സുന്നത്ത്-പഠനങ്ങള്‍

നബിചര്യയിലെ നിയമവും നിയമേതരവും: ഇബ്‌നു ഖുതൈബയുടെ വീക്ഷണം

നബിചര്യയുടെ നിയമനിര്‍മാണപരം നിയമനിര്‍മാണേതരം എന്നിങ്ങനെയുള്ള വിഭജനം, വിഭജനത്തിന്റെ അടിസ്ഥാനം, പ്രയോഗവത്കരണത്തില്‍ അതിന്റെ സ്വാധീനം എന്നിവ സംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്കിടയില്‍ ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അവരിലൊരാളായ ഇബ്‌നുഖുതൈബയുടെ വീക്ഷണമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.

പൂര്‍വകാലപണ്ഡിതരില്‍ നബിചര്യയെ ആദ്യമായി വര്‍ഗീകരിച്ചത് ഇമാം അബൂമുഹമ്മദ് ഇബ്‌നു ഖുതൈബ (മരണം ഹി. 278). മുഅ്തസില ചിന്താസരണിയില്‍ ജാഹിള് എത്രമാത്രം പ്രധാനിയാണോ അതുപോലെ അഹ്‌ലുസ്സുന്നഃയുടെ സംരക്ഷകനും വിശ്വവിജ്ഞാനകോശസമാനം പണ്ഡിതനുമാണ് ഖുതൈബ. അദ്ദേഹം തന്റെ ‘തഅ്‌വീലു മുഖ്തലഫില്‍ ഹദീഥ്’എന്ന കൃതിയില്‍ എഴുതുന്നു:
നമ്മുടെ പക്ഷമനുസരിച്ച് നബിചര്യ മൂന്നുവിധമാണ്

1. അല്ലാഹുവില്‍നിന്ന് ജിബ്‌രീല്‍ (അ)കൊണ്ടുവന്നതരം നബിചര്യ
ഒരുസ്ത്രീയെയും അവരുടെ മാതൃസഹോദരിയെയും അഥവാ പിതൃസഹോദരിയെയും ഒരേസമയം ഭാര്യമാരായി വെച്ചുകൊണ്ടിരിക്കരുത്.
രക്തബന്ധം വഴി നിഷിദ്ധമാകുന്നതെല്ലാം മുലകുടി ബന്ധംവഴിയും നിഷിദ്ധമാവും.
അന്യസ്ത്രീയുടെ മുലപ്പാല്‍ ഒന്നോ രണ്ടോ തവണ കുടിച്ചതുകൊണ്ടുമാത്രം ഒന്നും നിഷിദ്ധമാവില്ല.
ചോരപ്പണം നല്‍കാനുള്ള ബാധ്യത ബന്ധുക്കള്‍ക്കാണ്.
മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളിലൂടെ തിരുചര്യയുടെ അടിസ്ഥാനം ദിവ്യബോധനമാണെന്നാണ് അദ്ദേഹം വിവക്ഷിക്കുന്നത്.

2. നടപ്പാക്കാന്‍ നബിക്ക് അനുവാദം ലഭിച്ചതും എന്നാല്‍ വ്യക്ത്യന്തരവും രോഗവും പ്രതിബന്ധവും പരിഗണിച്ച് നബിതിരുമേനിക്ക് സ്വതന്ത്രമായി നടപ്പിലാക്കാവുന്നതുമായ തരം ചര്യ.
ഉദാഹരണം: പുരുഷന്‍മാര്‍ക്ക് നിഷിദ്ധമായ പട്ടുവസ്ത്രം ചര്‍മരോഗിയായ അബ്ദുര്‍റഹ്മാന് അനുവദിച്ചു.
മക്കയെക്കുറിച്ച് പറയവേ, ‘അവിടത്തെ പുല്ല് അരിഞ്ഞെടുക്കാനോ മരം മുറിക്കാനോ പാടില്ല’ എന്ന് പറഞ്ഞപ്പോള്‍ അബ്ബാസ് ബ്‌നു അബ്ദില്‍ മുത്ത്വലിബ് ഇങ്ങനെ പറയുകയുണ്ടായി ‘അല്ലാഹുവിന്റെ ദൂതരേ, അതില്‍ നിന്ന് ‘ഇദ്ഖിര്‍’ ഒഴിവാക്കിത്തരണം. അത് ഞങ്ങളുടെ വീട്ടാവശ്യത്തിനുള്ളതാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇദ്ഖിര്‍’ ഒഴികെ.’എല്ലാമരങ്ങളും മൊത്തമായി തന്നെ വിലക്കിയിരുന്നുവെങ്കില്‍ അബ്ബാസി(റ)ന് തന്റെ ഇംഗിതം അറിയിക്കാന്‍ കഴിയുമായിരുന്നില്ല. നബിക്ക് ഗുണകരമായി തോന്നുന്ന നീക്കുപോക്കിന് അല്ലാഹു സ്വാതന്ത്ര്യം നല്‍കിയിരുന്നു. അതിനാല്‍ ജനങ്ങളുടെ ആവശ്യം മാനിച്ച് ഇദ്ഖിറിനെ പൊതുനിയമത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
ഇശാഅ് നമസ്‌കാരത്തെക്കുറിച്ച് നബി(സ)പറഞ്ഞു: ‘എന്റെ സമുദായത്തിന് പ്രയാസകരമാവുകയില്ലെങ്കില്‍ ഈ നമസ്‌കാരത്തിന്റെ സമയം ഇപ്പോഴത്തേതാക്കുമായിരുന്നു.

മറ്റൊരു സന്ദര്‍ഭം: ഉദ്ഹിയ്യ ബലിമാംസം മൂന്നു ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കരുതെന്ന് ഞാന്‍ നിങ്ങളെ വിലക്കിയിരുന്നു. ആളുകള്‍ തങ്ങളുടെ അതിഥികള്‍ക്ക് അത് സല്‍ക്കരിക്കുന്നുണ്ടെന്നും നാട്ടിലില്ലാത്തവര്‍ക്കായി കരുതിവെക്കുന്നുണ്ടെന്നും പിന്നീടെനിക്ക് മനസ്സിലായി. ആയതിനാല്‍, നിങ്ങള്‍ അത് തിന്നുക, നിങ്ങള്‍ ഉദ്ദേശിക്കുവോളം അത് കരുതിവെക്കുക.
ഈത്തപ്പഴം കൊണ്ടോ മുന്തിരികൊണ്ടോ ഉണ്ടാക്കി പാത്രങ്ങളില്‍ സൂക്ഷിക്കുന്ന പാനീയം കുടിക്കരുതെന്ന് ഞാന്‍ വിലക്കിയിരുന്നു. ഇനിമുതല്‍ നിങ്ങള്‍ കുടിച്ചുകൊള്ളുക. എന്നാല്‍ ലഹരിയുള്ളത് നിങ്ങള്‍ കുടിക്കരുത്.
ഇബ്‌നു ഖുതൈബ എഴുതുന്നു: മേലുദ്ധരിച്ച സംഭവങ്ങള്‍ ചില കാര്യങ്ങള്‍ വിലക്കാനും വിലക്കിയ ചില കാര്യങ്ങളില്‍ ഉദ്ദേശിക്കുന്ന ചിലര്‍ക്ക് ഇളവുനല്‍കാനും അല്ലാഹു നബിയെ അനുവദിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. ഇത്തരമൊരനുവാദം നബിക്കുണ്ടായിരുന്നില്ലെങ്കില്‍ , ഭര്‍ത്താവിനെക്കുറിച്ച പരാതിയുമായെത്തിയ ഭാര്യയോട് ‘അല്ലാഹു ഈ വിഷയകമായി തീരുമാനിക്കും’ എന്നുപറഞ്ഞപോലെ നബി(സ) അല്ലാഹുവിന്റെ വിധി കാത്തുനില്‍ക്കുമായിരുന്നു.

3. ധാര്‍മിക അച്ചടക്കത്തിന്റെ ഭാഗമായി ചര്യയാക്കിയതും ചെയ്താല്‍ പുണ്യകരവും ചെയ്തില്ലെങ്കില്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ തെറ്റില്ലാത്തതും.
തലപ്പാവിന്റെ ആകൃതിയുടെ വിഷയത്തില്‍, തലപ്പാവിന്റെ തലകൊണ്ട് താടിചുറ്റിക്കെട്ടണം. കാലികളുടെ കാഷ്ടം ഭക്ഷിക്കുന്ന മൃഗങ്ങളുടെ മാംസവും കൊമ്പ് വെയ്പ് ജോലി വഴികിട്ടുന്ന വരുമാനവും വര്‍ജ്ജിക്കണം എന്നീ നിര്‍ദ്ദേശങ്ങള്‍ ഈ ഇനത്തില്‍ പെടുന്നവയാണ്.ഈ ഇനം തിരുചര്യയില്‍ വന്ന കല്‍പനകളെയും നിരോധങ്ങളെയും നിദാനശാസ്ത്രകാരന്‍മാര്‍ ഇര്‍ശാദ്(മാര്‍ഗനിര്‍ദേശം) എന്ന് വ്യവഹരിച്ച ഇനത്തിലാണ് ഇബ്‌നു ഖുതൈബ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Topics