ആരോഗ്യം-Q&A

ഒറ്റപ്പെടാതിരിക്കാന്‍ പുകവലിക്കുന്നവന്‍

ചോദ്യം: ഞാന്‍ 6 കുട്ടികളുടെ മാതാവാണ്. മുസ്‌ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു നാട്ടിലാണ് ഞാന്‍ ജീവിക്കുന്നത്. എന്റെ മൂത്തമകന്‍ കൂട്ടുകാരുമൊത്ത് സ്‌കൂള്‍ വളപ്പിലും പുറത്തും പുകവലിക്കുന്നുണ്ടെന്ന് ഈയിടെ അറിയാനിടയായി. അതെക്കുറിച്ച് ചോദിച്ചപ്പോള്‍ അവനെന്നോട് പറഞ്ഞത്: ‘പുകവലി നല്ലതല്ലെന്ന് എനിക്കറിയാം. പക്ഷേ എന്റെ കൂട്ടുകാര്‍ക്കിടയില്‍ ഒറ്റപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഞാനത് വലിക്കുന്നത്’ എന്നാണ്. ഞാനാകെ വിഷമവൃത്തത്തിലാണ്. മകനെ എനിക്ക് നഷ്ടപ്പെടുമോയെന്നാണ് എന്റെ ഭയം?

കുട്ടികളുടെ ആത്മീയ സാംസ്‌കാരികവളര്‍ച്ചയില്‍ താങ്കള്‍ പുലര്‍ത്തുന്ന ശ്രദ്ധ പ്രശംസനീയമാണ്. ചില കാര്യങ്ങള്‍ താങ്കളെ ഉണര്‍ത്താനാണിവിടെ ഉദ്ദേശിക്കുന്നത്:

ഒന്നാമതായി, അല്ലാഹു മാതാപിതാക്കള്‍ക്കും സന്താനങ്ങള്‍ക്കും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും കല്‍പിച്ചരുളിയിട്ടുണ്ട്. മക്കളെ ഇസ്‌ലാമിക സംസ്‌കാരം പഠിപ്പിച്ചുകൊടുക്കുകയും അതനുസരിച്ച് ജീവിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് മാതാവെന്ന നിലയില്‍ താങ്കളുടെ ഉത്തരവാദിത്വം. സന്താനമെന്ന നിലക്ക് താങ്കളുടെ മകന്‍ താങ്കളുടെ കല്‍പനകളെ അനുസരിക്കുകയും ബഹുമാനിക്കുകയുംചെയ്യേണ്ടതുണ്ട്. ഇക്കാര്യം അറിഞ്ഞായിരിക്കണം മക്കള്‍ വളരേണ്ടത്. മകന് പ്രായപൂര്‍ത്തി എത്തിയാല്‍ സ്വകര്‍മങ്ങളെക്കുറിച്ച ചോദ്യത്തിന് അല്ലാഹുവിന് ഉത്തരം നല്‍കേണ്ടത് അവന്‍ മാത്രമാണ്. അതിനാല്‍ മകന്റെ കര്‍മങ്ങള്‍ക്ക് പിതാവോ മാതാവോ ഉത്തവാദിയാവുകയില്ലെന്ന് മനസ്സിലാക്കുക.

മുതിര്‍ന്ന മക്കളുടെ സ്വഭാവത്തെക്കുറിച്ച് വേവലാതികൊള്ളേണ്ട കാര്യം രക്ഷകര്‍ത്താക്കള്‍ക്കില്ല. എന്തായാലും താങ്കളുടെ മകന്റെ പുകവലി വിഷയത്തില്‍ ഭര്‍ത്താവിനെ ഇടപെടുവിക്കുകയായിരിക്കും ഉത്തമം.

മകന്റെ പുകവലി വിഷയത്തില്‍ താങ്കള്‍ കര്‍ക്കശനിലപാട് സ്വീകരിക്കരുത്. താന്‍ പുകവലിക്കുന്നുവെന്നും അതിന് കാരണമുണ്ടെന്നും മകന്‍ തുറന്ന് പറഞ്ഞ സത്യസന്ധമായ നിലപാടിനെ ഒരു നല്ല കാര്യമായി താങ്കള്‍ തിരിച്ചറിയണം. പുകവലി ദോഷകരമാണെന്ന തിരിച്ചറിവ് അവനുണ്ടല്ലോ. തന്റെ മാനസികാവസ്ഥ അവന്‍ തുറന്നുപറഞ്ഞുവെന്നതും പോസിറ്റീവ് ആയ കാര്യമാണ്. സാധാരണയായി, മക്കള്‍ രക്ഷകര്‍ത്താക്കളോട് തുറന്നുസംസാരിക്കുന്ന പതിവ് വിരളമാണ്. അതിനാല്‍ ഇത്തരം വിഷയങ്ങളെ മുന്‍നിര്‍ത്തി താങ്കള്‍ക്ക് ആശ്വസിക്കാം.

എന്നാല്‍ താങ്കള്‍ കരുതിയിരിക്കേണ്ട വിഷയം മകന്റെ സുഹൃത്തുക്കളെ സംബന്ധിച്ചുള്ളതാണ്. പുകവലിക്കുന്ന കൂട്ടുകാര്‍ക്ക് പകരമായി എന്താണ് മകന് നല്‍കാനാവുകയെന്ന് ചിന്തിക്കണം. ദുശ്ശീലങ്ങളുള്ള കൂട്ടുകെട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് അവസാനിപ്പിക്കാന്‍ പോംവഴിയെന്തുണ്ടെന്ന് കണ്ടെത്തണം?

താങ്കള്‍ മകനുമായിരുന്ന് കുറച്ചുസമയം മനസ്സുതുറന്ന് സംസാരിക്കാന്‍ സമയം കണ്ടെത്തണം. അവന്‍ താങ്കള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടവനും പ്രാധാന്യമുള്ളവനുമാണെന്ന് ബോധ്യപ്പെടുത്തണം. താങ്കള്‍ അവനെ അതിയായി സ്‌നേഹിക്കുന്നുവെന്നും അതിനാല്‍ അല്ലാഹുവും സ്‌നേഹിക്കുന്നുവെന്നും അവന്‍ അറിയട്ടെ. ഒരു സുഹൃദ് വലയത്തില്‍ സ്ഥാനംനേടാന്‍ പുകവലി പോലുള്ള ദുശ്ശീലങ്ങളുടെ ആവശ്യമില്ലെന്ന് അവനെ തിരുത്തുക. എന്നല്ല, ദുശ്ശീലങ്ങളെ കൂട്ടുപിടിക്കുന്ന സൗഹൃദങ്ങളെക്കാള്‍ നല്ലത് നന്‍മ പ്രസരിപ്പിക്കുന്ന സുഹൃത്തുക്കളാണെന്ന് സ്‌നേഹപൂര്‍വം ഓര്‍മിപ്പിക്കുക. ഇസ്‌ലാമികപ്രവര്‍ത്തനങ്ങളിലും മൂല്യവത്തായ വിനോദങ്ങളിലും മുഴുകുന്ന കൗമാരക്കാരുടെയും യുവാക്കളുടെയും സംഘങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുക.

മുസ്‌ലിംനാമധാരികളായ കൂട്ടുകാരാണെങ്കില്‍ ദുശ്ശീലങ്ങളൊന്നുമില്ലാത്തവരായിരിക്കും എന്ന് തെറ്റുധരിക്കേണ്ടതില്ല. പറഞ്ഞുവന്നത്, മകന്റെ ജീവിതത്തില്‍ അവനുണ്ടാകുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിഹരിക്കാനും കൂട്ടുകാരുയര്‍ത്തുന്ന വെല്ലുവിളി അതിജയിക്കാനും പ്രാപ്തനാക്കുംവിധം രക്ഷിതാവെന്ന നിലയില്‍ ഇടപെടലുണ്ടാകണമെന്നാണ്.

അവസാനമായി, മകന് നേര്‍വഴി കാട്ടാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. അവന്റെ പുകവലി ദുശീലത്തില്‍നിന്ന് മുക്തി നല്‍കണേയെന്ന് മനമുരുകി ചോദിക്കുക. അല്ലാഹുവിന്റെ അനുഗ്രഹമുണ്ടെങ്കില്‍ നല്ല സൗഹൃദവലയങ്ങളെയും കൗമാരസംഘങ്ങളെയും നിങ്ങള്‍ക്ക് തേടിപ്പിടിച്ച് നല്‍കാനാകും. മകനെ സുഹൃത്താക്കുക. അവന്റെ വിഷമസന്ധികളില്‍ അവന് താങ്ങായി നില്‍ക്കുക.

Topics