സ്വതന്ത്രമായി സൃഷ്ടിക്കപ്പെടുന്ന മനുഷ്യന്‍ സത്യത്തിലേക്കെത്തുന്നത് തെരഞ്ഞെടുപ്പിലൂടെയാണെന്നാണ് ഖുര്‍ആന്റെ അധ്യാപനം. അതുകൊണ്ടാണ് സത്യത്തെ പ്രതിനിധീകരിച്ച പ്രവാചകന്‍മാരെ മാത്രമല്ല, അവരുടെ കുടുംബങ്ങളില്‍ അസത്യത്തെ പ്രതിനിധീകരിച്ചവരെയും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. വിശുദ്ധഖുര്‍ആന്‍ പേരെടുത്തുപറയുന്ന ഇരുപത്തിയഞ്ച് പ്രവാചകന്‍മാരില്‍ രണ്ട് മഹാപ്രവാചകന്‍മാരുടെ ഭാര്യമാരെ അസത്യത്തിന്റെ വക്താക്കള്‍ക്ക് മാതൃകയായി അവതരിപ്പിക്കുന്നു. എന്നാല്‍ മഹാ അക്രമിയായ, അസത്യത്തിന്റെ തലതൊട്ടപ്പനായ ഫറോവയുടെ ഭാര്യയെ സത്യവിശ്വാസികള്‍ക്ക് മാതൃകയായും അവതരിപ്പിക്കുന്നു. അതിനര്‍ഥം സത്യത്തിന്റെ പ്രതിനിധാനം നടക്കുന്നത് കുടുംബപരമോ സാമുദായികമോ ആയിട്ടല്ല എന്നാണ്.
മാനവസമൂഹം ഒന്നടങ്കം ഒരേ മാതാപിതാക്കളുടെ മക്കളാണെന്ന് പഠിപ്പിക്കുന്ന ഖുര്‍ആന്‍ മൗലികമായി അഭിസംബോധന ചെയ്യുന്നത് മുഴുവന്‍ മനുഷ്യരെയുമാണ്. ഖുര്‍ആന്‍ പറയുന്നു: ‘അല്ലയോ മനുഷ്യരേ, നിങ്ങളുടെയും നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ സകലരുടെയും സ്രഷ്ടാവായ ദൈവത്തിന് വഴിപ്പെടുവിന്‍. അതുവഴി നിങ്ങള്‍ രക്ഷപ്പെട്ടേക്കാം'(അല്‍ബഖറ 21)
ഏതെങ്കിലും പ്രത്യേകസമുദായത്തിന്റെയോ കുലത്തിന്റെയോ ജാതിയുടെയോ ദൈവത്തെയല്ല, മുഴുവന്‍ മനുഷ്യരുടെയും സ്രഷ്ടാവായ ദൈവത്തെയാണ് വഴിപ്പെടേണ്ടതെന്നാണ് ഇവിടെ പറയുന്നത്. ഈ ദൈവവഴിയെ പ്രതിനിധീകരിച്ചവരാണ് പല കാലങ്ങളിലായി നിയോഗിതരായ പ്രവാചകന്‍മാര്‍. അവരിലൂടെ ലഭ്യമായ ദൈവികവെളിപാടുകളാണ് വേദങ്ങള്‍. ഖുര്‍ആന്‍ പറയുന്നു: ‘പരമകാരുണികനും ദയാപരനുമായ ദൈവത്തില്‍നിന്ന് അവതീര്‍ണമായതാണിത്'(ഫുസ്സിലത് 2)
‘പ്രവാചകരേ, ഈ ജനം താങ്കളെ കളവാക്കുന്നുവെങ്കില്‍ താങ്കള്‍ക്ക് മുമ്പും നിരവധി പ്രവാചകന്‍മാരെ അവര്‍ കളവാക്കിയിട്ടുണ്ട്. അവരൊക്കെയും വ്യക്തമായ തെളിവുകളും ഏടുകളും പ്രകാശം പരത്തുന്ന വേദപുസ്തകവുമായി വന്നവരായിരുന്നു.'(ആലുഇംറാന്‍ 124).
ഈ പറഞ്ഞതിനര്‍ഥം ഖുര്‍ആന്‍ മാത്രമല്ല, അതിനുമുമ്പും സത്യത്തെ പ്രതിനിധീകരിച്ച വേദഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ്. പ്രസ്തുത വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തിക്കൊണ്ട് ഖുര്‍ആനിലൂടെ ദൈവം വീണ്ടുംപറയുന്നു: ‘നാം താങ്കള്‍ക്ക് ബോധനമായി നല്‍കിയ വേദപുസ്തകം സത്യമാണ്. അതിനുമുമ്പുള്ള വേദങ്ങളെ ശരിവെക്കുന്നതും നിശ്ചയം ദൈവം തന്റെ ദാസന്‍മാരെക്കുറിച്ച് സൂക്ഷമമായി അറിയുന്നവനും എല്ലാം കാണുന്നവനുമാണ്.’
ഈ വചനങ്ങള്‍ വ്യക്തമാക്കുന്നത് മുന്‍കാല സമൂഹങ്ങളിലേക്കും ദൈവിക വേദങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ടെന്നും അവയുടെ തുടര്‍ച്ച മാത്രമാണ് ഖുര്‍ആന്‍ എന്നുമാണ്. അതായത്, ഖുര്‍ആന്‍ ബോധനം ചെയ്യുന്ന ദര്‍ശനം പുതിയതല്ല; ഏറ്റവും പഴയതാണ്. ഇവിടെ ഖുര്‍ആന്‍ വിരല്‍ചൂണ്ടുന്നത് സര്‍വമത സത്യത്തിലേക്കല്ല; സര്‍വവേദ സത്യത്തിലേക്കാണ്. എല്ലാ കാലത്തും സത്യത്തെ പ്രതിനിധീകരിച്ചത് പ്രവാചകന്‍മാരും വേദങ്ങളുമാണ്, സമുദായങ്ങളല്ല. ഇതിനടിവരയിട്ടുകൊണ്ട് ഖുര്‍ആന്‍ വീണ്ടും: ‘മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനായി അവരോടൊപ്പം സത്യവേദ പുസ്തകവും അവതരിപ്പിച്ചു ‘(അല്‍ബഖറ 213)
എന്നാല്‍ , സത്യവേദത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാതെ മനുഷ്യന്‍ ചെയ്ത ചില വിക്രിയകളിലേക്കും ഖുര്‍ആന്‍ വിരല്‍ ചൂണ്ടുന്നു. ‘അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് ദൈവത്തില്‍നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് നാശം! തുച്ഛമായ വിലവാങ്ങാനാണ് അവരത് ചെയ്യുന്നത്. തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ അവര്‍ക്ക് കൊടിയ ശിക്ഷയുണ്ട്.! അവര്‍ സമ്പാദിച്ചതു കാരണവും അവര്‍ക്ക് നാശം!’ (അല്‍ ബഖറ 79).
ഈ പറഞ്ഞതിനര്‍ഥം വേദങ്ങള്‍ എന്ന പേരില്‍ ദൈവികമായവയും മനുഷ്യനിര്‍മിതമായവയുമുണ്ട് എന്നാണ്. എന്ന് മാത്രമല്ല, മറ്റൊരു ഭാഗത്ത് ഖുര്‍ആന്‍ പറയുന്നു: ‘……..അവര്‍ വേദവാക്യങ്ങളില്‍ കൃത്രിമം കാണിക്കുന്നു. നാം നല്‍കിയ ഉദ്‌ബോധനങ്ങളില്‍ വലിയൊരു ഭാഗം മറന്നുകളയുകയും ചെയ്തു…’ (അല്‍മാഇദ: 13).
വേദങ്ങള്‍ എന്ന പേരില്‍ മനുഷ്യ നിര്‍മിതമായവയും , യഥാര്‍ഥ വേദവാക്യങ്ങള്‍ വളച്ചൊടിച്ച് ചില ഭാഗങ്ങള്‍ വിട്ടുകളഞ്ഞ് തെറ്റായി പ്രചരിപ്പിക്കപ്പെട്ടവയുമുണ്ട് എന്നര്‍ഥം. അതിനാല്‍ ഖുര്‍ആന്‍ സത്യപ്പെടുത്തിയ മുന്‍കാല വേദങ്ങള്‍ ഇവയല്ല. എന്നാല്‍, അവയില്‍ ചില സത്യങ്ങള്‍ അവശേഷിക്കുന്നുണ്ടുതാനും. അതുകൊണ്ടാണ് ഇന്നും ‘ഏകദൈവത്വം’ ഉദ്‌ഘോഷിക്കാത്ത വേദഗ്രന്ഥങ്ങള്‍ വിരളമായിപ്പോയത്. ദൈവിക വെളിപാട് സംബന്ധമായി മിക്ക വേദഗ്രന്ഥങ്ങളും എന്തെങ്കിലും പറയുന്നുണ്ട്. മനുഷ്യന്റെ മരണാനന്തര ജീവിതത്തെ സംബന്ധിച്ചും വേദങ്ങളില്‍ പരാമര്‍ശിക്കാതിരിക്കുന്നില്ല.
ആചാരാനുഷ്ഠാനങ്ങളില്‍ മുതല്‍ ധാര്‍മിക മൂല്യങ്ങളുടെ അധ്യാപനങ്ങളില്‍ വരെ വൈരുധ്യങ്ങളോടൊപ്പം ധാരാളം സമാനതകള്‍ വേദങ്ങളില്‍ കാണാം. ഈ സമാനതകളിലാണ് സത്യത്തെ കണ്ടെത്താനാവുക. അതുകൊണ്ടാണ് വേദക്കാരോട് ഇങ്ങനെ പറയാന്‍ പ്രവാചകനോട് ആജ്ഞാപിക്കുന്നത് : ‘പറയുക, വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്ക് വരിക'(ആലുഇംറാന്‍ 64)
തന്റെ സമുദായമാണ് ശരി എന്ന വാദത്തെ നിരാകരിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്നു: ‘സത്യവിശ്വാസം സ്വീകരിച്ചവരോ യഹൂദരോ ക്രൈസ്തവരോ സാബിഉകളോ ആരുമാകട്ടെ, ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകകയും ചെയ്യുന്നവര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതുമില്ല'(അല്‍ബഖറ 62).
സത്യത്തിന്റെ അഥവാ സന്‍മാര്‍ഗത്തിന്റെ പ്ലാറ്റ്‌ഫോം ഏതെങ്കിലും മതസമുദായമല്ല, ശരിയായ വിശ്വാസവും ശരിയായ കര്‍മവുമാണ് എന്ന യാഥാര്‍ഥ്യത്തെയാണ് ഖുര്‍ആന്‍ ഇവിടെ അടിവരയിടുന്നത്. ഈ വസ്തുത മനസ്സിലാക്കി ‘മനംമാറിയ’ ഒരാളെ തടയാന്‍ ഏത് നിയമത്തിനാണ് കഴിയുക? ‘മതംമാറ്റം’ നിരോധിക്കാം; പക്ഷേ മനംമാറ്റം നിരോധിക്കാനാകില്ല.
മൂസാനബിയെ നേരിടാന്‍ ഫറോവ നിയോഗിച്ച മായാജാലക്കാര്‍ സത്യം മനസ്സിലാക്കി മനംമാറിയതോടെ ജീവിതത്തോടും മരണത്തോടുമടക്കമുള്ള കാഴ്ചപ്പാടുകള്‍ അടിമുടി മാറുകയാണ് ചെയ്തത്. അതോടെ ഫറോവയുടെ വധഭീഷണിക്ക് അവര്‍ പുല്ലുവില കല്‍പിച്ചില്ല. ഫറോവ വാഗ്ദാനം ചെയ്ത ഭൗതിക സംരക്ഷണവും സൗകര്യങ്ങളും വേണ്ടെന്ന് വെച്ചു. ഈ ചരിത്രം പറഞ്ഞുതരുന്നത് അധികാരം കൊണ്ടും ശക്തികൊണ്ടും സത്യത്തെ അടിച്ചമര്‍ത്താനാവില്ല എന്നാണ്. ഇത്തരം ആദര്‍ശമാറ്റങ്ങളെ ‘കേവല മതംമാറ്റ’ങ്ങളായി കാണുന്നതാണ് അബദ്ധം. മായാജാലക്കാര്‍ ‘ഇസ്രായേല്യര്‍’ എന്ന മതസമുദായത്തിലേക്ക് മതംമാറുകയല്ല ചെയ്തത്്; മൂസാനബി പ്രബോധനംചെയ്ത സത്യപാതയിലേക്ക് മാറുകയാണ് ചെയ്തത്.
പ്രവാചകന്‍മാരുടെ പ്രബോധനം സ്വീകരിച്ചവരൊക്കെയും അതാണ് ചെയ്തത്. അബൂദര്‍റുല്‍ ഗിഫാരി തന്റെ ഗിഫാര്‍ ഗോത്രപാരമ്പര്യത്തില്‍ നിന്ന് പ്രവാചകന്റെ ഖുറൈശി ഗോത്രപാരമ്പര്യത്തിലേക്ക് ‘മതംമാറുക’യല്ല ചെയ്തത്. പ്രവാചകന്‍ പ്രബോധനംചെയ്ത ആദര്‍ശത്തിലേക്ക് മാറുകയാണ് ഉണ്ടായത്. അതോടെ ഒരാളുടെ ജീവിതമാണ് മാറുന്നത്; മാറേണ്ടത്. ഒരു സമുദായത്തില്‍നിന്ന് മറ്റൊരു സമുദായത്തിലേക്കുള്ള മാറ്റത്തെയാണിന്ന് ‘മതംമാറ്റം ‘എന്നതുകൊണ്ട് പൊതുവില്‍ മനസ്സിലാക്കുന്നത്. ഒരു ജീവിതവീക്ഷണത്തില്‍നിന്നും ജീവിതരീതിയില്‍നിന്നും ദൈവിക അധ്യാപനപ്രകാരമുള്ള മറ്റൊരു ജീവിതവീക്ഷണത്തിലേക്കും ജീവിതരീതിയിലേക്കുമുള്ള മാറ്റമാണ് ഖുര്‍ആന്‍ വിഭാവന ചെയ്യുന്ന പരിവര്‍ത്തനം അത് തെരഞ്ഞെടുക്കാന്‍ ഏത് സമുദായത്തിലും ജാതിയിലും രാജ്യത്തും ജനിച്ചവര്‍ക്കും സ്വാതന്ത്ര്യമുണ്ട്.
ജി.കെ.എടത്തനാട്ടുകര
Add Comment