ഖുര്‍ആന്‍-ലേഖനങ്ങള്‍

ഖുര്‍ആന്‍ പറഞ്ഞ സൂര്യചന്ദ്രന്മാരുടെ അത്ഭുത ഗണിതം!

ഖുര്‍ആന്‍ ചിന്തകള്‍ ഭാഗം-12

നമുക്കറിയാം പ്രപഞ്ചനാഥന്റെ രണ്ട് അത്ഭുത പ്രതിഭാസങ്ങളാണ് സൂര്യ ചന്ദ്രന്മാര്‍. രണ്ടിനും കൃത്യമായൊരു സഞ്ചാരവുമുണ്ട്. സൂറ: റഹ്മാനില്‍ അല്ലാഹു പറയുന്നു;” ٱلشَّمۡسُ وَٱلۡقَمَرُ بِحُسۡبَانࣲ ” ‘സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു സഞ്ചരിക്കുന്നത്.’ വിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ ഇവയെ പരാമര്‍ശിക്കുന്നത് കാണാം. അതില്‍, ഏറെ അത്ഭുതപ്പെടുത്തിയ ഒരു വചനമാണ് ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. അതിലേക്ക് കടക്കുന്നതിന് മുമ്പ് ആമുഖമായി മനസ്സിലാക്കിയിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണര്‍ത്തുകയാണ്..!
സൃഷ്ടികള്‍ക്കു വേണ്ടി സൃഷ്ടിപ്പെട്ട വലിയ രണ്ട് ദൃഷ്ടാന്തങ്ങളാണ് സൂര്യനും ചന്ദനും. റസൂല്‍( സ ) പറഞ്ഞു:”إن الشمس والقمر آيتان من آيات الله “
‘ തീര്‍ച്ചയായും സൂര്യനും ചന്ദ്രനുമെല്ലാം അല്ലാഹു സൃഷ്ടിച്ച വലിയ രണ്ട് ദൃഷ്ടാന്തങ്ങളാണ്’. ഈ ദൃഷ്ടാന്തങ്ങളെക്കുറിച്ച് പറഞ്ഞ സന്ദര്‍ഭത്തില്‍ സൂറ: യൂനുസിന്റെ 5-ാം വചനത്തില്‍ കാണാം;
هُوَ ٱلَّذِی جَعَلَ ٱلشَّمۡسَ ضِیَاۤءࣰ وَٱلۡقَمَرَ نُورࣰا ..
‘അവനാണ് സൂര്യനെ പ്രകാശമായും ചന്ദ്രനെ പ്രഭയുമായും സൃഷ്ടിച്ചത്.’ എന്തിനാണ് മഹത്തായ രണ്ട് അനുഗ്രഹങ്ങള്‍ അവന്‍ നമുക്ക് നല്‍കിയത്?.!
لِتَعۡلَمُوا۟ عَدَدَ ٱلسِّنِینَ وَٱلۡحِسَابَۚ.
‘നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി.’ നമുക്കറിയാം, ഈ സൂര്യ ചന്ദ്രന്മാരുടെ കൃത്യമായ വ്യവസ്ഥാപിതമായിട്ടുള്ള സഞ്ചാരമാണ് ഭൂമിയിലുള്ള നമുക്ക് കൃത്യമായ വര്‍ഷങ്ങളുടെ എണ്ണവും കണക്കും ലഭിക്കാന്‍ കാരണം. അല്ലാഹു നമുക്ക് വേണ്ടി സംവിധാനിച്ചിട്ടുള്ള ക്ലോക്കും കലണ്ടറുമാണത്.! പ്രധാനമായും ഈ രണ്ടു ദൃഷ്ടാന്തങ്ങളാണ് ഭൂമിയിലെ കലണ്ടറും ക്ലോക്കുമെല്ലാം നിര്‍മ്മിക്കാന്‍ നാം ഉപയോഗിക്കുന്നത്. സൂര്യനെ ആസ്പദമാക്കി നമ്മള്‍ നിര്‍മ്മിച്ച കലണ്ടറാണ് സൗരവര്‍ഷം ( Solar year) എന്നറിയപ്പെടുന്നത്. അതുപോലെ ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള കലണ്ടറാണ് ചന്ദ്രവര്‍ഷമെന്നും ( Lunar year) അറിയപ്പെടുന്നത്.! സൂര്യ വര്‍ഷം( solar year) 365 ദിവസം അതവാ, 12 മാസമാണെങ്കില്‍ ചന്ദ്രവര്‍ഷം ( Lunar year ) സൂര്യവര്‍ഷത്തേക്കാള്‍ 11 ദിവസം കുറവാണ്. അഥവാ, 355 ദിവസം.! ഈ യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കിയതിനു ശേഷം ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച അതഭുതകരമായ ആ വചനത്തിലേക്ക് പ്രവേശിക്കുകയാണ്.!

സൂറത്തുല്‍ കഹ്ഫിന്റെ 25ാം സൂക്തമാണത്.! ഗുഹാവാസികളുടെ കഥയാണ് തുടക്കത്തില്‍ സൂറ പറഞ്ഞു വെക്കുന്നത് എന്ന് നമുക്കറിയാം. ആ ഗുഹാവാസികളായിട്ടുള്ള യുവാക്കള്‍ സുദീര്‍ഘകാലം ഇരുളടഞ്ഞ ഗുഹയില്‍ നിന്ദ്രയിലാണ്ടു. അവര്‍ എത്ര കാലം ഉറങ്ങി എന്നതിനെക്കുറിച്ച് പറഞ്ഞു കൊണ്ട് പടച്ച റബ് നടത്തുന്ന ഒരു പരാമര്‍ശമാണ് 25-ാം വചനം;
“وَلَبِثُوا۟ فِی كَهۡفِهِمۡ ثَلَـٰثَ مِا۟ئَةࣲ سِنِینَ وَٱزۡدَادُوا۟ تِسۡعࣰا”
‘അവര്‍ അവരുടെ ഗുഹയില്‍ മുന്നൂറ് വര്‍ഷം താമസിച്ചു. അവര്‍ ഒമ്പതു വര്‍ഷം കൂടുതലാക്കുകയും ചെയ്തു’.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം അവര്‍ 309 വര്‍ഷം ഉറങ്ങി എന്നല്ല അല്ലാഹു പറയുന്നത്. മറിച്ച്, 300 വര്‍ഷവും, പിന്നെ 9 വര്‍ഷം അധികവും ഉറങ്ങി എന്നാണ്. 309 എന്ന് പറയുന്നതിന് പകരം 300 ഉം 9 അധികവും എന്നാണ് പറഞ്ഞിട്ടുള്ളത്.! മുകളില്‍ സൂചിപ്പിച്ച സൂര്യചന്ദ്രന്‍മാരുടെ കൃത്യമായിട്ടുള്ള ആ കണക്ക് അല്ലാഹു ഒരൊറ്റ വചനത്തില്‍ മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നു.. ഓരോ വര്‍ഷത്തിലും ചന്ദ്ര കലണ്ടറില്‍ 11 ദിവസം കുറയുകയാണെങ്കില്‍ നാം ഓരോ 33 വര്‍ഷം പിന്നിടുന്ന സന്ദര്‍ഭത്തില്‍ ചന്ദ്രകലണ്ടറില്‍ ഒരു വര്‍ഷം വന്നു ചേരുകയാണ്.! 33 വര്‍ഷത്തെ സൂര്യ വര്‍ഷവും ചന്ദ്രവര്‍ഷവും നാം താരതമ്യം ചെയ്യുകയാണെങ്കില്‍ 33 വര്‍ഷം പിന്നിടുന്ന സന്ദര്‍ഭത്തില്‍ ഒരു etxra ചന്ദ്രവര്‍ഷം അതില്‍ കാണുന്നു .! നാമൊന്ന് മനസ്സിരുത്തി ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാകും 33 സൂര്യവര്‍ഷം പിന്നിടുന്ന സന്ദര്‍ഭത്തില്‍ ഒരു ചന്ദ്രവര്‍ഷമാണെങ്കില്‍ 100 സൂര്യവര്‍ഷം പിന്നിടുമ്പോള്‍ 3 ചന്ദ്രവര്‍ഷവും 200 സൂര്യവര്‍ഷം പിന്നിടുമ്പോള്‍ 6 ചന്ദ്രവര്‍ഷവും 300 സൂര്യവര്‍ഷം പിന്നിടുമ്പോള്‍ 9 ചന്ദ്രവര്‍ഷവും നമുക്ക് ലഭിക്കും..! ഇവിടെ സൂക്തമൊന്ന് ആഴത്തില്‍ ചിന്തിച്ചു കഴിഞ്ഞാല്‍ നമുക്ക് മനസ്സിലാകും പടച്ച റബ്ബ് ആയത്തില്‍ 9 എന്നുള്ളത് മാറ്റിപ്പറയാന്‍ കാരണം എന്നുള്ളത് അത് ചന്ദ്രവര്‍ഷമായിരുന്നു.!
ഇവിടെ, ” وَٱزۡدَادُوا۟ تِسۡعࣰا” എന്ന പ്രയോഗം മാത്രം വിശദീകരിക്കാന്‍ നമുക്ക് ധാരാളം പേജുകള്‍ വേണ്ടിവരും.! അല്ലാഹു കേവലം രണ്ടു പദങ്ങളിലായി അത് പറഞ്ഞു പോകുന്നു..!

ഇവിടെ സാന്ദര്‍ഭികമായി ഒരു കാര്യം സൂചിപ്പിക്കുകയാണ്; അവര്‍ ഗുഹയില്‍ കഴിച്ചുകൂട്ടി അല്ലെങ്കില്‍ താമസിച്ചു എന്നതിനെക്കുറിക്കാന്‍ ഉപയോഗിച്ച പദം “لبثوا” എന്ന പദമാണ്. 25-ാം വചനത്തിലാണ് അല്ലാഹു ഈ പദം ഉപയോഗിച്ചത് എന്ന് നമുക്കറിയാം. പക്ഷേ, അതേ പദം തന്നെ ഇതേ സൂറയില്‍ ആദ്യമായി പരാമര്‍ശിച്ചിരിക്കുന്നത് 12-ാം സൂക്തത്തിലാണ്. ഈ വചനം നാം പരിശോധിക്കുകയാണെങ്കില്‍,
“ثُمَّ بَعَثۡنَـٰهُمۡ لِنَعۡلَمَ أَیُّ ٱلۡحِزۡبَیۡنِ أَحۡصَىٰ لِمَا لَبِثُوۤا۟ أَمَدࣰا”
‘പിന്നെ അവര്‍ (ഗുഹയില്‍) താമസിച്ച കാലത്തെപ്പറ്റി കൃത്യമായി അറിയുന്നവര്‍ ഇരുകക്ഷികളില്‍ ആരാണെന്ന് അറിയാന്‍ തക്കവണ്ണം അവരെ നാം എഴുന്നേല്‍പിച്ചു’. പിന്നീട് വരുന്നത് 25-ാം വചനത്തിലും അവസാനമായി ഈ പദം കടന്നുവരുന്നത് 26-ാം വചനത്തിലുമാണെന്ന് കാണാം.!
” قُلِ ٱللَّهُ أَعۡلَمُ بِمَا لَبِثُوا۟ۖ لَهُۥ “..
‘അവര്‍ താമസിച്ചതിനെപ്പറ്റി ഏറ്റവും നന്നായി അറിയുന്നവന്‍ അല്ലാഹു ആകുന്നു’. മൊത്തത്തില്‍ 3 തവണ ഈ പദം കടന്നുവന്ന സൂക്തങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. അത്ഭുതകരമായ കാര്യം എന്തെന്നാല്‍ ആദ്യമായി ഉപയോഗിക്കപ്പെട്ട 12-ാം വചനം മുതല്‍ അവസാനം പ്രയോഗിച്ച 26-ാം വചനം വരേ നാം എണ്ണി നോക്കിയാല്‍ കൃത്യം 309 പദങ്ങള്‍ നമുക്ക് ലഭിക്കും..! മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഒന്നും യാദൃഛികമായി സംഭവിക്കുന്നതല്ല . പടച്ച റബ്ബിന്റെ കൃത്യമായ അറിവോടെ നടക്കുന്നതാണ് ഇതൊക്കെയും. അവന്റെ മനോജ്ഞമായ പദ്ധതിയുടെ ഭാഗമായി സംഭവിക്കുന്നതാണ് ഇതെല്ലാം. ഓരോ ആയത്തിലും വളരെ കിറുകൃത്യമായാണ് ഓരോ പദങ്ങളും പ്രപഞ്ച നാഥന്‍ പരാമര്‍ശിച്ചിരിക്കുന്നത്..!(തുടരും).

ഹാഫിള് സല്‍മാനുല്‍ ഫാരിസി

Topics