സുന്നത്ത്-പഠനങ്ങള്‍

നബി(സ)യുടെ മനുഷ്യസഹജ പ്രകൃതങ്ങള്‍ സുന്നത്താണോ ?

പിതാവ് അബ്ദുല്ലയ്ക്കും മഹതി ആമിനയ്ക്കും പിറന്ന മകനായിരുന്നു പിന്നീട് പ്രവാചകനായിത്തീര്‍ന്ന മുഹമ്മദ്‌നബി(സ). അദ്ദേഹം മലക്ക് ആയിരുന്നില്ല. അദ്ദേഹത്തിന്റെ പ്രവാചകത്വഗുണം മാനുഷികതയെ നിഷേധിക്കുന്നതുമായിരുന്നില്ല. അദ്ദേഹത്തിന്റെ ചില വര്‍ത്തമാനങ്ങളും പ്രവൃത്തികളും മനുഷ്യന്‍ എന്ന നിലയില്‍ മാത്രമുള്ളതായിരുന്നു. അത്തരം സംഗതികള്‍ക്ക് നിയമാവിഷ്‌കാര പരിരക്ഷ നല്‍കുന്നതില്‍ അര്‍ഥമില്ല. ഉദാഹരണമായി, നബിക്ക് ചുരയ്ക്ക/ ചുരങ്ങ , ആടിന്റെ കണങ്കാല്‍ എന്നിവ അതീവതാല്‍പര്യമുള്ളതായിരുന്നു. ഇത്തരം ഇഷ്ടങ്ങള്‍ ഓരോ വ്യക്തികളുടെയും ഇഷ്ടാനിഷ്ടങ്ങളില്‍ നാം കാണുന്നതാണ്. ഒരാള്‍ക്ക് മുതുകിലെയോ, തുടയിലെയോ മാംസം ഇഷ്ടമാണെങ്കില്‍ അയാള്‍ നബിചര്യ ഉപേക്ഷിച്ചുഎന്ന് നാം വിധിയെഴുതേണ്ട കാര്യമില്ല. ചുരയ്ക്ക ഇഷ്ടപ്പെടാത്തയാള്‍ മറ്റു പച്ചക്കറികള്‍ ഉപയോഗിക്കുന്നുവെന്നത് പ്രവാചകനിഷേധവുമല്ല. മനുഷ്യനായിരുന്ന നബി പലപ്പോഴും ദേഷ്യപ്പെടുകയും തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് (നബി കൂടുതല്‍ അടുത്തിടപഴകുന്നവരുമായാണ് അത്തരം ശൈലി തിരുമേനി പ്രയോഗിച്ചിട്ടുള്ളതെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്).

നബിയില്‍നിന്ന് ചില ദേഷ്യാവസരങ്ങളില്‍ ചിലര്‍ക്കെതിരെ അദ്ദേഹം മനസാ ഉദ്ദേശിക്കാത്ത വാക്കോ പ്രാര്‍ഥനയും ഉണ്ടായിട്ടുണ്ടാകാം.വിധികള്‍ നിര്‍ധാരണംചെയ്യുന്നവര്‍ ഇക്കാര്യം കൂടി പരിഗണിച്ചുവേണം വിഷയങ്ങള്‍ കൈകാര്യംചെയ്യാന്‍. മുആവിയയെ സംബന്ധിച്ച് നബിതിരുമേനി നടത്തിയ ഒരു പ്രസ്താവന ഇബ്‌നു അബ്ബാസില്‍നിന്ന് മുസ്‌ലിമും അഹ്മദും ഉദ്ധരിച്ചിട്ടുള്ളത് കാണുക:’അല്ലാഹു അദ്ദേഹത്തിന്റെ വയര്‍ നിറയ്ക്കാതിരിക്കട്ടെ ‘. ഈ ഹദീസിനെ മേല്‍ അടിസ്ഥാനത്തിലാണ് പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുള്ളത്. മുആവിയയെക്കുറിച്ച് മേല്‍പരാമര്‍ശം ഇ്ബ്‌നുഅബ്ബാസില്‍ നിന്ന് മുസ്‌ലിം ഉദ്ധരിക്കുന്നതിങ്ങനെയാണ്: ഞാന്‍ കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു. അപ്പോള്‍ അതുവഴി നബി(സ) വന്നു. ഞാന്‍ വാതിലിന്ന് പിന്നില്‍ ഒളിച്ചു. അദ്ദേഹം എന്റെ അടുത്തുവന്ന് കൈപരത്തിപ്പിടിച്ച് ചുമലുകള്‍ക്കിടയില്‍ വെച്ചുകൊണ്ട് പറഞ്ഞു: ‘നീ പോയി മുആവിയയെ കൂട്ടിക്കൊണ്ടുവരൂ’. ഞാന്‍ മുആവിയയുടെ അടുത്തേക്ക് ചെന്നപ്പോള്‍ അദ്ദേഹം ഭക്ഷണം കഴിക്കുകയായിരുന്നു. ഞാന്‍ വിവരം തിരുമേനിയെ അറിയിച്ചു.അപ്പോള്‍ അദ്ദേഹം പ്രതികരിച്ചതിങ്ങനെയായിരുന്നു: ‘അല്ലാഹു അദ്ദേഹത്തിന്റെ വയര്‍ നിറക്കാതിരിക്കട്ടെ’. നബിയുടെ പ്രസ്തുത പ്രാര്‍ഥന ഉദ്ദേശ്യപൂര്‍വമല്ലെന്നാണ് പണ്ഡിതാഭിപ്രായം.

തന്റെ ഭാര്യയോട് ‘ശൂന്യം പിടിച്ചവള്‍’ , തനിക്ക് പ്രിയങ്കരനായ മുആദിനോട് ‘മുആദേ , നിനക്ക് ഉമ്മ നഷ്ടമാകട്ടെ’,മറ്റൊരാളോട് ‘ദീനുള്ളവളെ വിവാഹംചെയ്ത് നീ വിജയിക്കുക. (അല്ലെങ്കില്‍) നിന്റെ രണ്ട് കൈകളും നശിച്ചുപോകട്ടെ’ എന്നു തുടങ്ങി നബി നടത്തിയ വര്‍ത്തമാനങ്ങളെല്ലാംതന്നെ സാധാരണഅറേബ്യന്‍ ശൈലിയിലുള്ളതാണ്. ഈ നബി വചനത്തിന് നാസിറുദ്ദീന്‍ അല്‍ബാനി നല്‍കുന്ന വിശദീകരണം കാണുക:’മുതവാതിറായ ധാരാളം ഹദീസുകളില്‍(നിവേദകരുടെ ആധിക്യത്താല്‍ നിവേദനത്തിന്റെ വിശ്വാസ്യതയിലോ സത്യസന്ധതയിലോ യാതൊരു സംശയത്തിനും സാധ്യതയില്ലാത്ത ഹദീസാണ് മുതവാതിര്‍) നബി തന്റെ ‘മനുഷ്യാവസ്ഥ’ പലപ്പോഴായി അനാവരണം ചെയ്തിട്ടുണ്ട്. ഉദാഹരണം: നബി പത്‌നി ആഇശ(റ) ഉദ്ധരിക്കുന്നു: ഒരിക്കല്‍ രണ്ട് ആളുകള്‍ നബിയെ കാണാന്‍ വന്നു. അവര്‍ നബിയെ പ്രകോപിപ്പിച്ചുകൊണ്ട് എന്തോ പറഞ്ഞു: ‘അദ്ദേഹം അവരെ ശകാരിക്കുകയും ശപിക്കുകയും ചെയ്തു. ഇരുവരും പോയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഇവര്‍ക്ക് രണ്ട് പേര്‍ക്കും കിട്ടിയതിനേക്കാള്‍ വല്ല നന്‍മയും മറ്റാര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടോ ?’ അദ്ദേഹം ചോദിച്ചു: ‘എന്താ അങ്ങനെ പറയാന്‍?’ ഞാന്‍ പറഞ്ഞു:’താങ്കള്‍ അവരെ ശകാരിക്കുകയും ശപിക്കുകയും ചെയ്തു. ‘ അപ്പോള്‍ അദ്ദേഹം പറഞ്ഞു ‘ഞാന്‍ എന്റെ നാഥനുമായി എന്താണ് പങ്കുവെച്ചതെന്നാണ് നീ മനസ്സിലാക്കിയത്. ഞാന്‍ അല്ലാഹുവോട ്പറഞ്ഞു:അല്ലാഹുവേ, ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്. ഞാന്‍ ഏതെങ്കിലും ഒരു മുസ്‌ലിമിനെ ശപിക്കുകയോ ശകാരിക്കുകയോ ചെയ്താല്‍ അതിനെ നീ അയാള്‍ക്ക് സകാത്തും പ്രതിഫലവുമാക്കേണമേ!”. ‘നബി ഒരാളെ അസ്ഥാനത്ത് ശകാരിക്കുകയോ ശപിക്കുകയോ ചെയ്താല്‍ അത് അയാള്‍ക്ക് കരുണയും പ്രതിഫലവും സകാത്തും ആയിരിക്കും’ എന്ന അധ്യായത്തിലാണ് മുസ്‌ലിം ഇത് ഉദ്ധരിച്ചിട്ടുള്ളത്. എന്നാല്‍ അദ്ദേഹം അനസുബ്‌നു മാലിക്ക്(റ)ല്‍നിന്ന് താഴെകൊടുത്ത ഹദീസും ഉദ്ധരിച്ചിട്ടുണ്ട്

‘അനസിന്റെ മാതാവ് ഉമ്മു സുലൈമിന്റെ സംരക്ഷണയില്‍ ഒരു അനാഥയുണ്ടായിരുന്നു.ഒരിക്കല്‍ നബി അനാഥയോട് ‘നീയാണോ അവള്‍ , നീ വലുതായിരിക്കുന്നു, നിനക്ക് പ്രായം കൂടാതിരിക്കട്ടെ എന്ന് പറഞ്ഞു. അനാഥബാലിക കരഞ്ഞുകൊണ്ട് ഉമ്മുസുലൈമിനെ സമീപിച്ചു. ഉമ്മുസുലൈം ചോദിച്ചു: എന്തുപറ്റി മകളേ? പെണ്‍കുട്ടി ‘എന്റെ പ്രായം ഒരിക്കലും കൂടാതിരിക്കട്ടെ എന്ന് നബി എനിക്കെതിരെ പ്രാര്‍ഥിച്ചു.’ ഉമ്മുസുലൈം തിടുക്കത്തില്‍ മുഖമക്കന വലിച്ചിട്ട് നബിയെ ചെന്നുകണ്ടു. ‘എന്തുപറ്റി ഉമ്മുസുലൈം’ തിരുമേനി ചോദിച്ചു. ‘അവളുടെ വയസ്സ് കൂടരുതെന്ന് താങ്കള്‍ പ്രാര്‍ഥിച്ചതായി അവള്‍ പറഞ്ഞു.’ ഇതുകേട്ട് ചിരിച്ചുകൊണ്ട് നബി(സ) പറഞ്ഞു:

‘ഉമ്മുസുലൈം, ഞാന്‍ എന്റെ രക്ഷിതാവിനോട് വെച്ച ഉപാധി അറിയാമോ?’ ഞാന്‍ മനുഷ്യന്‍ മാത്രമാണെന്നും ഞാന്‍ മനുഷ്യനെപ്പോലെ തൃപ്തിപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്യുമെന്നും ഞാന്‍ ആര്‍ക്കെങ്കിലും എതിരായി പ്രാര്‍ഥിച്ചാല്‍ അത് അയാള്‍ക്ക് സകാത്തും വിശുദ്ധിയും അന്ത്യനാളില്‍ അയാള്‍ നിന്റെ മുമ്പാകെ സമര്‍പ്പിക്കുന്ന സല്‍ക്കര്‍മമായും സ്വീകരിക്കേണമേ ‘ എന്നാണ് ഞാന്‍ അല്ലാഹുവിനോട് ഉപാധിവെച്ചിരിക്കുന്നത്. ഈ ഹദീസിന് ശേഷം ഇമാം മുസ്‌ലിം , മുആവിയഃയെക്കുറിച്ച് പരാമര്‍ശമുള്ള മേല്‍ഹദീസ് ഉള്‍പ്പെടുത്തി ആ അധ്യായം അവസാനിപ്പിച്ചിരിക്കുന്നു. മുആവിയഃയെക്കുറിച്ച പരാമര്‍ശം മേല്‍ഗണത്തിലാണ് ഉള്‍പ്പെടുന്നതെന്ന് ചുരുക്കം.

മുആവിയഃക്കെതിരെ നബി നടത്തിയ പ്രസ്താവനയ്ക്ക് രണ്ട് മറുപടിയുണ്ട്:
1. അത് ഉദ്ദേശ്യപൂര്‍വമല്ലാത്ത സംസാരമായിരുന്നു. 2. മുആവിയഃ എത്താന്‍ വൈകിയതിനുള്ള ശിക്ഷയായിരുന്നു.
മുആവിയഃ എതിര്‍ പ്രാര്‍ഥനയ്ക്ക് അര്‍ഹനല്ലെന്ന് മനസ്സിലായതിനാലാണ് മുസ്‌ലിം ഈ ഹദീസ് ഈ അധ്യായത്തില്‍ ഉള്‍പ്പെടുത്തിയത്.മറ്റുചിലര്‍ ഈ ഹദീസ് മുആവിയഃയുടെ ശ്രേഷ്ഠതയിലാണ് ഉള്‍പ്പെടുത്തിയത്. കാരണം, യഥാര്‍ഥത്തില്‍ അത് അദ്ദേഹത്തിനനുകൂലമായ പ്രാര്‍ഥനയാണ്. അല്ലാഹുവേ, ഞാന്‍ ആരെയെങ്കിലും ശകാരിക്കുകയോ ശപിക്കുകയോ ചെയ്താല്‍ അതിനെ നീ അയാള്‍ക്ക  കാരുണ്യവും സകാത്തും ആക്കേണമേ’ എന്ന നബി വചനത്തെ ആധാരമാക്കി അത് മുആവിയക്കുള്ള അംഗീകാരമായി മനസ്സിലാക്കുകയാണ് വേണ്ടത്.
ഞാന്‍ നിങ്ങളെ പോലെ മനുഷ്യന്‍ മാത്രമാണ് എനിക്ക് ദിവ്യബോധനം നല്‍കപ്പെടുന്നു (അല്‍കഹ്ഫ് 110) എന്ന അല്ലാഹുവിന്റെ വചനത്തിന്റെ വ്യാഖ്യാനമാണ്, ‘ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ് ഞാന്‍ മനുഷ്യരെപ്പോലെ തൃപ്തിപ്പെടുന്നു… ‘എന്ന നബിവചനം.

നബിയെക്കുറിച്ച് ഇങ്ങനെയൊന്നും ചിന്തിക്കുകയോ പറയുകയോ ചെയ്യരുതെന്ന് ചില ശുദ്ധാത്മാക്കള്‍ വിചാരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത്തരം ചിന്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. കാരണം, ഉപര്യുക്ത ഹദീസ് സ്വഹീഹും അനേകപരമ്പരകളിലൂടെ വന്നിട്ടുള്ളതാണ്.
നബിയില്‍നിന്ന് സാധുവും സ്ഥാപിതവുമായി ഉദ്ധരിക്കപ്പെട്ട എല്ലാം വിശ്വസിക്കുമ്പോള്‍ മാത്രമാണ് നബിയോടുള്ള ആദരബഹുമാനം നിയമാനുസൃതമാവുക. നബി(സ) അല്ലാഹുവിന്റെ ദൂതനും ദാസനുമാണെന്ന വിശ്വാസം സംയോജിതമാവുക അപ്പോഴാണ്. അതേസമയം, അദ്ദേഹം മനുഷ്യനാണെന്ന് ഖുര്‍ആനും തിരുചര്യയും പഠിപ്പിക്കുന്നു. സാധുവായ ഹദീസുകള്‍ പ്രകാരം, അദ്ദേഹം മനുഷ്യശ്രേഷ്ഠനാണ്.

Topics