ഇസ്‌ലാമിക നിയമശാസ്ത്രത്തിന്റെ വികാസത്തിന്റെ തുടക്ക കാലത്തില്‍ തന്നെ രണ്ട് ഇസ്‌ലാമിക നിയമശാസ്ത്രധാരകള്‍ രൂപം കൊണ്ടിരുന്നു. അതിലെ ഒരു വിഭാഗം അഹ്‌ലുല്‍ ഹദീസ് (സ്‌കൂള്‍ ഓഫ് ഹദീസ്) എന്നും മറു പക്ഷം അഹ്‌ലുര്‍ റഅ്‌യും (സ്‌കൂള്‍ ഓഫ് ഒപീനിയന്‍) എന്നുമാണ് അറിയപ്പെട്ടത്. അറേബ്യയുടെ പടിഞ്ഞാറുഭാഗത്തുള്ള പണ്ഡിതന്‍മാരായ ഇമാം മാലിക്, ഇമാം ശാഫി, ഇമാം അഹ്മദുബ്‌നു ഹന്‍ബല്‍ എന്നിവരാണ് അഹ്‌ലുല്‍ ഹദീസിന്റെ ആദ്യകാല പ്രയോക്താക്കളായി അറിയപ്പെടുന്നത്. പ്രവാചകന്റെ കാല ശേഷം ഇറാഖില്‍ ഒരു ഇസ്‌ലാമിക വൈജ്ഞാനിക കേന്ദ്രം രൂപപ്പെടുകയുണ്ടായി. അവിടെനിന്നുള്ള പണ്ഡിതന്‍മാരാണ് അഹ്‌ലുര്‍ റഅ്‌യിന്റെ ആളുകള്‍. തുടര്‍ന്നുവന്ന ഇമാം അബൂ ഹനീഫയും അബൂ യുസുഫും മുഹമ്മദ് ശൈബാനിയെ പോലുള്ളവരും ഈ ധാരയില്‍ പെട്ട പണ്ഡിതരാണ്.
ഈ രണ്ടു ഇസ്‌ലാമിക നിയമനിര്‍മാണശാസ്ത്രധാരകളുടെയും പ്രാഥമിക നിയമ സ്രോതസ്സുകള്‍ ഖുര്‍ആനും സുന്നത്തുമായിരുന്നു. ഒരു വിഷയത്തില്‍ നിയമം രൂപപ്പെടുത്തുമ്പോള്‍ വ്യക്തിപരമായ വീക്ഷണങ്ങള്‍ എത്രമാത്രം അനുവദനീയമാണ് എന്ന കാര്യത്തില്‍ മാത്രമാണ് ഈ രണ്ടു ധാരകള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനിന്നിരുന്നത്. ഇരു വിഭാഗത്തിന്റെയും പ്രാഥമിക നിയമസ്രോതസ്സുകള്‍ ഒന്നു തന്നെയായിരുന്നിട്ടും അഭിപ്രായസ്വീകാര്യതയുടെ സാധുത സംബന്ധിച്ച അഭിപ്രായ ഭിന്നത മൂലം ഈ രണ്ടു ധാരകളും തമ്മില്‍ കടുത്ത കക്ഷിമാത്സര്യം അക്കാലത്ത് നിലനിന്നിരുന്നു. അതിനുമുമ്പ് ഇസ്‌ലാമിക ലോകത്തു നിലവിലുണ്ടായിരുന്ന വ്യത്യസ്ത ഇസ്‌ലാമികധാരകള്‍ സമവായം വെടിഞ്ഞ് പരസ്പരം പോരടിച്ചിരുന്ന കാലത്തായിരുന്നുയിരുന്നു ഈ രണ്ടു ചിന്താധാരകള്‍ ഉയര്‍ന്നു വന്നത്.
ഇസ്‌ലാമിക നിയമനിര്‍മാണത്തിന്റെ (ഫിഖ്ഹിന്റെ) അടിത്തറ പാകുന്നതില്‍ അഹ്‌ലുല്‍ ഹദീസിന് വലിയ പങ്കുണ്ട്. പ്രവാചകന്റെ വചനങ്ങളും സുന്നത്തുകളും വളരെ ഭദ്രമായി അവരാല്‍ സംരക്ഷിക്കപ്പെട്ടു പോന്നു. പ്രവാചകന്റെ കാലത്തേതില്‍ നിന്ന് വ്യത്യസ്തമായ സാമൂഹികസാഹചര്യമായിരുന്നു അക്കാലത്തേത്. വിവിധ നാടുകളില്‍ ഭിന്നസംസ്‌കാരങ്ങളുള്ള മനുഷ്യര്‍ കൂടിച്ചേര്‍ന്നപ്പോള്‍ അവിടെ ഒരു സങ്കരസംസ്‌കാരം രൂപപ്പെടുകയുണ്ടായി. എന്നാല്‍ രാഷ്ട്രീയരംഗം അത്രയൊന്നും മാറ്റങ്ങള്‍ക്ക് വിധേയമായിരുന്നില്ല.
കൂഫ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അബൂ ഹനീഫയുടെ അഭിപ്രായങ്ങളും നിയമനിര്‍ധാരണ രീതികളുമാണ് അഹ്‌ലുറഅ്‌യ് എന്ന ഇസ്‌ലാമിക നിയമനിര്‍ധാരണധാരക്ക് അടിത്തറ പാകിയത്. പുതിയ പ്രശ്‌നങ്ങളെ സമീപിക്കേണ്ടതെങ്ങനെയെന്നും അവയ്ക്ക് ഇസ്‌ലാമികാടിത്തറയില്‍നിന്നുകൊണ്ട് വിധികളെങ്ങനെ ഉരുത്തിരിച്ചെടുക്കാമെന്നുമുള്ള അദ്ദേഹത്തിന്റെ രീതിശാസ്ത്രം, പുതിയ ജനതയുടെ പുതിയ ആവശ്യങ്ങളും പ്രകൃതവും തിരിച്ചറിഞ്ഞുകൊണ്ടുള്ളതായിരുന്നു. പുതിയ സമൂഹത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ അവ്വിഷയകമായ പ്രശ്‌നങ്ങളില്‍ വേണ്ടത്ര ഹദീസുകള്‍ ലഭ്യമാകാതിരുന്ന സന്ദര്‍ഭത്തിലാണ് അത്തരം വിഷയങ്ങളില്‍ ലഭ്യമായ ഇസ്‌ലാമിക സ്രോതസ്സുകള്‍ക്കു പുറമേ തന്റെ ബുദ്ധിയെയും ചിന്താശേഷിയും പരമാവധി ഉപയോഗപ്പെടുത്താന്‍ അദ്ദേഹം നിര്‍ബന്ധിതനായത്. വര്‍ത്തമാനകാലത്തെ പ്രശ്‌നങ്ങളെ ഇസ്‌ലാമിക അധ്യാപനങ്ങളും പ്രവാചക സുന്നത്തുമായി സദൃശ്യപ്പെടുത്തി അതില്‍ നിന്ന്് നിയമനിര്‍ധാരണം നടത്തുന്ന അദ്ദേഹത്തിന്റെ രീതിയെ ഫിഖ്ഹിന്റെ സാങ്കേതിക ഭാഷയില്‍ ഖിയാസ് എന്നു പറയും. അതിനാല്‍ ഇസ്‌ലാമിക നിയമനിര്‍മാണത്തിന്റെ വികാസത്തില്‍ ഇമാം അബൂ ഹനീഫയുടെ പങ്ക് നിസ്തുലമാണ്.
എന്നാല്‍ അദ്ദേഹത്തോളം വിശാലമായ രീതിയില്‍ കാര്യങ്ങളെ കാണാന്‍ കഴിയാത്തവരും അദ്ദേഹത്തിന്റെ സമൂഹം അഭിമുഖീകരിച്ചതരത്തിലുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതിരുന്നവരുമായ വലിയൊരു വിഭാഗം മുസ്‌ലിംകള്‍ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ എയ്തു വിടുകയുണ്ടായി. എങ്കില്‍പോലും അദ്ദേഹത്തിന്റെ മദ്ഹബ് ശക്തമായി ജനങ്ങളില്‍ സ്വാധീനം ചെലുത്തുകയും വലിയ സ്വീകാര്യത നേടുകയും ചെയ്തു. ഇമാം അബൂ ഹനീഫയുടെ മദ്ഹബിന്റെ തത്ത്വങ്ങള്‍ സുവ്യക്തമായി പിന്നീട് നിര്‍വചിക്കപ്പെടുകയും അതിന് ഒരു ഏകീകൃത സ്വഭാവം കൈവരികയും ചെയ്തു. അതോടെ മദ്ഹബ് അതിന്റെ വിമര്‍ശകര്‍ക്കു മേല്‍ ബുദ്ധിപരമായ ആധിപത്യം നേടുകയും ചെയ്തു. ചരിത്രത്തില്‍ ഒരു ഘട്ടത്തില്‍, ഈ മദ്ഹബല്ലാത്ത മറ്റൊന്നും ജനങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ മാത്രം ശക്തമായ പക്ഷപാതിത്വം മദ്ഹബിന്റെ വക്താക്കളില്‍ രൂഢമൂലമായിരുന്നു. ചരിത്രത്തില്‍ പുതിയ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും എപ്പോഴും ഈ ദുരഃവസ്ഥയാണുണ്ടായിട്ടുള്ളത്.
ഇതൊക്കെയാണെങ്കിലും ഇമാം അബൂഹനീഫ പ്രവാചകന്റെ ഹദീസുകള്‍ സ്വീകരിക്കാതിരുന്നുവെന്നോ അതിനോട് ഏതെങ്കിലും തരത്തില്‍ വിയോജിച്ചിരുന്നുവെന്നോ ഇതിനര്‍ത്ഥമില്ല. അദ്ദേഹം പറഞ്ഞു:’ അല്ലാഹുവിന്റെ ദൂതനില്‍ നിന്ന് നമുക്കു ലഭിക്കുന്ന എന്തും നാം നിരുപാധികം സ്വീകരിക്കും. പ്രവാചകന്റെ സഹാബാക്കളില്‍ നിന്ന് നമുക്ക് ലഭിക്കുന്നതില്‍ നിന്ന് നാം അവരുടെ അഭിപ്രായത്തിന് പൂര്‍ണ്ണമായി വിടാതെ അതില്‍ നിന്ന്്് നാം തെരഞ്ഞെടുത്തു വിധി പുറപ്പെടുവിക്കും. അവരുടെയും പിന്‍ഗാമികളില്‍നിന്നു നമുക്ക് കാര്യങ്ങള്‍ എത്തുകയാണെങ്കില്‍, അവരും നമ്മെ പോലെ മനുഷ്യരാണ്.’
അല്‍ ഹസന്‍ സിയാദ് അല്‍ ലുഅ്‌ലുഅ് നിവേദനം ചെയ്യുന്നു: അബൂ ഹനീഫ പറയുന്നതായി ഞാന്‍ കേട്ടു. ‘നാം ഒരു അഭിപ്രായം സ്ഥിരീകരിച്ചിട്ട് അതങ്ങനെയാണെന്ന് പ്രഖ്യാപിക്കുകയാണെങ്കില്‍, അതിനര്‍ത്ഥം ഈ വിഷയത്തില്‍ തങ്ങള്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടുള്ള ഏറ്റവും ശരിയായ ഉത്തരമാണ് അതെന്നാണ്്. ആരെങ്കിലും ഒരു നല്ല അഭിപ്രായവുമായി വരികയാണെങ്കില്‍, അവന്‍ ശരിയെന്നു പറഞ്ഞ അഭിപ്രായം തന്നെ സ്വീകരിക്കുന്നതാണ് ഏറെ അനുയോജ്യം’.
സുഫ് യാനു സൗരിയോടു അബൂ ഹനീഫ പറയുന്നതായി യഹ്‌യ ബ്‌നു ദുരൈസ് കേട്ടു.
‘അല്ലാഹുവിന്റെ കിതാബിലുള്ളതെന്താണോ അത് ഞാനെടുക്കുന്നു. അതില്‍ ഞാന്‍ ഉത്തരം കണ്ടെത്തിയില്ലെങ്കില്‍ പ്രവാചകന്‍ തിരുമേനിയുടെ സുന്നത്തില്‍ ഞാന്‍ പരിശോധിക്കും. ഇവ രണ്ടിലും ഞാന്‍ ഉത്തരം കണ്ടെത്തിയില്ലെങ്കില്‍ പ്രവാചകാനുചരന്‍മാരുടെ ചര്യയില്‍ ഞാന്‍ അന്വേഷിക്കും. അതില്‍ നിന്ന് ഞാന്‍ ആവശ്യമുള്ളത് എടുക്കുകയും ആവശ്യമില്ലാത്തതു തള്ളുകയും ചെയ്യും. ഒരാളുടെ അഭിപ്രായത്തിനു വിരുദ്ധമായി കൂടുതല്‍ പേരുടെ അഭിപ്രായത്തെ ഞാന്‍ തള്ളിക്കളയുകയില്ല. അവരില്‍ ഞാന്‍ ഒന്നും കാണുന്നില്ലെങ്കില്‍ അല്ലെങ്കില്‍ അവര്‍ക്കൊക്കെയും ഇബ്‌റാഹിം നഖഈ, അശ്ശഅബി, ഇബ്‌നു സീരീന്‍, ഹസനുല്‍ ബസ്വരി, അതാഅ് സഅദ് ബനുല്‍ മുസയ്യബ് തുടങ്ങിയവരുടെ അഭിപ്രായങ്ങളാണുള്ളതെങ്കില്‍ അവര്‍ സാധാരണ മനുഷ്യരായിരുന്നു. അവര്‍ ഏറ്റവും ശരിയായ വിധി പുറപ്പെടുവിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. അവര്‍ ചെയ്തതു പോലെ ഞാനും ചെയ്യുന്നു’.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇമാം അബൂ ഹനീഫയുടെ മദ്ഹബിന്റെയും പ്രാഥമിക സ്രോതസ്സു ഖുര്‍ആനും സുന്നത്തും തന്നെയായിരുന്നു. പ്രവാചക അനുചരന്‍മാര്‍ ഐക്യകണ്‌ഠേനയെടുത്ത തീരുമാനങ്ങളെയും അഭിപ്രായങ്ങളെയും അദ്ദേഹം മൂന്നാമത്തെ പ്രമാണമാക്കി. എന്നാല്‍ പ്രവാചക അനുചരന്‍മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉള്ളവയില്‍ അദ്ദേഹം ഏറ്റവും അനുയോജ്യമായ അഭിപ്രായം സ്വീകരിച്ചു. അപ്പോഴും എല്ലാ സ്വഹാബികളുടെയും അഭിപ്രായത്തെ അദ്ദേഹം കൈയ്യൊഴിഞ്ഞിരുന്നില്ല.
ശൈഖ് സല്‍മാനുല്‍ ഔദ
Add Comment