വിശ്വാസം-ലേഖനങ്ങള്‍

ആദര്‍ശം പാരമ്പര്യമായി ലഭിക്കേണ്ടതോ?

പാരമ്പര്യമല്ല സത്യത്തെ പ്രതിനിധീകരിക്കുന്നതെന്ന യാഥാര്‍ഥ്യം പ്രവാചകന്‍മാരുടെ കുടുംബകഥകള്‍ പറഞ്ഞുകൊണ്ട് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. പാരമ്പര്യകൂട്ടായ്മകളായ മതസമുദായങ്ങളില്‍ ഏറ്റക്കുറച്ചിലുകളോടെ അരുതായ്മകളും അക്രമങ്ങളും കാണാം. സാക്ഷാല്‍ കള്ളന്‍മാരും കൊള്ളക്കാരും കൊലയാളികളും എല്ലാ സമുദായങ്ങളിലുമുള്ളതുപോലെ പാരമ്പര്യ മുസ്‌ലിംസമുദായത്തിലുമുണ്ട്. കാരണം, സമുദായം എന്നത് പാരമ്പര്യകൂട്ടായ്മയാണ്. എന്നാല്‍ മുഹമ്മദ് നബി പ്രബോധനം ചെയ്ത് വളര്‍ത്തിയെടുത്ത കൂട്ടായ്മയില്‍ കള്ളന്‍മാരും കൊള്ളക്കാരും കൊലയാളികളുമുണ്ടായിരുന്നില്ല. കാരണം, അതൊരു പാരമ്പര്യ കൂട്ടായ്മ അല്ലായിരുന്നു. അവിടെ ഇസ് ലാം ആകുന്ന ദൈവിക ദര്‍ശനത്തെ തെരഞ്ഞെടുത്തവരുടെ ഒരു സമൂഹം രൂപപ്പെടുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ അവിടെ ഇസ്‌ലാം ഒരു സമൂഹത്തിന് തെളിവായി, ഒരു പ്രത്യേക സമുദായത്തില്‍ ജനിച്ചുപോയവരൊക്കെയും സത്യത്തെയും ധര്‍മത്തെയും പ്രതിനിധീകരിക്കും എന്ന് വന്നാല്‍ ഏറ്റവും നല്ല കര്‍മങ്ങള്‍ ചെയ്യുന്നവര്‍ ആരാണെന്ന് പരീക്ഷിക്കാനാണ് ദൈവം ജീവിതമരണങ്ങള്‍ സൃഷ്ടിച്ചതെന്ന ഖുര്‍ആന്റെ അധ്യാപനം അര്‍ഥശൂന്യമാകും.

സത്യം തെരഞ്ഞെടുത്തവരുടെ കൂട്ടായ്മയുടെ തുടര്‍ച്ചയില്‍ ക്രമേണ പാരമ്പര്യം കടന്നുവരുമ്പോള്‍ സ്വാഭാവികമായും ജീര്‍ണതകള്‍ വന്നുചേരും. അപ്പോഴാണല്ലോ പ്രവാചകന്‍മാരോ നവോത്ഥാനനായകന്‍മാരോ കടന്നുവന്ന് സത്യത്തിന്റെ പ്ലാറ്റ്‌ഫോം ശക്തിപ്പെടുത്തുന്നത്. അന്ത്യപ്രവാചകനുശേഷം തീര്‍ച്ചയായും നവോത്ഥാന നായകന്‍മാരും നവോത്ഥാനപ്രസ്ഥാനങ്ങളുമാണീ ദൗത്യം നിര്‍വഹിക്കുന്നത്. പാരമ്പര്യത്തിന്റെ ജീര്‍ണതകളെ പ്രമാണങ്ങളുടെ പിന്‍ബലത്തോടെ തിരുത്തി രൂപപ്പെടുന്ന കൂട്ടായ്മയിലെ അംഗത്വം പാരമ്പര്യമായി ഉണ്ടാവുന്നതല്ല., തെരഞ്ഞെടുപ്പിലൂടെ ഉണ്ടാവുന്നതാണ്. പ്രസ്തുത പ്ലാറ്റ്‌ഫോമിനെ ശക്തിപ്പെടുത്തലാണ് കാലഘട്ടത്തിന്റെ ആവശ്യം.

മുന്‍കഴിഞ്ഞ പ്രവാചകന്‍മാരുടെ കാലശേഷം നിലനിന്ന സമൂഹം ക്രമേണ പാരമ്പര്യത്തിന്റെ ജീര്‍ണതകള്‍ പേറുമ്പോള്‍ അതിലിടപ്പെട്ട് പുതുതായി കടന്നുവരുന്ന പ്രവാചകന്‍മാരെ ജനം കല്ലെറിഞ്ഞിട്ടുണ്ട്. അതുപോലെ, അന്ത്യപ്രവാചകനുശേഷം മുസ്‌ലിംസമൂഹത്തിലുണ്ടായ പാരമ്പര്യജീര്‍ണതകളെ ചോദ്യം ചെയ്ത് രൂപപ്പെടുന്ന ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളെ കല്ലെറിയുന്നിടത്ത് ലോക തലത്തില്‍തന്നെ മുസ്‌ലിം പാരമ്പര്യസമുദായം മുന്‍പന്തിയിലുണ്ട് എന്നത് സ്വാഭാവികമാണ്. ഇസ്‌ലാമിനെ തെറ്റായി പ്രതിനിധീകരിക്കുന്ന ഒരു സമുദായം നിലനില്‍ക്കേ ഇസ്‌ലാമിലേക്കുള്ള മാറ്റത്തിലും കൈകാര്യത്തിലും ആ പിഴവുകള്‍ സംഭവിക്കാം. അത്തരം പിഴവുകള്‍ ഇസ്‌ലാമിനെ സംബന്ധിച്ച തെറ്റുധാരണകള്‍ ശക്തിപ്പെടാനേ ഉപകരിക്കൂ.

മതം മാറിയതിന്റെ പേരില്‍ ഒരുകാലത്ത് വിവാദമായ ആതിര ആയിഷയായി പിന്നെയും ആതിരയായതിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍, താന്‍ സ്വീകരിച്ച ‘മതം’ സ്വീകരിക്കാത്ത തന്റെ മാതാപിതാക്കളോട് വെറുപ്പ് തോന്നിയതായി പറയുന്നുണ്ട്. താന്‍ സ്വീകരിച്ച മതം സ്വീകരിക്കാത്തതിന്റെ, സ്വന്തം മാതാപിതാക്കളോട് വെറുപ്പ് തോന്നിയ ആതിരയെ ഇസ്‌ലാമിന്റെ പേരില്‍ ഈ ചിന്താഗതി പഠിപ്പിച്ചതാരാണ്? ഇസ്‌ലാമിന്റെ ഏത് പ്രമാണമാണ് ഇത് പഠിപ്പിക്കുന്നത്?

തന്റെ സമൂഹം വിശ്വാസം സ്വീകരിക്കാതെ വഴിതെറ്റി ജീവിക്കുന്നതുകണ്ട് സ്വന്തം ജീവന്‍ കളയുമാറ് മനംനൊന്ത പ്രവാചകനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്(26:3). തന്റെ ജന്‍മനാട്ടില്‍നിന്ന് ശത്രുക്കളുടെ എതിര്‍പ്പുകാരണം ‘ദേശത്യാഗം’ (ഹിജ്‌റ) ചെയ്യേണ്ടിവന്ന പ്രവാചകന്‍ മദീനയിലായിരിക്കെ മക്കയിലെ തന്റെ ജനത വരള്‍ച്ചമൂലം പ്രയാസമനുഭവിക്കുന്നു എന്നറിഞ്ഞപ്പോള്‍ റിലീഫ് സംഘങ്ങളെ മക്കയിലേക്കയക്കുകയാണ് ചെയ്യുന്നത്. ശത്രുക്കളോട് പോലും കാരുണ്യം കാണിക്കുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ പ്രവാചകജീവിതത്തിലുണ്ട്. ശത്രുക്കളോടുപോലും കാരുണ്യം കാണിക്കുന്ന പ്രവാചകന്‍ പഠിപ്പിച്ച ഇസ്‌ലാമും, താന്‍ സ്വീകരിച്ച മതം സ്വീകരിക്കാത്തതിന്റെ പേരില്‍ സ്വന്തം മാതാപിതാക്കളോട് വെറുപ്പ് തോന്നിയ ആതിര പഠിച്ച ഇസ്‌ലാമും തമ്മില്‍ അന്തരമുണ്ട്. വിശ്വാസം സ്വീകരിക്കുന്നതോടെ വീട് വിടാനും നാട് വിടാനുമൊക്കെ ആതിരമാരെ പഠിപ്പിക്കുന്നതാരാണ്?

ജി.കെ. എടത്തനാട്ടുകര

Topics