സ്വഹാബികളും ആദ്യകാല പണ്ഡിതന്‍മാരും നബിചര്യയെ ‘നിയമനിര്‍മാണപരം’, ‘നിയമനിര്‍മാണേതരം’ എന്നിങ്ങനെ വിഭജിച്ചിരുന്നില്ല. നബിതിരുമേനി ചെയ്ത ഒരു കാര്യം സുന്നത്തോ, അല്ലാത്തതോ എന്നതായിരുന്നു അവരിലെ ചര്‍ച്ച. സുന്നത്തായാല്‍ അത് പിന്‍പറ്റുകയും അല്ലെങ്കില്‍ അതിന് നിയമനിര്‍മാണമൂല്യമില്ലെന്ന് മനസ്സിലാക്കുകയുംചെയ്യും. വാക്കും കര്‍മവും സമ്മതവും ഉള്‍ക്കൊള്ളുന്ന തിരുമേനിയുടെ സുന്നത്തിനെ അതിന്റെ ഭാഷാര്‍ഥത്തിനപ്പുറം വ്യാപകാര്‍ഥത്തിലാണ് സ്വഹാബികള്‍ മനസ്സിലാക്കിയത്. പ്രവര്‍ത്തിച്ചതായി നബിയില്‍നിന്ന് ഉറപ്പുള്ള സംഗതികളെ പിന്‍പറ്റേണ്ടതുതന്നെയാണെന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. സുന്നത്ത് എന്നതിന്റെ ഭാഷാര്‍ഥം പിന്തുടരപ്പെടുന്ന വഴി എന്നാണ.്
വൈജ്ഞാനികരംഗത്ത് പഠിതാക്കളെ വഴിതെറ്റിക്കുന്ന ചില പ്രശ്‌നങ്ങളുണ്ട്. പഴയകാല പണ്ഡിതന്‍മാര്‍ ഉപയോഗിച്ച സാങ്കേതികപദങ്ങളെ യഥാതഥം മനസ്സിലാക്കപ്പെടാതെ പോകുന്നത് ഉദാഹരണം. ‘നസ്ഖ്’ എന്ന പദം പില്‍കാല പണ്ഡിതരില്‍നിന്ന് ഭിന്നമായ രീതിയിലാണ് ആദ്യകാലപണ്ഡിതന്‍മാര്‍ ഉപയോഗിച്ചിരുന്നത്. ഇതുപോലെ തന്നെയാണ് ‘സുന്നത്ത്’ എന്ന പദവും.
നബിചര്യകളെ സ്വഹാബികള്‍ സുന്നത്തോ അല്ലയോ എന്ന തലക്കെട്ടിലാണ് ചര്‍ച്ചചെയ്തിരുന്നതെന്നും അല്ലാതെ നാം ചെയ്യുന്നതുപോലെ നിയമനിര്‍മാണപരം, നിയമനിര്‍മാണേതരം എന്നിങ്ങനെയായിരുന്നില്ലെന്നും മുമ്പ് പറഞ്ഞല്ലോ. അത് വ്യക്തമായി മനസ്സിലാക്കാന്‍ ഇമാം അഹ്മദിന്റെ ഒരു ഹദീസ് കാണാം: ‘അബൂത്വുഫൈല്‍, ഇബ്‌നു അബ്ബാസ്(റ)നോട് ചോദിച്ചു: നബി തിരുമേനി(സ) കഅ്ബഃ ത്വവാഫ് ചെയ്യുമ്പോള്‍ വേഗത്തില്‍ നടന്നെന്നും അത് സുന്നത്താണെന്നും ആളുകള്‍ പറയുന്നു. എന്താണ് താങ്കളുടെ അഭിപ്രായം? ഇബ്‌നു അബ്ബാസ്: ‘അവര്‍ പറഞ്ഞത് സത്യമാണ്, കളവുമാണ്.’ ഞാന്‍: ‘അവര്‍ പറഞ്ഞ സത്യമേത് ? കളവേത്?’ അദ്ദേഹം: നബി (സ) ത്വവാഫുവേളയില്‍ വേഗത്തില്‍ നടന്നുവെന്നത് സത്യമാണ്. അത് സുന്നത്താണെന്ന് പറഞ്ഞത് കളവാണ്.
ഹുദൈബിയ സന്ധി നിലവില്‍ വന്ന കാലത്ത്, ‘മുഹമ്മദും അനുയായികളും ചത്തുപോകും നിങ്ങള്‍ അവരെ പാട്ടിനുവിട്ടേക്കുക’ എന്ന് ഖുറൈശികള്‍ പറഞ്ഞിരുന്നു. സന്ധിപ്രകാരം അടുത്ത വര്‍ഷം മൂന്നുദിവസം മക്കയില്‍ താമസിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ നബിയും അനുചരന്‍മാരും കഅ്ബയിലെത്തി. തദവസരം ശത്രുക്കള്‍ കഅ്ബഃയ്ക്കുസമീപമുള്ള ‘ഖുഐഖആന്‍’ എന്ന മലയുടെ ഭാഗത്തുണ്ടായിരുന്നു. ഇതുകണ്ട നബി ശത്രുക്കളെ പ്രകോപിപ്പിക്കാനായി ഇങ്ങനെ പറഞ്ഞു: ‘നിങ്ങള്‍ പ്രദക്ഷിണംചെയ്യുമ്പോള്‍ വേഗത്തില്‍ നടക്കുക. അത് സുന്നത്തൊന്നുമല്ല. ഞാന്‍ (അബൂത്വുഫൈല്‍) ചോദിച്ചു: ‘നബി(സ) സ്വഫാ മര്‍വകള്‍ക്കിടയില്‍ ഒട്ടകപ്പുറത്താണ് സഞ്ചരിച്ചതെന്നും അത് സുന്നത്താണെന്നും ആളുകള്‍ പറയുന്നു.’ അദ്ദേഹം: ‘അവര്‍ പറഞ്ഞത് സത്യവും കളവുമാണ്. ഞാന്‍ :’ഏതാണ് സത്യം, ഏതാണ് അസത്യം? അദ്ദേഹം: നബി സ്വഫാമര്‍വാകള്‍ക്കിടയില്‍ ഒട്ടകപ്പുറത്താണ് സഞ്ചരിച്ചു എന്ന് പറഞ്ഞത് സത്യമാണ്. അത് സുന്നത്താണെന്ന് പറഞ്ഞത് കളവാണ്. സ്വഹാബികള്‍ നബിയുടെ തൊട്ടുചേര്‍ന്ന് സഞ്ചരിച്ചു. അകലംപാലിച്ചില്ല. പ്രയാസമായ നബി(സ) ഒട്ടകപ്പുറത്തേറി ത്വവാഫ് ചെയ്തു. അതുകൊണ്ട് അവര്‍ക്ക് അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കാനായി. സ്വഹാബികളുടെ കൈകള്‍ അദ്ദേഹത്തിലേക്ക് എത്തിയതുമില്ല’.ഞാന്‍ :’നബി(സ) സ്വഫാമര്‍വകള്‍ക്കിടയില്‍ ഓടി എന്നും അത് സുന്നത്താണെന്നും ആളുകള്‍ പറയുന്നു’.അദ്ദേഹം:’അവര്‍ പറഞ്ഞത് ശരിയാണ്. ഹജ്ജുകര്‍മങ്ങളുമായി ബന്ധപ്പെട്ട് ഇബ്‌റാഹീം നബിക്ക് അല്ലാഹുവില്‍നിന്ന് അനുശാസനങ്ങളുണ്ടായപ്പോള്‍, സ്വഫാ -മര്‍വഃകള്‍ക്കിടയിലെ നടപ്പാതയില്‍ പിശാച് പ്രത്യക്ഷപ്പെട്ടു. പിശാച് ഇബ്‌റാഹീമിനോട് മത്സരിച്ചുനടന്നു. ഇബ്‌റാഹീം പിശാചിനെ മുന്‍കടന്നു. അനന്തരം ജിബ് രീല്‍ നബിയെ ജംറത്തുല്‍ അഖബഃയിലേക്ക് കൊണ്ടുപോയി. അവിടെയും പിശാച് പ്രത്യക്ഷപ്പെട്ടു. ഏഴുകല്ലെടുത്ത് എറിഞ്ഞതോടെ അവര്‍ പോയി.”
നബിയുടെ ഹജ്ജിലെ പ്രവൃത്തികളില്‍ മുസ്‌ലിം പിന്തുടരേണ്ടുന്ന പുണ്യപ്രദമായ സുന്നത്തുകളും നബി ചെയ്തതാണെങ്കിലും നാം പിന്തുടരേണ്ടതില്ലാത്തവയുമുണ്ടെന്ന് പണ്ഡിതവര്യനായ സ്വഹാബിപ്രമുഖന്‍ ഇബ്‌നു അബ്ബാസ് വിവരിച്ചതാണ് ഇതുവരെ പരാമര്‍ശിച്ചത്.
Add Comment