ഖുര്‍ആന്‍-ലേഖനങ്ങള്‍

സൂറത്തുകളും അധ്യായങ്ങളും..!

ഖുര്‍ആന്‍ ചിന്തകള്‍ ഭാഗം- 13

ലോകത്ത് നിരവധി രചനകള്‍ മാനവസമൂഹത്തില്‍ പ്രചരിക്കുകയുണ്ടായിട്ടുണ്ട്. കഥകള്‍, കവിതകള്‍, നോവലുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ ആവിഷ്‌കാരസൃഷ്ടികള്‍ അക്കൂട്ടത്തിലുണ്ട്. അവയില്‍ ഏറ്റവും വലിയ പുരസ്‌കാരമായി അറിയപ്പെടുന്ന നോബല്‍ സമ്മാനം കരസ്ഥമാക്കിയവയും ഉണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വിശുദ്ധ ഖുര്‍ആന്റെ രചനയെ വേറിട്ട് നിര്‍ത്തുന്നത് എന്താണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ഒന്നാമതായി പടച്ച റബ്ബിന്റെ കലാമാണ് ഖുര്‍ആന്‍ എന്ന നമ്മുടെ അടിസ്ഥാന വിശ്വാസത്തിലുപരി, ലോകത്തുള്ള മറ്റു ഗ്രന്ഥങ്ങളില്‍ നിന്ന് അതിന്റെ രചനാ വ്യതിരിക്തതയെ വ്യത്യസ്തമാക്കുന്നത് എന്താണെന്ന് നാം ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. ലോകത്തുള്ള ഏതൊരു ഗ്രന്ഥം പരിശോധിച്ചാലും അതിലെല്ലാം പ്രത്യേകമായൊരു ആഖ്യാനക്രമം നമുക്കതില്‍ കാണാം. നിരവധി അക്ഷരങ്ങള്‍ കൂടിച്ചേര്‍ന്ന് പദങ്ങളായും, നിരവധി പദങ്ങള്‍ ചേര്‍ന്ന് വചനങ്ങളായും മാറുന്ന ഒരു രീതിയാണ് പൊതുവെ നിശ്ചയിച്ചിരിക്കുന്നത്.അങ്ങനെ, നിരവധി അധ്യായങ്ങള്‍ സമാഹരിച്ച് അതൊരു ഗ്രന്ഥരൂപത്തില്‍ വരുന്നു. വിശുദ്ധ ഖുര്‍ആനിലെ സൂറത്തുകളെ മലയാളത്തില്‍ നാം ‘ അധ്യായമെന്നും’ ഇംഗ്ലീഷില്‍ നാമതിനെ ‘chapter’ എന്നും വിളിക്കുന്നു.! ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നാമിത് നിശ്ചയിച്ചത് എന്ന് ചിന്തിക്കേണ്ടതുണ്ട്.! വിശുദ്ധ ഖുര്‍ആനിലെ സൂറകള്‍ അധ്യായങ്ങളാണ് എന്ന രീതിയിലുള്ള പൊതുവായ തെറ്റുധാരണയാണ് നാം മാറ്റേണ്ടത്. നാം നിശ്ചയിച്ചു വെച്ചിരിക്കുന്ന മാനദണ്ഡങ്ങളൊന്നും തന്നെ വിശുദ്ധ ഖുര്‍ആനിലെ സൂറകള്‍ പുലര്‍ത്തുന്നില്ല.. ഉദാ: നാമൊരു നോവല്‍ എഴുതുകയാണെങ്കില്‍ അതിലെ ഒന്നാം ഭാഗത്തിന് കേരളം എന്ന തലക്കെട്ടാണ് നാം നല്‍കിയതെങ്കില്‍ പ്രസ്തുത ഭാഗത്ത് കേരളത്തെപറ്റിയാകും നാം എഴുതുക. പേരിനോട് നീതി പുലര്‍ത്തുന്ന, അല്ലെങ്കില്‍ അടുത്ത ഭാഗവുമായി ആ ഗ്രന്ഥത്തെ വേര്‍തിരിക്കുന്ന, മാറ്റി നിര്‍ത്തുന്ന ഒരു പരിധി എന്നതിനെയാണ് യഥാര്‍ത്ഥത്തില്‍ അധ്യായം എന്ന് പറയുക.! ഉദാ: സൂറത്തുല്‍ ‘ബഖറ’യില്‍ പശുവിനെക്കുറിച്ചല്ല അല്ലാഹു പഠിപ്പിക്കുന്നതെന്ന് വിശുദ്ധ ഖുര്‍ആന്‍ പരിശോധിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയും. ഒന്നോ രണ്ടോ വചനങ്ങള്‍. അതും മനുഷ്യന് ദൃഷ്ടാന്തവും ഉല്‍ബോധനവുമായാണ് അവതരിപ്പിക്കുന്നത്. ഓരോ സൂറയും വിഷയ വൈവിധ്യങ്ങളുടെ കലവറയാണ്. അതിനാല്‍ , അധ്യായം എന്ന് അവയ്ക്ക് കേവലം പേരിട്ടാല്‍ അതിന് ഒട്ടും യോജിക്കുന്നതുമല്ല..!

ഒരു ഗ്രന്ഥത്തിന്റ അധ്യായം എന്ന് നാം വിവക്ഷിക്കുമ്പോള്‍ അതിനൊരു പ്രത്യേകമായ ഒരു ക്രമമുണ്ട്. വിഷയങ്ങള്‍ കൃത്യമായ ചിട്ടയോടെ ക്രമീകരിച്ചിരിക്കുന്നത് കൊണ്ടാണ് നാമതിനെ അധ്യായം എന്ന് വിളിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ അധ്യായത്തിനുശേഷം അടുത്തത് എന്ന ക്രമത്തിലാണ് മനുഷ്യ രചനകള്‍ എല്ലാം കാണുക. അതുപോലെ, ഒരു അധ്യായത്തില്‍ പരാമര്‍ശിച്ച കാര്യം ഗ്രന്ഥകാരന്‍ അടുത്ത അധ്യായത്തില്‍ സൂചിപ്പിക്കുകയില്ല. അതിന് പകരം ഗ്രന്ഥകാരന്‍’ നേരത്തെ നാം പറഞ്ഞുവല്ലോ’ അതല്ലെങ്കില്‍ ‘അടിക്കുറിപ്പ് കാണുക’ എന്നിങ്ങനെ അതെപ്പറ്റി പരാമര്‍ശിക്കും. പക്ഷേ, വിശുദ്ധ ഖുര്‍ആന്റെ സൂറഃകള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി നില്‍ക്കുന്നതാണ് നാം കാണുന്നത്..! ഒരേ കാര്യങ്ങള്‍ തന്നെ പരിശുദ്ധ ഖുര്‍ആനില്‍ വ്യത്യസ്തഭാഗങ്ങളിലായി ആവര്‍ത്തിക്കുന്നത് കാണാം. അതിന്റെ യുക്തി പിന്നീട് വിശദീകരിക്കും..! മനുഷ്യ രചനകളില്‍ എല്ലാ അധ്യായങ്ങളും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു പാരസ്പര്യം ഉണ്ടാകും. അനുവാചകന്‍ വായിക്കുമ്പോള്‍ തന്നെ അതനുഭവപ്പെടും. മാത്രമല്ല, ഗ്രന്ഥകാരന്‍ തന്റെ ഗ്രന്ഥത്തിന് കൃത്യമായ ഒരു ക്രമവും നിശ്ചയിച്ചിട്ടുണ്ടാകും. വായനക്കാരന്‍ ആ ക്രമം തെറ്റിച്ചു വായിക്കുകയാണെങ്കില്‍ അനുവാചകന് ഗ്രന്ഥകാരന്‍ ഉദ്ദേശിച്ച ആശയം ഒരിക്കലും ലഭിക്കുകയില്ല. ഉദാ: 10 അദ്ധ്യായങ്ങളുള്ള ഒരു നോവലിന്റെ പത്താം അധ്യായമാണ് ആദ്യം വായിക്കുന്നതെങ്കില്‍, ശേഷം 7,5 എന്നിങ്ങനെ ക്രമംതെറ്റിച്ചു കഴിഞ്ഞാല്‍ ഗ്രന്ഥകാരന്‍ ഉദ്ദേശിച്ച ആശയം നമുക്ക് ഗ്രഹിക്കാന്‍ കഴിയില്ല..! വിശുദ്ധ ഖുര്‍ആനിലെ ഏത് സൂറഃത്തിലേക്കും നമുക്ക് നേരിട്ട് കടക്കാം എന്നതാണ് നമ്മെ അത്ഭുതപ്പെടുത്തുന്ന കാര്യം. ക്രമം തെറ്റിച്ചു ഏത് സൂറഃ വായിച്ചാലും ആസ്വദിക്കാനും ആശയം ഗ്രഹിക്കുവാനും കഴിയും.! നമുക്കിടയില്‍ തന്നെ ഒട്ടുമിക്ക ആളുകള്‍ക്കും കൂടുതലും അറിയുന്നത് അവസാന ജുസ്ഇലേ സൂറഃകളാണ്. ആദ്യ ഭാഗത്തെ സംബന്ധിച്ച് മിക്ക ആളുകള്‍ക്കും യാതൊരു ധാരണയുമില്ല. അതൊന്നും തന്നെ അവരെ വിശുദ്ധ ഖുര്‍ആനിലെ അവസാന സൂറഃകള്‍ പഠിക്കുന്നതിനോ, മനസ്സിലാക്കുന്നതിനോ യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല.!

അധിക രചനകളിലെല്ലാം തന്നെ എഴുത്തുകാരന്‍ ഒന്നാമതായി എഴുതുന്ന അധ്യായം ആയിരിക്കും പുസ്തകത്തില്‍ ആദ്യം വെക്കുക. അവസാനം എഴുതുന്നത് അവസാന ഭാഗത്തും. പക്ഷേ, വിശുദ്ധ ഖുര്‍ആന്റെ സൂറകള്‍ അവിടെയും വ്യതിരിക്തമായി നില്‍ക്കുന്നതാണ് നാം കാണുന്നത്.! ഒന്നാമതായി അവതരിച്ച സൂറത്തുല്‍ ‘അലഖ്’ നാം കാണുന്നത് 96-ാം സൂറഃ ആയിട്ടാണ്. ഇനി, സൂറഃകള്‍ ക്രോഡീകരിക്കപ്പെട്ടത് വലിപ്പത്തിന്റെ അടിസ്ഥാനത്തിലാണോ, അതുമല്ല..!

അങ്ങനെയെങ്കില്‍ ഏറ്റവും വലിയ സൂറത്തുല്‍ ബഖറ ഒന്നാമതും, എറ്റവും ചെറിയ സൂറഃ കൗഥര്‍ അവസാനവുമാണ് വരേണ്ടത്.! ഇനി, വിഷയാടിസ്ഥാനത്തിലാണോ അതുമല്ല..! നിരവധി വിഷയങ്ങളുടെ കലവറയാണ് ഓരോ സൂറയും.! ഉദാ: സൂറത്തുല്‍ ബഖറ; പശുവിനെപ്പറ്റിയാണ് എന്ന് കരുതി ഒരാള്‍ വായിക്കുകയാണെങ്കില്‍ മറ്റൊരു ചിത്രമായിരിക്കും നമുക്കത് തരുക.! പ്രവാചകന്‍(സ) ന്റെ ചരിത്രമാണെന്ന് കരുതി സൂറഃ മുഹമ്മദിനെ സമീപിച്ചാല്‍ മറ്റൊന്നായിരിക്കും അനുവാചന് ലഭിക്കുക. സൂറഃകളുടെ നാമങ്ങളോട് പൊരുത്തപ്പെടാത്ത നിരവധി വിഷയങ്ങളും നമുക്ക് കാണാന്‍ കഴിയും . ലോകത്തുള്ള ഇതര ഗ്രന്ഥങ്ങളിലെല്ലാം നാം അധ്യായം എന്ന് വിളിക്കാന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളൊന്നും തന്നെ വിശുദ്ധ ഖുര്‍ആന്‍ പുലര്‍ത്തുന്നില്ല എന്ന് ചുരുക്കം. അതുകൊണ്ട് തന്നെ, അധ്യായം അല്ല സൂറത്ത്. പക്ഷേ, നാം അധ്യായം എന്ന് അവയെ വിളിക്കുന്നത് നമ്മുടെ പരിമിതിയെയാണ് കുറിക്കുന്നത്.! പ്രപഞ്ച നാഥന്റെ ഗ്രന്ഥത്തിലെ സൂറകളെ ഏത് വിധത്തില്‍ വിളിക്കണം എന്നതില്‍ ഞാന്‍ ദുര്‍ബലനാണ്. വിശുദ്ധ ഖുര്‍ആന്റെ സൂറത്തുകള്‍ക്ക് മറ്റു മനുഷ്യ രചനകള്‍ക്കൊന്നും തന്നെ ഇല്ലാത്ത അനുപമ രീതിശാസ്ത്രമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.!മനുഷ്യ രചനകള്‍ക്ക് അതീതമാണത്!

(തുടരും)

ഹാഫിള് സല്‍മാനുല്‍ ഫാരിസി

Topics