സുന്നത്ത്-പഠനങ്ങള്‍

നബിചര്യ – നിയമം നിയമേതരം; ഇബ്‌നു ആശൂറിന്റെ വീക്ഷണം

ആധുനികകാലത്ത് ഈ വിഷയകമായി ഗവേഷണം നടത്തുകയും സംഭാവന അര്‍പ്പിക്കുകയും ചെയ്തവരില്‍ പ്രധാനിയാണ് ത്വാഹിര്‍ ഇബ്‌നു ആശൂര്‍. ടുണീഷ്യയിലെ പണ്ഡിതരില്‍ ഗുരുസ്ഥാനീയനായ അദ്ദേഹം തന്റെ ‘മഖാസ്വിദുശ്ശരീഅത്തില്‍ ഇസ് ലാമിയ്യഃ’ എന്ന കൃതിയില്‍ ,ഖറാഫിയുടെ ‘അല്‍ഫുറൂഖി’ല്‍ തദ്വിഷയകമായി വന്ന ഭാഗം ഉദ്ധരിച്ചശേഷം ഇങ്ങനെ എഴുതുന്നു:’ നബിതിരുമേനി(സ)യുടെ വാക്കുകളും പ്രവൃത്തികളും അദ്ദേഹത്തിന്റെ സവിശേഷതകളില്‍നിന്നും അവസ്ഥകളില്‍നിന്നും ഉറവയെടുക്കുന്നതാണ്. മനുഷ്യരാശിയെ പ്രയാസപ്പെടുത്തുന്ന ധാരാളം പ്രശ്‌നങ്ങളില്‍ അവയില്‍നിന്ന് നമുക്ക് വെളിച്ചം സ്വീകരിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ വിവിധ കല്‍പനകളില്‍നിന്നും നിര്‍ദ്ദേശങ്ങളില്‍നിന്നും നിയമപരവും നിയമേതരവുമായവ പ്രവാചകസഖാക്കള്‍ വേര്‍തിരിച്ചെടുത്തിരുന്നു. സംശയമുണ്ടാകുന്ന സാഹചര്യത്തില്‍ അവര്‍ അദ്ദേഹത്തില്‍നിന്ന് സംശയനിവൃത്തി വരുത്തിയിരുന്നു.’

ബരീറഃ എന്ന അടിമസ്ത്രീയുമായി ബന്ധപ്പെട്ട താഴെകൊടുത്ത സംഭവം ഉദാഹരണം: അവരെ അവരുടെ ബന്ധുക്കള്‍ മോചിപ്പിച്ച കാലത്ത് മുഗീഥിന് അവരോട് വലിയ സ്‌നേഹമായിരുന്നുവെങ്കിലും അവര്‍ക്ക് അയാളെ കടുത്ത വെറുപ്പായിരുന്നു. ഇതേക്കുറിച്ച് തിരുമേനി അവരുമായി സംസാരിച്ചു. മുഗീഥിന്െ തിരിച്ചെടുക്കണമെന്ന് നിര്‍ദ്ദേശിച്ചു. ബരീറഃയുടെ പ്രതികരണം: ‘അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ എന്നോട് കല്‍പിക്കുകയാണോ? ‘ തിരുമേനി:’ കല്‍പനയല്ല, ശിപാര്‍ശ മാത്രം’ മുഗീഥിനൊപ്പം ജീവിക്കാന്‍ സമ്മതമല്ലെന്ന് ബരീറഃ ശഠിച്ചു. തിരുമേനിയോ സഖാക്കളോ അതിന് അവരെ നിര്‍ബന്ധിച്ചില്ല.
മറ്റൊരു സംഭവം:’ പ്രവാചകസഖാവ് ജാബിറിന്റെ പിതാവ് അബ്ദുല്ലാഹിബ്‌നു അംറ് ഇബ്‌നു ഹറാം മരിച്ചപ്പോള്‍ കടബാധിതനായിരുന്നു. ജാബിര്‍ നബി(സ)യെ സമീപിച്ച് ഉത്തമര്‍ണരോട് ഇളവ് ചെയ്തുതരാന്‍ ശിപാര്‍ശ ചെയ്യണമെന്നപേിച്ചു. തിരുമേനി ശ്രമിച്ചെങ്കിലും അവര്‍ കൂട്ടാക്കിയില്ല’.
കര്‍മശാസ്ത്ര നിദാനശാസ്ത്രകാരന്‍മാര്‍ പ്രവാചകചര്യയിലെ ജന്‍മവാസനാപരമായ പ്രവൃത്തികള്‍ ശരീഅത്തുവൃത്തത്തില്‍ പെടില്ലെന്ന് അഭിപ്രായക്കാരാണ്. ഒട്ടകപ്പുറത്തേറി ഹജ്ജിനുപോയതുപോലുള്ളവ നിയമപരമോ നൈസര്‍ഗികമോ എന്ന വിഷയകമായി അവര്‍ക്കിടയില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. നബിയുടെ പ്രവൃത്തികളുടെ യഥാര്‍ഥസ്വഭാവം തിരിച്ചറിയുന്നതില്‍ പലര്‍ക്കും തെറ്റുപറ്റാറുമുണ്ട്.

പന്ത്രണ്ടുതരം സാഹചര്യങ്ങള്‍ പരിഗണിച്ചുവേണം നബിയുടെ വാക്കര്‍മങ്ങളെ വിലയിരുത്തേണ്ടതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അവയില്‍ ഖറാഫി എടുത്തുപറഞ്ഞിട്ടില്ലാത്തത് താഴെ ചേര്‍ക്കുന്നു. നിയമനിര്‍മാണം, ഫത്‌വ, വിധിതീര്‍പ്പ്, നേതൃത്വം, , മാര്‍ഗദര്‍ശനം, സന്ധി, മാര്‍ഗോപദേശം തേടിയ ആള്‍ക്ക് നിര്‍ദേശം നല്‍കല്‍, ഗുണകാംക്ഷാപൂര്‍വമുള്ള ഉപദേശം, സമുന്നതയാഥാര്‍ഥ്യങ്ങള്‍ പഠിപ്പിക്കല്‍, ശിക്ഷണം, നിഷ്പക്ഷത മുതലായവ.

മേല്‍ അവസ്ഥകള്‍ ഇബ്‌നു ആശൂര്‍ സോദാഹരണം വിശദീകരിച്ചിട്ടുണ്ട്. ഒടുവില്‍ പറഞ്ഞ നിഷ്പക്ഷത എന്ന അഴസ്ഥ വിശദീകരിിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: ‘നിഷ്പക്ഷനയം എന്നതിന്റെ വിവക്ഷ, നിയമനിര്‍മാണപരമോ മതപരമായ അനുഷ്ഠാനമോ മനഃസംസ്‌കരണമോ സംഘടനാ രൂപവത്കരണമോ ഒന്നും ലക്ഷ്യമാകാത്തവിധം നൈസര്‍ഗികമായും സാഹചര്യവശാലും സംഭവിക്കുന്ന പ്രവൃത്തികളാണ്. നബി(സ) ഗാര്‍ഹികരംഗങ്ങളിലും സ്വജീവിതമേഖലകളിലും നിയമനിര്‍മാണാവിഷ്‌കാരം ലക്ഷ്യം വെക്കാതെയും തന്നെ അനുയായികള്‍ പിന്തുടരണമെന്ന ഉദ്ദേശ്യമില്ലാതെയും പലതും പ്രവര്‍ത്തിച്ചിരുന്നു. നബിയുടെ നൈസര്‍ഗികവും വ്യക്തിനിഷ്ഠവുമായ പ്രവൃത്തികള്‍ മുസ് ലിംകള്‍ക്ക് അനുഷ്ഠാനബാധകമല്ലെന്നതാണ് കര്‍മശാസ്ത്ര നിദാനശാസ്ത്രകാരന്‍മാരുടെ സുസമ്മത മതം. അത്തരം കാര്യങ്ങളില്‍ ആര്‍ക്കും തനിക്ക് ഹിതകരമായത് സ്വീകരിക്കാം. ഭക്ഷണം , വസ്ത്രം, കിടത്തം, നടത്തം, യാത്ര മുതലായവ ഉദാഹരണം. ശരീഅത്ത് ചര്‍ച്ചയില്‍ വിഷയീഭവിക്കാത്ത വഴിയിലൂടെ നടത്തം, യാത്രയിലെ വാഹനോപയോഗം, ശുദ്ധമതപരമായ ഹജ്ജില്‍ ഒട്ടകപ്പുറത്ത് യാത്ര മുതലായവ ഉദാഹരണം. പ്രായമാവുകയും ശരീരം തടിക്കുകയും ചെയ്ത ഘട്ടത്തില്‍ സുജൂദ് വേളയില്‍ കാല്‍ കുത്തുന്നതിന് മുമ്പ് നബി(സ) കൈകള്‍ നിലത്തൂന്നിയത് മറ്റൊരുദാഹരണമാണ്(ഇത് ഇമാം അബൂഹനീഫയുടെ വീക്ഷണമാണ്)’. ഹജ്ജത്തുല്‍ വിദാഅ് വേളയില്‍ മുഹസ്സ്വബില്‍ (മുഹസ്സ്വബിന് അബ്തഹ് എന്നും പേരുണ്ട്) ഇറങ്ങി അവിടെവെച്ച് ളുഹ്ര്‍, അസ്ര്‍, മഗ്‌രിബ്, ഇശാ എന്നിവ നമസ്‌കരിച്ച് കിടന്നുറങ്ങി. സ്വഹാബികള്‍ക്കൊപ്പം ത്വവാഫുല്‍ വിദാഇന്നായി മക്കയിലേക്ക് പോയ നബി(സ)തിരുമേനിയുടെ നടപടിയും ഈ ഇനത്തിലാണ് പെടുക.

‘സുബ്ഹ് നമസ്‌കാരാനന്തരം നബി(സ) വലതുവശത്തിന്‍മേലായി കിടന്നിരുന്നു എന്ന ഹദീസും തഥൈവ. ആയതിനാല്‍, നബിയുടെ വ്യത്യസ്ത സ്ഥിത്യന്തരങ്ങള്‍ കര്‍മശാസ്ത്രകാരന്‍മാര്‍ സൂക്ഷ്മമായി വിലയിരുത്തിയിരിക്കണം. ഓരോ പ്രവൃത്തിയുടെയും സാഹചര്യവശങ്ങള്‍ പരിശോധിച്ചിരിക്കണം. പൊതുജനങ്ങളിലേക്ക് സന്ദേശമെത്തിക്കാനുള്ള ആകാംക്ഷയും സന്ദേശമനുസരിച്ച് ജനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് താല്‍പര്യവും നിയമനിര്‍മാണോന്മുഖതയും സ്ഫുരിക്കുന്ന നബിവചനങ്ങള്‍ക്ക് ഉദാഹരണമാണ്,’അറിയുക, അനന്തരാവകാശിക്ക് വസിയ്യത് ചെയ്യാവതല്ല,’ ‘അടിമകളെ മോചിപ്പിക്കുന്നവര്‍ക്കുള്ളതാണ് മോചനമൂല്യം’ എന്നീ നബിവചനങ്ങള്‍.’

‘ഞാന്‍ നിങ്ങള്‍കെകാരു രേഖ തരാം. അതിനുശേഷം നിങ്ങള്‍ വഴിതെറ്റില്ല.’എന്ന് മരണാസന്നവേളയില്‍ നബി(സ) നടത്തിയ പ്രസ്താവം , നിയമനിര്‍മാണേതര ലക്ഷ്യത്തോടെയുള്ള ഹദീസുകള്‍ക്കുദാഹരണമാണ്. ഈ സംഭവം സംബന്ധിച്ച് സ്വഹാബികള്‍ തമ്മില്‍ അഭിപ്രായാന്തരമുണ്ടായി. ചിലര്‍ പറഞ്ഞു: നമ്മുടെ മുമ്പാകെ ഖുര്‍ആനുണ്ടല്ലോ. അതുമതി. മറ്റുചിലര്‍, ‘അദ്ദേഹത്തിന് എഴുതാനാവശ്യമായത് കൊടുക്കൂ. അദ്ദേഹം എഴുതട്ടെ. ‘നബിമാരുടെ സവിധത്തില്‍ വെച്ച് തര്‍ക്കിക്കുന്നത് ഒട്ടും ഭൂഷണമല്ല’ അഭിപ്രായത്തര്‍ക്കത്തിന് സാക്ഷിയായ നബി(സ) ‘എന്നെ വിടൂ, എന്റെ നിലപാടാണ് മംഗളകരം ‘എന്ന് പ്രതികരിക്കുകയുണ്ടായി.
‘മുഹമ്മദ് ദൂതന്‍മാത്രമാണ്’ (ആലുഇംറാന്‍ 144) എന്ന ഖുര്‍ആന്‍ സൂക്തം നബിയുടെ അവസ്ഥകളെ ദൂതന്‍ എന്ന അവസ്ഥയില്‍ പരിമിതപ്പെടുത്തുന്നുണ്ട്. ആയതിനാല്‍ നിയമനിര്‍മാണേതരമാണെന്നതിന് പ്രത്യേക സാഹചര്യത്തെളിവുകളില്ലാത്തിടത്തോളം നബിയുടെ വാക്കര്‍മ്മങ്ങളെ നിയമനിര്‍മാണപരമായി മനസ്സിലാക്കുകയാണ് വേണ്ടത്.

Topics