വിശ്വാസം-ലേഖനങ്ങള്‍

മുഹര്‍റം: ശ്രേഷ്ഠതകള്‍

വിശ്വാസികള്‍ക്ക് അല്ലാഹുവിലേക്ക് അടുക്കാനും അവന്റെ സാമീപ്യം കരസ്ഥമാക്കാനും അല്ലാഹു പല അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്വാസികളുടെ ഏതരവസരത്തിലുമുള്ള വിളികളും പ്രാര്‍ത്ഥനകളും അല്ലാഹു ഇഷ്ടപ്പെടുന്നു. അവരുടെ ആ പ്രാര്‍ഥനകള്‍ക്ക് അല്ലാഹു പ്രത്യുത്തരം നല്‍കുകയും ചെയ്യും. എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങള്‍ വിശിഷ്ടമാക്കി അല്ലാഹു വിശ്വാസികള്‍ക്കു അവനിലേക്ക് അടുക്കുവാനുള്ള അവസരം നല്‍കുന്നു. റമദാന്‍ മാസം, ജുമുഅ ദിവസം, അറഫാ ദിവസം, മുഹര്‍റം മാസം തുടങ്ങിയ വേളകള്‍ അത്തരം പ്രത്യേക സന്ദര്‍ഭങ്ങളാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത്തരം സന്ദര്‍ഭങ്ങളെ പരമാവധി അല്ലാഹുവിലേക്ക് അടുക്കുവാനുള്ള അവസരമാക്കി മാറ്റുക അവന്റെ ബാധ്യതയാണ്.
വിശ്വാസി അവന്റെ ജീവിതത്തെ മുഴുവന്‍ അല്ലാഹുവിന്റെ പ്രീതിയിലും ഇഷ്ടത്തിലും വിനിയോഗിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കണം. തന്റെ ജീവിത നിയോഗം അല്ലാഹുവിനുള്ള ഇബാദത്തുകളാണെന്ന കാര്യം വിസ്മരിച്ചു പോകരുത്. അല്ലാഹു പറയുന്നുണ്ടല്ലോ: ‘ജിന്നു വര്‍ഗത്തെയും മനുഷ്യവര്‍ഗത്തെയും എനിക്ക് ഇബാദത്ത് ചെയ്യാനല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല’.

ദൈവ സാമീപ്യത്തിന് സീസണുകള്‍
അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കുവാന്‍ അല്ലാഹു വിശ്വാസികള്‍ക്ക് പ്രത്യേക സമയങ്ങള്‍ നിശ്ചയിച്ചുകൊടുത്തതിന്റെ യുക്തി, ഒന്ന് നഷ്ടപ്പെട്ടാല്‍ മറ്റൊന്ന് ഉപയോഗപ്പെടുത്താന്‍ കഴിയും വിധം വിശ്വാസിക്ക് ഒരു നിരാശയും ബാധിക്കാതിരിക്കാനാണെന്ന് കരുതുന്നതില്‍ തെറ്റില്ല. വിശ്വാസികളോടുള്ള അല്ലാഹുവിന്റെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഭാഗവുമാണത്.

മുഹര്‍റം
അല്ലാഹു പവിത്രമാക്കിയ മാസങ്ങളിലൊന്നാണ് ഹിജ്‌റാ വര്‍ഷം ആരംഭിക്കുന്ന മുഹര്‍ം. ചരിത്ര പരമായി പല പ്രത്യേകതകളുമുള്ള മാസമാണിത്. തിരുമേനി (സ) പറഞ്ഞു: റമദാന്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായ നോമ്പ് മുഹര്‍റം മാസത്തിലെ നോമ്പാണ്. നിര്‍ബന്ധ നമസ്‌കാരം കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠകരമായ നമസ്‌കാരം രാത്രി നമസ്‌കാരമാണ്’. ദുല്‍ഹജ്ജ് മാസത്തിന് ശേഷം വരുന്ന മുഹര്‍റം മാസത്തില്‍ നോമ്പെടുക്കല്‍ തിരുമേനി സുന്നത്താക്കിയിരുന്നു. എന്നാല്‍ മുഹര്‍റം മാസത്തിലെ മുഴുവന്‍ ദിവസങ്ങളിലും നോമ്പനുഷ്ഠിക്കേണ്ടതില്ല. കാരണം റമദാന്‍ മാസത്തിലല്ലാതെ റസൂല്‍ (സ) മാസം മുഴുവന്‍ നോമ്പെടുത്തിരുന്നില്ല.
അബ്ദുല്ലാഹിബ്‌നു ശഫീഖ് പറയുന്നു: ഞാന്‍ ആയിശ (റ)യോട് ചോദിച്ചു: തിരുമേനി (സ) മാസം മുഴുവനും നോമ്പനുഷ്ഠിച്ചിരുന്നുവോ ? അവര്‍ പറഞ്ഞു: റമദാനിലൊഴികെ മറ്റൊരിക്കലും പ്രവാചകന്‍ (സ) മാസം മുഴുവന്‍ നോമ്പനുഷ്ഠിച്ചിരുന്നതായി എനിക്കറിയില്ല. അതുപോലെ ഒരു മാസവും ഏതെങ്കിലും ദിവസത്തില്‍ നോമ്പെടുക്കാതെ തിരുമേനി വിട്ടിരുന്നുമില്ല’.
ഏതായാലും മുഹര്‍റം മാസം നോമ്പെടുക്കാന്‍ ഏറ്റവും ശ്രേഷ്ഠമായ മാസമാണെന്ന് വ്യത്യസ്ത ഹദീസുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല ‘ശഹ്‌റുല്ലാഹി മുഹര്‍റം’ (അല്ലാഹുവിന്റെ മാസമായ മുഹര്‍റം) എന്നാണ് തിരുവചനത്തില്‍ വന്നിരിക്കുന്നത്. അത് ഈ മാസത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു. അബൂ ഉമാമതുല്‍ ബാഹിലി റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ കാണാം. തിരുമേനി (സ) പറഞ്ഞു: ആരെങ്കിലും ഈ ദിവസം നോമ്പ് നോറ്റാല്‍ അല്ലാഹു അവനും നരകത്തിനുമിടയില്‍ ഒരു കിടങ്ങുണ്ടാക്കും, ആകാശ ഭൂമിക്കിടിയിലുള്ള പോലെ.

മുഹര്‍റം പത്തിലെ നോമ്പ്

ഇബ്‌നു അബ്ബാസ് (റ) പറയുന്നു. ‘തിരുമേനി (സ) ആശൂറാഅ് ദിവസം നോമ്പെടുക്കാന്‍ പ്രോത്സാഹിപ്പിച്ചതു പോലെ മറ്റൊരു ദിവസവും നോമ്പെടുക്കാന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല’.
തിരുമേനി (സ) മദീനയില്‍ വന്നപ്പോള്‍ യഹൂദികള്‍ ആശൂറാഅ് ദിവസം നോമ്പെടുക്കുന്നതായി കണ്ടു. തിരുമേനി ചോദിച്ചു: എന്തായിത് ? അവര്‍ പറഞ്ഞു: ഇന്നൊരു നല്ല ദിവസമാണ്. ഇസ്രാഈല്യരെ അല്ലാഹു അവരുടെ ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുത്തിയ ദിനമാണിത്. അതുകൊണ്ട് മൂസ നബി (അ) നോമ്പനുഷ്ഠിച്ചിരുന്നു. അപ്പോള്‍ തിരുമേനി (സ) പറഞ്ഞു: നിങ്ങളേക്കാള്‍ മൂസയോട് ഏറ്റവും അടുത്തവര്‍ ഞങ്ങളാണ്. എന്നിട്ട് തിരുമേനി  നോമ്പ് നോല്‍ക്കുകയും മുസ് ലിംകളോട് നോമ്പ് നോക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു.

മുഹര്‍റം 9 ലെ നോമ്പ്

മുഹര്‍റം 10 ന് പ്രവാചകന്‍ നോമ്പെടുക്കുകയും അതിനുവേണ്ടി കല്‍പ്പിക്കുകയും ചെയ്തപ്പോള്‍ സഹാബികള്‍ ചോദിച്ചു: തിരുദൂതരേ, ക്രിസ്ത്യാനികളും യഹൂദികളും ആ ദിവസത്തെ വിശിഷ്ടമായി കാണുന്നുണ്ടല്ലോ? അപ്പോള്‍ തിരുദൂതര്‍ പറഞ്ഞു: വരുന്ന വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹര്‍റം 9 നും കൂടി നോമ്പെടുക്കും. അടുത്ത വര്‍ഷം മുഹര്‍റം വരെ നബി ജീവിച്ചില്ല. അതിനുമുമ്പ് മരണപ്പെട്ടു.
തിരുനബി മുഹര്‍റം 10 ന് മാത്രമേ നോമ്പെടുത്തിട്ടുള്ളൂ. എന്നാല്‍ വരുന്ന വര്‍ഷം മുഹര്‍റം 9 നും നോമ്പെടുക്കണമെന്ന് തിരുമേനി ആഗ്രഹിച്ചു. മുഹര്‍റം 9 നും 10 നും കൂടി നോമ്പെടുക്കണമെന്നാണ് ഇമാം ശാഫിഈ യുടെ അഭിപ്രായം.
മുഹര്‍റവും അന്ധ വിശ്വാസങ്ങളും
മറ്റു മിക്ക ആരാധനകള്‍ക്കുമെന്ന പോലെ മുഹര്‍റം മാസത്തിന്റെ കാര്യത്തിലും കേരള മുസ് ലിംകള്‍ക്കിടയില്‍ പല അന്ധ വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. ചരിത്രത്തില്‍ മറ്റൊരു ദുഃഖകരമായ സംഭവത്തിന് കൂടി മുഹര്‍റം മാസം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇമാം അലി (റ) വിന്റെ പുത്രന്‍ ഹുസൈന്‍ (റ) കര്‍ബലയില്‍ വധിക്കപ്പെട്ടത് മുഹര്‍റം 10 നാണ്. സത്യവും അസത്യവും തമ്മില്‍ ഏറ്റമുട്ടിയ യുദ്ധത്തില്‍ മുആവിയയുടെ പുത്രന്‍ യസീദിന്റെ സൈന്യത്താല്‍ ഹുസൈന്‍ (റ) കൊലചെയ്യപ്പെടുകയായിരുന്നു. അതിക്രൂരമായി വധിക്കപ്പെട്ട ഹുസൈന്‍ (റ) വിന്റെ സ്മണാര്‍ത്ഥം ശീഇകള്‍ മുഹര്‍റം 9 ദുഃഖ ദിനമായി ആചരിക്കുകയും ആ ദിവസം തങ്ങളുടെ ശരീരത്തെ സ്വയം പീഡിപ്പിച്ച് കൊണ്ട് തെരുവകളിലൂടെ പ്രകടനം നടത്തുകയും ചെയ്യുന്നു. ഈ സമ്പ്രദായം ഇസ് ലാമികമല്ല. ഇതിന് സമാനമായ ദുഃഖാചരണമോ അനാചാരമോ ഇസ് ലാമികമല്ല.
മുഹര്‍റം മാസത്തില്‍ വിവാഹം, വീട് താമസം തുടങ്ങിയ ശുഭ കാര്യങ്ങള്‍ക്ക് അനുയോജ്യമല്ല എന്ന ധാരണ പല മുസ് ലിംകള്‍ക്കിടയിലുണ്ട്. ദീനില്‍ അടിസ്ഥാനമില്ലാത്ത ഇത്തരം കാര്യങ്ങള്‍ ബിദ്അത്താണ്. അതുകൊണ്ട് തന്നെ വര്‍ജിക്കേണ്ടതുമാണ്.

Topics