വിശ്വാസം-ലേഖനങ്ങള്‍

അന്ധകാരത്തിലെ കടവാവലുകള്‍

പ്രകാശത്തെ ഭയക്കുന്ന, അന്ധകാരത്തെ പ്രണയിക്കുന്ന ജീവികളാണ് കടവാവലുകള്‍. സത്യത്തിന്റെ പ്രകാശം സൂര്യകിരണങ്ങളേക്കാള്‍ ശോഭയേറിയതാണ് അതിനാല്‍ തന്നെ വാവലുകളുടെ കണ്ണുള്ളവര്‍ക്ക് ആ പ്രകാശത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്ന് വരില്ല എന്ന് ഇബ്‌നുല്‍ ഖയ്യിം വ്യക്തമാക്കിയിരിക്കുന്നു.

സമൂഹത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരും ചിന്തകന്മാരും സത്യത്തിന്റെ പ്രകാശത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ്. അന്ധകാരത്തില്‍ പ്രകാശം ദര്‍ശിക്കുകയും, സത്യനിഷേധത്തിന്റെ രാഷ്ട്രങ്ങളെ പ്രകാശം നിറഞ്ഞ നാടുകളായി വിലയിരുത്തുകയും ചെയ്യുന്നു അവര്‍.

അവരെ സംബന്ധിച്ചിടത്തോളം അവ പ്രകാശഗോപുരം തന്നെയാണ്! കാരണം വാവലുകളുടെ വിശേഷണം സ്വീകരിച്ചവര്‍ക്ക് വെളിച്ചമുള്ളപ്പോള്‍ എന്ത് കാണാനാണ്! പക്ഷെ ഇരുട്ടില്‍ അവര്‍ എല്ലാം കാണുകയും ചെയ്യുന്നു. അപ്പോള്‍ പിന്നെ ഇരുട്ട് തന്നെയല്ലേ അവരുടെ പ്രകാശം.

സമൂഹത്തിലെ പരിഷ്‌കാരികള്‍ എന്ന് അറിയപ്പെടുന്നവര്‍ മനുഷ്യന്റെ ദൗര്‍ബല്യത്തെയാണ് ശക്തിയെന്ന് വിലയിരുത്തുന്നത്. തദടിസ്ഥാനത്തില്‍ ദുര്‍ബലമായ ചിലന്തിവല നെയ്‌തെടുക്കുന്നു അവര്‍. തങ്ങളുടെ വല സുരക്ഷിതവും ഭദ്രവുമായ പടച്ചട്ടയാണെന്ന് അവര്‍ ധരിക്കുകയും ചെയ്യുന്നു!

ഏതാനും ചില പ്രാണികള്‍ ആ വലയില്‍ വീഴുകയും ചിലന്തി അവയെ കൈകാര്യം ചെയ്യുകയും ചെയ്‌തേക്കാം. ദുര്‍ബലനായ പ്രാണിക്ക് ചിലന്തിവല അല്‍പം ശക്തിയുള്ള കെണിയായി അനുഭവപ്പെട്ടേക്കാം. പക്ഷേ ആ വലയുടെ ദൗര്‍ബല്യം അല്‍പം ബുദ്ധിയും തന്റേടവും ഉള്ള ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതേയുള്ളൂ. ചെറിയ കുഞ്ഞിന് പോലും തന്റെ കൈകൊണ്ട് വലിച്ച് കീറാന്‍ സാധിക്കുന്ന കെണിയാണ് അത്. അവന്‍ തന്റെ പന്ത് എറിയുന്നതോടെ അത് പൊളിഞ്ഞ് താഴേക്ക് തൂങ്ങുന്നു.

വെളിച്ചത്തെ എതിരേല്‍ക്കാനുള്ള ശേഷി കടവാവലുകള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ പകല്‍ സമയങ്ങളില്‍ അവ അപ്രത്യക്ഷമാണ്. എന്നാല്‍ ഇരുട്ട് പരക്കുന്നതോടെ അവ പുറത്തേക്കിറങ്ങുന്നു. പറക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു.

കണ്ണിന് രോഗം ബാധിച്ചവനോട് വെളിച്ചമുള്ളിടത്ത് കടക്കരുതെന്ന് നിര്‍ദേശിക്കപ്പെടുന്നു. അത് സൂര്യന്റെയോ, പ്രകാശത്തിന്റെയോ കുഴപ്പം കൊണ്ടല്ല, മറിച്ച് രോഗിയുടെ കണ്ണിലെ രോഗം കാരണമാണ്.
സുഗന്ധം വാസനിക്കരുതെന്ന് രോഗി ഉപദേശിക്കപ്പെട്ടേക്കാം. സുഗന്ധത്തിന്റെ കുഴപ്പം കൊണ്ടല്ല മറിച്ച് രോഗിയുടെ കുഴപ്പം കൊണ്ടാണ് അത്.

ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകം അമേരിക്കയെന്ന് ഇവരില്‍ ചിലര്‍ പ്രഖ്യാപിക്കുന്നു. പ്രകൃതി ദുരന്തങ്ങളെപ്പോലും മാറ്റി മറിക്കാന്‍ അമേരിക്കക്ക് കഴിവുണ്ടെന്ന് അവര്‍ തട്ടിവിടുന്നു. പ്രകൃതിവിത്തുകളെ വെല്ലുവിളിക്കാന്‍ ശേഷിയുണ്ടത്രെ ആ രാഷ്ട്രത്തിന്!

കണ്ണിനും ഹൃദയത്തിനും രോഗം ബാധിച്ചവരുടെ വിധിയെഴുത്താണ് ഇത്. അവര്‍ സ്വയം വഴിതെറ്റുകയും മറ്റുള്ളവരെ തെറ്റിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥ സൂര്യന്‍ അവരുടെ കണ്‍വെട്ടങ്ങളില്‍ ദൃശ്യമാകുന്നില്ല. ഹൃദയത്തില്‍ കാപട്യം കൂടുകൂട്ടിയതിനാലാണത്. അവരുടെ പൂര്‍വികരാണ് അഹ്‌സാബ് യുദ്ധവേളയില്‍ തിരുമേനി(സ)യോട് ചോദിച്ചത് : ‘താങ്കള്‍ എങ്ങനെയാണ് ഞങ്ങള്‍ക്ക് കിസ്‌റായുടെയും ഖൈസറിന്റെയും നിധി വാഗ്ദാനം ചെയ്യുക! ഞങ്ങള്‍ക്ക് ധൈര്യമായി വെളിക്കിരിക്കാന്‍ പോലും സാധിക്കുന്നില്ലല്ലോ!’
്അവര്‍ തന്നെയാണ് പറഞ്ഞത് : ‘അല്ലാഹുവും അവന്റെ ദൂതനും നമ്മോട് ചെയ്ത വാഗ്ദാനം വെറും വഞ്ചന മാത്രമാണെന്ന് കപടവിശ്വാസികളും മനസ്സിന് ദീനം ബാധിച്ചവരും പറഞ്ഞ് കൊണ്ടേയിരുന്നു’ (അല്‍അഹ്‌സാബ് 12)
ഇബ്‌നു കഥീര്‍ പറയുന്നു: ‘കപടവിശ്വാസികളുടെ കാപട്യം പുറത്തേക്ക് പ്രകടമായി. എന്നാല്‍ ഹൃദയത്തില്‍ സംശയവും ദൗര്‍ബല്യവും ഉണ്ടായിരുന്നവരെ ഇവരുടെ ദുര്‍ബോധനങ്ങള്‍ സ്വാധീനിച്ചു’.

അബ്ദുര്‍റഹീം സഹീം

Topics