‘നിങ്ങള്‍ പശുവിന്‍ പാല്‍ കഴിക്കുക. അത് ഔഷധമാണ്. അതിന്റെ നെയ്യ് രോഗശമനമാണ്. അതിന്റെ മാംസം കഴിക്കരുത്. അത് രോഗമാണ്.’ ഹാകിം, ഇബ്‌നുസ്സുന്നീ, അബൂനുഐം എന്നിവര്‍ ഇബ്‌നു മസ്ഊദില്‍ നിന്ന് ഉദ്ധരിച്ചത്. ഈ ഹദീസ് ഹാകിം സ്വഹീഹാണെന്ന് അഭിപ്രായപ്പെടുകയും ഇമാം ദഹബി അതിനോട് യോജിക്കുകയും ചെയ്തിരിക്കുന്നു. അല്‍ബാനി സ്വഹീഹുല്‍ ജാമിഉസ്സ്വഗീറില്‍ ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നു. സുഹൈബില്‍ നിന്ന് നിവേദനം:’ നിങ്ങള്‍ പശുവിന്‍ പാല്‍ കുടിക്കുക. അത് രോഗശമനിയാണ്. അതിന്റെ നെയ്യ് ഔഷധമാണ്. അതിന്റെ മാംസം രോഗദായകമാണ്’. ഇബ്‌നുസ്സുന്നിയും അബൂനുഐമും ഉദ്ധരിച്ച ഈ ഹദീസും സ്വഹീഹാണെന്ന് അല്‍ബാനി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊന്ന്: ‘പശുവിന്‍ പാല്‍ രോഗശമനമടങ്ങിയതാണ്. അതിന്റെ നെയ്യ് രോഗദായകമാണ്. മാംസം രോഗമാണ്’ അംറിന്റെ മകള്‍ മുലൈകയില്‍ നിന്ന് ത്വബ്‌റാനി ഉദ്ധരിച്ചത്.
ഖുര്‍ആനിനും സ്ഥാപിതതിരുചര്യക്കും ജീവിതാനുഭവത്തിനും വിരുദ്ധമായതിനാല്‍ മേല്‍ ഹദീസുകളെ നാം നിരാകരിക്കേണ്ടിവരും. ഹദീസുകളുടെ ബലാബലം നിര്‍ണയിക്കുന്നതില്‍ ഉദാസീനനയം കൈക്കൊള്ളുന്നതില്‍ അറിയപ്പെട്ടയാളാണ് ഹാകിം. നാസിറുദ്ദീന്‍ അല്‍ബാനിയാകട്ടെ, മൂലവാക്യം പരിഗണിക്കാതെ, നിവേദനപരമ്പരയുടെ പെരുപ്പമനുസരിച്ച് ഹദീസ് സ്വഹീഹാണെന്ന് അഭിപ്രായപ്പെടുന്ന വ്യക്തിയാണ്. ഇസ്‌ലാമിന്റെഅടിസ്ഥാനങ്ങള്‍ക്കും ബുദ്ധിയുടെ തേട്ടങ്ങള്‍ക്കും വിരുദ്ധമായാലും പരമ്പരയുടെ ബലം പരിഗണിച്ച് സ്വഹീഹാക്കുകയാണ് അദ്ദേഹത്തിന്റെ രീതി.
അതേസമയം മേല്‍ഹദീസുകള്‍ ശരിയാണെന്ന് വരികില്‍ പശുമാംസഭോജനം നിഷിദ്ധമായിത്തീരും. ചുരുങ്ങിയപക്ഷം നിഷിദ്ധതയോടടുത്ത അനഭിലഷണീയമെങ്കിലുമാവും. ‘സ്വയം പീഡനമോ പരപീഡനമോ പാടില്ല’. ഇബ്‌നു മസ്ഊദിന്റെ ഹദീസില്‍, ‘അവയുടെ മാംസം കഴിക്കുന്നത് നിങ്ങള്‍ സൂക്ഷിക്കണം ‘എന്നാണല്ലോ ഉള്ളത്. നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ കാളയുടെയും പശുവിന്റെയും മാംസം കഴിക്കുന്നു. നബിതന്നെയും കാളയെയും പശുവെയും ബലിയറുത്തിരുന്നു. ഒരു കാളയില്‍ അഥവാ പശുവില്‍ ഏഴുപേര്‍ക്കുവരെ ഭാഗഭാക്കാകാം എന്നുവരെ നിര്‍ദ്ദേശിച്ചു. ഇതില്‍നിന്ന് വ്യക്തമാവുന്നത്, പ്രത്യേകതരം കാളയെയോ ,പശുവിനെയോ പ്രത്യേക സാഹചര്യത്തില്‍ അറുക്കുന്നതിനെക്കുറിച്ചായിരിക്കും പ്രവാചകതിരുമേനി(സ) പ്രസ്താവിച്ചിട്ടുണ്ടാവുക. അല്ലാതിരുന്നാല്‍ അത് ഖുര്‍ആന്റെ ഖണ്ഡിതവിധികള്‍ക്കെതിരായിത്തീരും.
ഈ വിഷയത്തില്‍ ഇബ്‌നുഖല്‍ദൂന്റെ കാഴ്ചപ്പാട് അറിയുന്നത് നന്നായിരിക്കും. ‘ചില വ്യക്തികളുടെ പരിമിതാനുഭവത്തെ അടിസ്ഥാനമാക്കി പാരമ്പര്യമായി തലമുറകളിലൂടെ കൈമാറിവരുന്ന ചിലതരം ചികിത്സാരീതികളുണ്ട്. അവയില്‍ ചിലതൊക്കെ ശരിയായിരിക്കാം. അതിന് സ്വാഭാവികമായ രീതികളൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത്തരം ചികിത്സാവിധികള്‍ അറേബ്യയില്‍ പ്രചാരത്തിലുണ്ടായിരുന്നു. അവിടെ ഹാരിഥുബ്‌നു കലദഃയെ പ്പോലുള്ള പ്രശസ്ത വൈദ്യന്മാരുമുണ്ടായിരുന്നു. ഈ ഇനത്തില്‍പെട്ട നബിയുടെ ചികിത്സാവിധികള്‍ക്ക് വഹ് യുമായി ബന്ധമില്ല. അറബികള്‍ക്ക് സാധാരണയായി പരിചയമുള്ളത് മാത്രമായിരുന്നു അവ. ശരീഅത്ത് നിയമങ്ങള്‍ പഠിപ്പിക്കുകയായിരുന്നു നബിയുടെ നിയോഗമനലക്ഷ്യം. നാട്ടുരീതികള്‍ പഠിപ്പിക്കുക എന്നതായിരുന്നില്ല. ഈന്തപ്പന പരാഗണവിഷയകമായ സംഭവം പ്രസിദ്ധമാണല്ലോ. അതേസമയം നബിയുടെ നിര്‍ദ്ദേശം മാനിച്ച് പുണ്യം നേടുക എന്ന ഉദ്ദേശ്യത്തോടെയാണെങ്കില്‍ അതിന് പ്രയോജനമുണ്ടായെന്നുവരും. അത് സത്യവചനത്തിന്റെ സ്വാധീനഫലമാണ്. തേന്‍കഴിച്ച് ഉദരരോഗം ഭേദമായതായി ഹദീസിലുണ്ടല്ലോ.’
Add Comment