സംഘടനകള്‍

ഇസ്‌ലാമിക് റിനൈസന്‍സ് പാര്‍ട്ടി (താജിക്കിസ്ഥാന്‍)

ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം. ഔദ്യോഗിക നാമം: റിപ്പബ്ലിക് ഓഫ് താജികിസ്താന്‍. ദുഷന്‍ബെയാണ് തലസ്ഥാനം. ഔദ്യോഗിക ഭാഷ: താജിക്. റഷ്യന്‍, ഉസ്‌ബെക് ഭാഷകള്‍ക്കും രാജ്യത്ത് പ്രചാരമുണ്ട്. രാജ്യത്തെ ജനസംഖ്യയില്‍ 85% മുസ്‌ലിംകളാണ്. ബാക്കി ക്രൈസ്തവരും കുറച്ച് താവോയിസ്റ്റുകളുമുണ്ട്. താജികിസ്താന്‍ ഒരു കാര്‍ഷിക രാജ്യമാണ്. അറുപതിനം ബാര്‍ലി മാത്രം രാജ്യത്ത് കൃഷിചെയ്യുന്നുണ്ട്. വസ്ത്രനിര്‍മാണം, പരവതാനി നിര്‍മാണം തുടങ്ങിയവയില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. പെട്രോളിയം ഖനനവും രാജ്യത്ത് നടന്നുവരുന്നു.

താജിക്ഭാഷ സംസാരിക്കുന്ന പേര്‍ഷ്യന്‍ ജനതയാണ് ആദ്യത്തെ രാജ്യനിവാസികള്‍. വളരെ പഴക്കംചെന്ന ഒരു വര്‍ഗമാണിവര്‍. റഷ്യന്‍ ആധിപത്യം വരുന്നതിനുമുമ്പ് ചെറിയ ഭരണകൂടങ്ങളായിരുന്നു ഈ പ്രദേശങ്ങളില്‍ ആധിപത്യം വാണിരുന്നത്. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ താജിക്കിസ്താന്‍ റഷ്യയോട് ചേര്‍ക്കപ്പെട്ടു. 1924-ല്‍ യു.എസ്.എസ്.ആറിലെ റിപ്പബ്ലിക്കായി. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും രാജ്യത്തുനിന്നു തുടച്ചുനീക്കുകയെന്ന ഉദ്ദേശ്യത്തോടെ കമ്യൂണിസ്റ്റ് അധിനിവേശം അതിന്റെ സകല തിട്ടൂരങ്ങളും പുറത്തെടുത്തു. ഇസ്‌ലാമിക കലാലയങ്ങളും മസ്ജിദുകളും തകര്‍ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തുകൊണ്ടിരുന്നു. 1970-78 കാലയളവില്‍ ഗവണ്‍മെന്റിനെതിരെ മുസ്‌ലിംകള്‍ പ്രക്ഷോഭം നയിച്ചെങ്കിലും അവയെല്ലാം അധികാരവര്‍ഗം അടിച്ചമര്‍ത്തി.

ഈ കാലയളിവിലാണ് ഇസ്‌ലാമിക് റിനൈസന്‍സ് പാര്‍ട്ടി രൂപീകൃതമാകുന്നത്. അതോടുകൂടി ചുവപ്പന്‍ അധിനിവേശത്തിനെതിരെയുള്ള സമരം ശക്തിപ്പെട്ടു. താജിക്കിന്റെ തലസ്ഥാന നഗരമായ ദുഷന്‍ബെയില്‍ 1990 ഫെബ്രുവരിയില്‍ ശക്തമായ ഒരു വിപ്ലവം അരങ്ങേറി. ഇത് ഭരണാധികാരികളെ പ്രകോപിതരാക്കി. ലോകത്തെ മുഴുവന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ചത് ഭരണകൂടങ്ങളെയാണ്. അതിനാല്‍ തന്നെ നിരോധനങ്ങളും പീഡനങ്ങളും നിരവധി തവണ ഏറ്റുവാങ്ങേണ്ടി വന്നു. താജിക്കിലും അതുതന്നെയാണ് സംഭവിച്ചത്. റിനൈസന്‍സ് പാര്‍ട്ടിയെ നിരോധിക്കുകയും പ്രതിപക്ഷ പാര്‍ട്ടികളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. 1991-ല്‍ ശക്തമായ ജനകീയ പ്രക്ഷോഭവും താജ് നിവാസികളുടെ ബഹിഷ്‌കരണവും മൂലം സ്വതന്ത്രറിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ 1993-ല്‍ ഈ പാര്‍ട്ടി രാജ്യത്ത് നിരോധിക്കപ്പെട്ടു. പിന്നീട് ഗവണ്‍മെന്റുമായി നടത്തിയ നിരന്തര പോരാട്ടത്തിലൂടെ 1998-ല്‍ രാജ്യത്ത് പ്രവര്‍ത്തനസ്വാതന്ത്ര്യം വീണ്ടെടുക്കുകയായിരുന്നു. 1999 ആയപ്പോഴേക്കും രാഷ്ടത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായി മാറാന്‍ ഈ പ്രസ്ഥാനത്തിന് സാധിച്ചു. 2007-ലെ ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പില്‍ 8% വോട്ട് നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചു. ഉമവീ ഭരണാധികാരികളുടെ കാലത്തുതന്നെ താജിക്കില്‍ ഇസ്‌ലാം പ്രചരിച്ചിട്ടുണ്ടെങ്കിലും ഇസ്‌ലാമിന്റെ ചൈതന്യത്തിലേക്കും അതിന്റെ വിമോചന പാതയിലേക്കും നയിക്കാന്‍ റിനൈസന്‍സ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം വരെ കാത്തിരിക്കേണ്ടിവന്നു. കമ്യൂണിസ്റ്റുകാര്‍ തകര്‍ത്ത പള്ളികള്‍ പുതുക്കിപ്പണിയാനും മതപാഠശാലകള്‍ പുനര്‍നിര്‍മിക്കാനും റിനൈസന്‍സ് കഠിനാധ്വാനം ചെയ്തു. അധിനിവേശം ഇട്ടേച്ചുപോയ സാംസ്‌കാരിക മാലിന്യങ്ങളെയും മതനിരാസത്തെയും തോളിലേറ്റി ആവേശം കൊള്ളുന്ന ഒരു യുവതലമുറയുടെ ഉദ്ധാരണം എന്നതായിരുന്നു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്നിലെ വെല്ലുവിളി. വിദ്യാഭ്യാസത്തിന്റെ ഇസ്‌ലാമീകരണം, മദ്‌റസാ വിദ്യാഭ്യാസം വ്യാപകമാക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ക്ക് ആക്കം കൂട്ടിയെങ്കിലും ഭരണാധികാരികള്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല. അധിനിവേശം താജിക്കില്‍ മുട്ടുമടക്കിയെങ്കിലും അധിനിവേശ സംസ്‌കാരം പത്തിവിടര്‍ത്തിത്തന്നെ നിലകൊണ്ടു.

ജനാധിപത്യത്തിന്റെ പേരില്‍ കൃത്രിമത്വങ്ങളും അരാജകത്വവും നിറഞ്ഞുനിന്നു. മദ്യം, വേശ്യാവൃത്തി, മയക്കുമരുന്നുകളുടെ കൃഷി തുടങ്ങിയവ വ്യാപകമാവുകയും ചെയ്തു. മുസ്‌ലിം തലമുറയെ പ്രസ്തുത വൃത്തികേടുകളില്‍നിന്ന് മോചിപ്പിക്കാനും ഇസ്‌ലാമിന്റെ തനതായ സത്തയിലേക്ക് അവരെ തിരിച്ചുകൊണ്ടുവരുവാനും മുസ്‌ലിം സ്റ്റഡീസെന്ററുകള്‍ ആരംഭിച്ചു. മതവിദ്യാഭ്യാസത്തോടൊപ്പം സ്വഭാവശീലങ്ങള്‍, ഖുര്‍ആന്‍ ഹൃദിസ്ഥമാക്കല്‍, ആധുനിക വിഷയങ്ങള്‍ തുടങ്ങിയവ പഠിപ്പിക്കുന്ന ചെറിയ കലാലയങ്ങളായി അവ രൂപംപ്രാപിച്ചു. താജിക്കിലെ ഭൂരിഭാഗം ജനങ്ങളും അജ്ഞരും അപരിഷ്‌കൃതരുമാണ്. അവര്‍ക്കിടയില്‍ ഇസ്‌ലാമിന്റെ വെളിച്ചം എത്തിക്കാന്‍ ‘ദഅ്‌വാ സെന്റര്‍’ രൂപീകരിച്ചു. ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന പ്രസംഗങ്ങള്‍, സെമിനാറുകള്‍, ലഘുലേഖകള്‍, ഖുര്‍ആന്‍ പരിഭാഷ, പുസ്തകങ്ങള്‍, വിദ്യാഭ്യാസ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ക്കിടയില്‍ വേരുപിടിക്കാന്‍ അതിന് സാധിച്ചിട്ടുണ്ട്. സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ മുസ്‌ലിം ലോകത്തിന്റെ ചലനങ്ങള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യുന്ന പ്രസിദ്ധീകരണങ്ങളും റിനൈസന്‍സിന്റെ കീഴിലുണ്ട്. ഭൂരിഭാഗം ജനങ്ങളും കര്‍ഷകരും കുടില്‍വ്യവസായക്കാരുമാണ്. ഇവരെ സഹായിക്കാന്‍ ഉതകുന്ന പ്രൊജക്ടുകള്‍, സന്താനങ്ങളുടെ വിദ്യാഭ്യാസ ചിലവുകള്‍ തുടങ്ങിയവ ഏറ്റെടുക്കാനും ഇസ്‌ലാമിക പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. പലവിധ ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ താജിക്കില്‍ ഇസ്‌ലാമിനെ പ്രതിനിധീകരിക്കാനും ഭരണകൂടത്തില്‍ നിര്‍ണായക സ്വാധീനമുള്ള കക്ഷിയാകാനും റിനൈസന്‍സിന് സാധിച്ചു. ദരിദ്രമേഖലയില്‍ ചെന്ന് അവിടത്തെ നിവാസികളുടെ ദാരിദ്ര്യത്തെ മതകീയമായി ചൂഷണം ചെയ്യുന്ന ക്രൈസ്തവ മിഷണറിമാരെ പ്രതിരോധിക്കാനും ഇസ്‌ലാമിന്റെ ആശയങ്ങളെ പ്രചരിപ്പിക്കാനും കഷ്ടപ്പെടുന്നവന്റെ കണ്ണീരൊപ്പാനും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനത്തിന് ലഭിച്ച ജനകീയ പിന്തുണയുടെ കാരണം സമൂഹത്തിന്റെ മതസാംസ്‌കാരിക പാരമ്പര്യങ്ങളിലല്ല, സമൂഹത്തിന്റെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളിലാണ് പരതേണ്ടത്. ഭരണരംഗത്തെ കെടുകാര്യസ്ഥത, അഴിമതി, വര്‍ഗസംഘര്‍ഷങ്ങള്‍, തൊഴിലില്ലായ്മ, സാമൂഹിക അനീതി തുടങ്ങിയവയുടെ പേരില്‍ രാഷ്ട്രത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുഖവും നിരാശയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് സഹായകമായി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരം കാണുവാനും, പ്രവര്‍ത്തനങ്ങളുടെ അനന്തമായ ആത്മാര്‍ഥതയും പ്രസ്ഥാനത്തിന് മറ്റ് രാഷ്ട്രീയ മതകക്ഷികളേക്കാള്‍ വളര്‍ച്ച നേടിക്കൊടുത്തു. താജിക്കിലെ രാഷ്ട്രീയാധികാര ചുമതലാസംവിധാനം തെന്നയാണ് റിനൈസന്‍സിന്റെ പാര്‍ട്ടിഘടനയിലും ഉള്ളത്. അതിനാല്‍തന്നെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കനുസരിച്ച് ഘടനയിലും ചില വ്യത്യാസങ്ങള്‍ ഉണ്ടാകും. നിലവിലെ രാഷ്ട്രീയ പരിതസ്ഥിതിയോട് ഏറ്റുമുട്ടാന്‍ ഏറ്റവും അനുയോജ്യമായത് അത്തരം ഘടനകളാണ്. പ്രസിഡന്റിന്റെ കീഴില്‍ തുല്യാധികാരമുള്ള സുപ്രീംകൗണ്‍സില്‍ അതിനുതാഴെ സെക്രട്ടറിമാര്‍. പ്രവിശ്യകളില്‍ പ്രത്യേകം പ്രത്യേകം പ്രസിഡന്റ് പദവികളും മജ്‌ലിസ് കൗണ്‍സിലുകളും രൂപീകരിച്ചിട്ടുണ്ട്. കൂടാതെ സ്റ്റുഡന്റ്‌സ് യുവജന വിഭാഗവും അതിനു കീഴിലായി പ്രവര്‍ത്തിക്കുന്നു.

Topics