ചോ: ഞാനെന്തുസംഗതിയില്‍ ഇടപെട്ടാലും അതെല്ലാം വമ്പിച്ച പരാജയമാണ്. എല്ലാവരും എന്നെ വെറുക്കുന്നുവെന്ന തോന്നല്‍ ഇപ്പോള്‍ ശക്തമാണ്. ഞാനെന്തുചെയ്യണം?
——————–
ഉത്തരം; താങ്കള്‍ക്ക് വിഷാദത്തിന്റെ ലക്ഷണങ്ങളുണ്ടോയെന്ന് സംശയിക്കുന്നു. ഇത് ചികിത്സയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. ആ നിലക്ക് താങ്കള്‍ മുന്നോട്ടുനീങ്ങിയാല്‍ അല്ലാഹു ഈ വെല്ലുവിളി തരണംചെയ്യാന്‍ സഹായിക്കുന്നതാണ്. അതിനാല്‍ താങ്കളുടെ കുടുംബഡോക്ടറുമായി കൂടിയാലോചിച്ച് വിദഗ്ധനായ സ്‌പെഷലിസ്റ്റിന്റെ സഹായം തേടുക. താങ്കളുടെ പ്രശ്‌നം പരിഹരിക്കാന്‍ അദ്ദേഹത്തിനാകുമെന്ന് എനിക്കുറപ്പുണ്ട്.
ചികിത്സയ്ക്കായി വിദഗ്ധന്റെ സഹായം തേടുന്നതോടൊപ്പം സ്പിരിച്വല്‍ തെറാപിയും താങ്കള്‍ക്ക് സഹായകരമായിരിക്കും. അക്കാര്യത്തില്‍ താങ്കള്‍ക്ക് ഉപകാരപ്രദമായ ചില കാര്യങ്ങള്‍ പറയാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അതനുസരിച്ച് താങ്കള്‍ പ്രവര്‍ത്തിക്കുന്നപക്ഷം പ്രയോജനംചെയ്യുന്നതാണ്. അല്ലാഹു താങ്കള്‍ക്ക് രോഗശാന്തി പ്രദാനംചെയ്യുമാറാകട്ടെ.
അല്ലാഹുവിന്റെ കാരുണ്യത്തെത്തൊട്ട് നിരാശരാകരുതെന്നാണ് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നത്. അതിനാല്‍ പ്രതീക്ഷ കൈവിടേണ്ടതില്ല. അതിനാല്‍ സ്വന്തം ആരോഗ്യം സംരക്ഷിക്കാനാവശ്യമായത് താങ്കള്‍ ചെയ്യണം. ഡോക്ടറെ കാണുന്നതും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള പരിചരണം ഉറപ്പാക്കുന്നതും മരുന്നുകഴിക്കുന്നതും ഉള്‍പ്പെടെയുള്ള സംഗതികളാണ് അത്. നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ട ചുമതലയെക്കുറിച്ച് അല്ലാഹു ഓര്‍മപ്പെടുത്തിയിരിക്കുന്നതിനാല്‍ അതിനുവേണ്ടതൊക്കെ ചെയ്യേണ്ടത് മതപരമായ ഉത്തരവാദിത്വമാണ്. നാം നമ്മുടെ ശരീരത്തെ നാശത്തിലകപ്പെടുത്താന്‍ പാടുള്ളതല്ല. മുഹമ്മദ് നബി(സ) പറഞ്ഞു: ‘തീര്‍ച്ചയായും നിങ്ങളുടെ ശരീരത്തിന് നിങ്ങളുടെ മേല്‍ അവകാശമുണ്ട്. നിങ്ങളുടെ ആതമാവിന് അവകാശമുണ്ട്. ദൈവത്തിന് അവകാശമുണ്ട്. അതിനാല്‍ ഓരോരുത്തര്‍ക്കുമുള്ള അവകാശം വകവെച്ചുകൊടുക്കുക.’
വിഷാദം ഗുരുതരമായ ഒരു അവസ്ഥയാണ്. അത് ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണമായിത്തീരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചികിത്സ തേടുന്നതില്‍ അമാന്തിക്കരുത്. ആ ചികിത്സയിലായിരിക്കുമ്പോള്‍ തന്നെ ആത്മീയചികിത്സയും കൂടെക്കൊണ്ടുപോകേണ്ടതുണ്ട്. സ്ഥിരമായി അനുഷ്ഠിക്കേണ്ട അക്കാര്യങ്ങളെക്കുറിച്ച് ഇവിടെ സൂചിപ്പിക്കാം:
1. നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുക. നമസ്‌കാരം ബോധപൂര്‍വമായിരിക്കണം. അങ്ങനെയെങ്കില്‍ അത് മാനസികസമ്മര്‍ദ്ദങ്ങളെ ലഘൂകരിക്കുന്നതില്‍ വളരെ സഹായകരമാണെന്ന് താങ്കള്‍ക്ക് ബോധ്യപ്പെടും.
2. രാത്രി ഉറങ്ങാന്‍ കിടക്കുംമുമ്പ് ഫാതിഹ, ഇഖ്‌ലാസ്, ഫലഖ്, നാസ് അധ്യായങ്ങള്‍ ഓതി തുടര്‍ന്ന് കൈകളിലേക്കൂതിയശേഷം മുഖമടക്കം ശരീരത്തിന്റെ എല്ലാ ഭാഗത്തും മൂന്നുപ്രാവശ്യം തടവുക. ഒരു ദിവസത്തിന്റെ മറ്റുസമയങ്ങളിലും താങ്കള്‍ക്ക് അപ്രകാരം ചെയ്യാവുന്നതാണ്.
3. ഒരു ദിവസം ചുരുങ്ങിയത് ഖുര്‍ആനില്‍ നിന്ന് 10 ആയത്തുകളെങ്കിലും ഓതുക.
4. സാധ്യമാകുന്നത്ര ഖുര്‍ആന്‍ പാരായണം ശ്രവിക്കുക. മൊബൈല്‍ ഫോണ്‍ സര്‍വസാധാരണമായതിനാല്‍ അതിന് പ്രയാസമേതുമില്ല.
5. പ്രയോജനപ്രദമായ കര്‍മങ്ങളില്‍ മുഴുകാന്‍ ശ്രദ്ധിക്കുക. നല്ല കാര്യങ്ങളെക്കുറിച്ച് ആലോചനയില്ലാത്ത മനസ്സുകളില്‍ അലസതയും ദുഷ്ചിന്തയും ചേക്കേറും. സദ്കര്‍മങ്ങള്‍ക്ക് തുനിയാതെ ഏകാന്തമനസ്സോടെ ഇരുന്നാല്‍ പിശാച് അവന്റെ പണി തിരക്കിട്ട് നടത്താന്‍ ശ്രമിക്കും.
6. രോഗചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഫലപ്രാപ്തിയെക്കുറിച്ചും അല്ലാഹുവിങ്കല്‍നിന്നുള്ള രോഗശമനത്തെക്കുറിച്ചും പ്രതീക്ഷവെച്ചുപുലര്‍ത്തുക. താഴെക്കൊടുത്തിരിക്കുന്ന പ്രാര്‍ഥനകള്‍ ചൊല്ലുക
അല്ലാഹുമ്മ റഹ്മതക്ക അര്‍ജൂ ഫലാ തകില്‍നീ ഇല്ലാ നഫ്‌സീ തര്‍ഫത ഐന്‍, വ അസ്‌ലിഹ് ലീ ശഅ്‌നീ കുല്ലഹു, ലാ ഇലാഹ ഇല്ലാ അന്‍ത(അല്ലാഹുവേ, ഞാന്‍ നിന്റെ കാരുണ്യവും അനുഗ്രഹവും ചോദിക്കുന്നു. ഒരു നിമിഷംപോലും നീ എന്നെ നീ ഉപേക്ഷിക്കരുതേ, എന്റെ എല്ലാ കാര്യങ്ങളും ശരിയാക്കിത്തരണമേ, നീയല്ലാതെ മറ്റൊരു ഇലാഹുമില്ല)
ലാ ഇലാഹ ഇല്ലല്ലാഹ് അല്‍ അളീംഅല്‍ ഹലീം, ലാഇലാഹ ഇല്ലല്ലാഹു റബ്ബുല്‍ അര്‍ശില്‍ അളീം, ലാഇലാഹഇല്ലല്ലാഹു റബ്ബുസ്സമാവാതിവല്‍ അര്‍ളി വ റബ്ബുല്‍ അര്‍ശില്‍ കരീം(മഹാനും ക്ഷമാശീലനുമായ അല്ലാഹുവല്ലാതെ ഒരു ഇലാഹില്ല. മഹത്തായ സിംഹാസനത്തിന്റെ നാഥനായ അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ല. ആകാശഭൂമികളുടെ നാഥനും ആദരണീയമായ സിംഹാസനത്തിന്റെ അധിപനുമായ അല്ലാഹുവല്ലാതെ ഒരു ഇലാഹുമില്ല-(ബുഖാരി.)
അല്ലാഹുമ്മ ഇന്നീ അബ്ദുക ഇബ്‌നുഅബ്ദിക ഇബ്‌നു അമതിക, നാസിയതീ ബി യദിക മാളിന്‍ ഫിയ്യ ഹുക്മുക, അദ്‌ലുന്‍ ഫിയ്യ ഖദാഉക , അസ്അലുക ബി കുല്ലി ഇസ്മിന്‍ ഹുവ ലക സമ്മയ്ത ബിഹി നഫ്‌സക അല്‍ അന്‍സല്‍തഹു ഫീ കിതാബിക ഔ അല്ലംതഹു അഹദന്‍ മിന്‍ ഖല്‍ഖിക ഔ ഇസ്തഅ്‌സര്‍ത ബിഹീ ഫീ ഇല്‍മില്‍ ഗൈബി ഇന്‍ദക അന്‍ തജ്അലല്‍ ഖുര്‍ആന റബീഅ ഖല്‍ബീ വ നൂറ ബസ്വരീ വജലാഅ ഹുസ്‌നീ വ ദഹാബ ഹമ്മീ
(അല്ലാഹുവേ, ഞാന്‍ നിന്റെ അടിമയാണ്, നിന്റെ അടിമയുടെ മകനാണ്, നിന്റെ ദാസിയുടെ മകനാണ്. എന്റെ കുടുമ നിന്റെ പിടുത്തത്തിലാണ്. നിന്റെ തീരുമാനം എന്റെ കാര്യത്തില്‍ ഉറപ്പാക്കപ്പെട്ടിരിക്കുന്നു. നിന്റെ വിധിയെഴുത്ത് നീതിപൂര്‍വകമാണ്. ഖുര്‍ആനിലൂടെ വെളിപ്പെടുത്തിയപ്രകാരം, നീ തന്നെ വിളിച്ചിട്ടുള്ള നിന്റെ എല്ലാ നാമവിശേഷണങ്ങളോടും കൂടി, നീ നിന്റെ സൃഷ്ടികള്‍ക്ക് പഠിപ്പിച്ചുകൊടുത്തതും, നീ നിന്റെ അദൃശ്യലോകത്ത് ഗുപ്തമാക്കിവെച്ചിട്ടുള്ളതുമായ യാഥാര്‍ഥ്യങ്ങളെ മുന്‍നിര്‍ത്തിയും, ഖുര്‍ആനെ എന്റെ ഹൃദയവസന്തവും നയനപ്രകാശവും ശോക-ക്ലേശ ഹാരകവും ആക്കേണമേ എന്ന് നിന്നോട് ഞാന്‍ ചോദിക്കുന്നു)
അല്ലാഹു താങ്കള്‍ക്ക് രോഗശമനം നല്‍കുമാറാകട്ടെ, എന്തെന്നാല്‍ അവനാകുന്നു ആത്യന്തിക ശമനം നല്‍കുന്നവന്‍. ആമീന്‍.
Add Comment