ഖുര്‍ആന്‍ ചിന്തകള്‍ ഭാഗം-4
അറബി ഭാഷയിലുള്ള ഈ ഖുര്‍ആന്‍ സുവ്യക്തമാണ്.സുതാര്യവും സുബദ്ധവുമാണ്. യാതൊരു വളച്ചുകെട്ടുമില്ലാതെ സ്വഛമായ പ്രകൃതത്തോടെ സംവദിക്കുന്നതുമാണ്. പ്രപഞ്ച നാഥന്റെ ഒരു അത്ഭുത പ്രതിഭാസമാണ് നക്ഷത്രങ്ങള്‍. അത് മനുഷ്യര്‍ക്ക് വഴികാട്ടിയാണ് എന്ന് സൂറത്തുന്നഹ്‌ലില്‍ (16:16)ല്‍ അല്ലാഹു പരാമര്‍ശിച്ചിരിക്കുന്നു. നക്ഷത്രങ്ങള്‍ നിറഞ്ഞ രാത്രി ചിലപ്പോഴെല്ലാം ശ്യൂന്യത നിറഞ്ഞ നമ്മുടെ ഹൃദയത്തിന് പുതുജീവന്‍ നല്‍കുന്നതാണ്. വിഹായസ്സിന്റെ മാറിടത്തില്‍ നിറഞ്ഞു നില്‍ക്കുന്ന താരകങ്ങള്‍ എത്ര മോഹനവും പ്രിയങ്കരവുമാണ്.! പരന്ന് കിടക്കുന്ന പ്രതലത്തില്‍ ഒരൊറ്റ മനസ്സുമായി റബ്ബിന് സ്തുതി കീര്‍ത്തനമാലപിച്ച് അവ ചരിക്കുന്നു. അവിടെ പ്രശ്‌നങ്ങളില്ല, പ്രതികാരമില്ല, വിദ്വേഷമില്ല, കുറ്റപ്പെടുത്തലില്ല, പരസ്പര കലഹങ്ങളുമില്ല. ഒരൊറ്റ തോണിയില്‍ പരസ്പരം സ്‌നേഹിച്ചും പ്രണയിച്ചും കഴിയുന്നു.! അതില്‍ നിന്നെല്ലാം മനുഷ്യര്‍ക്ക് അല്ലാഹു നല്‍കുന്ന ഗുണപാഠം വളരെ വലുതാണ്. താരകങ്ങളെ അതി മനോഹരമായി വിശുദ്ധ ഖുര്‍ആന്‍ ചിത്രീകരിക്കുന്നത് കാണാം. സൂറത്തു: തക്‌വീറിന്റെ 15,16 വചനങ്ങളില്‍ മിന്നിമറയുന്ന നക്ഷത്രങ്ങളെയും വന്ന് മറയുന്ന നക്ഷത്രങ്ങളെയും മനോജ്ഞമായി ആവിഷ്‌കരിച്ചിരിക്കുന്നു. മനുഷ്യ ഭാവനയെ വിദൂരതയിലേക്ക് തെളിക്കുന്ന സ്‌നേഹ സാന്ത്വനമായ രംഗം.! താല്‍ക്കാലികമായി മിന്നിമറയുന്നതും ദ്രുതഗതിയില്‍ ചലിക്കുന്നതും, സ്വന്തം അച്ചുതണ്ടില്‍ ചുറ്റിത്തിരിയുന്നതുമായ നക്ഷത്രങ്ങളെയാണ് ഖുര്‍ആന്‍ ആവിഷ്‌കരിക്കുന്നത്. എവിടെ നിന്നോ ഓടിവന്ന് കൂട്ടില്‍ കയറി ഒളിക്കുകയും പിന്നീട് വേറൊരിടത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ജീവനുള്ള മാന്‍പേടകളോടാണ് ഇവിടെ സാദൃശ്യം..! നമുക്കറിയാം മാന്‍പേടകള്‍ കാടിന്റെ ഏതോ ഒരു ദിക്കില്‍ നിന്നും ഒരു കോണില്‍ അത് പ്രത്യക്ഷപ്പെടുന്നു.. താരാപദങ്ങളില്‍ ജീവന്‍ സ്പന്ദിക്കുന്നതു പോലെയും അവയുടെ ചലനം സൗന്ദര്യാനുഭൂതി പകരുന്നതു പോലെയും തോന്നിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്റെ ഹൃദ്യമായ ആവിഷ്‌കാരം..! വാങ്മയ ചിത്രങ്ങളും വാങ്മയദൃശ്യങ്ങളും ഒരു വായനക്കാരന്റെ മനസ്സിലേക്ക് വഴിത്തൊഴുകുന്ന പ്രതീതി തീര്‍ച്ചയായും നമുക്ക് കാണാം. മറ്റൊരു സ്ഥലത്ത് ‘ إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ ‘ ( ഏറ്റവും അടുത്ത ആകാശത്തെ നാം നക്ഷത്രങ്ങള്‍ കൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു 37:6) എന്ന് സൂചിപ്പിച്ചിരിക്കുന്നു. ഈ പ്രിയങ്കരമായ അലങ്കാര ഭംഗി കാണാന്‍ രാത്രിയില്‍ ഒന്ന് നോക്കിയാല്‍ മതി. സൗന്ദര്യം എന്നുള്ളത് ഈ പ്രപഞ്ച നിര്‍മിതിയിലെ ഒരു സോദ്ദേശ്യ ഘടകമാണെന്ന വസ്തുത അതോടെ നിങ്ങള്‍ക്ക് ബോധ്യമാകും. ശില്‍പഭംഗിയും ആകാര സൗന്ദര്യവും അതിലെ ഓരോ ഘടകത്തിലും നിറഞ്ഞു നില്‍ക്കുന്നു. ആ സൗന്ദര്യത്തികവില്‍ നിന്നുകൊണ്ടു തന്നെ അവ ഓരോന്നും തന്റെ ധര്‍മവും നിയോഗവും യഥാവിധി നിറവേറ്റുന്നു..! നക്ഷത്രങ്ങള്‍ ചിതറിക്കിടക്കുന്ന ആകാശത്തിന്റെ ദൃശ്യം നയനാനന്ദകരമായ ഒന്നാണ്. എത്ര കണ്ടാലും മതിവരാത്തതും മടുക്കാത്തതുമായ കാഴ്ച. മഹാനായ ശഹീദ് സയ്യിദ് ഖുത്ബ് വളരെ സുന്ദരമായാണ് ഇതിനെ ആവിഷ്‌കരിച്ചിട്ടുള്ളത്;
كل نجمة توصوص بضوئها وكل كوكب يوصوص بنوره ؛ وكأنه عين محبة تخالسك النظر.! ”
‘ ഇരുട്ടിന്റെ മുഖാവരണത്തിനുളളിലൂടെ ഓരോ നക്ഷത്രവും നിങ്ങളെ ഒളിഞ്ഞു നോക്കുന്നതായി കാണാം ; അനുരാഗവതിയായ കാമുകി തന്റെ കാമുകനെ നോക്കുന്നത് പോലെ..!’ നിങ്ങളുടെ നോട്ടവുമായി ഇടഞ്ഞാല്‍ ഉടനെ അവള്‍ കണ്ണുചിമ്മി ഇരുട്ടില്‍ മാറയും.. നിങ്ങള്‍ അവളില്‍ നിന്ന് പിന്തിരിഞ്ഞാലോ,അവള്‍ പൂര്‍വ്വോപരി സുന്ദരിയായി തിളങ്ങുകയും നിങ്ങളെ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യും. വിശുദ്ധ ഖുര്‍ആന്റെ എത്ര ശാന്തവും ഹൃദ്യവും മാസ്മരികവുമായ ദൃശ്യം..! എത്ര വശ്യവും മധുരവുമായ രംഗം..! അനുവാചകന്‍ താരാപഥങ്ങളുമായി ഒരു നിമിഷം സംവദിച്ചിട്ടുണ്ടാകും.! ചിന്തോദ്ദീപകവും മഹിതവും മനോഹരവുമായ പ്രാപഞ്ചിക ദൃശ്യങ്ങളെ ഝടുതിയില്‍ അവതരിപ്പിച്ചു കൊണ്ട് ഖുര്‍ആന്‍ മനുഷ്യന്റെ ഹൃദയവുമായി സംസാരിക്കുകയാണ്.! പ്രാപഞ്ചിക ദൃശ്യങ്ങളെ അവയുടെ ചടുതലയോടും സൗന്ദര്യത്തോടും ശ്രുതിലയത്തോടും അവതരിപ്പിക്കുക വഴി മനുഷ്യന്റെ ബോധതലങ്ങളെ ഖുര്‍ആന്‍ സ്പര്‍ശിക്കുകയാണ്. ഇത്രമേല്‍ സുന്ദരമായി അവതരിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്റെ ദൃശ്യങ്ങളെ വാക്കുകളിലൂടെ വിവരിക്കാന്‍ ഞാന്‍ ദുര്‍ബലനാണ്.! ശക്തമായ ഖുര്‍ആനിക സൂക്തങ്ങള്‍ ഇവിടെ താളംചവിട്ടുമ്പോള്‍ ഞാന്‍ അശക്തനായി കീഴടങ്ങുന്നു.! കൊച്ചുകുട്ടിയായി പിന്‍മാറുന്നു..!(തുടരും).
ഹാഫിള് സല്‍മാനുല്‍ ഫാരിസി
Add Comment