കുടുംബ ജീവിതം-Q&A

തൃപ്തിയില്ലാതെ വിവാഹം കഴിച്ച ഭാര്യയെ ത്വലാഖ് ചൊല്ലാന്‍ പേടി

ചോ:  എന്റെ തൃപ്തിയോ അഭിപ്രായമോ ആരായാതെ  വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാളാണ് ഞാന്‍. ഇപ്പോള്‍ രണ്ടുവര്‍ഷംകഴിഞ്ഞു. ഭാര്യയെ ഒട്ടുംതന്നെ ഇഷ്ടപ്പെടാന്‍ എനിക്ക് കഴിയുന്നില്ല. അല്ലാഹുവോട് ഏറെ പ്രാര്‍ത്ഥിച്ചുനോക്കിയെങ്കിലും സ്‌നേഹത്തോടെ ജീവിക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഞാനെന്തുചെയ്യണം ? എനിക്കവളെ ത്വലാഖ് ചൊല്ലാന്‍ കഴിയില്ല. 

————————

ഉത്തരം: താങ്കളുടെ പ്രശ്‌നം ഞങ്ങളുമായി പങ്കുവെക്കാന്‍ താല്‍പര്യംകാട്ടിയതിനെ പ്രശംസിക്കുന്നു.

താങ്കളുടെ മാതാപിതാക്കള്‍ അഭിപ്രായമൊന്നുംതിരക്കാതെ പെണ്‍കുട്ടിയെ വിവാഹംചെയ്യാന്‍ നിര്‍ബന്ധിച്ചത് തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയി. രണ്ടുമൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ്  അത്തരത്തില്‍ ആരെങ്കിലും തങ്ങളുടെ മകനെയോ മകളെയോ നിര്‍ബന്ധിച്ച് കല്യാണംകഴിപ്പിച്ചാല്‍ അത് കുഴപ്പമില്ലാതെ മുമ്പോട്ടുപോകുമായിരുന്നു. ആധുനികയുഗത്തില്‍ ഭാര്യയും ഭര്‍ത്താവും കൂട്ടുകാരും കമിതാക്കളുമാണ്. അതിനാല്‍ ജീവിതപങ്കാളിയെ ഇഷ്ടപ്പെടാനും അവരോടൊത്തുള്ള ജീവിതം ആസ്വദിക്കാനും  കഴിഞ്ഞില്ലെങ്കില്‍ ജീവിതം പരാജയമായിരിക്കും.

ഭാര്യയ്ക്ക് താങ്കളെപ്പറ്റിയുള്ള അഭിപ്രായമെന്താണ് താങ്കളുടെ എഴുത്തിലില്ല. താങ്കള്‍ എന്തുകൊണ്ട് അവളെ ഇഷ്ടപ്പെടുന്നില്ലയെന്നതിന്റെ കാരണവും പ്രതിപാദിച്ചിട്ടില്ല. എങ്കിലും നിങ്ങളിരുവരുംതമ്മിലുള്ള ദാമ്പത്യം  വിജയിപ്പിക്കാനുള്ള മാര്‍ഗം ആരായുന്നതോടൊപ്പം താങ്കളുടെ പ്രശ്‌നങ്ങളെ പരിഹരിക്കാനാണ് ഇവിടെശ്രമിക്കുന്നത്. ഇരുവര്‍ക്കും ഇടയില്‍ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാന്‍ എന്തെങ്കിലും ഒരു സാധ്യതയുണ്ടെന്ന് താങ്കള്‍ വിശ്വസിക്കുന്നുവെങ്കില്‍ അതിലേക്കായി ചില കാര്യങ്ങള്‍ സൂചിപ്പിക്കാം.

താങ്കള്‍ക്ക് അവളെ ഇഷ്ടപ്പെടാന്‍ കഴിയുന്നില്ലെന്ന  വസ്തുതയുണ്ടെങ്കിലും അത് എപ്പോഴും താങ്കളുടെ മനസ്സ് എപ്പോഴും ആ ചിന്തയില്‍ വ്യാപരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അവളോടുള്ള അനിഷ്ടം സദാ മനസ്സില്‍ ഉണ്ടാകുമ്പോള്‍ അവളുടെ എല്ലാ ചെയ്തികളും താങ്കള്‍ക്ക് അസഹ്യമായും വെറുപ്പിക്കുന്നതായും ത്തോന്നും. അതേസമയം പുകഴ്ത്താനും പ്രശംസിക്കാനും കഴിയുന്ന അവളിലെ നന്‍മകളെ കണ്ടെത്താന്‍ ശ്രമിക്കുക. അങ്ങനെ പ്രത്യക്ഷത്തില്‍ ഒന്നും കാണാന്‍ കഴിയുന്നില്ലെങ്കില്‍ ‘ചുണ്ടുകളടച്ച് അവള്‍ തിന്നുന്ന രീതി എനിക്കിഷ്ടമാണ്’ എന്നതുപോലെയുള്ള സംഗതികള്‍ ശ്രദ്ധിക്കുക.  ഇത് നിസ്സാരകാര്യമല്ലേയെന്ന് തോന്നിയേക്കാം. പക്ഷേ, നന്‍മകളെ കണ്ടെത്താനുള്ള പരിശീലനം ഇങ്ങനെ തുടരാനാകും.

രണ്ടാമതായി, നിങ്ങള്‍കൂട്ടുകാരെപ്പോലെയാകുക. പുറത്തുപോകാനും  ആഘോഷിക്കാനും ഓര്‍മ്മയുണര്‍ത്തുന്ന സമ്മാനങ്ങള്‍ നല്‍കാനും ഒന്നിച്ചിരുന്ന് തമാശകള്‍ ഒപ്പിക്കാനും ചിരിക്കാനും രണ്ടുകൂട്ടര്‍ക്കും ഒരു പോലെ താല്‍പര്യമുള്ള വിഷയങ്ങളേതെന്ന് കണ്ടെത്താനും അവസരമൊരുക്കുക.

പുതിയസംഗതികളിലൂടെ ശക്തമായ ബന്ധം ഉണ്ടാക്കാന്‍ പരിശ്രമിക്കുകയെന്നത് അതിപ്രധാനസംഗതിയാണ്. ചിരിയും കണ്ണുനീരും ആളുകളെ പരസ്പരമടുപ്പിക്കുന്നു. രണ്ടുപേരെയും രസിപ്പിക്കുകയുംചിരിപ്പിക്കുകയും ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യുക. തങ്ങളുടെ കുട്ടിക്കാലജീവിതം അങ്ങനെതുടങ്ങി അനുഭവങ്ങള്‍, പങ്കാളിയുമായി പങ്കുവെക്കുക. അതുവഴി പരസ്പരമറിയാന്‍ ശ്രമിക്കുക. വെറും ഭാര്യയും ഭര്‍ത്താവുമായി ജീവിക്കാതിരിക്കുക. കമിതാക്കളെപ്പോലെ പരസ്പരം പ്രലോഭിപ്പിക്കാനും ആകര്‍ഷിക്കാനും വഴികണ്ടെത്തുക. പ്രേമാതുരനാവുക. അവളെ പ്രേമാതുരയാക്കുക.

മൂന്നാമതായി, സന്താനങ്ങള്‍ ഉടനെ ഉണ്ടാകണമെന്ന് ഇപ്പോള്‍ വിചാരിക്കരുത്.  രണ്ടുപേരുംതമ്മിലുള്ള സ്‌നേഹവും അടുപ്പവും ദൃഢമായി എന്ന് ബോധ്യം വരുംവരെ സന്താനോത്പാദനത്തിന് മുതിരരുത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുട്ടികള്‍ കാര്യങ്ങള്‍ എളുപ്പമാക്കുകയല്ല, സങ്കീര്‍ണമാക്കുകയാണ്‌ചെയ്യുക. കുട്ടികളുണ്ടായാല്‍ അത് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ബന്ധം സുദൃഢമാക്കുമെന്ന് തെറ്റുധരിക്കുന്നവരുണ്ട്.

അവസാനമായി പ്രാര്‍ഥനയില്‍ അഭയംകണ്ടെത്തുക. ദാമ്പത്യം സുഖകരവും സംതൃപ്തിദായകവും ആക്കുന്നതിനായി നിങ്ങള്‍ നടത്തുന്ന പരിശ്രമങ്ങളെ അല്ലാഹുവാണ് വിജയിപ്പിക്കുക. അവനാണ് ഹൃദയങ്ങളെ മാറ്റിമറിക്കുന്നവന്‍. നിങ്ങളിരുവരുടെയും ഹൃദയങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുക. താങ്കള്‍ക്ക് ഐശ്വര്യപ്രദമായ ദാമ്പത്യത്തിനായി ആശംസകള്‍ നേരുന്നു.

 

Topics