സംഘടനകള്‍

ഫെഡറേഷന്‍ ഓഫ് സ്റ്റുഡന്റ് ഇസ്‌ലാമിക് സൊസൈറ്റീസ് (FOSIS) – ബ്രിട്ടന്‍

ബ്രിട്ടനിലെയും അയര്‍ലണ്ടിലെയും സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശികളായ മുസ്‌ലിം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് 1963-ല്‍ ബെര്‍മിങ്ഹാം യൂനിവേഴ്‌സിറ്റിയില്‍ രൂപീകരിച്ച ഫോസിസ് തന്നെയാണ് ബ്രിട്ടനിലെ ഏറ്റവും പഴക്കം ചെന്ന മുസ്‌ലിം വിദ്യാര്‍ത്ഥി സംഘടന. ബ്രിട്ടനിലെ വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ ഏറ്റവും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ഇസ്‌ലാമിക പ്രബോധനമേഖലയില്‍ സജീവ ശ്രദ്ധപതിപ്പിക്കുന്നവിദ്യാര്‍ഥി സമൂഹത്തില്‍ രാഷ്ട്രീയ അവബോധം ഉണ്ടാക്കുകയും ചെയ്യുന്ന ഫോസിസിന്റെ ഇടപെടല്‍ ബ്രിട്ടീഷ് ജനതയ്ക്ക് പ്രസിദ്ധമാണ്. ഈജിപ്ത്, ഇറാന്‍, ഇറാഖ,് പാകിസ്ഥാന്‍, ഇന്ത്യ, ശ്രീലങ്ക, ബ്രിട്ടന്‍, സുഡാന്‍ തുടങ്ങി നിരവധി രാഷ്ട്രങ്ങളിലെ വിദ്യാര്‍ഥികള്‍ അംഗങ്ങളായ ബഹുസ്വരരാഷ്ട്രീയ സംഘടനയാണ് ഫോസിസ്. ആഗോളതലത്തില്‍ മുസ്‌ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്തി അമേരിക്കയും ബ്രിട്ടനും നടത്തുന്ന ആധുനിക വേട്ടകളെ തിരിച്ചറിയുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതില്‍ ഫോസിസിന്റെ പങ്ക് എടുത്തു പറയേണ്ടതാണ്. ഫോസിസിന്റെ നയപരിപാടികളില്‍ എല്ലാ പാശ്ചാത്യന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലും ഉള്ളതുപോലെ വൈജ്ഞാനികമുഖമുള്ള പ്രവര്‍ത്തനങ്ങളുടെ ആധിക്യവും കാണാവുന്നതാണ്. ബ്രിട്ടനിലെ ബുദ്ധിജീവികള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും തുറന്ന സംവാദങ്ങള്‍ സംഘടിപ്പിക്കുകയും ഇസ്‌ലാമിന്റെ പ്രസക്തി മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നതില്‍ ഫോസിസ് ബഹുദൂരം മുമ്പോട്ടുപോയിരിക്കുന്നു. തബ്‌ലീഗ് ജമാഅത്തുമായി സഹകരിച്ച് ബ്രിട്ടനിലെ വ്യാപാരികള്‍ക്കിടയിലും, ഉദ്യോഗസ്ഥര്‍ക്കിടയിലും ഇസ്‌ലാമിക സന്ദേശം എത്തിക്കുന്നതിലും അവര്‍ രംഗത്തുണ്ട്. ഫോസിസിന്റെ മുഖപത്രമായ ‘ദ മുസ്‌ലിം’ ബ്രിട്ടനിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആനുകാലികങ്ങളിലൊന്നാണ്.

ഇസ്‌ലാമിനെ മനസ്സിലാക്കാനുതകുന്ന അടിസ്ഥാനഗ്രന്ഥങ്ങള്‍, നവോത്ഥാന നായകരുടെ സുപ്രധാന കൃതികള്‍, ഇസ്‌ലാമിക ശരീഅത്ത് സംബന്ധിയായ പുസ്തകങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് ഫോസിസിന്റെ ദൗത്യത്തില്‍പെടുന്നു. ഇസ്‌ലാമിക കര്‍മശാസ്ത്രനിദാനങ്ങള്‍ വായനാലോകത്തിന് നല്‍കിക്കൊണ്ട് മുസ്‌ലിം ന്യൂനപക്ഷ സമൂഹത്തിന്റെ ചുറ്റുപാടിനനുസരിച്ച് കര്‍മശാസ്ത്രം വികസിപ്പിക്കുന്നതിന് സെമിനാറുകളും സംവാദങ്ങളും പ്രസിദ്ധീകരണങ്ങളും വെബ്‌സൈറ്റുകളും ഒരുക്കുകയും ഉസ്വൂലുല്‍ ഫിഖ്ഹില്‍ കേന്ദ്രീകൃതമായ ഗവേഷണ പഠനങ്ങള്‍ നടത്തുകയും ചെയ്യുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇസ്‌ലാമിക വിഷയങ്ങള്‍ ആഴത്തില്‍ പഠിപ്പിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കാറുണ്ട്. മാല്‍കം എക്‌സിന് 1964-ല്‍ ആദ്യമായി ബ്രിട്ടനില്‍ ആതിഥേയത്വം നല്‍കിയത് സംഘടനയാണ്. യൂറോപ്യന്‍ സര്‍വകലാശാലകളില്‍ ഇമാം ശാത്വിബിയുടെ ഉസ്വൂലുല്‍ ഫിഖ്ഹിനെ ആസ്പദമാക്കി സെമിനാറുകളും അക്കാദമിക സംവാദങ്ങളും ഫോസിസ് സംഘടിപ്പിക്കുകയുണ്ടായി. പാശ്ചാത്യ ജീവിതരീതിയും മതേതരഭരണ സംവിധാനവും കണ്ടറിഞ്ഞ ഒരു യുവതലമുറയില്‍ മതബോധവും ക്രിയാത്മകതയും വര്‍ധിപ്പിക്കുന്നതിനാവശ്യമായ പ്രചരണപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ഫോസിസ് വൈഭവംപ്രകടിപ്പിക്കുന്നു. ലോകഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആശയാദര്‍ശാടിത്തറകളെ പരിചയപ്പെടുത്തുകയും ഇസ്‌ലാമിക ചിന്തകരുടെ കൃതികള്‍ പരിഭാഷപ്പെടുത്തുകയും തലയെടുപ്പുള്ള മതപണ്ഡിതന്മാരെ ഉപയോഗിച്ച് പണ്ഡിതവേദികള്‍ രൂപീകരിക്കുകയും മുസ്‌ലിംന്യൂനപക്ഷങ്ങള്‍ക്കാവശ്യമായ ഗവേഷണപഠനങ്ങള്‍ നടത്തുകയും ചെയ്തത് ഫോസിസിന്റെ എടുത്തുപറയേണ്ട ക്രിയാത്മകമായ ഇടപെടലുകളില്‍ ചിലതത്രേ.വിദ്യാര്‍ഥിസമൂഹം നടത്തുന്ന ആശയസംവാദങ്ങളില്‍ ഇസ്‌ലാമിനും ഇസ്‌ലാമിക കാഴ്ച്ചപ്പാടുകള്‍ക്കും മേല്‍കൈ നേടുന്നവിധമുള്ള കാമ്പസുകള്‍ ഉണ്ടായത് അങ്ങനെയാണ്.

കൃത്യമായ അജണ്ടകളും പ്രവര്‍ത്തനങ്ങളുമാണ് മറ്റുള്ളവരില്‍നിന്ന് ഈ കൊച്ചുസംഘത്തെ വ്യതിരിക്തമാക്കുന്നത്. വാരാന്തയോഗങ്ങള്‍, മൂല്യവത്തായ പ്രസിദ്ധീകരണങ്ങള്‍, ലഘുലേഖകള്‍, ഓപ്പണ്‍ഫോറങ്ങള്‍, പ്രഭാഷണങ്ങള്‍, കാമ്പയിനുകള്‍, സ്‌കോളര്‍ഷിപ്പ് വിതരണങ്ങള്‍ എന്നിവ ഇതിനെ സവിശേഷമാക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ പ്രാതിനിധ്യമുള്ള രീതിയാണ് ഫോസിസ് സംഘാടനത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ഇസ്‌നയെപ്പോലെ നേതൃസ്ഥാനത്ത് ആണും പെണ്ണും മാറിമാറി വരുന്ന വര്‍ഷങ്ങളും ഉണ്ട്. ലണ്ടനിലാണ് ഫോസിസിന്റെ ആസ്ഥാനം. ഗ്ലാസ്‌ഗോവില്‍നിന്നുള്ള സാറ മുഹമ്മദ് ആണ് നിലവില്‍ ഫോസിസിന്റെ പ്രസിഡണ്ട് പദം അലങ്കരിക്കുന്നത് (2016-17).

വെബ്സൈറ്റ് : http://fosis.org.uk/

Topics