വിശ്വാസം-ലേഖനങ്ങള്‍

പ്രവാചകന്റെ മുഅ്ജിസത്തും മാജിക്കും തമ്മിലുള്ള വ്യത്യാസം


സയ്യിദ് സുലൈമാന്‍ നദ്‌വി

മുഅ്ജിസത്തിലൂടെ അത്ഭുതകൃത്യങ്ങള്‍ പ്രത്യക്ഷമാകുന്നതുപോലെ മാരണം, മന്ത്രവാദം, ഇന്ദ്രജാലം , കണ്‍കെട്ട് തുടങ്ങിയവയിലൂടെയും അത്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. മാരണവും മന്ത്രവാദവുമൊക്കെ ഈ ആധുനികകാലത്ത് പുഛത്തോടെയാണ് വീക്ഷിക്കപ്പെടാറുള്ളത്. അതിനാല്‍ അവയെവിട്ട് ഹിപ്‌നോട്ടിസത്തെയും മെസ്മറിസത്തെയും എടുക്കുക. എന്താണ് ഒരു പ്രവാചകനും മാരണക്കാരനും അഥവാ മെസ്മറൈസര്‍ക്കുമിടയിലുള്ള വ്യത്യാസം ? ഇല്‍മുല്‍ കലാമില്‍ ഈ വിഷയത്തെക്കുറിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തപ്പെട്ടിട്ടുണ്ട്.

മുഅ്തസിലുകളുടെയും ളാഹിരികളില്‍ ഇബ്‌നു ഹസ്മിന്റെയും വാദമിതാണ്: മുഅ്ജിസത്ത് മാത്രമേ യഥാര്‍ഥമായിട്ടുള്ളൂ. മാരണം, ഇന്ദ്രജാലം, മന്ത്രവാദം തുടങ്ങിയവയെല്ലാം വെറും കണ്‍കെട്ടുവിദ്യകളാണ്. എന്നാല്‍ മുഅ്ജിസത്ത് അങ്ങനെയല്ല. അതുകൊണ്ടുതന്നെ യഥാര്‍ഥമായ മാറ്റമാണ് സംഭവിക്കുന്നത്. വസ്തുക്കളുടെ സത്തയും ഗുണവുംതന്നെയും മാറുകയാണ്. അശ്അരികള്‍ മാരണവും ഇന്ദ്രജാലവും യഥാര്‍ഥമാണെന്ന് അംഗീകരിക്കുന്നവരാണ്. എന്നാല്‍ മുഅ്ജിസത്തിലൂടെ പ്രത്യക്ഷമാകുന്നതരത്തിലുള്ള ഗംഭീരമായ അത്ഭുതങ്ങള്‍ പ്രത്യക്ഷമാക്കാന്‍ അവര്‍ക്ക് കഴിയുകയില്ല. സമുദ്രം വറ്റി കരയായിത്തീരുക, ചന്ദ്രന്‍ രണ്ടായി പിളരുക തുടങ്ങിയവ ഉദാഹരണം. ഇത്തരം അത്ഭുതകൃത്യങ്ങളൊന്നും മാരണങ്ങളിലൂടെയോ ഇന്ദ്രജാലത്തിലൂടെയോ സാധ്യമല്ല. മുസ് ലിം തത്ത്വചിന്തകന്‍മാരുടെ വീക്ഷണപ്രകാരം മാരണവും മുഅ്ജിസത്തും തമ്മിലുള്ള വ്യത്യാസം ഇതാണ്: മുഅ്ജിസത്ത് നല്ല കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കപ്പെടുന്നത്. മാരണം ചീത്തകാര്യങ്ങള്‍ക്കും.

എന്നാല്‍ മേല്‍ വിശദീകരണങ്ങള്‍ കൊണ്ടൊന്നും സംശയത്തിന്റെ ശരിയായ കുരുക്ക് നീങ്ങിപ്പോകുന്നില്ല എന്നതാണ് വസ്തുത. ഒരാള്‍ തന്റെ അവകാശവാദങ്ങള്‍ സ്ഥാപിക്കുന്നതിന് വേണ്ടി അസാധാരണമായ അത്ഭുതകൃത്യം പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് ചതിയാണോ, കണ്‍കെട്ടാണോ , ദൈവികമായ അടയാളമാണോ, സാധാരണപ്രവൃത്തിയാണോ, മഹാസംഭവമാണോ എന്ന് തുടങ്ങിയുള്ള ചര്‍ച്ചകള്‍ പ്രശ്‌നം സങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്. കാരണം, പ്രത്യക്ഷത്തില്‍ ഈ അത്ഭുതകൃത്യങ്ങള്‍ക്കിടയില്‍ കാര്യമായ അന്തരങ്ങളൊന്നും തന്നെയില്ല. അതുപോലെ ഈ ശക്തി നന്‍മക്ക് വേണ്ടിയാണോ ചെലവഴിക്കപ്പെട്ടത്? അതോ തിന്‍മക്ക് വേണ്ടിയോ? മൂന്നാമതൊരു മാര്‍ഗം അതിനില്ലേ? ഇത്യാദി ചര്‍ച്ചകളൊക്കെ അപ്രസക്തങ്ങളാണ്. മെസ്‌മെറൈസര്‍പോലും കഴിവുകൊണ്ട് രോഗം സുഖപ്പെടുത്താറുണ്ട്. അത് നല്ല കാര്യമാണല്ലോ. അതിനാല്‍ അതിനെ മുഅ്ജിസത്ത ്എന്ന് വിൡക്കാന്‍ പറ്റുമോ?

വാസ്തവത്തില്‍, മുഅ്ജിസത്തിനും മറ്റ് അത്ഭുതകൃത്യങ്ങള്‍ക്കുമിടയില്‍ സുപ്രധാനമായ രണ്ട് വ്യത്യാസങ്ങളുണ്ട്. മുഅ്ജിസത്ത് ദൈവത്തിന്റെ നേരിട്ടുള്ള പ്രവൃത്തിയാണ്. മറ്റുള്ള അത്ഭുതകൃത്യങ്ങള്‍ വ്യക്തിപരവും മനഃശാസ്ത്രപരവുമായ കാരണങ്ങള്‍കൊണ്ട് ഉണ്ടാകുന്നതാണ്. രണ്ടാമതായി, ദൈവിക സന്ദേശത്തിന്റെ എതിരാളികളെ തോല്‍പിക്കുക, പ്രവാചകന്‍മാരുടെ കരങ്ങള്‍ക്ക് ശക്തിപകരുക, സത്യവിശ്വാസികളെ സംരക്ഷിക്കുക ഇവയൊക്കെയായിരിക്കും മുഅ്ജിസത്തിന്റെ ലക്ഷ്യം. കളിയും വിനോദവും മായാജാല പ്രകടനവും അതിന്റെ ലക്ഷ്യമായിരിക്കുകയില്ല. മാരണക്കാരും മായാജാലക്കാരും അത്ഭുതപ്രകടനങ്ങള്‍ നടത്തുമ്പോള്‍ ജീവിതവിശുദ്ധിയെയും സദുദ്ദേശ്യത്തെയും മനസ്സിന്റെ പരിശുദ്ധിയെയും ദൈവികനിയമ പ്രബോധനത്തെയും മനഃസംസ്‌കരണത്തെയും സംബന്ധിച്ച അവകാശവാദങ്ങളൊന്നും നടത്താറില്ല.

എന്നാല്‍ പ്രവാചകന്‍മാരുടെ കളങ്കരഹിതമായ ജീവിതവും സ്വഭാവവിശുദ്ധിയും പവിത്രമായ മാര്‍ഗങ്ങളും പ്രവാചകന്‍മാരുടേത് മാത്രമായ ഇതരഗുണവിശേഷങ്ങളും അവരുടെ പ്രവാചകത്വത്തെ വിളിച്ചോതുന്നുണ്ട്. ഓരോ കാല്‍വെപ്പിലും ദൈവം അവര്‍ക്ക് ശക്തി പകരുന്നുണ്ട്. അവരുടെ സത്യപ്രബോധനം സമൂഹങ്ങളിലും ജനപദങ്ങളിലും ആത്മീയവിപ്ലവം സൃഷ്ടിക്കുന്നു. അവരുടെ സത്യസന്ധതക്കും വിശ്വസ്തതക്കും അവരുടെ ജീവചരിത്രത്തിന്റെ ഓരോ അക്ഷരവും സാക്ഷ്യം വഹിക്കുന്നുണ്ട്. സ്വര്‍ണത്തിലും വെള്ളിയിലുമല്ല മനഷ്യമനസ്സുകളിലാണ് അവര്‍ സത്യത്തിന്റെയും വിശുദ്ധിയുടെയും മുദ്രകള്‍ പതിച്ചത്. മാരണക്കാരനും ജാലവിദ്യക്കാരനും ഒരു വസ്തുവിന്റെ ഗുണം മാറ്റാന്‍ കഴിഞ്ഞെന്നുവരാം. എന്നാല്‍ അവിശ്വാസിയെ വിശ്വാസിയും അധര്‍മചാരിയെ ധര്‍മചാരിയും താന്തോന്നിയെ സൂക്ഷ്മതാശാലിയും പിശുക്കനെ ഉദാരമതിയും പരുക്കനെ മൃദുലഹൃദയനും പാമരനെ പണ്ഡിതനുമാക്കാന്‍ സാധിക്കുകയില്ല. ഇരുമ്പിന് തനിത്തങ്കത്തിന്റെ രൂപം നല്‍കാന്‍ സാധിക്കുമെങ്കിലും ക്ലാവ് പിടിച്ച മനസ്സിനെ തെളിമയുള്ളതാക്കാന്‍ അവര്‍ക്ക് സാധിക്കുകയില്ല.

ബാഹ്യമായ സാദൃശ്യം പ്രവാചകന്‍മാര്‍ക്കും മാരണക്കാര്‍ക്കുമിടയില്‍ മാത്രമല്ല, ഉള്ളത്. ലോകത്തിലെ സകല കാര്യങ്ങള്‍ക്കും അവയുടെ വിപരീതങ്ങളുമായി ഇത്തരം സാദൃശ്യങ്ങള്‍ കാണാം. മനഷ്യന്റെ വിവേചനശക്തിക്ക് പലപ്പോഴും അവയെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിയാതെ വരും. എന്നാല്‍ ഉള്‍ക്കാഴ്ചയുള്ളവന്‍ ബാഹ്യമായ സാദൃശ്യങ്ങള്‍കൊണ്ട് വഞ്ചിതരാവുകയില്ല. അവയ്ക്കിടയിലെ അന്തരം അവര്‍ പെട്ടെന്ന് തിരിച്ചറിയും. പ്രവാചകന്‍ തന്റെ മുഅ്ജിസത്തും ജാലവിദ്യക്കാരന്‍ തന്റെ കണ്‍കെട്ടുവിദ്യകളും പ്രദര്‍ശിപ്പിക്കുമ്പോള്‍ വിസ്മയചകിതരാകുന്ന സാധാരണക്കാര്‍ രണ്ടും ഒന്നാണെന്ന് ധരിച്ചുപോവുക സ്വാഭാവികമാണ്. എന്നാല്‍ യാഥാര്‍ഥ്യം മറനീക്കിപുറത്തുവരുമ്പോള്‍ അവര്‍ക്ക് ബോധ്യമാവും രണ്ടുപേരും ഒരുപോലെയല്ലാ എന്ന്. ഒരാള്‍ ധര്‍മത്തിന്റെ പൂര്‍ണരൂപമാണ്, വിശുദ്ധിയുടെ മാലാഖയാണ്. ശരീഅത്തിന്റെ പാലകനാണ്. പാപങ്ങളുടെ ചികിത്സകനാണ്, ഹൃദയങ്ങളുടെ വൈദ്യനാണ്. മറ്റെയാളാവട്ടെ, കേവലം കളിക്കാരനും അനുകര്‍ത്താവും മാത്രമാകുന്നു.

മുറിവൈദ്യനും പഠിച്ച ഡോക്ടര്‍ക്കും, പട്ടാളക്കാരനും പട്ടാളമേധാവിക്കും, പകര്‍പ്പുകാരനും പണ്ഡിതനും, കപടഭക്തനും യഥാര്‍ഥഭക്തനും, സ്വൂഫിക്കും കള്ളസ്വൂഫിക്കും ഇടയിലുള്ള വ്യത്യാസങ്ങള്‍ വകതിരിച്ച് മനസ്സിലാക്കുവാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞെന്നുവരില്ല എന്നാല്‍ ഇരുകൂട്ടരുടെയും ഗുണങ്ങളും ലക്ഷണങ്ങളും താരതമ്യം ചെയ്ത് നോക്കിയാല്‍ ഇരുളും വെളിച്ചവും പോലെ അവര്‍ക്കിടയിലുള്ള വ്യത്യാസം പ്രകടമായിക്കാണാന്‍ സാധിക്കുകയുംചെയ്യും. ‘മുക്കും പൊന്നും തിരിച്ചറിയാന്‍ ഉരക്കല്ല് വേണം നല്ലതുംതിയ്യതും തിരിച്ചറിയാന്‍ കണ്ണ് തുറക്കണം’ എന്ന് മൗലാനാ ജലാലുദ്ദീന്‍ റൂമി തന്റെ മസ്‌നവിയില്‍ കുറിക്കുന്നുണ്ട്.

ഇപ്പോള്‍ ഒരൊറ്റ സംശയമേ അവശേഷിക്കുന്നുള്ളൂ. അത്ഭുതകാര്യങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്നവര്‍ക്ക് തങ്ങളുടെ ആ കഴിവിന്റെ മുഖം അനായാസം ഉദ്ദേശിച്ചവഴിക്ക് തിരിച്ചുവിടാമല്ലോ എന്നതാണത്. അതായത്, ജാലവിദ്യക്കാരന് അയാളുടെ ജാലവിദ്യാവൈഭവത്തെ ജനങ്ങളുടെ ധാര്‍മികസംസ്‌കരണത്തിലേക്ക് തിരിച്ചുവിടാമല്ലോ. ബുദ്ധിപരമായി ഇത് അസാധ്യമല്ല എന്നത് ശരിതന്നെ. എന്നാല്‍ ബുദ്ധിപരമായ സാധ്യതയും പ്രായോഗികമായ സാധ്യതയും ഒന്നല്ല. ഏത് മനുഷ്യനും ചക്രവര്‍ത്തിയാവാം എന്നത് യുക്തിപരമായ സാധ്യതയാണ്. ഏത് മനുഷ്യനും അയാള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ ഏറ്റവും വലിയ പണ്ഡിതനാകാന്‍ കഴിയുമെന്നതും അങ്ങനെത്തന്നെ. പക്ഷേ , ഫലത്തില്‍ അങ്ങനെയൊന്നും സംഭവിക്കുന്നില്ല.

അതിനാല്‍ ജാലവിദ്യക്കാരന്‍ ഒരു വിനോദപ്രകടനക്കാരന്‍ മാത്രമാണ്. സംസ്‌കരണവും സ്വഭാവശുദ്ധീകരണവും ലോകോദ്ധാരണവും അയാളുടെ കഴിവില്‍ പെട്ടതല്ല. അതുകൊണ്ടാണ് ഒരു ജാലവിദ്യക്കാരനും ലോകോദ്ധാരണദൗത്യം ഏറ്റെടുത്തിട്ടില്ലാത്തത്. എന്നാല്‍ പ്രവാചകന്‍ തന്റെ അത്ഭുതകൃത്യങ്ങളിലൂടെ ലോകത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കുന്നു. തിന്‍മയുടെ മുള്ളുകള്‍ നീക്കംചെയ്ത് നന്‍മയുടെ പൂക്കളും സുഗന്ധവും കൊണ്ട് അവര്‍ ലോകത്തെ സുന്ദരസുരഭിലമാക്കുന്നു.

Topics