ഖുര്‍ആന്‍ ചിന്തകള്‍ -ദൃശ്യകലാവിരുന്ന് (ഭാഗം-10 )
വക്രതയോ വളച്ചുകെട്ടോ ഇല്ലാതെ നേരാവണ്ണം തന്റെ അടിമകള്‍ക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു കൊടുത്ത പടച്ച റബ്ബിന് സ്തുതി പറഞ്ഞു കൊണ്ടാണ് സൂറത്തിന്റെ തുടക്കം. ആ റബ്ബ് തികച്ചും ഏകനും അദ്വിദീയനുമാണെന്ന പ്രഖ്യാപനത്തോടെയാണ് ഒടുക്കം.! ഋജുവും സരളവും ഉഗ്രവുമായ തുടക്കം. ദിവ്യബോധനത്തിന്റെ സ്ഥീകരണത്തിലും ശിര്‍ക്കിന്റെ നിരാകരണത്തിലും ഏകത്വത്തിന്റെ പ്രഖ്യാപനത്തിലുമെല്ലാം ആദ്യാവസാനംവരെ പരസ്പരം കോര്‍വയുണ്ട്, പൊരുത്തമുണ്ട്…! മറ്റുള്ള സൂറകളില്‍ നിന്ന് ഈ സൂറയുടെ സൂക്ത ശൈലി വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. തന്‍വീന്‍ ” ً ” സൂക്താന്ത്യത്തെ പ്രാപിക്കുന്നു.! സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഓരോ ആയത്തും പരസ്പരം അഭേദ്യമായ ബന്ധം സൃഷ്ടിക്കുന്നത് കാണാം..! അതിനു ശേഷം വരുന്ന വചനമോ, മറ്റേതിന്റെ വിശദീകരണവും..! അത്ഭുതകരമായ അനുബന്ധത്തോടെ അധ്യായം സഞ്ചാരം തുടരുന്നു..! രംഗ ചിത്രീകരണത്തിലൂടെയുള്ള ആശയാവിഷ്‌ക്കരണമെന്നത് ഖുര്‍ആനിക രീതിയാണ്. അധ്യായത്തിലെ സൂക്തങ്ങളധികവും കഥകളെ ചൂഴ്ന്നു നില്‍ക്കുന്നത് കാണാം.! അത്തരം നിരവധികഥകളില്‍ ഒരൊറ്റ കഥയുടെ ചിത്രീകരണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്..!
വിശ്വാസം നെഞ്ചിലേറ്റിയ ഗുഹാവാസികളുടെ ഗുഹയിലെ രംഗങ്ങള്‍ അതിമനോഹരമായി ഖുര്‍ആന്‍ ആവിഷ്‌കരിക്കുന്നത് നോക്കാം.;
(إِذۡ أَوَى ٱلۡفِتۡیَةُ إِلَى ٱلۡكَهۡفِ فَقَالُوا۟ رَبَّنَاۤ ءَاتِنَا مِن لَّدُنكَ رَحۡمَةࣰ وَهَیِّئۡ لَنَا مِنۡ أَمۡرِنَا رَشَدࣰا)
സൂറയുടെ 10 മുതല്‍ 22 വരെയുള്ള വചനങ്ങളാണ് ഒരു വീഡിയോടേപ്പില്‍ കാണുന്ന പോലെ യുവാക്കളെ നമ്മുടെ മുന്നില്‍ പ്രത്യക്ഷീകരിച്ച് സുന്ദരമായ രംഗം പങ്കു വെക്കുന്നത്.! നമുക്കറിയാം അവര്‍ ഏതാനും യുവാക്കളായിരുന്നു. അരോഗദൃഢഗാത്രര്‍, ഉറച്ച സത്യവിശ്വാസികള്‍, തെറ്റായ ജല്പനങ്ങളെ നിശിതമായി നിരാകരിച്ചവര്‍. ആ യുവാക്കളതാ തങ്ങളുടെ നാട്ടുകാരെ വിട്ടു പോകുന്നു.! ബന്ധുമിത്രാദികളെ വേര്‍പിരിയുകയാണ്.! ഭവനങ്ങള്‍ ഉപേക്ഷിക്കുകയാണ്.! അങ്ങനെ ഒടുവില്‍ അവര്‍ ഒരു ഗുഹയില്‍ അഭയം പ്രാപിക്കുന്നു.!
ഇവിടെ വിശുദ്ധ ഖുര്‍ആന്‍ അതിന്റെ സ്വതസിദ്ധ ശൈലിയില്‍ ചിത്രീകരണം ആരംഭിക്കുകയാണ്; കൂരിരുള്‍ മൂടിയ പരുക്കന്‍ ഗുഹ ! അവിടെ നീലയും കറുകറുപ്പുമായ കളറുകള്‍ അതിനെ വലയം ചെയ്തിരിക്കുന്നു…! അവര്‍ക്ക് കാവലിരിക്കുന്നതോ നാക്ക് പുറത്തിട്ട് മുന്‍കാലുകള്‍ നീട്ടിവെച്ച് പേടിപ്പെടുത്തുന്ന രൂപഭാവങ്ങളുമായി ഇരിക്കുന്ന നായ…! തങ്ങളെ എത്തി നോക്കുന്ന ആരുടെയും ഹൃദയത്തില്‍ ഭയം നിറക്കുന്ന ഭാവമാണവര്‍ക്ക്..! അപ്പോഴും നാം കാണുന്നത്, ദൈവിക കാരുണ്യം പരന്നൊഴുകുന്ന തണലായി അവരെ സ്പര്‍ശിച്ചു കൊണ്ടേയിരിക്കുന്നതാണ്..! ‘ ദൈവം അവന്റെ അനുഗ്രഹം തുറന്നുതരും’ അങ്ങനെ ഇരുണ്ടതും ഇടുങ്ങിയതുമായ ഗുഹ വിശാല വിസ്തൃതമായൊരു വിഹായസ്റ്റായി മാറുന്നു..! ദിക്കുകള്‍ വികാസം കൊള്ളുന്നു…നിഴലുകള്‍ നീണ്ട് നീണ്ട് പോകുന്നു…കുടുസ്സായ അതിരുകള്‍ വിസ്തൃതമാകുന്നു…കനത്ത ഭിത്തികള്‍ മൃദുലമാകുന്നു…സമൃദ്ധിയും സൗഖ്യവും സഹാനുഭൂതിയുമെല്ലാം അവരെ ആവരണം ചെയ്യുന്നു…യുവാക്കളെയും ഇരുണ്ട ഗുഹയേയും നാമിപ്പോള്‍ കാണാതെ കണ്ടിട്ടുണ്ടാകും..! ഈ രംഗത്തിന് ഖുര്‍ആന്‍ ഇവിടെ തിരശ്ശീല വീഴ്ത്തുകയാണ്..!
യവനിക വീണ്ടും ഉയരുമ്പോള്‍ നാം കാണുന്നത് ഗുഹാന്തര്‍ഭാഗത്ത് കൂടെ സൂര്യന്റെ ചൂടുകിരണങ്ങള്‍ അവരെ തലോടിപ്പോകുന്ന ചിത്രമാണ്..! പക്ഷേ ആ കിരണങ്ങള്‍ അവരെ ഏശുന്നുമില്ല..! അതിന്റെ വെളിച്ചമാകട്ടെ അവരെ പ്രാപിക്കുകയും ചെയ്യുന്നു..! യുവാക്കളുടെ ദൃശ്യത്തെ വാക്കുകള്‍ കൊണ്ട് അനാവരണം ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്റെ അത്ഭുതകരവും നാടകീയവുമായ രംഗം..! ഇത്ര പ്രാസബദ്ധവും താളബദ്ധവുമായി രംഗാവിഷ്‌കാരം നടത്താന്‍ ഖുര്‍ആനിനല്ലാതെ മറ്റെന്തിനാണ് കഴിയുക.? ഏത് ശക്തിക്കാണ് ഇങ്ങനെ മനോജ്ഞമായി അവതരിപ്പിക്കാന്‍ സാധിക്കുക.? റബ്ബിനെ സ്തുതിച്ചുകൊണ്ട് വീണ്ടും തുടരട്ടെ, അങ്ങനെ ഝടുതിയിലതാ ജീവന്‍ അരിച്ചിറങ്ങുന്നു.! നമുക്കത് കണ്ണ് തുറന്നു കാണാം..! അവരുടെ ശബ്ദത്തിന് കാതോര്‍ക്കാം..! ആകസ്മികത കാത്തുസൂക്ഷിച്ചു കൊണ്ട് ഖുര്‍ആന്‍ കഥ തുടരുന്നു. അങ്ങനെ, അടുത്ത രംഗം വെളിപ്പെടുകയാണ്…
യുവാക്കള്‍ ഉണരുന്നു.! പതുക്കെ പതുക്കെ അവര്‍ കണ്ണുകള്‍ തിരുമ്മി തിരുമ്മിത്തുറക്കുന്നു..! പരസ്പരം മാറിമാറി നോക്കുന്നു..! ചോദ്യങ്ങള്‍ ഉന്നയിക്കുന്നു..! യുവാക്കള്‍ പരസ്പരം കുശുകുശുക്കുന്ന രംഗമാണ് നാമിപ്പോള്‍ കാണുന്നത്..! ഉല്‍കണ്ഠാകുലര്‍, ഭയവിഹ്വലര്‍ സംവല്‍സരങ്ങള്‍ തങ്ങളെ ചാടിക്കടന്നുപോയതും കാലചക്രം ഉരുണ്ടു നീങ്ങിയതും തലമുറകള്‍ മാറി വന്നതും അവര്‍ അറിഞ്ഞട്ടേയില്ല.! നമുക്കിതെല്ലാം ഭാവനയില്‍ കാണാനാകുന്നുണ്ട് ! ഇതോടെ ഗുഹാരംഗത്തിന് യവനിക വീഴുന്നു..! പ്രേക്ഷകന്റെ ഹൃദയത്തെയും മസ്തിഷ്‌കത്തേയും ഭാവനയേയും പിടിച്ചിരുത്തുന്ന വിശുദ്ധ ഖുര്‍ആന്റെ രംഗാവിഷ്‌കാരത്തിന്റെ ഉല്‍ബോധനാത്മകമായ വചനങ്ങള്‍ അങ്ങനെ സഞ്ചിരിച്ചു കൊണ്ടേയിരിക്കും..! എന്റെ ദുര്‍ബലത മൂലം ഈ വിഷയത്തിനു തിരശ്ശീല വീഴുന്നു..
കൂടുതല്‍ പഠനത്തിന് ശഹീദ് സയ്യിദ് ഖുതുബിന്റെ:*(التصوير الفني في القرآن الكريم) *(مشاهد القيامة في القرآن)എന്നീ ഗ്രന്ഥങ്ങള്‍ നോക്കുക.
ഹാഫിള് സല്‍മാനുല്‍ ഫാരിസി
…………..തുടര്‍ന്ന് വായിക്കുക….
Add Comment