ഇസ്‌ലാം സ്വീകരിക്കുന്നതോടെ മാതാപിതാക്കളുമായും മറ്റു ബന്ധുക്കളുമായുള്ള മാനസിക ബന്ധങ്ങള്‍ എങ്ങനെയായിരിക്കണം എന്ന് ഖുര്‍ആനും പ്രവാചകനും പഠിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കളോട് രണ്ട് കാര്യങ്ങളിലൊഴിച്ച് എല്ലാ കാര്യങ്ങളിലും ഏറ്റവും നല്ല നിലയില്‍ സഹവസിക്കണം എന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. അതിലൊന്ന് വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ കാണാം:
‘വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നടത്തി ദൈവത്തിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും ശരി, കക്ഷി ധനികനോ ദരിദ്രനോ എന്ന് നോക്കേണ്ടതില്ല'(അന്നിസാഅ് 135).
നീതി നടപ്പാക്കുന്നിടത്ത് കുടുംബബന്ധങ്ങളുടെ പേരില്‍ പക്ഷപാതിത്തം പാടില്ല. അതുകൊണ്ടാണ്, ‘മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിക്കുന്നതെങ്കില്‍ അവളുടെ കരം ഞാന്‍ ഛേദിക്കുക തന്നെ ചെയ്യും’ എന്ന് നബി (സ) പ്രഖ്യാപിച്ചത്. മാതാപിതാക്കളെ അനുസരിക്കേണ്ടതില്ലാത്ത രണ്ടാമത്തെ കാര്യം ഖുര്‍ആനിലൂടെ ദൈവം പഠിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘മാതാപിതാക്കളോട് നന്‍മ ചെയ്യണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. നിനക്കറിയാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവര്‍ നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ നീ അവരെ അനുസരിക്കരുത്. എന്റെ അടുത്തേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റിയെല്ലാം നിങ്ങളെ നാം വിശദമായി വിവരമറിയിക്കും'(അല്‍ അന്‍കബൂത് 8).
വിശ്വാസം സ്വീകരിക്കുന്നവരെ കുടുംബങ്ങളില്‍ നിന്നടര്‍ത്തിമാറ്റി നാട് വിടാനല്ല, കുടുംബങ്ങളോട് ചേര്‍ന്നുനിന്ന് മാനവിക ബാധ്യതകള്‍ നിറവേറ്റാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാം സ്വീകരിക്കുന്നതോടെ സ്വന്തം മാതാപിതാക്കളെ ഹൃദയത്തോട് ചേര്‍ത്ത് സംരക്ഷിക്കാനാണ് ഇസ്‌ലാമിന്റെ ആഹ്വാനം.
ഖുര്‍ആന്‍ വീണ്ടും പറയുന്നു: ‘ദീനിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ നിങ്ങളുടെ വീടുകളില്‍നിന്ന് ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്‍മ ചെയ്യുന്നതും നീതികാണിക്കുന്നതും ദൈവം വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും ദൈവം ഇഷ്ടപ്പെടുന്നു'(അല്‍മുംതഹിന 8).
നൊന്ത് പ്രസവിച്ച മാതാവിനെയും പോറ്റിവളര്‍ത്തിയ പിതാവിനെയും ഇട്ടെറിഞ്ഞ് വീടും നാടുംവിട്ട് പോകാന്‍ പഠിപ്പിക്കുന്ന ഇസ്‌ലാമേതാണ്? മാനവികതയുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് താന്‍ നിയോഗിതനായത് എന്ന് പഠിപ്പിക്കുന്ന നബിയുടെ പാത പിന്‍പറ്റുന്നവര്‍ സകല മാനവിക മൂല്യങ്ങളെയും ബന്ധങ്ങളെയും കാത്ത് സൂക്ഷിക്കേണ്ടവരാണ്. ഇസ് ലാമിന്റെ ഈ അടിസ്ഥാന മാനവികാധ്യാപനങ്ങളെ മറന്നുകൊണ്ട് നടക്കുന്ന ‘കേവല മതംമാറ്റങ്ങള്‍’ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല.
‘ജനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കപ്പെട്ട ഒരു ഉത്തമ സമൂഹമാണ് നിങ്ങള്‍ ‘ (ആലുഇംറാന്‍ 110) എന്ന് വിശ്വാസികളെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത്, ഇസ്‌ലാമിക സമൂഹം വലിയൊരു ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവരാണെന്ന അര്‍ഥത്തിലാണ്. സമുദായത്തിന്റെ കേവല അവകാശവാദങ്ങള്‍ക്ക് വേണ്ടി എന്നതിനേക്കാള്‍, ജനങ്ങളോടുള്ള ബാധ്യതകള്‍ നിറവേറ്റാന്‍ കടപ്പെട്ടവരാണ് വിശ്വാസികള്‍.
ഏതൊരു ദര്‍ശനത്തെക്കാളും മനുഷ്യനെ മനുഷ്യനായി ജീവിക്കാന്‍ പ്രാപ്തനാക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം എന്ന യാഥാര്‍ഥ്യം ആര്‍ക്കും നിഷേധിക്കാനാവുകയില്ല. മതംമാറ്റ സംബന്ധമായ ചര്‍ച്ചകള്‍ക്കിടയില്‍ ‘ഇസ ്‌ലാമില്‍ എന്തോ ഒരു ആന്തരിക ചൈതന്യമുണ്ടെന്ന് ‘ മന്ത്രി ജി . സുധാകരന്‍ പറഞ്ഞതു വെറുതെയല്ല എന്നര്‍ഥം. ഇസ്‌ലാമിന്റെ ഈ മാനവികമായ ആന്തരിക ചൈതന്യത്തെ വീണ്ടെടുത്ത് ജീവിതത്തിന്റെ നിഖിലമേഖലകളിലും പ്രതിനിധീകരിക്കലാണ് ഇസ്‌ലാമികസമൂഹത്തിന്റെ പ്രാഥമികദൗത്യം. അതുകൊണ്ടുതന്നെ, ‘മുസ്‌ലിം ഐക്യം ‘ എന്ന വര്‍ത്തമാനത്തേക്കാള്‍ ‘മുസ്‌ലിം ദൗത്യം ‘ എന്ന വര്‍ത്തമാനത്തിന് ഇന്ന് പ്രസക്തിയേറിയ സന്ദര്‍ഭമാണിത്.
ജി.കെ.എടത്തനാട്ടുകര
Add Comment