ഖുര്‍ആന്‍-ലേഖനങ്ങള്‍

പ്രഭാത-പ്രദോഷങ്ങളിലെ തസ്ബീഹ്

ഖുര്‍ആന്‍ ചിന്തകള്‍ ഭാഗം-11

പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളും അതിനെ സൃഷ്ടിച്ച നാഥന്റെ പരിശുദ്ധിയെ വാഴ്ത്തി കൊണ്ടിരിക്കുന്നുവെന്ന് വി.ഖുര്‍ആനിക ( ഹദീദ് 1) വചനം സൂചിപ്പിക്കുമ്പോള്‍, അതിനു ഏറ്റവും ബാധ്യതപ്പെട്ടവന്‍ ‘ഉല്‍കൃഷ്ട സൃഷ്ടി’യെന്ന ഖ്യാതിയുള്ള മനുഷ്യര്‍ തന്നെയാണ് എന്ന് പലരും മറന്നു പോകുന്നു. ജീവിതപ്പാച്ചിലിനിടയില്‍ പ്രപഞ്ച നാഥന്റെ അനുഗഹങ്ങള്‍ കണ്ടെറിഞ്ഞ് അവനെ വാഴ്ത്തുന്നതിന് പകരം നന്ദികേടിന്റെ അലങ്കാരമണിയാനാണ് പുതിയ തലമുറയ്ക്ക് താല്പര്യം. വിശുദ്ധ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ തസ്ബീഹ് നടത്താന്‍ നമ്മോട് കല്പിക്കു മ്പോഴെല്ലാം പ്രത്യേകമായി എടുത്ത് പറഞ്ഞ രണ്ട് സമയങ്ങള്‍ നമുക്ക് കാണാം ഉദാ : സൂറത്തുല്‍ അഹ്‌സാബിന്റെ 42ാം വചനത്തില്‍
“وَسَبِّحُوهُ بُكۡرَةࣰ وَأَصِیلًا”
(പ്രഭാതത്തിലും പ്രദോഷത്തിലും അവനെ ധാരാളം വാഴ്ത്തുക).
എന്നാണെങ്കില്‍ സൂറത്തുല്‍ ഫത്ഹിന്റെ 9ാം വചനത്തില്‍ ” وَتُسَبِّحُوهُ بُكۡرَةࣰ وَأَصِیلًا ” എന്ന് അതേ കാര്യം തന്നെ പറഞ്ഞിരിക്കുന്നു. മറ്റൊരു രൂപത്തില്‍ സൂറ: ഇന്‍സാന്റെ 25ാം വചനത്തില്‍ വിണ്ടും വന്നിരിക്കുന്നു;
” وَٱذۡكُرِ ٱسۡمَ رَبِّكَ بُكۡرَةࣰ وَأَصِیلࣰا”
ഈ പദങ്ങള്‍ 4 സ്ഥലങ്ങളിലായി പടച്ച റബ്ബ് ആവര്‍ത്തിക്കുന്നതായി കാണാം. ഇവിടെയെല്ലാം പ്രഭാതത്തിലും പ്രദോഷത്തിലും ധാരാളമായി അല്ലാഹുവിനെ വാഴ്ത്തുക എന്നാണ് പറഞ്ഞിരിക്കുന്നത്.! മറ്റൊരു രൂപത്തില്‍ സൂറ: റൂമിന്റെ 17ാം സൂക്തത്തില്‍ വന്നിട്ടുള്ളതിങ്ങനെ: فَسُبۡحَـٰنَ ٱللَّهِ حِینَ تُمۡسُونَ وَحِینَ تُصۡبِحُونَ ( പ്രഭാതത്തിലും സന്ധ്യാവേളയിലും നിങ്ങള്‍ അവനെ പ്രകീര്‍ത്തിക്കുക). മാത്രമല്ല, ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവപ്പെടുന്ന സമയത്തും വി.ഖുര്‍ആന്‍ ഇതേ കാര്യം ഉണര്‍ത്തുന്നു; وَٱصۡبِرۡ نَفۡسَكَ مَعَ ٱلَّذِینَ یَدۡعُونَ رَبَّهُم بِٱلۡغَدَوٰةِ وَٱلۡعَشِیِّ” (സൂറത്തുല്‍ കഹ്ഫ്-28)
സൂറ: ത്വാഹയുടെ 130ാം വചനത്തിലും കാണാനാകുന്നത്, ‘ പ്രഭാതത്തിലും പ്രദോഷത്തിലും നിങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുക’ എന്നാണ്. ഏകദേശം 10 ല്‍ അധികം സ്ഥലങ്ങളില്‍ റബ്ബ് ഇതേ കാര്യം ഉണര്‍ത്തുന്നുണ്ട്. വിശേഷിച്ചും ഈ രണ്ടു സമയങ്ങളെ പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നു. ഈ രണ്ടു സമയത്തെക്കുറിച്ച് നാം ചിന്തിച്ചാല്‍ നമുക്കു മനസ്സിലാകും, പ്രഭാതം എന്നുള്ളത് ഇരുട്ടിന്റെ ആവരണത്തെ വകഞ്ഞു മാറ്റിക്കൊണ്ട് വെളിച്ചം കടന്നുവരുന്ന സന്ദര്‍ഭമാണ്.! അതേ സമയം സന്ധ്യാവേള നമ്മളില്‍ നിന്നും വെളിച്ചം വിടപറയാന്‍ ആരംഭിക്കുന്ന സന്ദര്‍ഭവും.! ഈ രണ്ടു സന്ദര്‍ഭങ്ങളും നാം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്ക് ചുറ്റുമുളള പ്രകൃതി ഏറ്റവും വലിയ മാറ്റത്തിന് വിധേയമാകുന്ന രണ്ട് സന്ദര്‍ഭങ്ങളാണെന്ന് മനസ്സിലാകും.! ഈ രണ്ടു സമയങ്ങളിലും സ്രഷ്ടാവിന്റെ കരവിരുത് കണ്ടറിഞ്ഞ് മനസ്സിലാക്കി ഒരു മനുഷ്യന്റെ ഹൃദയത്തില്‍ നിന്നും വരുന്ന തസ്ബീഹാണ് നാഥന്‍ ആവിശ്യപ്പെടുന്നത്.!
എന്താണ് തസ്ബീഹ്? അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുക അല്ലെങ്കില്‍ പ്രകീര്‍ത്തിക്കുക എന്നതാണത്. ‘ سبح ‘ എന്ന പദം അല്ലെങ്കില്‍ അതിന്റെ Root word ആയിട്ട് പണ്ഡിതന്മാര്‍ സൂചിപ്പിക്കുന്നത് ; ‘ سباح ‘ എന്ന പദമാണ്. ‘ سباح ‘എന്നാല്‍; വെള്ളത്തില്‍ നീന്തുക, പൊന്തിക്കിടക്കുക, വേഗത്തില്‍ സഞ്ചരിക്കുക എന്നെല്ലാമാണ്. മാത്രമല്ല, ‘ماء والهواء’വെള്ളത്തിലൂടെയോ അല്ലെങ്കില്‍ വായുവിലൂടെയോ ഒരാള്‍ സഞ്ചരിക്കുന്നതിനെയാണ് ഇങ്ങനെ പറയുക.! വെള്ളത്തില്‍ നീന്തുന്ന ഒരാള്‍ തന്റെ സുരക്ഷ വെള്ളത്തില്‍ ഉറപ്പാക്കേണ്ടതുണ്ട്. സന്തുലിതത്വം തെറ്റിക്കഴിഞ്ഞാല്‍ അയാള്‍ മുങ്ങി പോകും. അല്ലാഹുവിനെ സംബന്ധിച്ചിടുത്തോളം അവന്‍ എല്ലാ ന്യൂനതകള്‍ക്കും അതീതനാണെന്ന് നാം പ്രഖ്യാപിക്കുകയാണ് യഥാര്‍ത്ഥത്തില്‍ തസ്ബീഹ്. പടച്ച റബ്ബിന്റെ സൃഷ്ടിയിലുള്ള Perfection ആണ് അതിലൂടെ വിളിച്ചു പറയുന്നത്. പ്രപഞ്ചത്തിലെ സകലചരാചരങ്ങളും അവന്റെ മഹത്വത്തെ വാഴ്ത്തി കൊണ്ടിരിക്കുകയാണ്. വിശുദ്ധ ഖുര്‍ആനിലെ ‘മുസ്വബ്ബിഹാത്ത്’ സൂറകളെല്ലാം നാം കണ്ടതാണ്.! മനുഷ്യരില്‍പ്പെട്ട ചില ആളുകള്‍ അല്ലാഹുവിന്റെ മേല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച സന്ദര്‍ഭത്തില്‍ അല്ലാഹു سبحان ‘ എന്ന പദം കൊണ്ട് അവരെ ഖണ്ഡിക്കുന്നതായി കാണാം.! ഉദാ: സൂറത്തു മര്‍യം; െ്രെകസ്തവരുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്. സൂറയില്‍ പ്രത്യേകമായി എടുത്തുപറയുന്നത്, അല്ലാഹു സന്താനത്തെ സ്വീകരിച്ചു എന്ന അവരുടെ അത്യന്തം ഗുരുതരമായ ആരോപണമാണ്. 88 മുതലുള്ള സൂക്തങ്ങള്‍ വായിക്കുകയാണെങ്കില്‍( وَقَالُوا۟ ٱتَّخَذَ ٱلرَّحۡمَـٰنُ وَلَدࣰا ) കാരുണ്യവാനായ അല്ലാഹു തആലാ സന്താനത്തെ സ്വീകരിച്ചിരിക്കുന്നു’ എന്നവര്‍ പറഞ്ഞിരിക്കുന്നു. അവര്‍ പറഞ്ഞു വെക്കുന്ന ആരോപണത്തിന്റെ ഗൗരവമാണ് തുടര്‍ന്ന് ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നത്. ഇത്രയും ഗുരുതരമായ ജല്പനം അവര്‍ നടത്തിയപ്പോഴും അല്ലാഹു അവരെ ഖണ്ഡിക്കുന്നത് ഇതേ സൂറയിലെ തന്നെ 35ാം വചനം കൊണ്ടാണ് അവിടെയും ഉപയോഗിച്ചിരിക്കുന്ന പദം ” سبحان “എന്നതാണെന്ന് നമുക്ക് കാണാന്‍ കഴിയും. സന്താനത്തെ സ്വീകരിച്ചു എന്ന് പരാമര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒക്കെ തന്നെ (ഏകദേശം 5 ഇടങ്ങളില്‍) ഇതേ പദം ചേര്‍ക്കുന്നതായി കാണാം.! മാത്രമല്ല, മക്കാ മുശ് രിക്കുകള്‍ അല്ലാഹു പെണ്‍ സന്താനത്തെ സ്വീകരിച്ചു എന്നു ഗുരുതരമായ വാദമുഖം ഉയര്‍ത്തിയപ്പോഴും റബ്ബ് അവരെ ഖണ്ഡിച്ചത് സൂറ: നഹ്‌ലിന്റെ 57ാം വചനം കൊണ്ടാണ്;
وَیَجۡعَلُونَ لِلَّهِ ٱلۡبَنَـٰتِ سُبۡحَـٰنَهُۥ
ഇവിടെയും അതേ പദം ഉപയോഗിച്ചതായി കാണാം.! അതുകൊണ്ട്തന്നെ സൃഷ്ടികളുടെ ന്യൂനതകള്‍ സ്രഷ്ടാവിലേക്ക് ആരോപിക്കുന്ന സന്ദര്‍ഭത്തിലെല്ലാം മുകളില്‍ സൂചിപ്പിച്ച ആ രണ്ടു സമയങ്ങളുടെ സ്രഷ്ടാവായ തന്റെ റബ്ബ് ഇതില്‍ നിന്നെല്ലാം മുക്തനാണെന്ന് ഓരോ മനുഷ്യനും പ്രഖ്യാപിക്കലാണ് യഥാര്‍ത്ഥത്തില്‍ തസ്ബീഹ്..!(തുടരും).

ഹാഫിള് സല്‍മാനുല്‍ ഫാരിസി

Topics