ഖുര്‍ആന്‍-ലേഖനങ്ങള്‍

ഖുര്‍ആന്റെ ശിക്ഷണ വിശേഷങ്ങള്‍

ജീവിതത്തിന് അനുഗുണമായ ഒരു മന്‍ഹജ് സ്വീകരിക്കുന്നതില്‍ ഇന്ന് മുസ്‌ലിം സമൂഹങ്ങള്‍ വ്യാകുലതയിലും ചാഞ്ചല്യത്തിലുമാണ് ഉള്ളത്. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ മുതലാളിത്ത മാര്‍ഗവും, മറ്റുചിലപ്പോള്‍ സെക്യുലറിസ്റ്റ് സമീപനവും സ്വീകരിക്കുന്നതായി നാം കാണുന്നു. ഏതെങ്കിലും ഒരു സമൂഹം പുരോഗതി പ്രാപിച്ചതായോ, നാഗരികത കെട്ടിപ്പടുത്തതായോ കാണുമ്പോഴേക്കും ആശ്ചര്യത്താല്‍ അവരുടെ കണ്ണ് മഞ്ഞളിക്കുകയും അവയില്‍ നിന്ന് കടമെടുക്കുകയും ചെയ്യുന്നു. വൈദേശിക പ്രത്യയശാസ്ത്രങ്ങളെയും ചിന്തകളെയും അക്ഷരംപ്രതി നടപ്പിലാക്കുന്ന സംസ്‌കരണ പദ്ധതികളാണ് നാം മുസ്‌ലിം ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ സമൂഹങ്ങളുടെ സവിശേഷതകളോ, മത-സാംസ്‌കാരിക പശ്ചാത്തലങ്ങളോ പരിഗണിക്കാതെയാണ് ഇതെന്ന് നാമോര്‍ക്കണം. ഒരു സമൂഹത്തിന് യോജിക്കുന്ന കാര്യങ്ങള്‍ മറ്റൊരു സമൂഹത്തിന് -വിശിഷ്യാ നമ്മുടെ ഇസ്‌ലാമിക സമൂഹത്തിന്- യോജിച്ച് കൊള്ളണമെന്നില്ല. പാശ്ചാത്യ സമൂഹങ്ങളിലുള്ള മുസ്‌ലിംകളുടെ അമിത താല്‍പര്യം സ്വന്തം പൈതൃകം മറക്കാനും, വിശുദ്ധ വേദത്തില്‍ നിന്നും പ്രവാചക ചര്യയില്‍ നിന്നും രൂപപ്പെട്ട ഇസ്‌ലാമിക മാര്‍ഗത്തെ അവഗണിക്കാനുമാണ് സാഹചര്യമൊരുക്കിയത്. വൈയക്തിക-സാമൂഹിക തലങ്ങളുള്‍പെടെ മനുഷ്യ ജീവിതത്തിന്റെ സമ്പൂര്‍ണ മേഖലകളെ ഗ്രസിക്കുന്ന സംസ്‌കരണ മാര്‍ഗമാണ് ഇസ്‌ലാമിന്റേത്. ആത്മീയവും ഭൗതികവുമായി ഔന്നത്യം പ്രാപിച്ച നാഗരികത രൂപപ്പെട്ടത് പ്രസ്തുത അടിസ്ഥാനത്തിലായിരുന്നു. ആയിരത്തി ഇരുന്നൂറ് വര്‍ഷത്തോളം ലോകത്തെ ഭരിച്ചിട്ടും ഇസ്‌ലാമിക നാഗരികത ഒരാളെ പോലും അന്യായമായി മര്‍ദ്ദിച്ചില്ലെന്നതിന് പാശ്ചാത്യ-പൗരസ്ത്യ ലോകം സാക്ഷിയാണ്. വിശുദ്ധ ഖുര്‍ആന്റെ ശിക്ഷണ വിശേഷങ്ങളിലേക്ക് ഈ സാഹചര്യത്തില്‍ എത്തിനോക്കുകയാണിവിടെ. അല്ലാഹു ശിക്ഷണരീതിയില്‍ സ്വീകരിച്ച സമീപനങ്ങള്‍ വ്യക്തമാകുന്നതിന് ഇത് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വിശുദ്ധ ഖുര്‍ആന്റെ തര്‍ബിയ്യത്തിന്റെ മുഖ്യസവിശേഷത അത് ദൈവികമാണ് എന്നത് തന്നെയാണ്. മനുഷ്യനെ സൃഷ്ടിച്ച ദൈവത്തേക്കാള്‍ അവനെക്കുറിച്ച് നന്നായി മനസ്സിലാക്കിയവന്‍ മറ്റാരാണ് ഉള്ളത്? മനുഷ്യന്റെ പ്രകൃതത്തെക്കുറിച്ചും, അവന്റെ രോഗത്തെക്കുറിച്ചും അവക്കുള്ള ചികിത്സയെക്കുറിച്ചും നന്നായി അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. ‘ഈ ഖുര്‍ആനിലൂടെ നാം സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവും നല്‍കുന്ന ചിലത് ഇറക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അതിക്രമികള്‍ക്കിത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കുകയില്ല’. (ഇസ്‌റാഅ് 82).

ദൈവികം എന്നതിന് രണ്ട് വിശദീകരണങ്ങളുണ്ട്. അവയുടെ ഉറവിടം ദൈവികമാണെന്നും ലക്ഷ്യം ദൈവികമാണെന്നും വിലയിരുത്താവുന്നതാണ്. അല്ലാഹു മാനവസമൂഹത്തിനായി രൂപപ്പെടുത്തിയ മന്‍ഹജ് അഥവാ മാര്‍ഗമാണ് അത്. അതിനാല്‍ തന്നെ അവയില്‍ അബദ്ധം സംഭവിക്കുകയില്ല. പ്രാപഞ്ചിക രഹസ്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള മനുഷ്യന്റെ അധ്വാനങ്ങളെയോ, ചിന്തകളെയോ, പഠനങ്ങളെയോ നിരുത്സാഹപ്പെടുത്തുന്ന മാര്‍ഗമല്ല ഇത്. പകരം, അതിന് വിശുദ്ധ ഖുര്‍ആന്‍ പ്രോല്‍സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും കല്‍പിക്കുകയും ചെയ്യുന്നു. മാനവ സമൂഹത്തിന് മുന്നില്‍ അവര്‍ക്കാവശ്യമായ സൂചനകള്‍ സമര്‍പിക്കുകയും ആരാധനകളുടെയും ക്രയവിക്രയങ്ങളുടെയും ചില രീതികള്‍ വരച്ച് കാണിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യന്‍ ആര്‍ജ്ജിക്കേണ്ട സ്വഭാവ ഗുണങ്ങള്‍, അവന്‍ നേടിയെടുക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമായ വിജ്ഞാനം, സമൂഹത്തിന്റെ ഉത്ഥാനത്തിലേക്ക് നയിക്കുന്ന മാര്‍ഗങ്ങള്‍ തുടങ്ങിയവ വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്.

അതിനാല്‍ മനുഷ്യ പുരോഗതിക്ക് മുന്നില്‍ പ്രതിബന്ധമായി നില്‍ക്കുകയല്ല വിശുദ്ധ ഖുര്‍ആന്റെ വരച്ചുകാട്ടുന്ന മാര്‍ഗം. മറിച്ച് അവക്കാവശ്യമായ സര്‍വ പിന്തുണയും വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നു. ബുദ്ധിയെ ഉപയോഗപ്പെടുത്താതെ ജീവിക്കുന്നതിനെ ശക്തമായി അപലപിക്കുന്ന ഖുര്‍ആന്‍, അപ്രകാരം ജീവിക്കുന്നവര്‍ക്ക് സന്മാര്‍ഗം കണ്ടെത്താന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കുന്നു. മനുഷ്യനെ അവന്റെ പരിപാവനമായ പ്രകൃതിയിലേക്ക് നയിക്കുമ്പോഴാണ് മാനവ സമൂഹത്തിന് സൗഖ്യവും ക്ഷേമവും ഉണ്ടാകുന്നതെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. വൃത്തികെട്ട സ്വഭാവവും, ഛിദ്രതയും, ഗോത്രപക്ഷപാതിത്വവും നടമാടിയിരുന്ന, ഉപയോഗശൂന്യമായ കല്ലുകള്‍ക്കും മരങ്ങള്‍ക്കും സുജൂദ് ചെയ്യാന്‍ മാത്രം ബുദ്ധിപരമായി പിന്നാക്കം നിന്നിരുന്ന സമൂഹത്തെ വിശുദ്ധ ഖുര്‍ആന്റെ ശിക്ഷണ നേതൃത്വത്തില്‍ മാതൃകാ സമൂഹമാക്കി മാറ്റി എന്നത് ലോകം സാക്ഷ്യം വഹിച്ച ചരിത്രയാഥാര്‍ത്ഥ്യമാണ്.

സമാനതകളില്ലാത്ത ഈ മന്‍ഹജിന് മുന്നില്‍ മനുഷ്യനിര്‍മത മാര്‍ഗങ്ങളൊക്കെ തലകുനിച്ച് നിന്നു. ജനങ്ങള്‍ ദൈവിക ദീനിലേക്ക് സംഘം സംഘമായി കടന്നുവന്നു. അക്രമത്തെയും, സ്വേഛാധിപത്യത്തെയും, കലാപങ്ങളെയും അവര്‍ വെറുത്തു. എന്നാല്‍ മുസ്‌ലിം ഉമ്മത്ത് തന്നെ തങ്ങളുടെ മാര്‍ഗം ഉപേക്ഷിക്കുകയും മനുഷ്യനിര്‍മിത പ്രത്യയശാസത്രങ്ങളില്‍ അഭയം തേടുകയും ചെയ്തതോടെ അവര്‍ പിന്നാക്കം നില്‍ക്കുകയും നാഗരികമായി അധഃപതിക്കുകയും ചെയ്തു. അവരുടെ രാജ്യങ്ങള്‍ ലോകത്ത് മൂന്നാം ലോക രാജ്യങ്ങള്‍ എന്ന് അറിയപ്പെട്ടു.

ഖുര്‍ആന്റെ ശിക്ഷണരീതിയുടെ മറ്റൊരു സവിശേഷത അതിന്റെ സമഗ്രതയായിരുന്നു. വ്യക്തിയുടെ ഇഹ-പര ലോകങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ ശിക്ഷണത്തിനായി സമര്‍പിച്ചത്. മനുഷ്യജീവിതത്തിന്റെ എല്ലാ വശത്തെയും ഉള്‍ക്കൊള്ളുന്ന വിശാലവും സമഗ്രഹവുമായ നിയമസംഹിതയാണ് അത്. മനുഷ്യന്റെ ഓരോ കര്‍മത്തെക്കുറിച്ചും അവന്‍ ചോദ്യം ചെയ്യപ്പെടുമെന്നും ഒന്നും തന്നെ ഉപേക്ഷിക്കപ്പെടുകയില്ലെന്നും ഖുര്‍ആന്‍ പഠിപ്പിച്ചു. മാലോകര്‍ക്ക് ആവശ്യമായ ഒരു കാര്യവും വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കാതിരുന്നിട്ടില്ല. മനുഷ്യന്റെ സന്മാര്‍ഗത്തിനും, സംസ്‌കരണത്തിനും വഴിവെക്കുന്ന നിര്‍ദേശങ്ങളൊക്കെയും ഖുര്‍ആന്‍ സമര്‍പിക്കുകയുണ്ടായി.

വിശുദ്ധ ഖുര്‍ആന്റെ ശിക്ഷരീതി സമ്പൂര്‍ണമായിരുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. മനുഷ്യജീവിതത്തിനുള്ള പരിപൂര്‍ണ മാര്‍ഗമാണ് ഖുര്‍ആന്‍ സമര്‍പിക്കുന്നത്. സാമ്പത്തികവും, രാഷ്ട്രീയവും, മതപരവും എന്ന് വേണ്ട എല്ലാ മേഖലകളിലേക്കുമുള്ള നിര്‍ദേശങ്ങള്‍ അതിലുണ്ട്. തീര്‍ത്തും സന്തുലിതമായ നിയമങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ സമര്‍പിച്ചിട്ടുള്ളത്.

വിശുദ്ധ ഖുര്‍ആനിന്റെ നിയമങ്ങള്‍ മിതത്വത്തെയാണ് കുറിക്കുന്നതെന്നത് മറ്റൊരു സവിശേഷതയാണ്. തീവ്രതിയിലേക്കോ, അനവധാനതയിലേക്കോ അല്ല അവ മനുഷ്യ സമൂഹത്തെ നയിക്കുന്നത്. മറിച്ച് തീര്‍ത്തും അനുഗുണമായ വിധത്തില്‍ മിതമായ നിയമനിര്‍ദേശങ്ങള്‍ ഖുര്‍ആന്‍ നല്‍കുന്നു. ആത്മാവും ശരീരവും അടങ്ങിയ മനുഷ്യന് അവ രണ്ടിന്റെയും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഖുര്‍ആന്‍ ഇവ രണ്ടും സന്തുലിതമായി പരിഗണിച്ചിട്ടുണ്ട്. ശരീരത്തെ അവഗണിച്ച് ആത്മാവിന് അമിത പ്രാധാന്യം നല്‍കുന്നതോ, ആത്മാവിനെ അവഗണിച്ച് ശരീര സുഖത്തിന് ഊന്നല്‍ നല്‍കുന്നതോ അല്ല ഖുര്‍ആന്റെ നിയമങ്ങള്‍.

പ്രായോഗിക ലോകത്തോട് ചേര്‍ന്ന നിയമങ്ങള്‍ സമര്‍പിച്ച വിശുദ്ധ ഖുര്‍ആന്‍ ശിക്ഷണങ്ങള്‍ തീര്‍ത്തും വ്യക്തവും ലളിതവും ക്രിയാത്മകവുമാണ്. ഇപ്രകാരം ഒട്ടേറെ സവിശേഷതകള്‍ അടങ്ങിയ, സമാനതകളില്ലാത്ത മാര്‍ഗത്തെ അവഗണിച്ച് മറ്റ് ദുര്‍ബല പ്രത്യയശാസ്ത്രങ്ങളെ പുണര്‍ന്നു എന്നതാണ് ആധുനിക മുസ്‌ലിം ഉമ്മത്ത് ചെയ്ത ഏറ്റവും വലിയ അബദ്ധം!

അബ്ദുല്ലാഹ് മുഹമ്മദ് ജിബ്ര്‍

Topics