സംഘടനകള്‍

അല്‍ജമാഅത്തുല്‍ ഇസ്‌ലാമിയ്യ (ലിബിയ)

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ് ലിബിയ. ഔദ്യോഗിക നാമം: ഗ്രേറ്റ് സോഷ്യലിസ്റ്റ് പീപ്പിള്‍സ് ലിബിയന്‍ അറബ് ജമാഹിരിയ്യഃ. രാജ്യനിവാസികളില്‍ 97% മുസ്‌ലിംകളും കുറച്ച് ക്രൈസ്തവരുമുണ്ട്. അറബിയാണ് ഔദ്യോഗിക ഭാഷ. നാണയം ലിബിയന്‍ ദീനാര്‍. പടിഞ്ഞാറ് എന്നര്‍ഥം വരുന്ന ലിബ്ബു എന്ന ആഫ്രിക്കന്‍ പദത്തില്‍ നിന്നാണ് ലിബിയ എന്ന പേര് ഉണ്ടായത്. പൗരാണിക കാലത്തെ ഈജിപ്തുകാരാണ് ആ പേര് നല്‍കിയത്. പൗരാണിക ലിബിയയില്‍ ആദിവാസികളും എത്യോപ്യന്‍ വംശജരുമാണ് താമസിച്ചിരുന്നത്. ലിബിയ പ്രകൃതി സമ്പത്തിനാല്‍ അനുഗ്രഹിക്കപ്പെട്ട രാജ്യമാണ്. പ്രവാചകന്റെ വിയോഗശേഷം 7 വര്‍ഷങ്ങള്‍ കഴിഞ്ഞ് അംറുബ്‌നുല്‍ ആസ് ഈജിപ്ത് കീഴടക്കിയപ്പോഴാണ് ലിബിയയില്‍ ഇസ്‌ലാം പ്രചരിക്കുന്നത്. 1951-ല്‍ സ്വതന്ത്രമാകുന്നതിനുമുമ്പ് റോമക്കാരും, അറബികളും, തുര്‍ക്കികളും രാജ്യം ഭരിച്ചിരുന്നു. 1959-ലാണ് രാജ്യത്ത് ആദ്യമായി എണ്ണശേഖരം കണ്ടെത്തുന്നത്. അന്നുമുതല്‍ ലിബിയ ഒരു സമ്പന്ന ഏകാധിപത്യ ഭരണകൂടമായി മാറി. 10 വര്‍ഷങ്ങള്‍ക്കു ശേഷം 27-കാരനായ കേണല്‍ മുഅമ്മര്‍ ഖദ്ദാഫി എന്ന പട്ടാളക്കാരന്‍ നടത്തിയ അട്ടിമറിയില്‍ രാജാവ് അധികാരഭ്രഷ്ടനായി. രാഷ്ട്രത്തിന്റെ പുതിയ ചരിത്രം തുടങ്ങുന്നത് അവിടെയാണ്. ചുറ്റുമുള്ള ലോകത്തുനിന്ന് ലിബിയയെ തികച്ചും വ്യതിരിക്തമാക്കി നിര്‍ത്തുന്ന ഒട്ടനവധി പരിഷ്‌കാരങ്ങളുമായാണ് ഖദ്ദാഫിയുടെ രംഗപ്രവേശം. അദ്ദേഹം രചിച്ച ‘ഹരിതപുസ്തകം’ (അല്‍കിത്താബുല്‍ അഖ്ദര്‍) ആണ് പരിഷ്‌കാരങ്ങളുടെ വഴികാട്ടി. തുടക്കത്തില്‍ ജനഹിതനായെങ്കിലും പിന്നീട് സ്വേഛാധിപത്യ പ്രവണതയിലേക്ക് ഖദ്ദാഫി തിരിയുകയായിരുന്നു. അതിനാല്‍ തന്നെ അറബ് ലോകത്തെ വസന്ത വിപ്ലവത്തെ തുടര്‍ന്ന് 42 വര്‍ഷം ലിബിയ ഭരിച്ച ഗദ്ദാഫി സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും കൊല്ലപ്പെടുകയുമാണുണ്ടായത്.

1948-ലാണ് ലിബിയയില്‍ അല്‍ജമാഅത്തുല്‍ ഇസ്‌ലാമിയ്യ എന്ന ഇസ്‌ലാമിക പ്രസ്ഥാനം രൂപീകൃതമായത്. ഇസ്‌ലാമിക ഖിലാഫത്തിന്റെ പതനം മുസ്‌ലിംജനതയിലുണ്ടാക്കിയ ആഘാതങ്ങളും ശൈഥില്യങ്ങളെും ദൂരീകരിക്കാനും പാശ്ചാത്യ അധിനിവേശത്തിന്റെ കുത്തൊഴുക്കില്‍ നിന്ന് മുസ്‌ലിംകളെ രക്ഷിക്കാനുമാണ് പ്രസ്ഥാനം ആരംഭം മുതല്‍ ശ്രദ്ധിച്ചിരുന്നത്. ഇറ്റലിയുടെ ഫാഷിസ്റ്റ് പ്രത്യാക്രമണത്തില്‍ ചെറുത്തുനില്‍ക്കാനും സാംസ്‌കാരികമായ മലിനപ്പെടലില്‍നിന്ന് സമുദായത്തെ മോചിപ്പിക്കാനും പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. മുഅമ്മര്‍ ഖദ്ദാഫിയുടെ സ്വേഛാധിപത്യത്തെ എതിര്‍ക്കുവാനും ജനാധിപത്യരീതിയില്‍ ഗവണ്‍മെന്റിനെ പുനഃസംഘടിപ്പിക്കുവാനും അല്‍ജമാഅത്തുല്‍ ഇസ്‌ലാമിയ്യ ശ്രമിച്ചിരുന്നു. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് സംഘടനയെ പലതവണ ഖദ്ദാഫി ഭരണകൂടം നിരോധിക്കുകയുണ്ടായി. നിരോധങ്ങളെ അതിജയിക്കുന്ന ജനകീയ പിന്തുണ പ്രസ്ഥാനത്തിന് ഓരോ തവണയും ലഭിച്ചുകൊണ്ടിരുന്നു. സംഘടനയുടെ പൊതുജനസമ്മിതിയെ ഇടിച്ചു താഴ്ത്തുവാനും ഭരണകൂട ശിങ്കിടികളായ മീഡിയകളെ ഉപയോഗിച്ച് ദുഷ്പ്രചരണം നടത്തുവാനും ഖദ്ദാഫി ശ്രമിക്കുകയുണ്ടായി. അമേരിക്കയുടെ പിന്തുണയോടെ ഇസ്‌ലാമിക പ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും ഭരണകൂടവും ശിപായികളും അറസ്റ്റ് ചെയ്യാനും പീഡിപ്പിക്കാനും തുടങ്ങി. ലിബിയന്‍ ഭരണകൂട ഭീകരതയില്‍ നിരവധി ഇസ്‌ലാമിക പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സമാധാനപരമായ സമരത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുകയും പ്രസ്ഥാനപ്രവര്‍ത്തകരുടെ ഉന്നത ജോലികള്‍ റദ്ദാക്കുകയും ഭീകരവിരുദ്ധ നിയമത്തിന്റെ കീഴില്‍ തുറങ്കിലടക്കുകയും ചെയ്യുക എന്നത് ഖദ്ദാഫി ഭരണകൂടത്തിന്റെ പതിവായിത്തീര്‍ന്നിരുന്നു. സനൂസി പ്രസ്ഥാനത്തെയും മറ്റ് ഇസ്‌ലാമിക കൂട്ടായ്മകളെയും ഉപയോഗിച്ച് അല്‍ജമാഅത്തുല്‍ ഇസ്‌ലാമിയ്യ നടത്തിയ സ്വേഛാധിപത്യ വിരുദ്ധ സമരങ്ങളെയും സാമ്രാജ്യത്വ അനുകൂലനയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തെയും ഭരണകൂടം നേരിട്ടത് കിരാതമായ മര്‍ദനങ്ങളിലൂടെയായിരുന്നു. പ്രവര്‍ത്തകരുടെ ഇസ്‌ലാമിക ജീവിതരീതി, അനീതിയോടുള്ള അടങ്ങാത്ത രോഷം, നിലനില്‍പ്പിനായുള്ള ജനകീയ സമരം എന്നിവ ലിബിയന്‍ സമൂഹത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് ആഴത്തില്‍ വേരുകള്‍ ഉണ്ടാക്കിക്കൊടുത്തു. ലിബിയന്‍ പാര്‍ലമെന്റിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അംഗബലം (സകലവിധ അടിച്ചമര്‍ത്തലുകള്‍ക്ക് ശേഷവും) ഇതാണ് തെളിയിക്കുന്നത്. നെഞ്ചിനുനേരെ നിറത്തോക്കുകളുമായി വരുന്ന ലിബിയന്‍ ഭരണകൂടത്തിന്റെ മുന്നില്‍ മാറുവിരിച്ചു നില്‍ക്കാന്‍ പര്യാപ്തമായ ചുണക്കുട്ടികളെ വാര്‍ത്തെടുക്കുന്നതില്‍ പ്രസ്ഥാനം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. പ്രസിഡന്റ്, സെക്രട്ടറി, ഭരണകാര്യസമിതി, കൂടിയാലോചനാസമിതി, പ്രവിശ്യാ നേതൃത്വം, യൂണിറ്റുകള്‍ എന്നിങ്ങനെയാണ് പാര്‍ട്ടിഘടന.

2011-ല്‍ തുനീഷ്യയില്‍ വസന്ത വിപ്ലവം തുടങ്ങിയതോടെ അവശ്യവസ്തുക്കളുടെ വിലകുറച്ചും, ഇസ്‌ലാമിസ്റ്റ് തടവുപുള്ളികളെ മോചിപ്പിച്ചും ജനങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേണല്‍ ഖദ്ദാഫി നടത്തിനോക്കി. പക്ഷെ അവയൊന്നും തന്നെ ഖദ്ദാഫിക്കെതിരായ ജനവികാരം തിരിച്ച് വിടാനോ, പ്രക്ഷോഭങ്ങളുടെ തീയണക്കാനോ പര്യാപ്തമായിരുന്നില്ല. തൊഴിലില്ലായ്മ 30% എത്തിയ ഒരു രാജ്യത്തിലെ പൗരന്മാരെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഖദ്ദാഫിയുടെ ഭരണ നയങ്ങള്‍. പ്രക്ഷോഭങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടാന്‍ ഖദ്ദാഫി തീരുമാനിച്ചതോടെ ബെന്‍ഗാസിയിലും മറ്റും നൂറുകണക്കായ ആളുകള്‍ പിടഞ്ഞുമരിച്ചു. ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഒട്ടേറെ രാഷ്ട്രീയക്കാര്‍ പ്രക്ഷോഭകരുമായി ചേര്‍ന്നത് ഖദ്ദാഫിയെ ഞെട്ടിച്ചു. അധികം താമസിയാതെ ലിബിയയിലെ പ്രമുഖ പട്ടണങ്ങളുടെ നിയന്ത്രണം റിബലുകളുടെ കയ്യിലായി. തന്റെ അധികാരം നഷ്ടപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഖദ്ദാഫി ഒളിവില്‍ പോയി. അതിനിടെ അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നിവൃത്തിയില്ലാതെ അധികാരം ഔദ്യോഗികമായി കൈമാറാന്‍ ഖദ്ദാഫി തയ്യാറായെങ്കിലും പ്രക്ഷോഭകര്‍ അദ്ദേഹത്തെ പിടികൂടി കൊലപ്പെടുത്തുകയാണ് ചെയ്തത്. ഒക്ടോബര്‍ 24-ന് അദ്ദേഹത്തിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. ഖദ്ദാഫിയുടെ അധികാരഭ്രഷ്ടിന് കാരണമായ ലിബിയയിലെ പ്രക്ഷോഭത്തിന്റെ മുന്‍പന്തിയില്‍നിന്നത് അല്‍ജമാഅത്തുല്‍ ഇസ്‌ലാമിയ്യ തന്നെയായിരുന്നു.

Topics