സംഘടനകള്‍

യങ് മുസ്‌ലിം അസോസിയേഷന്‍ (YMA) കെനിയ

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മുസ്‌ലിം ക്രൈസ്തവ സങ്കലനമുള്ള രാഷ്ട്രമാണ് കെനിയ. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കെനിയന്‍ സമൂഹത്തില്‍ ഒരു സമുദായമെന്ന നിലക്ക് വളരെ പിന്നാക്കമാണ് മുസ്‌ലിംകള്‍. ദാരിദ്ര്യം, അരാജകത്വം, ക്രൈസ്തവ മിഷനറിമാരുടെ പ്രലോഭനം തുടങ്ങിയവയാണ് ഇവിടുത്തെ മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. മുസ്‌ലിം ദരിദ്ര മേഖലകള്‍ തെരഞ്ഞെടുത്ത് അവിടെ ഭക്ഷണവും പണവും വിതരണം ചെയ്ത് മുസ്‌ലിംകളെ ക്രിസ്ത്യാനികളാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 1968-ല്‍ മുഹമ്മദ് അക്‌റമാണ് യംഗ് മുസ്‌ലിം അസോസിയേഷന്‍ രൂപീകരിക്കുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ റിലീഫ് പ്രവര്‍ത്തനം നടത്താനായിരുന്നു പ്രസ്തുത സംഘടന രൂപീകരിച്ചത്. ക്രൈസ്തവ മിഷനറിമാരുടെ മതപരിവര്‍ത്തന ശ്രമങ്ങളില്‍ നിന്ന് മുസ്‌ലിംകളെ രക്ഷിക്കാന്‍ ഏറ്റവും പ്രസക്തമായത് അവരില്‍ വേരൂന്നിയ ദാരിദ്യത്തിന്റെ വേരുകള്‍ വെട്ടിമാറ്റുക എന്നതു തന്നെയായിരുന്നു. ക്രൈസ്തവതയെയും ഇസ്‌ലാമിനെയും താരതമ്യം ചെയ്ത് പഠിക്കാനാവശ്യമായ സ്റ്റഡിസെന്റര്‍ ആരംഭിക്കുകയും ക്രൈസ്തവരുമായി സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. മുസ്‌ലിംകള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ അജ്ഞതക്ക് തിരുത്തെഴുതാന്‍ നിരവധി പള്ളികളും മദ്‌റസകളും സ്ഥാപിക്കുകയും ഖുര്‍ആനും അറബിഭാഷയും പഠിക്കാന്‍ സ്റ്റഡീ സര്‍ക്കിളുകള്‍ രൂപീകരിക്കുകയും ചെയ്തു.

മുസ്‌ലിംകുടുംബങ്ങളില്‍ നിന്ന് ഒരാളെയെങ്കിലും ദത്തെടുത്ത് ഉന്നത വിദ്യാഭ്യാസം നല്‍കാനും ഇസ്‌ലാമിനെ പഠിപ്പിക്കാനും വൈ.എം.എ ശ്രദ്ധ ചെലുത്തി വരുന്നുണ്ട്. മുസ്‌ലിംരാജ്യങ്ങളില്‍നിന്നും ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍നിന്നുമുള്ള സാമ്പത്തികവും ദാര്‍ശനികവുമായ പിന്തുണയാണ് അവരെ അതിന് പ്രാപ്തരാക്കുന്നത്. ഭരണകൂടത്തിന്റെ നിരന്തരമുള്ള അവഗണന കാരണം മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ വൃത്തിഹീനവും മാറാരോഗങ്ങളും നിറഞ്ഞതുമാണ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോ ഹോസ്പിറ്റലുകളോ മറ്റു ഔദ്യോഗിക സംരംഭങ്ങളോ ഒന്നും തന്നെ ഈ പ്രദേശങ്ങളില്‍ ഇല്ല എന്നതാണ് കൂടുതല്‍ ശരി. അവിടങ്ങളില്‍ വിദ്യാലയങ്ങള്‍ തുറന്നും ആതുരാലയങ്ങള്‍ സ്ഥാപിച്ചും മുസ്‌ലിംകളെ ഉന്നതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഏറക്കുറെ യംഗ് മുസ്‌ലിം അസോസിയേഷന്‍ വിജയിക്കുകയുണ്ടായി.
നിരന്തരം അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമുദായത്തില്‍ അവകാശബോധത്തിന്റെയും ബാധ്യതാനിര്‍വഹണത്തിന്റെയും സന്തുലിത രാഷ്ട്രീയവീക്ഷണം വളര്‍ത്തിക്കൊണ്ടുവരുന്നതിലും, ഭരണകൂടങ്ങളുടെ നിലപാടുകളെ ശക്തമായി വിമര്‍ശിക്കുന്ന ആഗോള ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും, ഇസ്‌ലാമികരാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന കൊളോണിയല്‍ പ്രതിസന്ധികളെ വിശകലനം ചെയ്യാന്‍ മുസ്‌ലിംകളെ പര്യാപ്തമാക്കുന്നതിലും വൈ.എം.എ വിജയിച്ചു.

രാജ്യത്തെ ഭൂരിപക്ഷം വരുന്ന ക്രൈസ്തവ മതത്തോട് സംവാദത്തിന്റെയും പ്രബോധനത്തിന്റെയും നിലവാരത്തില്‍ അഭിമുഖീകരിക്കാന്‍ പര്യാപ്തരായ ഒരു പറ്റം യുവാക്കളെ സൃഷ്ടിച്ചെടുക്കാനും ഈ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. തങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗവണ്‍മെന്റില്‍നിന്ന് അംഗീകാരം ഉറപ്പാക്കാനും സാധിച്ചിട്ടുണ്ട്. റിലീഫ് പ്രവര്‍ത്തനത്തില്‍നിന്ന് തുടങ്ങി രാഷ്ട്രത്തിന്റെ അജണ്ടകള്‍ ക്രമീകരിക്കാന്‍ മതിയായ സമ്മര്‍ദ്ധ രാഷ്ട്രീയ ഗ്രൂപ്പായി വര്‍ത്തിക്കാന്‍ ഇതിന് സാധിക്കുന്നുണ്ട്. ജനങ്ങളെ ശരിയായ ദിശയിലേക്കു നയിക്കാനും ലക്ഷ്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും രാഷ്ട്രീയ അരാജകത്വം തുടച്ചുനീക്കാനും ഉതകുന്ന പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ നല്ല സ്വാധീനം ഉണ്ടാക്കുവാന്‍ വൈ.എം.എക്ക് സാധിച്ചിട്ടുണ്ട്. പ്രബോധനപ്രവര്‍ത്തനം, ജനസേവനം, വിദ്യാഭ്യാസ പ്രവര്‍ത്തനം, രാഷ്ട്രീയ ഉല്‍ബുദ്ധത ഊട്ടിയുറപ്പിക്കല്‍, മതകാര്യാലയങ്ങളുടെ നടത്തിപ്പ് തുടങ്ങിയവക്ക് പ്രത്യേകം വിങുകള്‍ രൂപീകരിച്ച് 1998-ല്‍ സംഘടന വിപുലീകരിച്ചു. വനിതകള്‍ക്ക് പ്രത്യേക വിഭാഗം രൂപീകരിച്ചതോടെ രാഷ്ട്രീയമായും വൈജ്ഞാനികമായും അടിച്ചമര്‍ത്തപ്പെട്ട വനിതകള്‍ പുതിയ ദിശാബോധത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ തുടങ്ങി. സ്ത്രീകള്‍ മുന്‍കൈയെടുത്ത് ആതുരസേവനങ്ങള്‍, ബോധവല്‍ക്കരണ പ്രക്രിയകള്‍ തുടങ്ങിയവ ചെയ്തുവരുന്നു. കാമ്പസുകളില്‍ നല്ല സ്വാധീനം നേടുവാനും വിദ്യാര്‍ഥികള്‍ക്കിടയില്‍ വൈജ്ഞാനിക പരിപാടികള്‍ ആവിഷ്‌കരിക്കാനും ഇതിന് സാധിച്ചിട്ടുണ്ട്. ആനുകാലികപ്രസിദ്ധീകരണങ്ങള്‍ വഴി സംഘടനയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനും ഇസ്‌ലാമിനെ പ്രബോധനം ചെയ്യാനും അതിന് കഴിഞ്ഞു. ഭൂരിഭാഗം പ്രസിദ്ധീകരണങ്ങളും ദഅ്‌വാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവയാണ്. വിശേഷിച്ചും ക്രൈസ്തവതയുമായുള്ള ഇസ്‌ലാമിന്റെ നിലപാടുകള്‍ വിശദീകരിക്കുന്നവയും വ്യാജപ്രചരണങ്ങളെ ചോദ്യം ചെയ്യുന്നവയും.

വൈ എം എക്ക് കീഴില്‍ നടക്കുന്ന ഗറീസ്സ മുസ്‌ലിം ചില്‍ഡ്രന്‍സ് ഹോം എന്ന ഭവന നിര്‍മാണ പദ്ധതി രാജ്യത്തെ തന്നെ ഏറ്റവും വലിയ സേവനസംവിധാനമായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ സ്റ്റഡീസര്‍ക്കിളുകള്‍ എന്നിവയെ ഏകോപിപ്പിക്കാനും ഫലപ്രദമായ ശില്‍പശാലകള്‍, വര്‍ക്‌ഷോപ്പുകള്‍ എന്നിവ നടത്താനും അതില്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയരായ ആളുകളെ പങ്കെടുപ്പിക്കാനും പ്രസ്ഥാനം ശ്രദ്ധിക്കുന്നുണ്ട്. പ്രവര്‍ത്തകരുടെ ആത്മീയ പരിപോഷണത്തിനുതകുന്ന പ്രവര്‍ത്തനങ്ങള്‍, തര്‍ബിയത്ത് ക്യാമ്പുകള്‍ എന്നിവയും സംഘടിപ്പിക്കാറുണ്ട്. ഖുര്‍ആന്‍ മനഃപാഠമാക്കല്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയവ പഠിക്കാനുള്ള ശ്രമങ്ങള്‍ എന്നിവ നിര്‍ദേശിക്കുന്ന നയങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കുകയും അവരുടെ കഴിവും യോഗ്യതയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. സ്റ്റഡീസെന്ററുകള്‍ക്ക് കീഴില്‍ നടക്കുന്ന പരീക്ഷകളിലുള്ള വര്‍ദ്ധിച്ച ജനപങ്കാളിത്തം തെളിയിക്കുന്നത് സംഘടനയുടെ നിഷേധിക്കാനാവാത്ത വളര്‍ച്ചയാണ്.

പ്രസിഡന്റിന്റെ കീഴില്‍ വിവിധ വകുപ്പുകള്‍ക്ക് ലീഡര്‍മാരെ നിര്‍ണയിച്ചാണ് സംഘടനാവികേന്ദ്രീകരണം നടപ്പിലാക്കിയിരിക്കുന്നത്. എട്ട് അംഗങ്ങള്‍ അടങ്ങുന്ന സെക്രട്ടറിയേറ്റ് സ്റ്റാഫാണ് തീരുമാനങ്ങള്‍ എടുക്കുകയും സമര്‍പിക്കുകയും ചെയ്യുന്നത്. ആഫ്രിക്കന്‍ നാടുകളിലെ ഇസ്‌ലാമിക സംഘടനകളില്‍നിന്ന് വ്യത്യസ്തമായ ഒരു ശൈലിയാണ് പാര്‍ട്ടിഘടനയില്‍ അവര്‍ സ്വീകരിച്ചിരിക്കുന്നത്.

വെബ്സൈറ്റ് : http://www.yma.org/

Topics