ഖുര്‍ആന്‍-ലേഖനങ്ങള്‍

ഇഹലോക ജീവിതത്തെക്കുറിച്ച സ്മരണ.!

ഖുര്‍ആന്‍ ചിന്തകള്‍: ദൃശ്യകലാവിരുന്ന് ഭാഗം-9

നമുക്കറിയാം വിശുദ്ധ ഖുര്‍ആനില്‍ മുന്നില്‍ ഒരുഭാഗവും മരണാന്തര ജീവിതത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ആ ജീവിതത്തില്‍ അനുഭവിക്കാന്‍ പോകുന്ന നിരവധി പച്ചയായിട്ടുള്ള യാഥാര്‍ത്ഥ്യങ്ങളെ വിശുദ്ധഖുര്‍ആന്‍ വരച്ചിടുന്നു. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം അത്തരം വിവരണങ്ങള്‍ എല്ലാം ഭാവികാലമാണ്. നമ്മളില്‍ ഒരാളും ഇതുവരെയും അനുഭവിച്ചിട്ടില്ലാത്ത എന്നാല്‍ നമ്മളിലേക്ക് വരാനിരിക്കുന്ന ഒരു കാലം.! കാലാതീതനായ പടച്ച റബ്ബിന്റെ കാരുണ്യം കൊണ്ടത് മുന്‍കൂട്ടി അറിയിച്ചുതന്നിരിക്കുന്നു. ഇത്തരത്തിലുള്ള വചനങ്ങളുടെ നൂറ് ശതമാനം ചിത്രീകരണം അനുഭവവേദ്യമാക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. മാത്രമല്ല, നിരവധി ഭൗതിക യാഥാര്‍ത്ഥ്യങ്ങളെ ചിലപ്പോള്‍ നമുക്ക് അനുഭവിച്ചറിയാന്‍ കഴിയും ഉദാ: സൂറത്തുല്‍ മുല്‍കിന്റെ 19-ാം വചനം;
” أَوَلَمۡ یَرَوۡا۟ إِلَى ٱلطَّیۡرِ فَوۡقَهُمۡ صَـٰۤفَّـٰتࣲ وَیَقۡبِضۡنَۚ مَا یُمۡسِكُهُنَّ إِلَّا ٱلرَّحۡمَـٰنُۚ إِنَّهُۥ بِكُلِّ شَیۡءِۭ بَصِیرٌ”
‘അവര്‍ക്കു മുകളില്‍ ചിറക് വിടര്‍ത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിറുത്തുന്നില്ല. തീര്‍ച്ചയായും അവന്‍ എല്ലാകാര്യവും കണ്ടറിയുന്നവനാകുന്നു.’
ഇതൊക്കെ നൂറു ശതമാനം ഭൗതികമായി നമ്മള്‍ അനുഭവിച്ചറിഞ്ഞ യാഥാര്‍ത്ഥ്യങ്ങളാണ്. പക്ഷേ മരണാന്തര ജീവിതം തികച്ചും അപരിചിതമായ ഒന്നാണ്.!

വിശുദ്ധ ഖുര്‍ആന്‍ ഒരു സ്വര്‍ഗ്ഗവാസിയുടെ ഇഹജീവിത സ്മരണയെ സൂറത്തുസ്വാഫ്ഫാത്തിന്റെ 51-ാം വചനത്തില്‍ വളരെ മനോഹരമായാണ് ആവിഷ്‌കരിക്കുന്നത്.! മനുഷ്യഭാവനയെ പിടിച്ചിരുത്തുന്ന തലത്തില്‍ ഖുര്‍ആന്‍ അതിനെ ചിത്രീകരിക്കുന്നു ! തങ്ങള്‍ പിന്നിട്ട വഴികളെ അവര്‍ സ്മരിക്കുന്നു..! തങ്ങളുടെ പഴയകാലം അയവിറക്കുന്നു..! അനുഭവങ്ങള്‍ പരസ്പരം കൈമാറുന്നു..! തമാശകള്‍ പങ്കുവെക്കുന്നു..! കൂട്ടത്തില്‍ ഒരാള്‍ പറയുന്നു; ” قَالَ قَاۤىِٕلࣱ مِّنۡهُمۡ إِنِّی كَانَ لِی قَرِینࣱ “
‘എനിക്കൊരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു’. അങ്ങനെ തന്റെ ആ പൂര്‍വകാല സുഹൃത്തിന്റെ കഥ സഹജീവികള്‍ക്ക് അദ്ദേഹം പകര്‍ന്നു കൊടുക്കുകയാണ്. അവര്‍ പരസ്പരം കളിച്ചതും ഉറങ്ങിയതും യാത്ര ചെയ്തതും അങ്ങനെ തുടങ്ങി അവിസ്മരണീയമായ അനുഭവങ്ങളെ അദ്ദേഹം പറയുന്നു..! പക്ഷേ നിര്‍ഭാഗ്യവശാല്‍ തന്റെ സുഹൃത്തിന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമില്ലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പരിണതിയെന്തായി എന്നറിയാനും തത്രപ്പെടുകയാണ്. സ്വാഭാവികമായും തന്റെ കൂട്ടുകാന്‍ നരകത്തിലായിരിക്കും എന്നദ്ദേഹം മനസ്സിലാക്കുന്നു. ശേഷം നരകത്തിലേക്ക് നോക്കി തന്റെ സുഹൃത്തിനെ തിരയുന്ന രംഗമാണ് ഖുര്‍ആന്‍ പിന്നീട് ചിത്രീകരിക്കുന്നത്..! നരകമദ്ധ്യത്തില്‍ അതാ താന്‍ കാണുന്നു തന്റെ ചങ്ങാതിയെ..! കണ്ണിനെ ചൂഴ്ന്നിടുക്കുന്ന ഹൃദയത്തെ കിടിലം കൊള്ളിക്കുന്ന അതിഭീകര കാഴ്ചയാണ് അദ്ദേഹം കാണുന്നത്..! ഖുര്‍ആന്‍ ആ കാഴ്ചയെ ” تَٱللَّه ” എന്നാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.! ഇതിലെ ഭീകരത ഭാഷകള്‍ കൊണ്ട് പറയാന്‍ സാധ്യമല്ല..! തൂലിക കൊണ്ട് എഴുതാനും വിറയ്ക്കുന്നു..!നയനങ്ങള്‍ക്ക് സഹിക്കാന്‍ കഴിയാത്ത കാഴ്ച്ച ദര്‍ശിക്കുമ്പോഴാണ് ഈ പദം ഉപയോഗിക്കുക.! തുടര്‍ന്ന് അദ്ദേഹം പറയുന്നു; എന്റെ പൊന്ന് ചങ്ങാതീ..! നിന്റെ ഉപദേശങ്ങള്‍ കൊണ്ട് എന്നെയും നീ കുഴപ്പത്തിലാക്കിയേനെ ! റബ്ബിന്റെ അനുഗ്രഹമില്ലാതിരുന്നെങ്കില്‍ ഞാന്‍ നിന്റെ വാക്കുകള്‍ കേട്ട് പിന്നാലെ വരുമായിരുന്നു .! കാഴ്ചയുടെ ആ തീഷ്ണതയില്‍ അദ്ദേഹം ചോദിച്ചു പോകുന്നു;” أَفَمَا نَحۡنُ بِمَیِّتِین’
[Surah As-Saaffat 58] (ഇനി നാം മരണപ്പെടുന്നവരല്ലല്ലോ)..! ഈ ചോദ്യത്തെ നമ്മുടെ ഭൗതിക ജീവിതവുമായി ബന്ധിപ്പിച്ചു കൊണ്ട് ഒരൊറ്റ ഉദാഹരണം പറയാം: വലിയ കടുപ്പമുള്ള പരീക്ഷ കഴിഞ്ഞ് ഒരു വിദ്യാര്‍ത്ഥി അനുഭവം പറയുന്നത് പോലെ.! ഹോ… ! പരീക്ഷ തീര്‍ന്നു. ഞാന്‍ വിജയിക്കുകയും ചെയ്തു.! എങ്ങനെയാണ് ഞാന്‍ വിജയിച്ചത് എന്നതിനെക്കുറിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ! എന്റെ പേപ്പര്‍ നോക്കിയ ആളുടെ ദയാവായ്പ് അല്ലാതെ മറ്റെന്താണിത്…! ഇങ്ങനെ, തന്റെ രക്ഷിതാവിന്റെ കരുണയുടെ ബലത്തിലാണ് താന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയതെന്ന് അദ്ദേഹം തിരിച്ചറിയുന്നു.! നരകത്തിന്റെ അതിഭയാനകരമായ കാഴ്ച കണ്ട് ഒരു സ്വര്‍ഗ്ഗവാസി നടത്തുന്ന ചില വര്‍ത്തമാനങ്ങളാണ് അതി മനോഹരമായി ഖുര്‍ആന്‍ ഇവിടെ വരച്ചിട്ടത്.! സ്വര്‍ഗ്ഗവാസികളും അവരുടെ സദസ്സും അവരുടെ ഇഹലോകജീവിത സ്മരണയും മനുഷ്യഭാവനയില്‍ ഇട്ടുതരികയാണ് ഖുര്‍ആന്‍ ചെയ്തത്.! സുഖസൗഭാഗ്യങ്ങളിലാറാടുന്ന ഈ നിഷ്‌കളങ്ക ദൈവദാസന്മാര്‍ തങ്ങളുടെ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും വിലയിരുത്തുന്നതാണ് നാം കണ്ടത്. അങ്ങനെ മരണമില്ലാതെ, ആപല്‍ ഭീതിയില്ലാതെ സൗഭാഗ്യങ്ങളില്‍ അവര്‍ പരസ്പരം കുശലംപറഞ്ഞ് സുഖിച്ച് കഴിയുന്നു.! ഓരോ മനസ്സും കൊതിക്കുന്ന അനുഗ്രഹങ്ങളുടെ നാനാവര്‍ണങ്ങളില്‍ അവര്‍ തിമിര്‍ത്താടുന്ന രംഗങ്ങളാണ് തുടര്‍ന്ന് ഖുര്‍ആന്‍ ചിത്രീകരിക്കുന്നത്..!(തുടരും)

ഹാഫിള് സല്‍മാനുല്‍ ഫാരിസി

Topics