. ഏതാനും വര്‍ഷങ്ങളായി ഇത് പരിഗണിച്ചുകൊണ്ടുള്ള നിലപാടാണ് സുഊദി ഭരണകൂടം സ്വീകരിച്ചുപോരുന്നത്. സുഊദി പൗരന്‍മാര്‍ക്ക് അഞ്ചുകൊല്ലത്തിലൊരിക്കലേ ഹജ്ജു ചെയ്യാന്‍ അനുവാദമുള്ളൂ. വിദേശത്തുനിന്നെത്തുന്ന ഹാജിമാര്‍ക്ക് ആശ്വാസമാണിത്.
Add Comment